Ticker

6/recent/ticker-posts

Header Ads Widget

ആഭ്യന്തര വിമാന യാത്ര; ഓരോ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം

രാജ്യത്താകെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യഞ്ജം ശക്തമാക്കിയതോടെ കൂടുതൽ സംസ്ഥാനങ്ങൾ ആഭ്യന്തര യാത്രക്കാർക്കായുള്ള ആർടിപിസിആർ പരിശോധനാ നിബന്ധനകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് പരിശോധനാ നിബന്ധനകളിൽ ഇളവ് നൽകുന്നതടക്കമുള്ള മാറ്റങ്ങളാണ് യാത്രാ ചട്ടങ്ങളിൽ സംസ്ഥാനങ്ങൾ വരുത്തിയിട്ടുള്ളത്.

ക്വാറന്റൈൻ നിബന്ധനകളിലും സംസ്ഥാനങ്ങൾ ഇളവ് വരുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്തണമെന്ന വ്യവസ്ഥ യാത്രക്കാർക്കുള്ള നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇവയിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം ഇളവ് നൽകുന്ന തരത്തിൽ പുനക്രമീകരണം വരുത്തി.

എന്നിരുന്നാലും, നിർബന്ധമായും ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി ചില സംസ്ഥാനങ്ങൾ അധിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവർക്ക് യാത്ര ചെയ്യാൻ ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും ചില സംസ്ഥാനങ്ങൾ പ്രീ-അറൈവൽ അല്ലെങ്കിൽ ഓൺ അറൈവൽ ടെസ്റ്റിംഗിനായി ആവശ്യപ്പെടുന്നു. 

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇത്തരത്തിലുള്ള യാത്രാ നിബന്ധനകൾ ചുവടെ ചേർക്കുന്നു:

ആൻഡമാൻ നിക്കോബാർ

48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

ആന്ധ്രാപ്രദേശ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന

പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

അസം

സംസ്ഥാനത്ത് എത്തുന്ന സമയത്ത് പരിശോധന നിർബന്ധം. നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ സർട്ടിഫിക്കറ്റോ രണ്ട് വാക്സിനേഷനും സ്വീകരിച്ച ശേഷമുള്ള സർട്ടിഫിക്കറ്റോ കൈവശമുണ്ടെങ്കിൽ നിർബന്ധിത ഓൺ അറൈവൽ ടെസ്റ്റിങ്ങിൽനിന്ന് ഇളവ്.

ബിഹാർ

കേരളം, ഡൽഹി-എൻസിആർ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ദർഭംഗയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ നടത്തിയതാവണം പരിശോധന.

ചണ്ഡീഗഢ്

പൂർണമായും വാക്സിൻ എടുത്തവർക്ക് ഇളവ്. അല്ലാത്തവർ 72 മണിക്കൂറിനിടയിലുള്ള പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഛത്തീസ്ഗഡ്, ലഡാക്ക്

96 മണിക്കൂറിനിടയിലുള്ള പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റ് നിർബന്ധം

ഗോവ, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തരാഘണ്ഡ്

മുഴുവൻ വാക്സിനേഷൻ എടുത്ത് നിശ്ചിത ദിവസം പിന്നിട്ടവർക്ക് ഇളവ്. ഗോവയിൽ ഇത് 14 ദിവസമാണ്, മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ 15 ദിവസവും. അല്ലാത്തവർ 72 മണിക്കൂറിനിടയിലുള്ള പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഗുജറാത്ത്

സൂറത്ത് ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ല. സൂറത്തിൽ മുഴുവൻ വാക്സിനേഷൻ സ്വീകരിച്ചവർക്കും സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തവർ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയവരായിരിക്കണം.

ജമ്മു-കശ്മീർ

ജമ്മുവിൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം, ശ്രീനഗറിലേക്കുള്ള യാത്രക്ക് സർട്ടിഫിക്കറ്റ് ശുപാർശ ചെയ്യപ്പെടുന്നു. ശ്രീനഗറിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ വിമാനത്താവളത്തിലെത്തിയ ശേഷം ആർഎടി പരിശോധന നടത്തണം.

ഝാർഘണ്ഡ്, തൃപുര

72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

കർണാടക

കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

കേരളം, മേഘാലയ, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം

വാക്സിൻ സ്വീകരിച്ചവർക്ക് ഇളവ്. അല്ലാത്തവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. നാഗാലാൻഡിൽ ഒന്നാം ഡോസ് മാത്രമെടുത്തവർക്ക് പരിശോധന ഒഴിവാക്കി പകരം ഏഴ് ദിവസം ക്വാറന്റൈൻ തിരഞ്ഞെടുക്കാനാവും.

രാജസ്ഥാൻ

രാജസ്ഥാനിൽ ഒരു ഡോസ് വാക്സിനെടുത്താലും ഇളവുണ്ട്. അല്ലാത്തവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

തമിഴ്‌നാട്

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനിടയിലുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ഇളവ്.

ഉത്തർപ്രദേശ്

കേരളം, മഹാരാഷ്ട്ര, സിക്കിം, മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് ലക്നൗവിലെത്തുന്നവർക്ക് പരിശോധന നിർബന്ധം. ആഗ്രയിൽ എത്തുന്നവർക്ക് ഓൺ അറൈവൽ പരിശോധന നിർബന്ധം. വാരണാസിയിലും ബറേലിയിലും പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് ഇളവ്. ഡൽഹിയിൽ നിന്ന് കാൺപൂരിലെത്തുന്നവർക്ക് ഓൺ അറൈവൽ പരിശോധന നിർബന്ധം.

പശ്ചിമബംഗാൾ

പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാവർക്കും 72 മണിക്കൂറിനിടയിലുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം. മറ്റിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ഇളവ്.

Post a Comment

0 Comments