Ticker

6/recent/ticker-posts

Header Ads Widget

രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രാജ്യത്ത്‌ ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍

തിരുവനന്തപുരം : ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലേക്ക് ഇന്ത്യക്ക് 2024-ല്‍ എത്താനാകുമെന്ന് നീതി ആയോഗ്. ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്ന ജനസംഖ്യ, ഡോക്ടര്‍ അനുപാതമാണിത്.

നിലവില്‍ രാജ്യത്ത് അനുപാതം 1000-ന് 0.77 ആണ്.

ആശുപത്രി കിടക്കകളുടെ എണ്ണം 11 ലക്ഷത്തില്‍നിന്ന് 22 ലക്ഷമായി ഉയര്‍ത്തുമെന്നും നീതി ആയോഗിലെ ആരോഗ്യവിഭാഗം അംഗമായ ഡോ. വിനോദ് പോള്‍ പറയുന്നു.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ ശരാശരി ആയുസ്സ് 28 വര്‍ഷമായിരുന്നു. ഇപ്പോള്‍ 70 ആയി. ആരോഗ്യരംഗത്തെ മികവുകൊണ്ടാണിത്. എങ്കിലും, ഡോക്ടര്‍മാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വര്‍ധിപ്പിക്കാനായില്ല.

മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പഠിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. പഠിച്ചിറങ്ങുന്നവരുടെ എണ്ണം ഈ രീതിയില്‍ തുടര്‍ന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് നേട്ടം കൈവരിക്കാനാകും.

ഇപ്പോഴുള്ളത് 11 ലക്ഷത്തിലേറെ ഡോക്ടര്‍മാര്‍
രാജ്യത്ത് 11 ലക്ഷത്തിലേറെ മെഡിക്കല്‍ ബിരുദധാരികളുണ്ട്. പ്രതിവര്‍ഷം 68,000 എം.ബി.ബി.എസ്. പ്രവേശനമാണ് മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്നത്. ഇതേനില തുടര്‍ന്നാല്‍ 2024-ല്‍ 14,93,385 ഡോക്ടര്‍മാര്‍ ഉണ്ടാകും. ഓഗസ്റ്റ് ഒന്‍പതിലെ സ്ഥിതിവിവരക്കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 139,49,38,788 ആണ്. 2024-ല്‍ ജനസംഖ്യ 144,75,60,463 എന്ന നിലയിലെത്തും. ഇതിലൂടെ ജനസംഖ്യ, ഡോക്ടര്‍ അനുപാതം 1000-1.03 ആകും. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡത്തേക്കാള്‍ 0.03 കൂടുതലാണിത്.
വികസിത രാജ്യങ്ങള്‍ പലതും 1000 പേര്‍ക്ക് മൂന്ന് ഡോക്ടര്‍മാര്‍ എന്ന മികച്ച നിലയിലാണ്. 2030 ആകുമ്പോഴേക്കും ഈ ഗണത്തിലേക്ക് ഇന്ത്യക്കും എത്താനാകുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments