യുഎഇയിലേക്ക് യാത്ര നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും വിസിറ്റ് വിസയും എൻട്രി പെർമിറ്റും ഉള്ളവർക്ക് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ്. എമിറേറ്റ്‌സ് ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്. ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.
എൻട്രി പെർമിറ്റ് ഉള്ളവർക്ക് പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യാം. ഇവർക്ക് ജിഡിആർഎഫ്എ അപ്രൂവൽ ആവശ്യമില്ലായെന്ന് എമിറേറ്റ്സ് ഒരു ട്വീറ്റിൽ പറഞ്ഞു.
പുതിയ അപ്‌ഡേറ്റുകൾ പ്രകാരം പുതുതായി നൽകിയ വിസിറ്റ് വിസ ഉള്ളവർക്ക് ജിഡിആർഎഫ്എ, ഐസിഎ (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അപ്രൂവൽ ഇല്ലാതെ ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് മറ്റൊരു ട്വീറ്റിലും പറഞ്ഞു.
മറ്റൊരു മറുപടിയിൽ ടൂറിസ്റ്റ് വിസയുള്ളവർക്കും ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഇവർ വിമാനത്തിൽ കയറുന്നതിനു 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് ഫലവും ആറ് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പിസിആർ നെഗറ്റീവ് ഫലവും നൽകണമെന്ന് വ്യക്തമാക്കി.
ഈ വിവരങ്ങൾ എല്ലാം തന്നെ ഉടനെ എമിറേറ്റ്സിന്റെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും ട്വിറ്ററിലൂടെ പറഞ്ഞു.
ഓഗസ്റ്റ് 30 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്സിനേഷൻ പൂർത്തീകരിച്ച ആളുകളുടെ ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ അംഗീകരിക്കുമെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) എന്നിവർ സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച യാത്രക്കാർക്ക് യുഎഇ ടൂറിസ്റ്റ് വിസ നൽകാൻ ആരംഭിച്ചത് ഇന്നലെയാണ്. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകളിലൊന്ന് ഉപയോഗിച്ച് പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.
0 Comments