Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇶🇦മരുന്നുകളുമായി വരുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംബസി.

🇦🇪അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം; നാളെ മുതല്‍ പ്രാബല്യത്തില്‍.

🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയായി.

🇦🇪ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

🇦🇪യുഎഇയില്‍ ഇന്ന് 1077 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

🇴🇲ഒമാനിലെ രാത്രി ലോക്ക്ഡൗണ്‍ ശനിയാഴ്‍ച അവസാനിക്കും; രാജ്യത്തേക്ക് പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക്.

🇴🇲ഒമാനില്‍ 186 പേര്‍ക്ക് കൂടി കൊവിഡ്, ഏഴു മരണം.

🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.

🇸🇦സൗദി: സെപ്റ്റംബർ 30 മുതൽ വിമാനയാത്രകളുമായി ബന്ധപ്പെട്ട് IATA ട്രാവൽ പാസിന് അനുമതി നൽകാൻ തീരുമാനം.

🇧🇭ബഹ്‌റൈൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനം.

🇦🇪അബുദാബി: കുട്ടികൾക്കും, പ്രായമായവർക്കും SEHA കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

🇧🇭ബഹ്‌റൈൻ: 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകി.

🇶🇦കുതിച്ചുയര്‍ന്ന് ഖത്തറിലെ കോവിഡ് കേസുകള്‍; 200ഓളം സമ്പര്‍ക്ക രോഗികള്‍.

🇰🇼യാത്രാവിലക്ക് നീക്കി; കുവൈത്തിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം


വാർത്തകൾ വിശദമായി

🇶🇦മരുന്നുകളുമായി വരുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംബസി.

✒️ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്ന പ്രവാസികള്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ എന്നും സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അംഗീകൃത ഡോക്ടറുടെയോ ആശുപത്രിയുടെയോ കുറിപ്പടി കൂടി മരുന്നുകള്‍ക്കൊപ്പം നിര്‍ബന്ധമായും കരുതണം. 30 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനുള്ള മരുന്നുകള്‍ മാത്രമേ കൊണ്ടുവരാന്‍ പാടുള്ളൂ. നര്‍ക്കോട്ടിക്സ്, സൈക്കോട്രോപിക് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. 

ലിറിക, ട്രമഡോള്‍, അല്‍പ്രസോലം (സനാക്സ്), ഡയസെപാം (വാലിയം), സോലം, ക്ലോനസെപാം, സോള്‍പിഡെം, കൊഡിന്‍, മെത്തഡോണ്‍, പ്രൊഗാബലിന്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കുണ്ട്. നിരോധിത നരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🇦🇪അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം; നാളെ മുതല്‍ പ്രാബല്യത്തില്‍.

✒️മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. വാക്സിനെടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 20 മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.

വാക്സിനെടുത്തവര്‍ക്കും കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവര്‍ക്കും ഗ്രീന്‍ പാസും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍  E അല്ലെങ്കില്‍ സ്റ്റാര്‍ സ്റ്റാറ്റസും ഉണ്ടെങ്കില്‍ അബുദാബിയില്‍ പ്രവേശിക്കാം. പിസിആര്‍ പരിശോധന നടത്തിയ ശേഷം ലഭിക്കുന്ന  E അല്ലെങ്കില്‍ സ്റ്റാര്‍ സ്റ്റാറ്റസിന് ഏഴ് ദിവസത്തെ കാലാവധിയുണ്ടാകും. വാക്സിനെടുത്തവര്‍ അബുദാബിയില്‍ പ്രവേശിച്ച ശേഷം പിന്നീട് പി.സി.ആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടതില്ല. 

അതേസമയം വിദേശത്ത് നിന്ന് വരുന്നവര്‍ മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണം.  മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന വാക്സിനെടുക്കാത്ത യാത്രക്കാരുടെ പ്രവേശന നിബന്ധനകള്‍ ഇപ്പോഴുള്ളത് പോലെ തുടരും. 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനയും 24 മണിക്കൂറിനിടെയുള്ള ലേസര്‍ ഡി.പി.ഐ പരിശോധനയുമാണ് വാക്സിനെടുക്കാത്തവര്‍ക്ക് ആവശ്യം. പിന്നീട് അബുദാബിയില്‍ തുടരുന്നതിനനുസരിച്ച് നിശ്ചിത ദിവസങ്ങളില്‍ പി.സി.ആര്‍ പരിശോധനകള്‍ ആവര്‍ത്തിക്കുകയും വേണം.

🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയായി.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയെത്തി. പുതിയതായി 499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 877 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇന്ന് 69,991 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,743 ആയി. ഇതിൽ 5,26,436 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,449 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 5,858 ആയി കുറഞ്ഞു. ഇതിൽ 1,234 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 145, മക്ക 84, ജീസാൻ 49, കിഴക്കൻ പ്രവിശ്യ 46, അസീർ 43, അൽഖസീം 34, മദീന 28, നജ്റാൻ 17, ഹായിൽ 14, വടക്കൻ അതിർത്തി മേഖല 12, അൽജൗഫ് 11, തബൂക്ക് 9, അൽബാഹ 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,009,365 ഡോസ് ആയി ഉയർന്നു.

🇦🇪ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ഇന്റിഗോ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 1.30 മുതല്‍ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.


ചൊവ്വാഴ്‍ച മുതല്‍ ഓഗസ്റ്റ് 24 വരെയാണ് യുഎഇയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ തടഞ്ഞതെങ്കിലും അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടിയെടുത്തത്.  യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

🇦🇪യുഎഇയില്‍ ഇന്ന് 1077 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

✒️യുഎഇയില്‍ 1,077 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,611 പേര്‍ സുഖം പ്രാപിക്കുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 3,18,348 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  7,06,166 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,86,025 പേര്‍ രോഗമുക്തരാവുകയും 2,012 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,129 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനിലെ രാത്രി ലോക്ക്ഡൗണ്‍ ശനിയാഴ്‍ച അവസാനിക്കും; രാജ്യത്തേക്ക് പ്രവേശനം രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക്.

✒️ഒമാനിൽ ഇപ്പോള്‍ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്‍ച അവസാനിക്കും.  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും.

കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം. ഇതിന് പുറമെ രാജ്യത്തെത്തിയ ഉടന്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം. റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം. 

രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും  ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിനും വാക്സിനേഷൻ  നിർബന്ധമാക്കി. സെപ്‍തംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സാംസ്‍കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടത് നിര്‍ബന്ധമാണ്.

🇴🇲ഒമാനില്‍ 186 പേര്‍ക്ക് കൂടി കൊവിഡ്, ഏഴു മരണം.

✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 186 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന ഏഴുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,00,914ഉം ആകെ മരണസംഖ്യ 4,020ഉം ആയി.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,89,450 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.2 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 196 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 86 പേര്‍ക്ക് തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

🇧🇭ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള COVID-19 അലേർട്ട് ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് 2021 സെപ്റ്റംബർ 3 മുതൽ അനുമതി നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 18-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാകുന്നതു വരെ രാജ്യത്ത് ഗ്രീൻ അലേർട്ട് ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും, പരമാവധി യെലോ അലേർട്ട് ലെവൽ ഇളവുകൾ മാത്രം അനുവദിക്കാനും 2021 ഓഗസ്റ്റ് 1 മുതൽ മന്ത്രാലയം തീരുമാനിച്ചിരുന്നു. നിലവിൽ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 75 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് സെപ്റ്റംബർ 3 മുതൽ സ്ഥിതിഗതികൾ അനുസരിച്ച് ഗ്രീൻ അലേർട്ട് തിരികെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.

🇸🇦സൗദി: സെപ്റ്റംബർ 30 മുതൽ വിമാനയാത്രകളുമായി ബന്ധപ്പെട്ട് IATA ട്രാവൽ പാസിന് അനുമതി നൽകാൻ തീരുമാനം.

✒️2021 സെപ്റ്റംബർ 30 മുതൽ വിദേശ വിമാനയാത്രകളുമായി ബന്ധപ്പെട്ട് യാത്രികരുടെ COVID-19 ടെസ്റ്റ് റിസൾട്ട് നിർണ്ണയിക്കുന്നതിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസിന് അനുമതി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ യാത്രികർ COVID-19 രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും, തുടർന്ന് യാത്രികരുടെ വാക്സിനേഷൻ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിനുമായാണ് IATA ട്രാവൽ പാസ് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി സൗദി അറേബ്യയുടെ COVID-19 ആപ്പ് ആയ ‘Tawakkalna’-യിലെ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം IATA-യുമായി സംയോജിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA), സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവർ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്നതാണ്. ഇതിനായുള്ള ഔദ്യോഗിക കരാറിൽ GACA, SDAIA എന്നിവർ ഓഗസ്റ്റ് 18-ന് ഒപ്പ് വെച്ചിട്ടുണ്ട്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, സൗദിയിലേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ COVID-19 ടെസ്റ്റ് റിസൾട്ട് തെളിയിക്കുന്നതിനായി Tawakkalna അല്ലെങ്കിൽ IATA ആപ്പുകൾ ഉരുപയോഗിക്കാൻ സാധിക്കുന്നതാണ്. അന്താരാഷ്ട്ര വ്യോമയാന മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഏകോപനത്തോടെ ഉപയോഗിക്കുന്നതിനും, അന്താരാഷ്ട്ര വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഗോളതലത്തിൽ IATA ട്രാവൽ പാസ് നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

അന്താരാഷ്ട്ര വിമാന യാത്രികർക്ക് തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് എളുപ്പത്തിൽ തെളിയിക്കുന്നതിനും, വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബാധകമാകുന്ന COVID-19 മാനദണ്ഡങ്ങൾ അറിയുന്നതിനും IATA ട്രാവൽ പാസ് സഹായകമാണ്. നിലവിൽ സിംഗപ്പൂർ, പനാമ തുടങ്ങിയ രാജ്യങ്ങൾ ഇതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.

🇧🇭ബഹ്‌റൈൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനം.

✒️രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. ഫൈസർ അല്ലെങ്കിൽ ആസ്ട്രസെനെക്കാ വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ഒരു അധിക ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.

ഇത്തരത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഫൈസർ വാക്സിനോ, അല്ലെങ്കിൽ ആദ്യ രണ്ട് കുത്തിവെപ്പുകൾക്ക് ഉപയോഗിച്ച അതേ വാക്സിനോ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസുകൾ സംബന്ധിച്ച് ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.

2021 ഒക്ടോബർ 1 മുതൽ ഈ വിഭാഗങ്ങളിൽപ്പെടുന്ന ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് യെല്ലോ ഷീൽഡ് സ്റ്റാറ്റസിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവർ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.

വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും താമസിയാതെ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.

🇦🇪അബുദാബി: കുട്ടികൾക്കും, പ്രായമായവർക്കും SEHA കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

✒️എമിറേറ്റിലെ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ ലഭ്യമാണെന്നും, 12 വയസും, അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് വാക്സിൻ ലഭ്യമാണെന്നും DoH അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചിട്ടുള്ള പ്രായമായ വ്യക്തികൾക്കുള്ള (പൗരന്മാർക്കും, പ്രവാസികൾക്കും ബാധകം) ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളും അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്.

കുട്ടികൾക്കും പ്രായമായവർക്കും അബുദാബിയിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും വാക്-ഇൻ രീതിയിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. https://www.doh.gov.ae/en/covid-19/national-vaccination എന്ന വിലാസത്തിൽ നിന്ന് എമിറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.

🇧🇭ബഹ്‌റൈൻ: 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകി.

✒️രാജ്യത്ത് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഔദ്യോഗിക അംഗീകാരം നൽകി. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ് സിനോഫാം വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ളവർക്കാണ് ഇപ്രകാരം വാക്സിൻ നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകിയിരിക്കുന്നത്:

ശ്വാസകോശസംബന്ധമായ രോഗങ്ങൾ.
ഹൃദയസംബന്ധമായ രോഗങ്ങൾ.
പ്രമേഹം.
അമിതവണ്ണം.
കാൻസർ.
ജനനസമയത്ത് തന്നെ വൈകല്യങ്ങളുള്ളവർ.
ഡൌൺ സിൻഡ്രോം.
ഇതിന് പുറമെ, 12 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് വാക്സിന് പുറമെ സിനോഫാം വാക്സിൻ തിരഞ്ഞെടുക്കുന്നതിനും ബഹ്‌റൈൻ അനുമതി നൽകിയിട്ടുണ്ട്. 3 മുതൽ 17 വയസ് വരെയുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരോഗ്യ മന്ത്രലായത്തിന്റെ https://healthalert.gov.bh/ എന്ന വെബ്സൈറ്റിലും, BeAware ആപ്പിലും താമസിയാതെ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

🇶🇦കുതിച്ചുയര്‍ന്ന് ഖത്തറിലെ കോവിഡ് കേസുകള്‍; 200ഓളം സമ്പര്‍ക്ക രോഗികള്‍.

✒️ഖത്തറിലെ കോവിഡ് കേസുകള്‍ മാസങ്ങള്‍ക്കിടെ വീണ്ടും 300 കടന്നു. സമ്പര്‍ക്കത്തിലൂടെ മാത്രം 200ഓളം പേര്‍കക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ ഇന്ന് 306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 108 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 241 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,26,803 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,817 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,096 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 42,024,78 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 79.4 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

🇰🇼യാത്രാവിലക്ക് നീക്കി; കുവൈത്തിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം.

✒️കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി. ഓഗസ്റ്റ് 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിന്‍ സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് കുവൈത്തില്‍ അംഗീകാരമുള്ളത്.

കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും മാര്‍നിര്‍ദേശമുണ്ട്. ഇത്തരം വിഭാഗത്തിലുള്ളവര്‍ മൂന്നാമത്തെ ഡോസായി സ്വീകരിക്കേണ്ടത് കുവൈത്ത് അംഗീകൃത വാക്സിനായിരിക്കണം.

ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അനുമതി തേടണം. 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ യാത്രാ വിലക്കും പിന്‍വലിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

Post a Comment

0 Comments