🇸🇦സൗദി അറേബ്യയിൽ ആക്ടീവ് കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു.
🇴🇲ഒമാനിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 20 ലക്ഷം കവിഞ്ഞു.
🇦🇪യുഎഇയില്‍ 1505 പേര്‍ കൊവിഡ് മുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1109 പേര്‍ക്ക്.
🇦🇪യുഎഇയില്‍ നേരിയ ഭൂചലനം; 2.2 തീവ്രത രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.
🇴🇲ഒമാനില്‍ ആശ്വാസം; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രം.
🛫നാട്ടില്‍ നിന്ന് വാക്സിനെടുത്ത 91,805 പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു.
🇦🇪മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് നാല് വിജയികള്‍.
🇦🇪അബുദാബി: COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ഹോട്ട് ലൈൻ സേവനം വിപുലീകരിക്കാൻ തീരുമാനിച്ചു.
🇸🇦സൗദി: COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
🇧🇭ബഹ്‌റൈൻ: ഓഗസ്റ്റ് 18, 19 ദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം.
🇰🇼കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക് തിരികെ ഏർപ്പെടുത്തി.
🇴🇲ഒമാൻ: COVID-19 വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനം.
🇶🇦ഖത്തറിൽ കോവിഡ് നിയമലംഘകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 260; രോഗമുക്തി 146 മാത്രം.

വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ആക്ടീവ് കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുകഴിയുന്ന ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 1,011 പേർ കൂടി സുഖപ്പെടുകയും 604 പുതിയ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,649 ആയി കുറഞ്ഞു. ഇതിൽ 1,332 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്കും കുറഞ്ഞു. രാജ്യമാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 78,416 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,39,129 ആയി. ഇതിൽ 5,24,061 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,419 ആണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 170, മക്ക 97, കിഴക്കൻ പ്രവിശ്യ 67, ജീസാൻ 59, അസീർ 50, അൽഖസീം 48, നജ്റാൻ 34, മദീന 27, ഹായിൽ 22, തബൂക്ക് 10, അൽജൗഫ് 9, അൽബാഹ 6, വടക്കൻ അതിർത്തി മേഖല 5. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 32,000,210 ഡോസ് ആയി ഉയർന്നു.
🇴🇲ഒമാനിൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 20 ലക്ഷം കവിഞ്ഞു.
✒️ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ 2,155,932 പേർ കൊവിഡ് പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 13,60,206 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ 7,95,726 പേർക്കാണ് ഇതിനോടകം വാക്സിന്റെ രണ്ട് ഡോസും നല്‍കിക്കഴിഞ്ഞതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട വാക്സിനേഷൻ ക്യാമ്പെയിന്‍ 61 ശതമാനം പൂർത്തികരിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
🇦🇪യുഎഇയില്‍ 1505 പേര്‍ കൊവിഡ് മുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1109 പേര്‍ക്ക്.
✒️യുഎഇയില്‍ 1,109 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,505 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,49,792 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,02,885 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,81,265 പേര്‍ രോഗമുക്തരാവുകയും 2003 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,617 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇦🇪യുഎഇയില്‍ നേരിയ ഭൂചലനം; 2.2 തീവ്രത രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.
✒️യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‍ച യുഎഇ സമയം ഉച്ചയ്‍ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്. ഇത്തരം നേരിയ ഭൂചലനങ്ങള്‍ വര്‍ഷത്തില്‍ പലതവണ പലയിടങ്ങളിലായി അനുഭവപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. രണ്ട് മുതല്‍ അഞ്ച് വരെ റിക്ടര്‍ സ്‍കെയിലില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ കാര്യമായ ആഘാതമൊന്നും ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
🇴🇲ഒമാനില്‍ ആശ്വാസം; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രം.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 214 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന ആറ് പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,00,408ഉം ആകെ മരണസംഖ്യ 3,999ഉം ആയി.
രാജ്യത്ത് ഇതുവകെ കൊവിഡ് സ്ഥിരീകരിച്ച 3,00,408 പേരില്‍ 2,88,702 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 244 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 107 പേര്‍ക്ക് തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.
🛫നാട്ടില്‍ നിന്ന് വാക്സിനെടുത്ത 91,805 പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു.
✒️വിദേശ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്‍ത 91,805 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഹെല്‍ത്ത് പ്ലാറ്റ്ഫോം വഴി സമര്‍പ്പിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളാണ് കര്‍ശന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിക്കുന്നത്. ഇതുവരെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ 87.6 ശതമാനവും പരിശോധിച്ച് കഴിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.
പ്രത്യേക സാങ്കേതിക സംഘമാണ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. 1,65,145 സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവരെ അംഗീകാരത്തിനായി സമര്‍പ്പിക്കുപ്പെട്ടിട്ടുള്ളത്. ഇവയില്‍ 1,44,768 എണ്ണവും പരിശോധിച്ച് കഴിഞ്ഞു. 91,805 പേരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയപ്പോള്‍ 52,963 എണ്ണത്തിന് അംഗീകാരം നിഷേധിച്ചു. വാക്സിനുകളുടെ അംഗീകാരത്തിന് പുറമെ, രണ്ട് ഡോസും സ്വീകരിച്ചതിന്റെ രേഖകളില്ലാതിരിക്കുക, സര്‍ട്ടിഫിക്കറ്റുകളില്‍ ക്യു.ആര്‍ കോഡുകള്‍ ഇല്ലാതിരിക്കുകയോ അവ പരിശോധിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അംഗീകാരം നിഷേധിക്കുന്നത്.
ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ ദിവസവും സൂക്ഷ്‍മമായി പരിശോധിച്ച് അംഗീകാരം നല്‍കുകയോ തള്ളുകയോ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളും കൃത്രിമത്വങ്ങളും രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷയ്‍ക്ക് വെല്ലുവിളിയാകുമെന്നതിനാല്‍ അതീവ ശ്രദ്ധയോടെയും കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് പരിശോധന നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
🇦🇪മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്ത് നാല് വിജയികള്‍.
✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 38-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ നാല് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വന്നവരാണ് 250,000 ദിര്‍ഹം വീതം നേടിയത്. കൂടാതെ, 211 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,615 പേരാണ് 35 ദിര്‍ഹത്തിന്‍റെ സമ്മാനം സ്വന്തമാക്കിയത്. ആകെ 1,337,525 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. 3, 5, 7, 20, 24, 48 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.
50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഓഗസ്റ്റ് 21 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
🇦🇪അബുദാബി: COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ഹോട്ട് ലൈൻ സേവനം വിപുലീകരിക്കാൻ തീരുമാനിച്ചു.
✒️COVID-19 മഹാമാരി സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററിന്റെ പ്രവർത്തനം കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ISTIJABA എമർജൻസി കാൾസെന്ററിന്റെ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ച വിവരം ഓഗസ്റ്റ് 15-ന് വൈകീട്ടാണ് കമ്മിറ്റി അറിയിച്ചത്.
കൊറോണ വൈറസ് മഹാമാരി സംബന്ധമായ സംശയങ്ങൾ, വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, എമിറേറ്റിലെ ക്വാറന്റീൻ നടപടികൾ, നിയമങ്ങൾ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനായി ഈ ഹോട്ട് ലൈൻ സേവനം ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ ഈ ഹോട്ട് ലൈനിലൂടെ Alhosn ആപ്പ് സംബന്ധമായ വിവരങ്ങൾ, പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ തുടങ്ങിയ വിവരങ്ങളും ലഭിക്കുന്നതാണ്.
ISTIJABA എമർജൻസി കാൾസെന്ററിൽ നിന്നുള്ള സേവനങ്ങൾ താഴെ പറയുന്ന ടോൾ ഫ്രീ നമ്പറുകളിൽ ലഭ്യമാണ്:
യു എ ഇയിൽ നിന്ന് വിളിക്കുന്നവർക്ക് – 800 1717.
വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് – +971 800 1717
ISTIJABA എമർജൻസി കാൾസെന്ററിൽ നിന്ന് താഴെ പറയുന്ന വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതാണ്:
എമിറേറ്റിലെ COVID-19 പരിശോധനകൾ, വാക്സിനേഷൻ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ.
എമിറേറ്റിലെ ക്വാറന്റീൻ, ഐസൊലേഷൻ മുതലായവയുമായി ബന്ധപ്പെട്ട വിവരങ്ങൾ.
അബുദാബി നിവാസികൾക്ക് മാനസിക ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ, സേവനങ്ങൾ എന്നിവയ്ക്ക്.
എമിറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ അറിയുന്നതിന്.
അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ, എമിറേറ്റിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ.
Alhosn ആപ്പ് സംബന്ധമായ വിവരങ്ങൾ.
🇸🇦സൗദി: COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
✒️രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 15, ഞായറാഴ്ച്ച നടന്ന പത്രസമ്മേളനത്തിൽ സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ ലാബുകളിൽ നടത്തിയ ജനിതക പരിശോധനകളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗ വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മഹാമാരിയുടെ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ള ഈ വകഭേദം കൂടുതൽ പേരിലേക്ക് രോഗബാധ ഉണ്ടാക്കുന്നതിന് സാധ്യതയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
18 വയസിന് മുകളിൽ പ്രായമുള്ളവരോട് എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് എല്ലാ തരം വൈറസ് വകഭേദങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിരോധ ശേഷിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
🇧🇭ബഹ്‌റൈൻ: ഓഗസ്റ്റ് 18, 19 ദിനങ്ങളിൽ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം.
✒️2021 ഓഗസ്റ്റ് 18, 19 ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുറയുമായി ബന്ധപ്പെട്ട അവധി ദിനങ്ങളിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനായാണ് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഓഗസ്റ്റ് 15-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക ദിവസങ്ങളിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ ബഹ്‌റൈനിൽ യെല്ലോ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാകുന്നതു വരെ യെല്ലോ അലേർട്ട് തുടരുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്.
🇰🇼കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക് തിരികെ ഏർപ്പെടുത്തി.
✒️കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം സേവനകേന്ദ്രങ്ങളിൽ നിന്ന് സാധാരണ സമയക്രമം അനുസരിച്ച് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന നടപടികൾ പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. COVID-19 വ്യാപന പശ്ചാത്തലത്തിൽ ഏതാണ്ട് ഒന്നര വർഷത്തോളമായി ഇത്തരം സേവനകേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തിദിനങ്ങളിൽ വൈകീട്ടുള്ള ഷിഫ്റ്റിൽ (3 pm മുതൽ 7 pm വരെ) ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്നില്ല.
സബാഹ് അൽ സലേം, മുബാറക് അൽ കബീർ ഗവർണറേറ്റ്, ജഹ്‌റ ഗവർണറേറ്റ് എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയം സാധാരണ സമയക്രമം അനുസരിച്ച് സേവനങ്ങൾ നൽകുന്നത്. ഈ കേന്ദ്രങ്ങളിൽ നിന്ന് 3 pm മുതൽ 7 pm വരെയുള്ള ഷിഫ്റ്റിലും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതാണ്.
പൂർണ്ണമായും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരം സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ രാവിലെ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് ഇവയുടെ പ്രവർത്തനസമയക്രമം സാധാരണ രീതിയിലേക്ക് തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
🇴🇲ഒമാൻ: COVID-19 വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനം.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പും, രണ്ടാം ഡോസ് കുത്തിവെപ്പും തമ്മിലുള്ള ഇടവേള ആറാഴ്ച്ചയായി ചുരുക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 16-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നിലവിൽ പത്താഴ്ച്ചത്തെ ഇടവേളയിലാണ് ഒമാനിൽ COVID-19 വാക്സിൻ ഡോസുകൾ നൽകുന്നത്.
ആദ്യ ഡോസ് കുത്തിവെപ്പെടുത്ത ശേഷം ആറാഴ്ച്ച പൂർത്തിയാക്കിയവർക്ക് ഇപ്പോൾ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ‘Tarassud’ ആപ്പിലൂടെ ഈ റജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
🇶🇦ഖത്തറിൽ കോവിഡ് നിയമലംഘകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
✒️ഖത്തറിൽ കോവിഡ് നിയമലംഘകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ ദിവസം മാത്രം ഖത്തറിൽ അറസ്റ്റിലായത് 219 പേരാണ്.196 പേരാണ് മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായത്.സാമൂഹിക അകലം പാലിക്കാത്തതിന് 23 പേരും അറസ്റ്റിലായി.നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 260; രോഗമുക്തി 146 മാത്രം.
✒️ഖത്തറില്‍ ഇന്ന് 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 91 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 146 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,26,158 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,669 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 23 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 41,35,062 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 78.7 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു
0 Comments