🇦🇪യുഎഇയില്‍ ആയിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍.
🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 704 രോഗമുക്തരും 569 പുതിയ രോഗികളും.
🇴🇲ഒമാനില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം.
🇶🇦ഖത്തറില്‍ സമ്പര്‍ക്ക രോഗികള്‍ ഉയരുന്നു; ഇന്ന് 269 പേര്‍ക്ക് കോവിഡ്.
🇸🇦ഇന്ത്യക്കാരുടേതടക്കം പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി.
🇦🇪എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് അബുദാബി
🇧🇭ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങളില്‍ കോവിഡ് നിയന്ത്രണം.
🇸🇦സൗദി: വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
🇴🇲ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി.
🇴🇲ഒമാൻ: ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം.
🇧🇭ബഹ്‌റൈൻ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച അറിയിപ്പ്.
🇰🇼സർക്കാർ ഓഫീസ് പ്രവർത്തനം പൂർണതോതിൽ: റോഡിൽ തിരക്കേറി.
🇦🇪യുഎഇയില്‍ ആയിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍.
✒️യുഎഇയില്‍ 1,115 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,544 പേര്‍ സുഖം പ്രാപിക്കുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,47,213 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,04,000 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,82,809 പേര്‍ രോഗമുക്തരാവുകയും 2,006 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,185 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 704 രോഗമുക്തരും 569 പുതിയ രോഗികളും.
✒️സൗദി അറേബ്യയില്‍ പുതുതായി 569 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 704 പേര്‍ക്ക് അസുഖം ഭേദമായി.
രാജ്യത്താകെ 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 79,383 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,39,698 ആയി. ഇതില്‍ 5,24,765 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,431 ആണ്. രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,502 ആയി കുറഞ്ഞു. ഇതില്‍ 1,295 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 132, മക്ക 101, ജീസാന്‍ 61, കിഴക്കന്‍ പ്രവിശ്യ 59, അല്‍ഖസീം 43, അസീര്‍ 41, മദീന 35, നജ്‌റാന്‍ 25, ഹായില്‍ 17, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 15, അല്‍ജൗഫ് 14, അല്‍ബാഹ 11. കോവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 32,276,410 ഡോസ് ആയി ഉയര്‍ന്നു.
🇴🇲ഒമാനില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം.
✒️ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 173 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന എട്ടു പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,00,581ഉം ആകെ മരണസംഖ്യ 4,007ഉം ആയി.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 3,00,581 പേരില്‍ 2,88,922 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 96.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 രോഗികളെ മാത്രമാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 239 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 98 പേര്‍ക്ക് തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.
🇶🇦ഖത്തറില്‍ സമ്പര്‍ക്ക രോഗികള്‍ ഉയരുന്നു; ഇന്ന് 269 പേര്‍ക്ക് കോവിഡ്.
✒️ഖത്തറില്‍ ഇന്ന് 269 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 86 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 183 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 231 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,26,389 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,707 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 24 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,729 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 41,62,791 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 79 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.
🇸🇦ഇന്ത്യക്കാരുടേതടക്കം പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി.
✒️സൗദി പ്രവാസികള്‍ക്ക് വീണ്ടും രാജകാരുണ്യം. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യക്കാരായ പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റും അറിയിച്ചു.
ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു. യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും മറ്റുള്ളവരുടെ സന്ദര്‍ശക വിസയും സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കാനാണ് നേരത്തെ രാജാവ് നിര്‍ദേശം നല്‍കിയിരുന്നത്.
🇦🇪എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് അബുദാബി.
✒️എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് അബുദാബി. പട്ടികയിലുള്ള 70 രാജ്യങ്ങളില്‍ നിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നേരിട്ടെത്തി വിസ നേടാമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.
യുഎസ് വിസിറ്റര്‍ വിസ, ഗ്രീന്‍ കാര്‍ഡ്, യുകെ, ആറ് മാസം കാലാവധിയുള്ള യൂറോപ്യന്‍ റെസിഡന്‍സി എന്നിവയുമായെത്തുന്ന ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവലിന് അര്‍ഹതയുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കി. 100 ദിര്‍ഹം നല്‍കിയാല്‍ 14 ദിവസത്തെ വിസ ലഭിക്കും. 250 ദിര്‍ഹം അടച്ചാല്‍ ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
വിസ ഓണ്‍ അറൈവല്‍ അനുവദിച്ച രാജ്യങ്ങള്‍
അണ്ടോറ
അര്‍ജന്റീന
ഓസ്‌ട്രേലിയ
ഓസ്ട്രിയ
ബഹമാസ്
ബാര്‍ബഡോസ്
ബെല്‍ജിയം
ബ്രസീല്‍
ബ്രൂണെ
ബള്‍ഗേറിയ
കാനഡ
ചിലി
കൊളംബിയ
കോസ്റ്ററിക
ക്രൊയേഷ്യ
സൈപ്രസ്
ചെക് റിപ്പബ്ലിക്
ഡെന്‍മാര്‍ക്
എസ്റ്റോണിയ
ഫിന്‍ലാന്‍ഡ്
ഫ്രാന്‍സ്
ജര്‍മനി
ഗ്രീസ്
ഹോണ്ടറസ്
ഹോങ്കോങ്
ഹംഗറി
ഐസ് ലാന്‍ഡ്
അയര്‍ലാന്‍ഡ്
ഇറ്റലി
ജപ്പാന്‍
കസഖ്സ്ഥാന്‍
ലാത് വിയ
ലീക്‌സ്റ്റെസ്റ്റീന്‍
ലിത്വാനിയ
ലക്‌സംബര്‍ഗ്
മലേഷ്യ
മാലിദ്വീപ്
മാള്‍ട്ട
മെക്‌സിക്കോ
മൊണോകോ
മോണ്ടനെഗ്രോ
നൗറു
നെതര്‍ലാന്‍ഡ്‌സ്
ന്യൂസിലാന്‍ഡ്
നോര്‍വെ
ചൈന
പെറു
പോളണ്ട്
റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്
റിപ്പബ്ലിക് ഓഫ് എല്‍ സല്‍വദോര്‍
പോര്‍ചുഗല്‍
റുമാനിയ
റഷ്യ
സെന്റ് വിന്‍സന്റ് ആന്‍ജ് ദ് ഗ്രനാഡിന്‍സ്
സാന്‍ മൊറിനോ
സെര്‍ബിയ
സെയ്‌ഷെല്‍സ്
സിംഗപ്പൂര്‍
സ്ലൊവാക്യ
സ്ലൊവാനിയ
സോളമന്‍
സൗത്ത് കൊറിയ
സ്‌പെയിന്‍
സ്വീഡന്‍
സ്വിറ്റ്സര്‍ലാന്‍ഡ്
ദ് വത്തിക്കാന്‍
യുക്രെയിന്‍
യുകെ
അമേരിക്ക.
🇧🇭ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങളില്‍ കോവിഡ് നിയന്ത്രണം.
✒️ബഹ്റൈനിൽ ആശൂറ അവധി ദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലർട്ട് ലെവൽ സ്വീകരിക്കും. 103 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. ബുധൻ ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് ആവർത്തിച്ചു നിർദേശം നൽകിയ അധിക്യതർ ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലർട്ട് ലവൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അവധി ദിനങ്ങൾ കഴിഞ്ഞ് വെള്ളിയാഴ്ച മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 123 പേർക്ക് കൂടി രോഗം ഭേദപ്പെട്ടതോടെ രാജ്യത്ത് ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2,68,422 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ച 103 പേരിൽ 36 പേരാണ് പ്രവാസികൾ. 56 പേർക്ക് സമ്പർക്കത്തിലൂടെയും 11 പേർക്ക് വിദേശ യാത്രയിൽനിന്നും രോഗം പകർന്നു. 1113 പേരാണു നിലവിൽ ചികിൽസയിൽ കഴിയുന്നത്.
🇸🇦സൗദി: വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.
✒️രാജ്യത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 16-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാർഗനിർദ്ദേശങ്ങളാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ്ങ് കോർപറേഷൻ (TVTC), യൂണിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പൊതു വിദ്യാലയങ്ങളിലും 12 വയസിന് മുകളിൽ പ്രായമായ വിദ്യാത്ഥികൾ, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് 2 ഡോസ് COVID-19 വാക്സിൻ നിർബന്ധമാണ്.
വിദ്യാഭ്യാസ മേഖലയിൽ ഇതുവരെ വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 22-ന് മുൻപായി വാക്സിൻ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ വാക്സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ആരോഗ്യ മന്ത്രാലയം സ്വയമേവ നേരിട്ട് പൂർത്തിയാക്കുന്നതാണ്.
12 വയസിന് താഴെ പ്രായമുള്ള വിദ്യാർഥികളുള്ള പൊതുവിദ്യാലയങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 2 ഡോസ് COVID-19 വാക്സിൻ നിർബന്ധമാണ്.
രാജ്യത്തെ സമൂഹത്തിൽ 70 ശതമാനത്തോളം പേർക്ക് COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും നൽകുന്നത് പൂർത്തിയാകുന്നത് വരെയോ, 2021 ഒക്ടോബർ 10 വരെയോ, ഇവയിൽ ഏതാണ് ആദ്യം വരുന്നത്, ആ കാലയളവ് മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
🇴🇲ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി.
✒️ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചതായി നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഗവർണറേറ്റിലെ രണ്ട്‍ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്.
വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് ‘Tarassud+’ ആപ്പിലൂടെയോ, ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 ഓൺലൈൻ പോർട്ടലിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:
ഇബ്ര, അൽ ഖാബിൽ, ദമാ വ തയീൻ, ബിദിയ, വാദി ബനി ഖലീദ് എന്നീ വിലായത്തുകളിലുള്ളവർക്ക് – ഇബ്രയിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം. (ഫോൺ: 25570113)
മുദൈബി വിലായത് – മുദൈബി കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് ഹാൾ, മുദൈബി (ഫോൺ: 99111919)
ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വാക്സിൻ ലഭിക്കുന്നതാണ്. വാക്സിനെടുക്കാനെത്തുന്ന പ്രവാസികൾ മുൻകൂർ ബുക്കിംഗ് നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്. ഇവർ തങ്ങളുടെ കൈവശം സാധുതയുള്ള റെസിഡൻസി കാർഡ് കരുതേണ്ടതാണ്.
ബുക്കിംഗ് പ്രകാരം അനുവദിച്ചിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനെടുക്കാൻ വരുന്നവർ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
അതേസമയം, ബുറൈമി ഗവർണറേറ്റിലെ പ്രവാസികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ പൂർത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ നടപടികൾ പൂർത്തിയായതിനാൽ ബുറൈമി ഗവർണറേറ്റിലെ പ്രവാസികൾക്ക് വരും ദിനങ്ങളിൽ സൗജന്യ വാക്സിൻ ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.
🇴🇲ഒമാൻ: ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്ത് COVID-19 വാക്സിനേഷൻ മുൻകൂർ ബുക്കിംഗിനും മറ്റുമായി ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ മൊബൈൽ സേവനദാതാക്കൾ ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 16-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
‘Tarassud Plus’ ആപ്പ് ഉപയോഗത്തിന് ഡാറ്റ ചാർജ് ഒഴിവാക്കുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒമാൻടെൽ, ഒരീഡോ എന്നീ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, രാജ്യത്ത് ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഇന്റർനെറ്റ് പാക്കേജുകളിൽ നിന്ന് ഡാറ്റ കുറയ്ക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന് നേരിടേണ്ടിവരുന്ന വിവിധ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസിനായി ‘Tarassud’ ആപ്പിലൂടെ റജിസ്‌ട്രേഷൻ പൂർത്തിയാക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച അറിയിപ്പ്.
✒️രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ബഹ്‌റൈനിൽ ഓഗസ്റ്റ് 18, 19 തീയതികൾ ആശുറ (മുഹറം പത്ത്) അവധി ദിനങ്ങളാണ്.
ഓഗസ്റ്റ് 16-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് അവധിദിനങ്ങളിൽ 24 മണിക്കൂറും സേവനം ലഭിക്കുന്നതാണ്:
മുഹറഖ് ഹെൽത്ത് സെന്റർ (Muharraq Health Center)
ബി ബി കെ ഹെൽത്ത് സെന്റർ (BBK Hidd Health Center)
ജിദാഫ്സ് ഹെൽത്ത് സെന്റർ (Jidhafs Health Center)
ഹമദ് കാനൂ ഹെൽത്ത് സെന്റർ (Hamad Kanoo Health Center, Riffa)
യൂസഫ് അബ്ദുൾറഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെന്റർ (Yousef Abdulrahman Engineer Health Center)
ഷെയ്ഖ് ജാബിർ ഹെൽത്ത് സെന്റർ (Shaikh Jaber Health Center)
സിത്ര ഹെൽത്ത് സെന്റർ (Sitra Health Center)
മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ (Mohamed Jasim Kanoo Health Center)
ജവ് ആൻഡ് അസ്‌കർ ഹെൽത്ത് സെന്റർ (Jaw and Askar Health Clinic)
2021 ഓഗസ്റ്റ് 18, 19 ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആശുറയുമായി ബന്ധപ്പെട്ട അവധി ദിനങ്ങളിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനായാണ് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
🇰🇼സർക്കാർ ഓഫീസ് പ്രവർത്തനം പൂർണതോതിൽ: റോഡിൽ തിരക്കേറി.
✒️കുവൈത്തിൽ സർക്കാർ ഒാഫിസുകളുടെ പ്രവർത്തനം പൂർണതോതിലായതോടെ റോഡുകളിൽ തിരക്ക് വർധിച്ചു. ഉദ്യോഗസ്ഥർ ജോലിക്ക് പോകുകയും തിരിച്ചുവരുകയും ചെയ്യുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും സാമാന്യം നല്ല തിരക്കാണ് റോഡുകളിൽ അനുഭവപ്പെടുന്നത്.
സ്കൂൾ തുറക്കുകയും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മൂന്നുലക്ഷത്തിലേറെ പ്രവാസികൾ തിരിച്ചെത്തുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് മുറുകും.
ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് സർക്കാർ ഒാഫിസുകൾ പൂർണ തോതിൽ പ്രവർത്തിക്കണമെന്ന മന്ത്രിസഭ ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി. അഞ്ചു ശതമാനത്തിൽ താഴെ പേർ മാത്രമാണ് അവധിയെടുത്തത്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തന്നെയാണ് ഒാഫിസുകൾ പ്രവർത്തിക്കുന്നത്.വാക്സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും കോവിഡ് കേസുകൾ കുറഞ്ഞ് വരുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഏജൻസികളുടെ പ്രവർത്തന സമയം കോവിഡിന് മുമ്പത്തെ സാധാരണ നിലയിലേക്ക് മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത്.
ഒക്ടോബർ മൂന്നുമുതലാണ് വിദ്യാർഥികൾ നേരിട്ടുള്ള അധ്യയനത്തിനായി സ്കൂളുകളിൽ എത്തുന്നത്. തുടക്കത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും പ്രവർത്തനം. ഒരുക്ലാസിലെ പകുതി കുട്ടികൾ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുന്ന രീതിയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. രോഗമുക്തി ഉയർന്നുനിൽക്കുന്നതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
0 Comments