Ticker

6/recent/ticker-posts

Header Ads Widget

കരാർ പുതുക്കില്ല; ഇനി ബാഴ്​സയിൽ മെസ്സിയില്ല

ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസ്സി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു. ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല.

ഇതോടെ ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്സ ഇന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു. ലാ ലി​ഗയുടെ സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് മെസ്സിയുമായുള്ള കരാർ പ്രാബല്യത്തിൽ വരാത്തതെന്നായിരുന്നു ബാഴ്സ പ്രസിഡന്‍റ് യുവാന്‍ ലപ്പോർട്ട ഇതുവരെ പറഞ്ഞിരുന്നത്. ബാഴ്സയിൽ തുടരാൻ മെസ്സി ആ​ഗ്രഹിക്കുന്നു.അദ്ദേഹത്തെ നിലനിർത്താൻ ഞങ്ങളും. അതിനായുള്ള ആത്മാർത്ഥ ശ്രമങ്ങൾ തുടരുകയാണ്. അദ്ദേഹം ടീമിൽ തുടരുമെന്നുതന്നെയാണ് ഞങ്ങൾ കരുതുന്നത്. അദ്ദേഹത്തിനായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ-ലപ്പോർട്ട പറഞ്ഞിരുന്നു.

2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയശേഷം കരിയറിൽ ആദ്യമായിട്ടായിരുന്നു മെസ്സി ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്‍റായി മാറിയത്.  2013ലാണ് ലാ ലി​ഗ ക്ലബ്ബുകളുടെ സാമ്പത്തിക അച്ചടക്കം നടപ്പാക്കാനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതനുസരിച്ച് വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഓരോ ക്ലബ്ബിനും കളിക്കാർക്കും കോച്ചിനും സപ്പോർട്ട് സ്റ്റാഫിനുമായി ഒരു സീസണിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലെയും ടീമിന്‍റെ വരുമാനത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും.

കൊവിഡ് മൂലം വരുമാനത്തിൽ 125 മില്യൺ യൂറോയുടെ കുറവുണ്ടായിട്ടും കഴി‍ഞ്ഞ സീസണിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഫുട്ബോൾ ക്ലബ്ബാണ് ബാഴ്സലോണ. 2019-2020 സീസണിൽ ബാഴ്സക്ക് ചെലവാക്കാവുന്ന പരമാവധി തുക 1.47 ബില്യൺ യൂറോ ആയിരുന്നു.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ടിക്കറ്റ് വരുമാനം പൂർണമായും നിലച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ സീസണിൽ 733 മില്യൺ യൂറോ ചെലവാക്കാൻ മാത്രമായിരുന്നു ലാ ലി​ഗ അധികൃതർ  ബാഴ്സക്ക് അനുമതി നൽകിയത്. ഇതാണ് മെസ്സിയുമായി കരാറൊപ്പിടാന്‍ ബാഴ്സക്ക് തടസമായതെന്നാണ് സൂചന.

7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയിൽ മെസ്സിയുടെ കരാർ തുക. ഒരു സീസണിൽ 138 മില്യൻ യൂറോ (ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്.

2005 ജൂൺ 24ന്​ ത​െൻറ 18-ാം ജന്മദിനത്തിലായിരുന്നു മെസ്സി ബാഴ്‌സയുമായി സീനിയർ പ്ലെയർ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാർ ഒപ്പുവെച്ചത്​. അതിനുശേഷം ക്ലബ്ബ് മുൻകൈയെടുത്തുതന്നെ പലതവണ കരാർ പുതുക്കുകയായിരുന്നു.

പതിനെട്ട് വർഷത്തിനിടെ ബാഴ്സയുടെ കുപ്പായത്തിൽ 778 മത്സരങ്ങൾക്കായി മെസ്സി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്സലോണയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്.

Post a Comment

0 Comments