🇦🇪യുഎഇയില്‍ 1189 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
🇰🇼കുവൈത്ത് വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയര്‍ത്താന്‍ അനുമതി.
🇸🇦സൗദിയിൽ ഇന്ന് 1,041 പേര്‍ കൊവിഡ് മുക്തരായി; 542 പുതിയ രോഗികള്‍ മാത്രം.
🇴🇲ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 10 പേര്‍ അറസ്റ്റിലായി.
🇴🇲ഒമാനില്‍ 552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 72 മണിക്കൂറിനിടെ 19 മരണം.
🇸🇦വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിച്ച ശേഷമുള്ള ആദ്യ സംഘം സൗദിയിലെത്തി
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
🇦🇪അബുദാബി: വിവിധ മേഖലകളുടെ പ്രവർത്തന ശേഷി ഓഗസ്റ്റ് 20 മുതൽ ഉയർത്തും; മാളുകൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
🇴🇲ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും.
🇦🇪അബുദാബി: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
🇦🇪അബുദാബി: വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനെടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ഇത്തിഹാദ്.
🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു; ഇന്ന് 187 പേര്‍ക്ക് രോഗബാധ.

വാർത്തകൾ വിശദമായി
🇦🇪യുഎഇയില്‍ 1189 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,189 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,419 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,18,163 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,01,776 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,79,760 പേര്‍ രോഗമുക്തരാവുകയും 2001 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,015 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇰🇼കുവൈത്ത് വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 7500 ആക്കി ഉയര്‍ത്താന്‍ അനുമതി.
✒️കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയര്‍ത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ യാത്രാ വിലക്ക് നിലനിന്നിരുന്നപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ തിരികെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ വിവിധ വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നിശ്ചയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കുവൈത്ത് എയര്‍വേയ്‍സിനും എയര്‍അറേബ്യക്കുമായിരിക്കും എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഈ രണ്ട് വിമാനക്കമ്പനികള്‍ക്കുമായി പ്രതിദിനം 2500 യാത്രക്കാരെ അനുവദിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ക്വാട്ട അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
🇸🇦സൗദിയിൽ ഇന്ന് 1,041 പേര്‍ കൊവിഡ് മുക്തരായി; 542 പുതിയ രോഗികള്‍ മാത്രം.
✒️സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 542 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 1,041 പേർ രോഗമുക്തരായി. രാജ്യവ്യാപകമായി 13 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 69,324 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,38,525 ആയി. ഇതിൽ 5,23,050 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,412 ആണ്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 7,063 ആയി കുറഞ്ഞു. ഇതിൽ 1,356 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 168, മക്ക 85, കിഴക്കൻ പ്രവിശ്യ 62, അസീർ 48, ജീസാൻ 46, അൽഖസീം 40, മദീന 28, നജ്റാൻ 26, ഹായിൽ 16, തബൂക്ക് 9, അൽബാഹ 6, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 31,649,848 ഡോസ് ആയി ഉയർന്നു.
🇴🇲ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 10 പേര്‍ അറസ്റ്റിലായി.
✒️ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച പത്ത് പേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. സൗത്ത് അല്‍ ബാത്തിന, നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റുകളിലേക്കാണ് സമുദ്ര മാര്‍ഗം ഇവര്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് സംഘം സഞ്ചരിച്ചിരുന്ന ബോട്ട് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
🇴🇲ഒമാനില്‍ 552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 72 മണിക്കൂറിനിടെ 19 മരണം.
✒️ഒമാനില്‍ 552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 19 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വ്യാഴാഴ്‍ച 227 പേര്‍ക്കും വെള്ളിയാഴ്‍ച 162 പേര്‍ക്കും ശനിയാഴ്‍ച 163 പേര്‍ക്കുമാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അഞ്ച് വീതവും ശനിയാഴ്‍ച ഒന്‍പതും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3993 ആയി. ഇതുവരെ 3,00,194 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 2,88,389 പേരും ഇതിനോടകം രോഗമുക്തരായി.
നിലവില്‍ 96.1 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 256 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 116 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇸🇦വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിച്ച ശേഷമുള്ള ആദ്യ സംഘം സൗദിയിലെത്തി.
✒️കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വിദേശ തീർത്ഥാടകരുടെ ഉംറ പുനരാംഭിച്ച ശേഷം വിദേശത്തു നിന്ന് എത്തിയ ആദ്യ ഉംറ സംഘത്തിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ ഊഷ്‍മള സ്വീകരണം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗകാലത്തു വിദേശത്തു നിന്നുള്ള ഉംറ സംഘങ്ങളെ സൗദി വിലക്കിയിരുന്നു.
ഏഴ് മാസം കഴിഞ്ഞു കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഏതാനും രാജ്യങ്ങൾക്ക് ഒഴികെ വിലക്ക് നീക്കുകയും വിദേശികൾ ഉംറയ്‌ക്കായി വരാൻ തുടങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് രണ്ടാം തരംഗം ലോക വ്യാപകമായി വീശിയടിച്ചത്. അതോടെ വീണ്ടും വിലക്ക് വന്നു. അഞ്ചു മാസത്തിന് ശേഷം ഇപ്പോൾ വിലക്ക് നീക്കുകയും വിദേശികൾക്ക് ഉംറ വിസകൾ അനുവദിക്കുന്നത് കഴിഞ്ഞ ആഴ്ച്ച തുടങ്ങുകയും ചെയ്തു. അതിന് ശേഷമുള്ള ആദ്യ ഉംറ സംഘം ഇന്നലെ നൈജീരിയയിൽ നിന്നാണ് എത്തിയത്.
ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗങ്ങളും ജിദ്ദയിലെ നൈജീരിയൻ കോൺസലും ചേർന്ന് തീർത്ഥാടകരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കിയാണ് തീർത്ഥാടകരെ സ്വീകരിച്ചതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അൽഉമൈരി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകർ ബസിൽ മദീനയിലേക്ക് തിരിച്ചു.
മദീനയിൽ ഏതാനും ദിവസം ചെലവഴിച്ചും മദീന സിയാറത്ത് പൂർത്തിയാക്കിയും ഇവർ ഉംറ നിർവഹിക്കാൻ മക്കയിലെത്തും. ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തീർഥാടകർക്കുള്ള താമസ, യാത്രാ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹാനി അൽഉമൈരി പറഞ്ഞു. എന്നാൽ ഇന്ത്യ ഉൾപ്പടെ എതാനും രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകരുടെ വിലക്ക് തുടരുകയാണ്. കൊവിഡ് വ്യാപനം കുറയാത്തതിനാൽ ഈ രാജ്യങ്ങളുമായുള്ള യാത്രാവിലക്ക് സൗദി നീക്കിയിട്ടില്ല.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 11 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 12862 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 4366 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1127 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 7369 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 57699 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 292 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 43 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 48 ശതമാനം പേർ യെമൻ പൗരന്മാരും, 9 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2021 ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12899 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
🇦🇪അബുദാബി: വിവിധ മേഖലകളുടെ പ്രവർത്തന ശേഷി ഓഗസ്റ്റ് 20 മുതൽ ഉയർത്തും; മാളുകൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
✒️എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. 2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തോടൊപ്പമാണ് പ്രവർത്തന ശേഷിയിലെ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനപ്രകാരം, എമിറേറ്റിലെ വിവിധ മേഖലകളിലെ പ്രവർത്തനശേഷിയിൽ താഴെ പറയുന്ന മാറ്റങ്ങൾ ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്:
ഷോപ്പിംഗ് മാളുകൾ പരമാവധി 80 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
സിനിമാശാലകൾ പരമാവധി 80 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
എമിറേറ്റിലെ വിനോദകേന്ദ്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, മ്യൂസിയം തുടങ്ങിയ ഇടങ്ങളിലും 80 ശതമാനം പ്രവർത്തന ശേഷി ഏർപ്പെടുത്തുന്നതാണ്.
റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾ പരമാവധി 80 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്. ഇത്തരം ഇടങ്ങളിൽ ഒരേ മേശയിൽ പരമാവധി പത്ത് പേർക്ക് ഇരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഹെൽത്ത് ക്ലബ്, സ്പോർട്സ് അക്കാഡമികൾ, ജിം, സ്പാ മുതലായവയുടെ പ്രവർത്തനം അമ്പത് ശതമാനത്തിൽ തുടരും.
എമിറേറ്റിലെ പൊതു, സ്വകാര്യ ചടങ്ങുകൾ 60 ശതമാനം ശേഷിയിൽ നടത്താവുന്നതാണ്. സാമൂഹിക, കായിക ചടങ്ങുകൾ, വാണിജ്യ പരിപാടികൾ, വിനോദപരിപാടികൾ മുതലായവയ്ക്ക് ഈ തീരുമാനം ബാധകം.
വിവാഹ ഹാളുകളിൽ പരമാവധി 100 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ചടങ്ങുകൾക്ക് അനുമതി.
പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന ശേഷി 75 ശതമാനത്തിലേക്ക് ഉയർത്തും.
അഞ്ച് യാത്രികർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ ഡ്രൈവറും, പരമാവധി മൂന്ന് യാത്രികരും എന്ന രീതി നടപ്പിലാക്കും. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ പരമാവധി നാല് യാത്രികർക്ക് സഞ്ചരിക്കാം.
പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി പൊതുഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
🇴🇲ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും.
✒️അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് സൗജന്യ COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 14-ന് വൈകീട്ടാണ് അൽദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗവർണറേറ്റിലെ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കാണ് ഇത്തരത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പാണ് നൽകുന്നത്.
2021 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുന്ന ഈ വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടത്തിൽ ബാർബർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, കൃഷിയിടങ്ങളിലെ തൊഴിലാളികൾ, ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ പ്രവാസികൾക്കാണ് വാക്സിൻ നൽകുന്നത്. ഇവർ https://forms.gle/VLHi21HCkH9M2D129 എന്ന വിലാസത്തിൽ മുൻകൂർ ബുക്കിംഗ് ചെയ്യേണ്ടതാണ്. ഇത്തരം പ്രവാസികൾ വാക്സിനെടുക്കാൻ എത്തുന്ന അവസരത്തിൽ തങ്ങളുടെ റസിഡന്റ് കാർഡ് കൈവശം കരുതേണ്ടതാണ്.
ഈ വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ നൽകുന്നതാണ്:
Ibri – Al Muhallalh bin Abi Sufa Hall
Dhank – The Sports Hall
Yanqul – Office of the Wali of Yanqul
മറ്റു വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് വാക്സിൻ നൽകുന്ന തീയതികൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
🇦🇪അബുദാബി: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
✒️വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ച ശേഷം അബുദാബിയിലേക്കെത്തുന്നവർക്ക് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്ന രീതിയിൽ തങ്ങളുടെ വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഈ നടപടിക്രമങ്ങൾ സഹായിക്കുന്നതാണ്. 2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രികർക്ക് തങ്ങളുടെ വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള സേവനം നൽകാൻ അബുദാബി സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ കൈവശമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തെളിയിക്കാവുന്നതാണ്:
ഇത്തരം യാത്രികർ, അബുദാബിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റിലെ ‘Register Arrivals’ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് ഈ രജിസ്‌ട്രേഷൻ ഫോമിലെ വിവരങ്ങളോടൊപ്പം, തങ്ങളുടെ കൈവശമുള്ള വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ICA സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഈ നടപടി പൂർത്തിയാക്കുന്നവർക്ക് Alhosn ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു SMS സന്ദേശം ലഭിക്കുന്നതാണ്.
ഇവർക്ക് അബുദാബിയിലെത്തിയ ശേഷം, എയർപോർട്ടിൽ നിന്നോ, ICA ആപ്പിലൂടെയോ, വെബ്സൈറ്റിലൂടെയോ ഒരു യൂണിഫൈഡ് ഐഡന്റിഫിക്കേഷൻ നമ്പർ (UID) നേടാവുന്നതാണ്.
ഈ UID ലഭിച്ച ശേഷം യാത്രികർ തങ്ങളുടെ ഫോണിൽ Alhosn അപ്പ് ഡൌൺലോഡ് ചെയ്യേണ്ടതും, ഇൻസ്റ്റാൾ ചെയ്യേണ്ടതുമാണ്. തുടർന്ന് തങ്ങളുടെ UID നമ്പർ, ICA രെജിസ്ട്രേഷനിൽ ഉപയോഗിച്ച ഫോൺ നമ്പർ എന്നിവ നൽകിക്കൊണ്ട് Alhosn ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ലഭിക്കുന്ന OTP നൽകിക്കൊണ്ട് Alhosn ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
ഈ നടപടികൾ പൂർത്തിയാക്കുന്ന യാത്രികർക്ക് അബുദാബിയിൽ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനും, വാക്സിനേഷൻ വിവരങ്ങൾ, PCR ടെസ്റ്റ് റിസൾട്ട്, യാത്രാ സംബന്ധമായ മറ്റു പരിശോധനാ ഫലങ്ങൾ, QR കോഡ് എന്നിവ ലഭിക്കുന്നതിനും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ അബുദാബി തീരുമാനിച്ചിട്ടുണ്ട്.
🇦🇪അബുദാബി: വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനെടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ഇത്തിഹാദ്.
✒️വിദേശത്ത് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഈ തീരുമാനം 2021 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
https://www.etihad.com/en/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ ഇത്തിഹാദ് എയർവേസിന്റെ പുതുക്കിയ യാത്രാ നിബന്ധനകൾ ലഭ്യമാണ്. ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രമാണ് ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 ജൂലൈ 31-ന് പ്രസിദ്ധീകരിച്ചത്) https://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-july-31-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.
🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു; ഇന്ന് 187 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍ ഇന്ന് 187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഇതില്‍ 78 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 131 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,26,012 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.
2,555 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 74 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,903 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 40,91,569 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 78.3 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.
0 Comments