Ticker

6/recent/ticker-posts

Header Ads Widget

മരിച്ചു രണ്ടുവർഷം കഴിഞ്ഞപ്പോൾ സ്ഥാനക്കയറ്റ ഉത്തരവ്‌ വീട്ടിലെത്തി

ആലപ്പുഴ:  സ്കൂളിലെ അറ്റൻഡറായിരുന്ന ആൾ മരിച്ച്‌, രണ്ടുവർഷം കഴിഞ്ഞപ്പോൾ ലാബ്അറ്റൻഡറായി സ്ഥാനക്കയറ്റം നൽകിയുള്ള സർക്കാരിന്റെ ഉത്തരവെത്തി. ആര്യാട് സ്കൂളിലെ അറ്റൻഡറായിരുന്ന എം.ജി. സന്തോഷിന്റെ വീട്ടിലെത്തിയ ഉത്തരവാണ് കൂട്ടക്കരച്ചിലിനിടയാക്കിയത്.

അർബുദത്തെത്തുടർന്നാണ് സന്തോഷ് രണ്ടുവർഷംമുൻപു മരിച്ചത്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിന്റെ ഫലമായാണ് ഉത്തരവ് ഏറ്റുവാങ്ങാനുള്ള ഭാഗ്യം സന്തോഷിനു ലഭിക്കാതെപോയത്.

പന്ത്രണ്ടുവർഷംമുൻപ്‌ തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റിൽനിന്ന് അടുത്തിടെ 22 പേർക്കു നിയമനം  നൽകിയപ്പോൾ രണ്ടുപേർമാത്രമാണ് ഹാജരായത്. ബാക്കിയുള്ളവരിൽ ചിലർ സർവീസിൽനിന്ന് വിരമിക്കുകയോ സന്തോഷിനെപ്പോലെ മരണപ്പെടുകയോ ചെയ്തു.

അഞ്ചംഗകുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സന്തോഷ്. മരണശേഷം ലഭിക്കുന്ന തുച്ഛമായ ആശ്രിതപെൻഷനാണ് ആ കുടുംബത്തിന്റെ വരുമാനം. സമയത്ത് സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കിൽ അതനുസരിച്ച് ഉയർന്നപെൻഷൻ ലഭിക്കുമായിരുന്നു. മാത്രമല്ല, സർവീസിലിരിക്കെ മരിച്ചതു കണക്കിലെടുത്ത് ഭാര്യക്ക്‌ ആശ്രിതനിയമനവും ലഭിക്കുമായിരുന്നു. ഇതൊന്നുമുണ്ടായില്ല.

ഹയർ സെക്കൻഡറി വകുപ്പിലെ ലാബ്അസിസ്റ്റന്റ് തസ്തികയിലെ 25 ശതമാനം ഒഴിവുകൾ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇതു കാലങ്ങളായി നടപ്പാക്കിയിട്ടില്ല. പിന്നീടു നിയമനം നടപ്പാക്കിയപ്പോൾ അർഹരായവർ പലരും സർവീസിൽ ഇല്ലാതെയായി. 2014-ലെ സർക്കാർ ഉത്തരവുപ്രകാരം ക്ലാർക്ക് തസ്തികയിലേക്ക് ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് പത്തുശതമാനം എന്നകണക്കിൽ സ്ഥാനക്കയറ്റം നീക്കിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഏഴുവർഷമായി ആർക്കും സ്ഥാനക്കയറ്റം കൊടുത്തിട്ടില്ല. മുപ്പത്തഞ്ചോളം ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക്‌ ക്ലാർക്കായുള്ള സ്ഥാനക്കയറ്റത്തിന് അർഹതയുണ്ട്.

Post a Comment

0 Comments