Ticker

6/recent/ticker-posts

Header Ads Widget

സഹായത്തിനായി കെഞ്ചി അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍;

 സഹിക്കാനാകുന്നില്ലെന്ന് മുന്‍ താരം
ഖാലിദ ഒരുക്കിയെടുത്ത ടീമിലെ ഇന്നത്തെ പെണ്‍കുട്ടികള്‍, താലിബാന്‍ രാജ്യ ഭരണം പിടിച്ചെടുത്തതോടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഭയത്തിലാണ്.

കാബുള്‍: അഫ്ഗാനിസ്താന് സ്വന്തമായി ദേശീയ വനിതാ ഫുട്‌ബോള്‍ ടീം ഉണ്ടാക്കാന്‍ മുന്നില്‍ നിന്നത് ഖാലിദ പോപ്പല്‍ എന്ന അവരുടെ മുന്‍ താരമാണ്. ടീമിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായിരുന്നു ഖാലിദ. 
എന്നാലിപ്പോള്‍ ഡെന്‍മാര്‍ക്കിലുള്ള ഖാലിദയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത് തന്റെ ടീമിലെ പെണ്‍കുട്ടികളുടെ കരച്ചിലൊഴിയാതെയുള്ള ഫോണ്‍ വിളികളും വോയിസ് മെസേജുകളും അപേക്ഷകളുമാണ്.

ഖാലിദ ഒരുക്കിയെടുത്ത ടീമിലെ ഇന്നത്തെ പെണ്‍കുട്ടികള്‍, താലിബാന്‍ രാജ്യ ഭരണം പിടിച്ചെടുത്തതോടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഭീതിയിലാണ്. 
കുട്ടികള്‍ വിളിക്കുമ്പോള്‍ അവരോട് വീടുകളില്‍ നിന്ന് ഓടിപ്പോകാനും തങ്ങള്‍ ഫുട്‌ബോള്‍ കളിക്കാരാണ് എന്നറിയുന്ന അയല്‍ക്കാരില്‍ നിന്ന് രക്ഷപ്പെടാനും സ്വന്തം ഫുട്‌ബോള്‍ ചരിത്രം തന്നെ മായ്ച്ച് കളയാനുമാണ് ഖാലിദയ്ക്ക് പറയാന്‍ സാധിക്കുന്നത്.

''അവരോട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഫോട്ടോകളുമെല്ലാം നീക്കം ചെയ്യാനും രക്ഷപ്പെട്ട് ഒളിക്കാനുമാണ് ഞാനിപ്പോള്‍ പറയുന്നത്. ഇത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നതാണ്. കാരണം കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി ഞങ്ങള്‍ അഫ്ഗാനിലെ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അവിടത്തെ സ്ത്രീകളോട് വായടച്ച് അപ്രത്യക്ഷരാകാന്‍ പറയേണ്ടി വരുന്നു. അവരുടെ ജീവന്‍ അപകടത്തിലാണ്.''
അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ഖാലിദ പറഞ്ഞു.

1996-ല്‍ താലിബാന്‍ കാബുള്‍ പിടിച്ചടക്കിയതോടെ പലായനം ചെയ്ത സംഘത്തിലുണ്ടായിരുന്നതാണ് ഖാലിദ. പിന്നീട് പാകിസ്താനിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ജീവിതം. പിന്നീട് അഫ്ഗാനിലേക്ക് തിരിച്ചെത്തിയ ശേഷം സ്ത്രീ ശാക്തീകരണത്തിനായി ഖാലിദ കണ്ടെത്തിയത് പെണ്‍കുട്ടികളെ ഫുട്‌ബോള്‍ കളിപ്പിക്കുക എന്നതായിരുന്നു.

അങ്ങനെ 2007-ല്‍ ഖാലിദയുടെ കീഴില്‍ അഫ്ഗാനിസ്താന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം രൂപപ്പെട്ടു. ഒരിക്കല്‍ ഒരു ടിവി ചാനലില്‍ താലിബാന്‍ തങ്ങളുടെ ശത്രുക്കളാണെന്ന ഖാലിദയുടെ പ്രസ്താവന ഭീകരരെ അവര്‍ക്കെതിരാക്കി. പിന്നാലെ ധാരാളം വധഭീഷണികളും അവരെ തേടിയെത്തി.

അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ ഡയറക്ടര്‍ എന്ന നിലയില്‍ ടീമിനെ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 2011-ല്‍ ഖാലിദ കളി നിര്‍ത്തി. എന്നാല്‍ ഭീഷണികള്‍ തുടര്‍ന്നു, ഒടുവില്‍ 2016-ല്‍ രാജ്യം വിട്ട് ഡെന്‍മാര്‍ക്കില്‍ അഭയം തേടാന്‍ അവര്‍ നിര്‍ബന്ധിതയാകുകയായിരുന്നു.

Post a Comment

0 Comments