ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒരു വിദ്യാർത്ഥി ചോർത്തി. സംഭവം നടന്നത് കോഴിക്കോട് ജില്ലയിലാണ്. ടീച്ചറുടെ മൊബൈൽ നമ്പർ വച്ച് സ്വന്തം ഫോണിലെ വാട്സ്ആപ്പിലേക്ക് ലോഗിൻ ചെയ്യുകയായിരുന്നു വിദ്യാർത്ഥി. ഇതിനായി വിദ്യാർത്ഥി ചെയ്തത് വളരെ ലളിതമായ ഒരു കാര്യവും.
ഓൺലൈൻ ക്ലാസ്സുകളിൽ അധ്യാപകർ സാധാരണ ഗതിയിൽ സ്ക്രീൻ ഷെയറിങ് എന്ന ഓപ്ഷൻ ഉപയോഗിക്കാറുണ്ട്. അതായത് അധ്യാപകർ ക്ലാസ്സെടുക്കാൻ ഉപയോഗിക്കുന്ന ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ സ്ക്രീനിൽ കാണുള്ള എല്ലാ കാര്യങ്ങളും വിദ്യാർത്ഥികൾ കൂടി കാണുന്ന തരത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കുവയ്ക്കും. അത്തരത്തിൽ സ്ക്രീൻ ഷെയർ ചെയ്യുമ്പോഴുള്ള ഒരു പാളിച്ച മുതലെടുത്താണ് വിദ്യാർത്ഥി അധ്യാപികയുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അനധികൃതമായി കയറിയത്.
അധ്യാപികയുടെ ഫോൺ നമ്പർ ഉപയോഗിച്ച് തന്റെ ഫോണിലെ വാട്സ്ആപ്പിൽ ലോഗ് ഇൻ ചെയ്യുക എന്നതാണ് വിദ്യാർത്ഥി ചെയ്തത്. അങ്ങനെ ലോഗ് ഇൻ ചെയ്യണമെങ്കിൽ ഒടിപി (വൺടൈം പാസ്വേഡ്) നൽകണം. ആ വൺ ടൈം പാസ്വേഡ് അധ്യാപികയുടെ ഫോണിലേക്ക് ആണ് വരുന്നത്. ആ ഒടിപി ചോർത്താനാണ് സ്ക്രീൻ ഷെയറിങ്ങിൽ നിന്നുള്ള ദൃശ്യങ്ങളെ വിദ്യാർത്ഥി മുതലെടുത്തത്.
വാട്സ്ആപ്പ് ഒടിപി നമ്പർ വന്നത് ടീച്ചറുടെ ഫോണിൽ നോട്ടിഫിക്കേഷനായി തെളിഞ്ഞിരുന്നു. ടീച്ചർ സ്ക്രീൻ ഷെയറിങ്ങ് ഓൺ ചെയ്തു വച്ചിരുന്നതിനാൽ ഇത് ഓൺലൈൻ ക്ലാസിലെ എല്ലാ കുട്ടികളും കാണുകയും ചെയ്തു. കൂട്ടത്തിൽ ടീച്ചറുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയും. ആ നമ്പർ സ്ക്രീനിൽ കണ്ടതോടെ ആ വിദ്യാർത്ഥി ആ ഒടിപി നൽകി തന്റെ ഫോണിൽ ടീച്ചറുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഒപ്പം ഒരേ സമയം രണ്ട് ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല എന്നതിനാൽ ടീച്ചറുടെ ഫോണിൽ നിന്ന് ആ അക്കൗണ്ട് ലോഗ്ഔട്ട് ആയി പോവുകയും ചെയ്തു.
തന്റെ ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയാതെ ആയതോടെ തന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിച്ച് അധ്യാപിക പൊലീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർത്ഥിയാണ് വാട്സ്ആപ്പ് അക്കൗണ്ട് ചോർത്തിയത് എന്ന് മനസ്സിലായത്.
സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ ഇത്തരത്തിൽ ഒടിപി വഴി വാട്സ്ആപ്പ് അക്കൗണ്ടും മറ്റും ചോർത്തുന്നത് തടയാൻ ചില മുൻകരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. ഒപ്പം സ്ക്രീനിൽ ഇത്തരത്തിൽ നോട്ടിഫിക്കേഷനുകളൊന്നും സ്ക്രീൻ ഷെയറിങ് സമയത്ത് ദൃശ്യമാവില്ല എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുകയും ചെയ്യാം.
ഓൺലൈൻ ക്ലാസ്സുകളുടെയും മറ്റും സമയത്ത് സ്ക്രീൻ ഷെയർ ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ഡിസേബിൾ ചെയ്തു വയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.
വാട്സ്ആപ്പ് അക്കൗണ്ട് പെട്ടെന്ന് ആരും ചോർത്താതിരിക്കാൻ അതിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യാം. അപ്പോൾ പുതിയ ഒരു ഫോണിൽ നിങ്ങളുടെ വാട്സ്ആപ്പ് തുറക്കണമെങ്കിൽ ഒടിപിക്ക് പുറമെ നിങ്ങൾ നൽകിയ ഒരു ആറക്ക പാസ്വേഡ് കൂടി നൽകേണ്ടി വരും.
ഒപ്പം ഓൺലൈൻ ക്ലാസ് സമയത്ത് വന്ന മെസേജുകൾ ഏതെല്ലാമെന്ന് സ്ക്രീൻ ഷെയറിങ് ഓഫ് ചെയ്ത ശേഷം പരിശോധിക്കുകയും ഒടിപി നമ്പറുകളോ സംശയകരമായ മറ്റ് സന്ദേശങ്ങളോ വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതും നല്ലതായിരിക്കും.
0 Comments