കുട്ടികളുടെ ആത്മഹത്യാ നിരക്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുമ്പില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് മാസം വരെ നമ്മുടെ കൊച്ചു കേരളത്തില്‍ 178 കുട്ടികളാണ് സ്വയം ജീവനെടുത്തത്.
അവരില്‍ 50 കുട്ടികള്‍ പഠനത്തില്‍ മികച്ചവരായിരുന്നു. ഒരാള്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയിരുന്നു, മറ്റൊരാള്‍ ക്ലാസ് ലീഡറായിരുന്നു, ഇനി മറ്റൊരാള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കുട്ടികളിലെ ആത്മഹത്യാ പ്രവണതകള്‍ തിരിച്ചറിയാന്‍ നമ്മള്‍ ഇനിയും വൈകുന്നു എന്നാണ്.
കൗമാരപ്രായം ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങള്‍ വരുന്ന കാലമാണ്. ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും വരുമ്പോള്‍ അതിനെ തരണം ചെയ്യുവാന്‍ കുട്ടികള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. അതിനുള്ള പരിശീലനവും ലഭിക്കുന്നില്ല. അങ്ങനെയുള്ള ഘട്ടങ്ങളില്‍ രക്ഷിതാക്കളുടെയോ വിദഗ്ധരുടെയോ സഹായം സ്വീകരിക്കുവാന്‍ കുട്ടികള്‍ പലപ്പോഴും വിമുഖത കാണിക്കുന്നു.
ലഹരി ഉപയോഗങ്ങള്‍, ആത്മവിശ്വാസക്കുറവ്, സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകള്‍, ചൂഷണങ്ങള്‍, ശാരീരികമായ രോഗങ്ങള്‍, ശിക്ഷണ നടപടികള്‍, ഗാര്‍ഹിക പീഡനങ്ങള്‍, മുതിര്‍ന്നവരുടെയും സഹപാഠികളുടെയും കളിയാക്കലുകള്‍, കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം, കൗമാരക്കാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ്, ചികിത്സാ ചെലവു വഹിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയും കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ മറ്റു സാമൂഹിക കാരണങ്ങള്‍ ആയും പഠനങ്ങള്‍ പ്രതിപാദിക്കുന്നു.
മിഥ്യാധാരണ: 1
എന്റെ കുട്ടി സുരക്ഷിതനാണ് അല്ലെങ്കില്‍ കൗമാരപ്രായക്കാര്‍ പൊതുവെ ആത്മഹത്യ ചെയ്യാറില്ല
യാഥാര്‍ഥ്യം: ഏതൊരു കൗമാരക്കാരനും ആത്മഹത്യാ പ്രവണത ഉണ്ടാവാം. കൗമാരക്കാരുടെ മരണത്തിന്റെ ഒരു പ്രധാനകാരണം തന്നെ ആത്മഹത്യയാണ്.
മിഥ്യാധാരണ: 2
ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ പിന്നീടൊരിക്കലും അതിന് മുതിരില്ല
യാഥാര്‍ഥ്യം: മുമ്പോഴത്തെ ആത്മഹത്യാശ്രമം ആത്മഹത്യക്ക് പ്രേരകമായ വലിയൊരു ഘടകമാണ്. അതു പോലെ ഉറ്റവരുടെ ആത്മഹത്യയും ആത്മഹത്യാ പ്രേരകമാണ്. അതിനാല്‍ അവര്‍ക്ക് തുടര്‍ നിരീക്ഷണം, ചികിത്സ ആവശ്യം ആണ്.
മിഥ്യാധാരണ: 4
ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയാണ് എപ്പോഴും ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്നത്
യാഥാര്‍ഥ്യം: പലപ്പോഴും ഈ സംസാരം ഗത്യന്തരമില്ലാത്തവന്റെ അവസാനത്തെ സഹായാഭ്യര്‍ത്ഥന ആവാം. അത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കുക, അവരെ സഹായിക്കുക എന്നതാണ് പരമപ്രധാനം
മിഥ്യാധാരണ: 7
ഒരു മാനസികരോഗവിദഗ്ധനു മാത്രമേ ആത്മഹത്യ തടയാന്‍ സാധിക്കൂ.
യാഥാര്‍ഥ്യം: ആത്മഹത്യ തടയുക എന്നത് ഒരു കൂട്ടായ പരിശ്രമത്തോടെ മാത്രമേ സാധിക്കൂ.
മാനസികരോഗ വിദഗ്ധരോടൊപ്പം പരിശീലനം ലഭിച്ച ശിശുരോഗവിദഗ്ധര്‍, മറ്റ് ഡോക്ടര്‍മാര്‍,ആരോഗ്യപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍ എല്ലാവരുടെയും കൂട്ടായ ശ്രമം കൊണ്ടേ ആത്മഹത്യ പ്രവണത തിരിച്ചറിഞ്ഞ് അത് തടയാന്‍ സാധിക്കൂ.
സ്വയം ജീവനൊടുക്കുന്ന അഞ്ചില്‍ നാല് കുട്ടികളും ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അത് രക്ഷിതാക്കള്‍ക്കും സുഹൃത്തുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചാല്‍ ഭൂരിഭാഗം ആത്മഹത്യ ശ്രമങ്ങളെയും തടയാം
കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പെട്ടെന്നുള്ള പിന്‍വലിയല്‍, ദൈനംദിന കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവ്, ഭക്ഷണക്രമത്തിലെ വ്യതിയാനം, വസ്ത്രധാരണത്തിലെ ശ്രദ്ധക്കുറവ്, നൈരാശ്യം, നിസ്സഹായത, സ്വയം വെറുക്കുക, പൊടുന്നനെ ഉറ്റവരെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക, യാത്ര പറയുക, ഏറ്റവും പ്രിയപ്പെട്ട സാധനങ്ങള്‍ പോലും മറ്റുള്ളവര്‍ക്ക് കൊടുക്കുക, ആത്മഹത്യയെക്കുറിച്ച് കൂടുതല്‍ സംസാരിക്കുക, ആത്മഹത്യാ മാര്‍ഗങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റിലും മറ്റും തിരയുക, ആത്മഹത്യക്കാവശ്യമായ സാധനങ്ങള്‍ ശേഖരിക്കുക, ലഹരി മരുന്നിന്റെ ഉപയോഗം കൂടുക എന്നിവ ആത്മഹത്യക്ക് മുന്‍പുള്ള ശ്രദ്ധേയമായ ലക്ഷണങ്ങളാണ്.
കുട്ടികള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവ തിരിച്ചറിഞ്ഞു സമയം കണ്ടെത്തി അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുക എന്നതാണ് ആദ്യ പടി. കുട്ടികളെ സ്‌നേഹത്തോടെ അടുത്തിരുത്തി അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ ക്ഷമയോടെ ശ്രദ്ധാപൂര്‍വ്വം അവരുടെ വിഷമത്തിന്റെ തീവ്രത ഉള്‍ക്കൊണ്ടു കൊണ്ട് മുഴുവന്‍ കേള്‍ക്കുക.
ഈ വിവരം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ വെപ്രാളപ്പെടുകയോ അമ്പരപ്പോ ഞെട്ടലോ കാണിക്കുകയും ചെയ്യരുത്. കുട്ടി പറയുന്ന കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്ക്കരിക്കരുത്, അവരെ കളിയാക്കുകയോ വെല്ലുവിളിക്കയോ ചെയ്യരുത്. ആത്മധൈര്യം കൈവെടിയാതെ ആത്മഹത്യക്ക് ഉപയോഗിക്കാവുന്ന സാധനങ്ങള്‍ നീക്കം ചെയ്യുക.
കുട്ടികളെ ജീവിതനൈപുണ്യം അഥവാ ലൈഫ് സ്‌കില്‍സ് പരിശീലനം നല്‍കുക എന്നതാണ് പരമ പ്രാധാന്യം. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, പ്രതികൂലതയെ നേരിടാനുള്ള കഴിവ് അത് വഴി ആര്‍ജിക്കാം ഈ വിഷയത്തില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനവും കൃത്യമായ ഇടവേളകളില്‍ തുടര്‍ പരിശീലനവും നല്‍കുക
കുട്ടികളുടെ വ്യത്യസ്ത പെരുമാറ്റങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ അത് വഴി അവര്‍ക്ക് സാധിക്കും. കൃത്യമായ വിശദീകരണം കൊടുത്തുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ അരുത് എന്ന് സ്‌നേഹത്തോടെ പറയുക. നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക. അവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൊടുക്കുക. അവരുടെ നല്ല കഴിവുകളെ പ്രോത്സാഹിപ്പിക്കുക.
യാഥാര്‍ത്ഥ്യബോധമുള്ള പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്താന്‍ അവരെ സഹായിക്കുക, തോല്‍വികള്‍ സംഭവിക്കാം എന്നും തോല്‍വികള്‍ ഒരിക്കലും ലോകാവസാനമല്ല എന്ന് ഉദാഹരണങ്ങള്‍ പറഞ്ഞു കൊടുത്ത് മനസിലാക്കിക്കുക. തോല്‍വിയുള്ള സാഹചര്യങ്ങളില്‍ അവര്‍ക്ക് താങ്ങും തണലുമായി കൂടുതല്‍ സമയം ചിലവഴിക്കുക. എപ്പോഴും കുറ്റപ്പെടുത്താതെയും നിരന്തരം ശകാരിക്കാതെയും ഉത്തമ മാതൃകയായി കൂടെ തന്നെ നില്‍ക്കുക. ഒരുപാട് ഉപദേശങ്ങളും പൊള്ളയായ പ്രശംസയും കൗമാരക്കാര്‍ക്ക് ഗുണം ചെയ്യില്ല എന്നതും പ്രത്യേകം ഓര്‍ക്കുക.
ആത്മഹത്യാ പ്രവണത ഇല്ലാതെ കുട്ടികളെ സംരക്ഷിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
1) മാതാപിതാക്കളും സുഹൃത്തുക്കളും കുടുംബങ്ങളുമായുള്ള നല്ല ബന്ധം.
2) കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്ന, കുട്ടികള്‍ക്ക് പറയാനുള്ളതു കേട്ടിട്ട് അതില്‍ നിന്നു നല്ല തീരുമാനം കുട്ടികളെ കൊണ്ട് തന്നെ എടുപ്പിക്കുന്ന അച്ഛനമ്മമാര്‍
3) കുടുംബത്തിനുള്ളിലെ പരസ്പരമുള്ള സ്‌നേഹവും അടുപ്പവും.
4) കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്‌നങ്ങള്‍ അറിയുന്ന കലാലയ അന്തരീക്ഷം
5) നല്ല സഹപാഠികള്‍, നല്ല സൗഹൃദങ്ങള്‍
6) കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന അധ്യാപകര്‍
7) കലാലയങ്ങളിലെ മാനസിക ആരോഗ്യപദ്ധതികള്‍
8) കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള പരിശീലനങ്ങള്‍
9) പാഠ്യേതര വിഷയങ്ങളിലും കലാ കായിക വിനോദങ്ങളിലും ഉള്ള താത്‌പ്പര്യം
10) മാനസികാരോഗ്യ സേവനങ്ങളുടെ തുടര്‍ച്ചയായ ലഭ്യത
11) മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന നല്ല ലേഖനങ്ങള്‍, വാര്‍ത്തകള്‍, വിനോദപരിപാടികള്‍
(പ്രശസ്തരുടെയും മറ്റും ആത്മഹത്യാ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കാതെ അതൊരു തെറ്റായ നടപടി ആണെന്ന് വളര്‍ന്നു വരുന്ന തലമുറയെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന നല്ല രീതിയിലുള്ള മാധ്യമ സമീപനം)
12) ജീവിതനൈപുണ്യം കൈവരിക്കാനുള്ള (ലൈഫ് സ്‌കില്‍) ഉള്ള പരിശീലനങ്ങളും തുടര്‍ പരിശീലനങ്ങളും
ഈ വസ്തുതകള്‍ എല്ലാം മനസ്സിലാക്കി, 'കുട്ടികള്‍ക്കെന്തൊക്കെയോ പറയാനുണ്ട്, അവരെ കേള്‍ക്കാനും സഹായിക്കാനും ഞങ്ങള്‍ക്ക് ഇഷ്ടം പോലെ സമയവുമുണ്ട്' എന്ന ഒരു സന്ദേശവുമായി കുട്ടികളോടും മാതാപിതാക്കളോടും അധ്യാപകരോടുമൊപ്പം കുട്ടികളുടെ എസ്.പി.സി., ഐ.എ.പി., ഐ.എം.എ., കെ.ജി.എം.ഒ.എ., എന്‍.എസ്.എസ്. സര്‍വീസ് സ്‌കീം പോലെയുള്ള സംഘടനകളും ചങ്ങാതി പോലെയുള്ള എന്‍.ജി.ഒകളും സര്‍ക്കാര്‍ സംവിധാനങ്ങളളോട് ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം.
വിലപ്പെട്ട നമ്മുടെ പ്രിയ ജീവനുകള്‍ പൊലിയുന്നത് തടയാനും നമ്മുടെ ഭാവിതലമുറയെ മാനസിക- ശാരീരിക ആരോഗ്യമുള്ളവരാക്കി ജീവിതനൈപുണ്യത്തോടെ വാര്‍ത്തെടുക്കാനും നമുക്ക് കൈകോര്‍ക്കാം.
(വയനാട് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പീഡിയാട്രിക്‌സ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)
കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണ
0 Comments