Ticker

6/recent/ticker-posts

Header Ads Widget

മകനെ അവസാനമായൊന്നു കാണാനാവാതെ ഹാഷിമിന്റെ ഉമ്മയും ബാപ്പയും; പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. പി.ടി.എം.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാർഥിയായ മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകലക്ഷ്യവും സ്വപ്നവും. അതാണ് നിപ ഇല്ലാതാക്കിയത്.

അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മകനെ അവസാനമായൊന്ന് കാണാൻപോലും കഴിയാത്ത അബൂബക്കറിനെയും വാഹിദയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ പ്രയാസപ്പെടുകയാണ് അടുത്ത ബന്ധുക്കൾ.

അടുത്തറിയുന്നവരോടെല്ലാം സൗമ്യമായി ഇടപഴകുന്ന മുഹമ്മദ് ഹാഷിം പാഴൂരുകാരുടെ മനസ്സിൽ ഒരു തീരാസങ്കടമായി മാറുകയാണ്.

ഹാഷിമിൻറെ മൃതദേഹം കബറടക്കി.

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോൾ പാലിച്ച് കണ്ണംപറമ്പിൽ കബറടക്കി. സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തർ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാർഥനചൊല്ലി അന്ത്യയാത്രയേകി. കുട്ടിയുടെ ബന്ധുക്കളും പ്രാർഥനയിൽ പങ്കെടുത്തു.

2018-ൽ നിപ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായ കോർപ്പറേഷൻ ആരോഗ്യവിഭാഗവും വൊളന്റിയർമാരും തന്നെയാണ് ഇത്തവണയും എല്ലാ കാര്യങ്ങളും ചെയ്തത്. വിവിധ ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയ ടീം അംഗങ്ങളെയെല്ലാം തിരിച്ചുവിളിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായിരുന്ന ഡോ. ആർ.എസ്. ഗോപകുമാർ തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം ഉൾപ്പെടെയുള്ളവർ തിരികെയെത്തി.

ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. വത്സൻ (ഫറോക്ക് നഗരസഭ), വി.കെ. പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഷമീർ (താനൂർ നഗരസഭ), പി.എസ്. ഡെയ്സൺ, ബിജു ജയറാം, ആംബുലൻസ് ഡ്രൈവർ രഞ്ജിത്, വൊളന്റിയർ എൻ.വി. അബ്ദുറഹിമാൻ എന്നിവരുൾപ്പെട്ട ടീമാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. ഉച്ചയോടെയായിരുന്നു കബറടക്കം.

കൺട്രോൾ റൂം തുറന്നു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗവ. ഗസ്റ്റ് ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നമ്പർ: 0495 2382500, 2382800.

Post a Comment

0 Comments