ചട്ടഞ്ചാല്‍: സാമൂഹികമാധ്യമത്തിലെ ചാറ്റിങ്ങുമായി ബന്ധപ്പെട്ട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ഇതേസ്‌കൂളിലെ അധ്യാപകന്റെ പങ്ക് വ്യക്തമായതായി പോലീസ്.
അധ്യാപകന്‍ മുള്ളേരിയ ആദൂരിലെ ഉസ്മാനെതിരേ (26) പോക്‌സോ, ബാലനീതിവകുപ്പ് എന്നിവകൂടി ചേര്‍ത്ത് അന്വേഷണം തുടരാന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മേല്‍പ്പറമ്പ് പോലീസ് റിപ്പോര്‍ട്ട് നല്‍കി.
ബേക്കല്‍ ഡിവൈ.എസ്.പി. കെ.സുനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
പെണ്‍കുട്ടിയുമായി അധ്യാപകനായ ഉസ്മാന്‍ ശബ്ദസന്ദേശങ്ങളും മറ്റും കൈമാറിയിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസ് പറഞ്ഞു. ഒളിവില്‍ പോയ ഉസ്മാന്റെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് കര്‍ണാടകയില്‍ പോയിരുന്നു. ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ചാറ്റിങ്ങിലൂടെ നിരന്തരം പിന്തുടര്‍ന്നതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയില്‍നിന്നുണ്ടായ ചൂഷണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മാനസികാഘാതമുണ്ടാക്കുന്ന രീതിയിലേക്ക് മാറിയിരുന്നുവെന്ന് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ സൈബര്‍സെല്‍ വിദഗ്ധസംഘം വിശദമായി പരിശോധിക്കുകയാണ്. ബുധനാഴ്ചയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.
ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: വിദ്യാര്‍ഥിനി ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി, ബേക്കല്‍ ഡിവൈ.എസ്.പി., മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ ബാലസംരക്ഷണ ഓഫീസര്‍ എന്നിവരോട് ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
0 Comments