സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാര്‍. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്, കർണാടക ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നിരുന്നു.അതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരും സ്കൂളുകൾ തുറക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്.
വിദഗ്ധ സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാണ് തീരുമാനമെടുക്കുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനൊപ്പം സ്കൂൾ തുറക്കുന്നത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിക്കും. അതിനനുസരിച്ചാകും തീരുമാനം. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി പറഞ്ഞു.
എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ ചിലരുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് നൽകിയപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
0 Comments