നീറ്റ് : പരിഷ്‌കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ.
📢 നാളെ(സെപ്റ്റംബർ 12) നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്-യു.ജിക്കുള്ള പരിഷ്‌കരിച്ച അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി വെബ്സൈറ്റിൽ ലഭ്യമാക്കി. നേരത്തെ വന്ന അഡ്മിറ്റ് കാർഡിൽ മറ്റ് വിവരങ്ങൾ മറഞ്ഞുപോകാതെ പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോ ഒട്ടിക്കാൻ പ്രയാസമുണ്ടായിരുന്നു. അഡ്മിറ്റ് കാർഡ് നേരത്തെ തന്നെ എടുത്തിരുന്നവർ പുതിയത് ഡൗൺലോഡ് ചെയ്യണം.
2021ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് നീറ്റ്യു.ജി. സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പ്രോസ്പക്ടസിലും അഡ്മിറ്റ് കാർഡിലും നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
അഡ്മിറ്റ് കാർഡ്, സെൽഫ് ഡിക്ലറേഷൻ
അഡ്മിറ്റ് കാർഡ് A4 വലുപ്പമുള്ള പേജിൽ പ്രിന്റ് എടുക്കുക. അഡ്മിറ്റ് കാർഡിന്റെ ആദ്യ പേജിന്റെ മൂന്നാം ഭാഗം കോവിഡ് സെൽഫ് ഡിക്ലറേഷൻ (അണ്ടർ ടേക്കിങ്) ആണ്. ഇത് പൂരിപ്പിക്കണം. രക്ഷിതാവ് അതിൽ ഒപ്പിടണം. ഡിക്ലറേഷന്റെ താഴെ ഇടതുഭാഗത്ത് നീറ്റ് അപേക്ഷാഫോമിൽ ഒട്ടിച്ച ഫോട്ടോയുടെ കോപ്പി ഒട്ടിക്കണം. ഡിക്ലറേഷനിൽ പരീക്ഷാർഥിയുടെ ഇടത് പെരുവിരൽ അടയാളം, ഒപ്പ് എന്നിവ പരീക്ഷാഹാളിൽ ഇൻവിജിലേറ്ററുടെ മുന്നിൽവെച്ചേ ഇടാൻ പാടുള്ളൂ.
രണ്ടാം പേജ്, പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ ഒട്ടിക്കേണ്ട പേജാണ്. വിദ്യാർഥിയുടെ പോസ്റ്റ് കാർഡ് സൈസിലുള്ള കളർ ഫോട്ടോ (അപേക്ഷയിൽ ഒട്ടിച്ച ഫോട്ടോയുടെ 4':6' സൈസ്) പരീക്ഷാകേന്ദ്രത്തിലേക്കുപോകുമ്പോൾ ഒട്ടിച്ചു കൊണ്ടുപോകണം. അതിൻമേൽ ഒപ്പിട്ടുകൊണ്ടുപോകരുത്. പരീക്ഷാഹാളിൽ വെച്ച്, ഫോട്ടോയ്ക്കുകുറുകെ അതിന്റെ ഇടതുഭാഗത്ത് പരീക്ഷാർഥിയും വലതുഭാഗത്ത് ഇൻവിജിലേറ്ററും ഒപ്പിടണം. അതുകൂടാതെ ഫോട്ടോയ്ക്കു താഴെയുള്ള നിശ്ചിതഭാഗത്തും പരീക്ഷാർഥി ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിൽ ഒപ്പിടണം. ഇടതുഭാഗത്ത് ഇൻവിജിലേറ്ററും ഒപ്പിടേണ്ടതുണ്ട്. പരീക്ഷ കഴിഞ്ഞ് ഷീറ്റ്/പൂരിപ്പിച്ച അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപ്പിക്കണം. ഈ ഷീറ്റ് ഹാളിൽ കൊണ്ടുവന്നില്ലെങ്കിൽ പരീക്ഷയെഴുതാൻ അനുവദിക്കില്ല.
മൂന്ന്, നാല് എന്നീ പേജുകളിൽ പരീക്ഷ/കോവിഡ് സംബന്ധിച്ച മാർഗനിർദേശങ്ങളാണ്.
പരീക്ഷാഹാളിലേക്ക്
ഒറിജിനൽ തിരിച്ചറിയൽ കാർഡ്: പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി., പന്ത്രണ്ടാം ക്ലാസ് ബോർഡ് അഡ്മിറ്റ്/ രജിസ്ട്രേഷൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോയുള്ള ആധാർകാർഡ്, ഇആധാർ, ഫോട്ടോയുള്ള ആധാർ എന്റോൾമെന്റ് നമ്പർ തുടങ്ങിയവയിൽ ഒന്നാകാം. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയ്ക്കും വിധേയമാകണം.
അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ, അപേക്ഷാഫോമിൽ ഒട്ടിച്ച ഫോട്ടോയുടെ ഒരു കോപ്പി
സുതാര്യമായ വെള്ളക്കുപ്പിയിൽ വെള്ളം
50 മില്ലി ലിറ്റർ സാനിറ്റൈസർ
ബാധകമായവർ ഭിന്നശേഷിസർട്ടിഫിക്കറ്റും സ്ക്രൈബ് രേഖയും കൊണ്ടുപോകണം.
ഒന്നരമണിക്കുശേഷം പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. പരീക്ഷാസമയമായ മൂന്നുമണിക്കൂറും കഴിഞ്ഞേ പരീക്ഷാഹാൾ വിട്ടുപോകാൻ കഴിയൂ. പരീക്ഷ കഴിഞ്ഞ് ഒ.എം.ആർ. ഷീറ്റ് (ഒറിജിനലും ഓഫീസ് കോപ്പിയും) ഇൻവിജിലേറ്ററെ ഏൽപ്പിക്കണം. ടെക്സ്റ്റ് ബുക്ക് ലെറ്റ് പരീക്ഷാർഥിക്ക് കൊണ്ടുപോകാം. പരീക്ഷ കഴിഞ്ഞ് ഇൻവിജിലേറ്ററുടെ നിർദേശത്തിനായി കാത്തിരിക്കുക. ഒരുസമയത്ത് ഒരാൾക്കുമാത്രമേ ഹാളിനുപുറത്തേക്ക് പോകാൻ കഴിയൂ.
കോവിഡ് പ്രോട്ടോകോൾ
പരീക്ഷാകേന്ദ്രത്തിലും ഹാളിലും പാലിക്കേണ്ട കോവിഡ് പ്രോട്ടോകോൾ/ മാനദണ്ഡങ്ങൾ പേജ് നാലിൽ നൽകിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന എൻ 95 മാസ്ക് ധരിക്കണം. അതിനുമുമ്പ് സോപ്പ്, ഹാൻഡ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ കഴുകണം. സാമൂഹിക അകലം പാലിക്കണം.
ഡ്രസ് കോഡ്
ഷൂസ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള ചെരുപ്പ് എന്നിവ ആകാം.
കട്ടിയുള്ള സോൾ ഉള്ള പാദരക്ഷകൾ പറ്റില്ല.
വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല.
നീണ്ട സ്ലീവ്സ് ഉള്ള വസ്ത്രം അനുവദനീയമല്ല.
വിശ്വാസകാരണങ്ങളാൽ എന്തെങ്കിലും സാമഗ്രികൾ/വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനാനടപടികൾ പൂർത്തിയാക്കാൻ പരീക്ഷ തുടങ്ങുന്നതിന് രണ്ടരമണിക്കൂർമുമ്പ് എത്തണം.
ഒ.എം.ആർ. ഷീറ്റ്
ഒ.എം.ആർ. ഷീറ്റ് പൂരിപ്പിക്കേണ്ട രീതി എൻ.ടി.എ. വെബ്സൈറ്റിലുള്ളത് വായിച്ചുമനസ്സിലാക്കണം. ഒ.എം.ആർ. ഷീറ്റിലെ പ്രതികരണങ്ങൾ കംപ്യൂട്ടർ സോഫ്റ്റ്വേർ ഉപയോഗിച്ചാണ് മൂല്യനിർണയം നടത്തുന്നത്. അതിനാൽ ഷീറ്റ് സൂക്ഷ്മതയോടെ കൈകാര്യംചെയ്യണം. അനാവശ്യമായ രേഖപ്പെടുത്തലുകളൊന്നും അതിൽ പാടില്ല. ടെസ്റ്റ് ബുക്ക്ലെറ്റിൽ നൽകിയിട്ടുള്ള സ്ഥലത്തുമാത്രമേ ക്രിയ ചെയ്യാവൂ. ഒ.എം.ആർ. ഷീറ്റിൽ റോൾ നമ്പർ, ടെസ്റ്റ് ബുക്ക്ലെറ്റ് നമ്പർ എന്നിവ എഴുതണം. ബാധകമായ വൃത്തങ്ങൾ കറുപ്പിക്കണം. ടെക്സ്റ്റ് ബുക്ക്ലെറ്റിലെ കോഡും ഒ.എം.ആർ. ആൻസർ ഷീറ്റിലെ കോഡും ഒന്നാണെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ രണ്ടും മാറ്റിവാങ്ങുക.
0 Comments