Ticker

6/recent/ticker-posts

Header Ads Widget

ഉത്ര കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

കൊല്ലം- ഉത്ര കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് പ്രതി വ്യക്തമാക്കി.

25 കാരിയായ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലാണ് കോടതിയുടെ കണ്ടെത്തൽ. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്രയെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അത് സർപ്പകോപമാണെന്ന് വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചു.

കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കുകയും ചെയ്തു.

വാദത്തിനിടയിൽ ഡിജിറ്റൽ തെളിവുകൾ നേരിട്ട് പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴി നൽകിയ ചാവർകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.എ.സിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

അന്വേഷണത്തിൽ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തി.2020 മാർച്ച് രണ്ടിന് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയാറാക്കി. തുടർന്ന് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി.

ഉത്രയെ രണ്ടു പ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മൂർഖൻ പാമ്പിന് ഉത്ര കിടന്ന മുറിയിൽ കയറാനുള്ള പഴുതുകൾ ഇല്ലായിരുന്നെന്നും ജനൽവഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധർ മൊഴിനൽകിയിരുന്നു.പാമ്പിന്റെ തലയിൽ അമർത്തിപ്പിടിച്ച് വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി.

Post a Comment

0 Comments