അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)നുള്ള ശിക്ഷാവിധി കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് ബുധനാഴ്ച പ്രസ്താവിക്കും.
മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ(27)പേരിൽ ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201-ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.
നൂറു പവനിലേറെ സ്വര്‍ണവും ഏഴു ലക്ഷം രൂപയോളം വിലയുളള കാറുമെല്ലാം സമ്മാനമായി നല്‍കിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നല്‍കിയത്. വിവാഹത്തിനു ശേഷം സൂരജിന്‍റെ അച്ഛന് വാഹനം വാങ്ങാനുളള പണം നല്‍കിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങള്‍ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു.
ഉത്രയുടെ അമ്മയുടെ നാലു പവന്‍ വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വര്‍ണവുമെല്ലാം തന്ത്രപൂര്‍വം സൂരജ് കൈക്കലാക്കി. മകളുടെ നല്ല ഭാവിയെ കരുതി അനിഷ്ടങ്ങളൊന്നുമില്ലാതെ ഉത്രയുടെ കുടുബം പണം നല്‍കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും സൂരജിന്‍റെ പണത്തോടുളള ആര്‍ത്തി അടങ്ങിയിരുന്നില്ല. ഉത്രയെ ഇല്ലാതാക്കി ഉത്രയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ സൂരജ് തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
ഉത്രയുടെ കുടുംബം നല്‍കിയ സ്വര്‍ണത്തിന്‍റെ ഏറിയ പങ്കും സൂരജ് ധൂര്‍ത്തടിച്ചു കളഞ്ഞു. ഉത്രയുടെയും സൂരജിന്‍റെയും പേരില്‍ സംയുക്തമായാണ് ബാങ്ക് ലോക്കര്‍ തുറന്നതെങ്കിലും ഇതിന്‍റെ താക്കോല്‍ സൂരജിന്‍റെ പക്കലായിരുന്നു. അതുകൊണ്ട് തന്നെ ബാങ്കില്‍ നിന്ന് സ്വര്‍ണം സൂരജ് എടുത്ത് വിറ്റിരുന്നതും പണയം വച്ചിരുന്നതുമൊന്നും ആരും അറിഞ്ഞില്ല.
ഈ സ്വര്‍ണത്തില്‍ കേവലം 38 പവന്‍ മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്. അതും സൂരജിന്‍റെ വീട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഉത്രയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയ കാര്‍ മാത്രമാണ് വീട്ടുകാര്‍ക്ക് കോടതിയില്‍ നിന്ന് വീണ്ടെടുക്കാനായത്. ബാക്കി ആഭരണങ്ങളെല്ലാം കേസിലെ പ്രധാന തൊണ്ടിമുതലുകള്‍ എന്ന നിലയില്‍ കോടതിയില്‍ തുടരുകയാണ്.
0 Comments