കിളിമാനൂര്‍: എലിവിഷം കഴിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ ആലത്തുകാവ് കെ.കെ.ജങ്ഷന്‍ മഠത്തില്‍ വിളാകത്തുവീട്ടില്‍ ജിഷ്ണു എസ്.നായര്‍(27)ആണ് അറസ്റ്റിലായത്.
വാലഞ്ചേരി, കണ്ണയംകോട് വി.എസ്.മന്‍സിലില്‍ ഷാജഹാന്‍, സബീനാബീവി ദമ്പതിമാരുടെ മകള്‍ അല്‍ഫിയ (17)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഛര്‍ദിയും തളര്‍ച്ചയും ഉണ്ടായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പല ദിവസങ്ങളായി എലിവിഷം അല്പാല്പമായി കഴിച്ചിരുന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളായ ആരോടും പറഞ്ഞിരുന്നില്ല.
അവശയായ അല്‍ഫിയയുമായി മാതാപിതാക്കള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒടുവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിഷം കഴിച്ച വിവരം അറിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അല്‍ഫിയ മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ഷാജഹാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
മൂന്നുമാസം മുമ്പ് ഷാജഹാനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. ഇവരെ ഓരോരുത്തരെയായി കിളിമാനൂര്‍ പഞ്ചായത്തിലെ ഗൃഹപരിചരണകേന്ദ്രത്തില്‍ എത്തിച്ചത് പോങ്ങനാട് പ്രവര്‍ത്തിക്കുന്ന ആംബുലന്‍സിലാണ്. പഞ്ചായത്തിലെ കോവിഡ് റാപ്പിഡ് റെന്‍സ്‌പോണ്‍സ് ടീം അംഗമായിരുന്ന പ്രതി ആംബുലന്‍സിലെ യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ആംബുലന്‍സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയില്‍നിന്ന് ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി. നിരന്തരം വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി ചാറ്റിങ് ആരംഭിച്ച് പ്രണയത്തിലായി.
വിവാഹംവാഗ്ദാനം നല്‍കിയ യുവാവ് മറ്റൊരു പെണ്‍കുട്ടിയോട് അടുപ്പം തുടങ്ങിയതറിഞ്ഞതോടെ ഇരുവരും തര്‍ക്കമായി. പുതുതായി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന് യുവാവ് അറിയിച്ചതോടെ തന്നെ ഒഴിവാക്കരുതെന്ന് അല്‍ഫിയ പറഞ്ഞങ്കിലും അവഗണിച്ചതോടെയാണ് വിഷം കഴിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ 26-ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് പ്രതിയെ വിളിച്ചറിയിക്കുകയും വാട്‌സ്ആപ്പില്‍ മെസേജ് ഇടുകയും ചെയ്തു. വിഷം കഴിക്കുന്നതിന്റെ ദൃശ്യങ്ങളുടെ വീഡിയോയും ഫോട്ടോയും പെണ്‍കുട്ടി യുവാവിന് അയച്ചുകൊടുത്തിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ 26-ന് രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്യാസിന്റെ പ്രശ്‌നങ്ങളാകാം എന്ന സംശയത്താല്‍ തിരിച്ചയച്ചു.
27-നും പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 28-ന് പ്ലസ്വണ്‍ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയി. അന്ന് വൈകീട്ടാണ് അവശയായ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. പരിശോധനയില്‍ എലിവിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തി.
തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ബന്ധുക്കള്‍ പരിശോധിക്കുന്നത്. വിഷം കഴിച്ച വിവരം പ്രതി അറിഞ്ഞെങ്കിലും വീട്ടുകാരെയോ മറ്റാരെയെങ്കിലുമോ അറിയിച്ചില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാവുകയുള്ളൂ. അറസ്റ്റിന് കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ. നായര്‍, പ്രദീപ്, ഷാജി സി.പി.ഒ. രഞ്ചിത്ത് രാജ്, റിയാസ്, ഷാജി, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡു ചെയ്തു.
0 Comments