കോട്ടയം: വ്യാപാരിയെ പെണ്‍കെണിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയടക്കം രണ്ടുപേര്‍ക്കൂടി പിടിയിലായി.
കാസര്‍കോട് ഹോസ്ദുര്‍ഗ് ഗുരുപുരം മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി രജീഷ് (28), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍ (35) എന്നിവരെയാണ് വൈക്കം ഡിവൈ.എ.സ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. സംഭവത്തില്‍ എറണാകുളം വൈപ്പിന്‍ പുതുവൈപ്പ് സ്വദേശി ജോസിലിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈക്കം സ്വദേശിയായ വ്യാപാരിയെ ആലപ്പുഴയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പെണ്‍കെണിയില്‍പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രജനിയാണ് വ്യാപാരിയെ ഫോണില്‍ വിളിച്ചിരുന്നത്. യുവതിയുമായി വ്യാപാരിക്ക് നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ 28-ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലെത്താന്‍ വ്യാപാരിയോട് പ്രതിയായ യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയ വ്യാപാരിയെ മറ്റ് രണ്ട് പ്രതികള്‍ചേര്‍ന്ന് മര്‍ദിച്ചു.
രജനിയോടൊപ്പം നിര്‍ത്തി നഗ്‌നചിത്രങ്ങളെടുത്തു.
ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. 20 ലക്ഷത്തിന് സമ്മതിച്ചു. തുടര്‍ന്ന് വ്യാപാരിയുടെ വീട്ടിലെത്തി ഒന്നര ലക്ഷം രൂപവാങ്ങി പ്രതികള്‍ രക്ഷപ്പെട്ടു. ബാക്കിത്തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പണം വാങ്ങാനെത്തിയ സംഘത്തെ സ്ഥലത്തെത്തിയ പോലീസ് വളഞ്ഞെങ്കിലും രജനിയും സുബിനും രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവച്ച് ജോസിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ കോയമ്പത്തൂരിലെത്തി കറങ്ങിനടന്നശേഷം തിരുവനന്തപുരത്തെത്തി.ഇവിടെനിന്ന് കോന്നിയിലെത്തിയപ്പോള്‍ വാഹനം പിന്തുടര്‍ന്ന് അന്വേഷണം നടത്തിവന്ന വൈക്കം ഡിവൈ.എസ്.പിയും സംഘവും ഇവിടെയെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു.
കോന്നിയിലുള്ള ബന്ധുവിനെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ കോതമംഗലത്ത് ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചത്. പോലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവര്‍ രക്ഷപ്പെട്ട വാഹനവും പോലീസ് പിടിച്ചെടുത്തു. വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ പോറ്റി, എസ്.ഐ. അജ്മല്‍ ഹുസൈന്‍, അബ്ദുള്‍ സമദ്, എ.എസ്.ഐ. പ്രമോദ്, സുധീര്‍, സി.പി.ഒ.മാരായ ശിവദാസപണിക്കര്‍, ബിന്ദുമോഹന്‍, സെയ്ഫുദ്ദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വൈക്കം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
0 Comments