സ്ത്രീകളുടെ ഇരുചക്രവാഹനങ്ങൾ മാത്രം മോഷ്ടിക്കുന്നയാൾ പിടിയിൽ. ഷനീദ് അറഫാത്ത് എന്നയാളെ കോഴിക്കോട് ചേവായൂർ പോലീസാണ് പിടികൂടിയത്.
മോഷ്ടിക്കുന്ന വാഹനങ്ങൾ പണയം വെച്ച് ചീട്ടുകളിക്ക് പണം കണ്ടെത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പതിനൊന്ന് വാഹനങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കോഴിക്കോട് നഗരത്തിൽ സ്ത്രീകളുടെ ഇരുചക്രവാഹനങ്ങൾ മോഷണം പോവുന്നതായി പരാതി വ്യാപകമായിരുന്നു. ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക അന്വേഷണത്തിലാണ് കുരുവട്ടൂർ സ്വദേശിയായ ഷനീദ് പിടിയിലായത്.
സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് വീട്ടിലെത്തും. ഉടമ വീട്ടിലേക്ക് കയറിയശേഷം മുറ്റത്ത് നിർത്തിയിട്ട വണ്ടിയെടുത്ത് സ്ഥലം വിടുന്നതുമായിരുന്നു പ്രതിയുടെ പതിവ്. വാഹനത്തിൽ താക്കോൽ അലക്ഷ്യമായി വെച്ചത് എടുത്തുകൊണ്ടുപോകൽ എളുപ്പവുമാക്കി.
രേഖകളെല്ലാം കൃത്യമായി ഉണ്ടാകുമെന്നതിനാലാണ് സ്ത്രീകളുടെ വാഹനങ്ങൾ തന്നെ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞെന്ന് പോലീസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെല്ലാം നടക്കുന്ന ചീട്ടുകളികളിൽ കുരുവട്ടൂരാൻ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.
0 Comments