പ്രതികരിക്കാതെ സൂരജിന്റെ കുടുംബം; വീട് അടച്ചിട്ടനിലയില്‍
അഞ്ചല്‍: ഉത്ര വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അച്ഛനും അമ്മയും. കേസു നടത്തുമ്പോള്‍ ഒരുപാട് മാനസികസംഘര്‍ഷം ഉണ്ടായതായി വിജയസേനന്‍ പറഞ്ഞു. കേസിന്റെ വാദം നടക്കുമ്പോള്‍തന്നെ പ്രതികളുടെ ആള്‍ക്കാരില്‍നിന്നു സാക്ഷികള്‍ക്ക് ഭീഷണി നേരിടേണ്ടിവന്നു.
മൊഴികൊടുക്കാനെത്തിയ വാവാ സുരേഷിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഭാവിയില്‍ ആര്‍ക്കും ഇതുപോലെയുള്ള ദുരന്തം ഉണ്ടാകരുത്. അതുകൊണ്ട് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുകതന്നെവേണം.
ഉത്രയുടെ മകന്‍ ഇപ്പോള്‍ ആര്‍ജവാണ്
അഞ്ചല്‍: രണ്ടുവയസ്സും അഞ്ചുമാസവും പ്രായമുള്ള ഉത്രയുടെ മകന്‍ ഇപ്പോള്‍ ധ്രുവ് അല്ല, ആര്‍ജവാണ്. അച്ഛന്‍ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാര്‍ മാറ്റി ആര്‍ജവെന്നാക്കി. ആര്‍ജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആര്‍ജവ് എന്ന പേരുനല്‍കിയതെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞു. ആര്‍ജവിന് ഒരു വയസ്സുള്ളപ്പോഴായിരുന്നു ഉത്രയുടെ മ
രണം.
പ്രതികരിക്കാതെ സൂരജിന്റെ കുടുംബം; വീട് അടച്ചിട്ടനിലയില്‍
അടൂര്‍:തിങ്കളാഴ്ച രാവിലെമുതല്‍ പ്രതി സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യ വീട് അടഞ്ഞായിരുന്നു. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയുമാണ് ഇവിടെ താമസം.
മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു. അയല്‍പക്കക്കാര്‍ക്ക് ഇവര്‍ എവിടെപ്പോയെന്ന് അറിവില്ലായിരുന്നു. എന്നാല്‍, സൂരജിന്റെ അമ്മ വീട്ടിലുണ്ടെന്നും അച്ഛനും സഹോദരിയും കോടതിയില്‍ പോയിരിക്കാമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.
വധശിക്ഷ അര്‍ഹിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍
കൊല്ലം : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നനിലയില്‍ ഒരു കൊലപാതകക്കേസില്‍ ആദ്യമായാണ് താന്‍ വധശിക്ഷ ആവശ്യപ്പെടുന്നതെന്ന് ഉത്ര കേസിലെ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് കോടതിയെ അറിയിച്ചു.
സമൂഹവും നിയമവും ആവശ്യപ്പെടുന്ന ഒന്നാണ് ഈ കേസില്‍ വധശിക്ഷ എന്നായിരുന്നു വാദം. സമൂഹമനസ്സാക്ഷിയെ പൊതുവേ ഞെട്ടിക്കുന്ന സംഭവങ്ങളില്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കുമപ്പുറം വധശിക്ഷ നല്‍കേണ്ട സാഹചര്യമുണ്ടെന്ന് 2004-ലെ സുശീല മുര്‍മു കേസിലെ വിധി ചൂണ്ടിക്കാട്ടുന്നു. അതിലെ സമൂഹം ആവശ്യപ്പെടുന്ന അഞ്ച് സാഹചര്യങ്ങളില്‍ നാലും ഈ കേസില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ ജിത്തു എസ്.നായര്‍ ഹാജരായി. പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാഹചര്യവും കുറഞ്ഞശിക്ഷ നല്‍കാനുള്ള അനുകൂലഘടകമായി പരിഗണിക്കണമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു തനിക്ക് അച്ഛനും അമ്മയും ഉണ്ട്, അവരെ സംരക്ഷിക്കണമെന്നാണ് സൂരജ് മറുപടിനല്‍കിയത്.
വിധികേള്‍ക്കാന്‍ വാവാ സുരേഷും
കൊല്ലം: വിധികേള്‍ക്കാന്‍ വാവാ സുരേഷും തിങ്കളാഴ്ച കൊല്ലം കോടതിയിലെത്തി. ഉത്ര പാമ്പുകടിയേറ്റു മരിച്ച സംഭവം അവരുടെ ബന്ധു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ത്തന്നെ ഇതില്‍ സംശയം പ്രകടിപ്പിച്ചിരുന്നയാളാണ് സുരേഷ്.
അണലി രണ്ടാംനിലയിലെത്തിയെന്നതും ഉത്രയുടെ മുറിയില്‍ മൂര്‍ഖന്‍ എത്തിയെന്നതും അസ്വാഭാവികമാണെന്ന് സുരേഷ് അന്നുതന്നെ പറഞ്ഞിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് വീട് സന്ദര്‍ശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞുപോയതിന്റെ അടയാളമില്ലായിരുന്നു. സാധാരണഗതിയില്‍ പാമ്പ് എത്താനുള്ള ഒരു സാധ്യതയുമില്ലെന്ന് മനസ്സിലാക്കുകയും ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തിരുന്നെന്ന് സുരേഷ് പറയുന്നു. സുരേഷിനെ കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു.
0 Comments