സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗരേഖ മറ്റന്നാൾ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകൾ പൂർണ്ണ സഹകരണം വാഗ്‌ദാനം ചെയ്‌തതായി മന്ത്രി അറിയിച്ചു.
അധ്യാപക സംഘടനയുടെ നിർദേശങ്ങൾ അന്തിമ മാർഗരേഖയിൽ പരിഗണിക്കും. അസുഖങ്ങളുള്ളവരും ഭിന്നശേഷിക്കാരും സ്‌കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.
സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. മാർഗരേഖ പുറത്തിറക്കിയ ശേഷം ടൈം ടേബിൾ വച്ച് കാര്യങ്ങൾ നടപ്പിലാക്കും. സ്‌കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
യുവജന സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകി. എത്രയും വേഗം മാർഗരേഖ പുറത്തിറക്കും. എല്ലാ വിധ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കും. ഷിഫ്റ്റ് സംവിധാനം വിദ്യാലയങ്ങളിലെ സാഹചര്യം അനുസരിച്ച് ക്രമീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ക്ലാസിൽ ഒരേസമയം 20 – 30 കുട്ടികളെ മാത്രമേ അനുവദിക്കൂ. അധ്യാപകരും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്‌സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തണം. സ്കൂൾ തുറക്കുന്നതിനു മുൻപു രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെയും യോഗം ചേരും.
ഈ മാസം 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം തുടങ്ങിയവ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചു രൂപീകരിക്കുന്ന ജനകീയ സമിതികളുടെ നേതൃത്വത്തിലാവും ശുചീകരണം.
0 Comments