Ticker

6/recent/ticker-posts

Header Ads Widget

വെല്‍ഫെയര്‍ പാര്‍ട്ടി തുണയായി;അര്‍ജ്ജുനും ആദിത്യനും ഇനി വൈദ്യുതിവെളിച്ചത്തില്‍ പഠിക്കും

കാരശ്ശേരി:  വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണെങ്കിലും വീട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണ് പത്താംക്ലാസില്‍ പഠിക്കുന്ന അര്‍ജ്ജുനും, അനിയന്‍ അഞ്ചാം ക്ലാസ്സുകാരന്‍ ആദിത്യനും. വൈദ്യുതി വെളിച്ചത്തിലിരുന്ന് ഇനി ഇവര്‍ക്ക് പഠിക്കാം.

കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പെട്ട പാറത്തോട് ഭഗവതിക്കാവ് പട്ടികവര്‍ഗ്ഗ കോളനിയില്‍ താമസിക്കുന്ന ബൈജു-ദീപ ദമ്പതികളുടെയും അവരുടെ മക്കളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. സ്‌കൂള്‍ തുറക്കാനായപ്പോഴെങ്കിലും വൈദ്യുതി വെട്ടം ലഭിച്ചതിലുള്ള സന്തോഷത്തിലാണീ കുടുംബം. വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയറിംഗ് ജോലികള്‍ അടക്കം പൂര്‍ത്തീകരിക്കാനും വേഗത്തില്‍ വൈദ്യുതിയെത്താനും സഹായകമായത്.  

വീട്ടിലുള്ള ചെറിയ മൊബൈല്‍ ഫോണ്‍ അയല്‍വീട്ടില്‍ നിന്നും ചാര്‍ജ് ചെയ്താണ് ഇവര്‍ ഓണ്‍ലൈന്‍ ക്ലാസ്സ് കണ്ടിരുന്നത്. കോളനിയില്‍ കോവിഡ് പടര്‍ന്നതിനാല്‍ അടുത്ത വീട്ടിലേക്കുള്ള പോക്കും മുടങ്ങി. രണ്ടുപേരും പഠനപ്രവര്‍ത്തനങ്ങള്‍ ഒരേ ഫോണില്‍ ചെയ്യുന്നതിനാല്‍ ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നു.

വീടുനിര്‍മ്മാണത്തിനായി ഇവരെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്ന ഇവര്‍ വീട്ടില്‍ വൈദ്യുതിയെത്തിക്കുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയിയാത്ത അവസ്ഥയിലായിരുന്നു. അപ്പോഴാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശ്വാസവുമായെത്തുന്നത്. കണക്ഷനുള്ള രേഖകള്‍ ശരിയാക്കാനും അപേക്ഷ സമര്‍പ്പിക്കാനും അവര്‍ തുണയായി. കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ വൈസ് ക്യാപ്റ്റന്‍ കെ.സി യൂസുഫിന്റെ നേതൃത്വത്തില്‍ വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് കെ.എസ്.ഇ.ബിയുടെ സഹായത്തോടെ കണക്ഷന്‍ ലഭ്യമാക്കുകയുമായിരുന്നു. 

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ സ്വിച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് ആനയാംകുന്ന്, പി.വി യൂസുഫ്, വി.പി ഷമീര്‍, എം.സി ജമാലുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ വാര്‍ഡില്‍പെട്ട മായങ്ങല്‍ ആദിവാസി കോളനിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒറ്റ ദിവസം കൊണ്ട് വൈദ്യുതി കണക്ഷന്‍ എത്തിച്ച് ശ്രദ്ധേയമായിരുന്നു.

ഫോട്ടോ.പാറത്തോട് പട്ടികവര്‍ഗ്ഗ കോളനിയിലെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ സ്വിച് ഓണ്‍ കര്‍മം നിര്‍വ്വഹിക്കുന്നു.

Post a Comment

0 Comments