ഇന്ധനവിലവർധനയിൽ വീർപ്പുമുട്ടുന്ന വാഹനഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കുപ്രകാരം കോഴിക്കോട് ജില്ലയിൽ ഈ വർഷം എണ്ണൂറോളം ഇലക്ട്രിക് വാഹനങ്ങളാണ് ആർ.ടി. ഓഫീസിലും സബ് ആർ.ടി.ഒ. ഓഫീസുകളിലും രജിസ്റ്റർ ചെയ്തത്.
ഈ വർഷം കാറുകളും സ്കൂട്ടറുകളും ഓട്ടോകളുമായി 786 വാഹനങ്ങളാണ് ജില്ലയിൽ നിരത്തിലിറങ്ങിയത്. കോഴിക്കോട്, കൊയിലാണ്ടി, വടകര, പേരാമ്പ്ര, നന്മണ്ട, ഫറോക്ക് ആർ.ടി. ഓഫീസുകളിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരിയിൽ 100-നടുത്ത് ഇലക്ട്രിക്കൽ വാഹനങ്ങൾ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്.
എന്നാൽ നവംബറോടെ ഇത് എണ്ണൂറായി ഉയർന്നു. മുമ്പ് മാസത്തിൽ 20 മുതൽ 25 വരെ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കോഴിക്കോട് ആർ.ടി. ഓഫീസിൽ മാത്രം ഓഗസ്റ്റിൽ 50 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 50,000 രൂപ മുതലുള്ള ഇലക്ട്രിക് ബൈക്കുകളും 16 ലക്ഷം രൂപ മുതലുള്ള കാറുകളും ഇപ്പോൾ വിപണിയിൽ സജീവമായിട്ടുണ്ട്. 2020-ൽ കേരളത്തിൽ മൊത്തം 1325 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2019-ൽ അത് 468 മാത്രമായിരുന്നു.
ആളുകൾ മാറി ചിന്തിക്കുന്നു.
പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്നുള്ള മാറ്റത്തിനായി ഉപഭോക്താക്കൾ തയ്യാറായിക്കഴിഞ്ഞു. അന്തരീക്ഷമലിനീകരണം കുറയുന്നു എന്നത് ഇതിന്റെ പ്രധാന ഗുണമാണ്. ഇന്ധനക്ഷമതയും കൂടുതലാണ്. കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നുണ്ട്
എം.പി. ജെയിംസ്, ആർ.ടി.ഒ. കോഴിക്കോട്
ഇന്ധനവില താങ്ങാനാകില്ല.
ഇന്ധന വിലവർധന താങ്ങാനാകാതെ വന്നപ്പോഴാണ് ഇലക്ട്രിക് കാർ വാങ്ങാൻ തീരുമാനിച്ചത്.
കെ. നീധിഷ്, ഒടുമ്പ്ര സ്വദേശി
0 Comments