✒️ഡിസംബർ പകുതിയോടെ ഇന്ത്യയിൽ വിമാന സർവീസ് തുടങ്ങുന്ന പ്രതീക്ഷയോടെ സൗദി പ്രവാസികൾ. സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് ഇന്ത്യയും കരാറിന് തയ്യാറായാൽ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ പറക്കാം. ഡിസംബർ ഒന്നു മുതൽ ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് സൗദി നീക്കും. ഇതിനുള്ള ഒരുക്കങ്ങൾ സിവിൽ ഏവിയേഷൻ നടത്തുന്നുണ്ട്. ജനുവരി പകുതിയോടെ ഇന്ത്യ വിമാന സർവീസ് പുനരാംരഭിക്കുന്നുണ്ട്. ഘട്ടഘട്ടമായുള്ള ഈ നീക്കത്തിലെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യ ഉൾപ്പെടുമോ എന്നതാണ് പ്രധാനം. ഉൾപ്പെട്ടാൽ സൗദിയിലേക്ക് പ്രവാസികൾക്ക് അനായാസം പറക്കാം. ഇന്ത്യയും സൗദിയും എയർ ബബ്ൾ കരാർ തയ്യാറാക്കിയാൽ മാത്രമേ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകൂ. അല്ലെങ്കിൽ നിലവിലുള്ള ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. യാത്രക്കാർ കൂടുമെന്നതിനാൽ നിരക്ക് വർധനക്കും സാധ്യതയുണ്ട്.
ഇന്നലെ രാത്രി സൗദി ആഭ്യന്തര മന്ത്രാലയം ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് നീക്കിയിരുന്നു. ഇതനുസരിച്ച് ഡിസംബർ ഒന്നിന് പുലർച്ച ഒന്നു മുതൽ ഇന്ത്യക്കാർക്ക് സൗദിയിൽ പ്രവേശിക്കാം. ഇന്ത്യയിൽ നിന്നും വാക്സിനെടുത്തവർ സൗദിയിൽ അഞ്ച് ദിവസം ക്വാറന്റൈനിരിക്കണം. ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ ഇമ്യൂൺ ആണെങ്കിലും അല്ലെങ്കിലും അഞ്ച് ദിവസം ക്വാറന്റൈനിരിക്കണം. ഹോട്ടലുകളോ മുനിസിപ്പാലിറ്റി അംഗീകൃത താമസ കേന്ദ്രങ്ങളോ ഇതിനായി ഉപയോഗിക്കാം. സൗദിയിൽ നിന്നും വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ വേണ്ട. ഇതുവരെ ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് മറ്റൊരു രാജ്യത്ത 14 ദിവസം തങ്ങിയാണ് ഇന്ത്യക്കാർ സൗദിയിലേക്ക് എത്തിയിരുന്നത്. പുതിയ വിസക്കാർക്കും, വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ചട്ടം പാലിച്ച് നേരിട്ട് സൗദിയിലെത്താം. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യക്കാർക്കും യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. ഇന്ത്യ മുൻകൈയെടുത്ത് വിദേശകാര്യ മന്ത്രാലയം വഴി സമ്മർദ്ദം ചെലുത്തുമോ എന്നതാണ് പ്രവാസികൾ കാത്തിരിക്കുന്നത്. എയർ ബബ്ൾ കരാറില്ലെങ്കിൽ വിമാനക്കമ്പനികൾ നിരക്ക് കൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്.
🇸🇦സൗദിയിൽ ഇനി 'മലപ്പുറത്തിന്' സ്ഥാനമില്ല; ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് ഭരണകൂടം.
✒️ഭൂപടത്തിൽ നിന്ന് ' മലപ്പുറം ' ഇല്ലാതാകാൻ പോകുന്നു. ഇവിടെ കേരളത്തിലെ മലപ്പുറമല്ല, അങ്ങ് അറബിനാട്ടിൽ, സൗദിയിലുള്ള 'മലപ്പുറമാണ് ' പൊളിച്ചു നീക്കുന്നത്. സൗദി അറേബ്യയിലെ മലപ്പുറമെന്നും മലബാറെന്നും വിശേഷിപ്പിക്കപ്പെടുന്ന ഷറഫിയയിലെ കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചുനീക്കുന്നത്. ജൂലൈ ഒന്നിന് സൗദി അറേബ്യയിൽ നടപ്പാക്കിയ സൗദി ബിൽഡിങ് കോഡ് പദ്ധതിയുടെ ഭാഗമായാണ് നടപടി. ഏറെ പഴക്കം ചെന്ന കെട്ടിടങ്ങളും അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളും കൂടാതെ പൊതുസ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കുന്നത്. ഇതിന് പകരമായി ആധുനിക കെട്ടിടങ്ങൾ ഇവയ്ക്ക് പകരം ശാസ്്ത്രീയമായി നിർമിക്കും. ആഗോള നിലവാരത്തിലേക്ക് ജിദ്ദയെ മാറ്റാനാണ് ഈ നടപടി. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ട്. പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾക്കെല്ലാം ഉടമകൾക്ക് മാർക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരം നൽകുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളായി നൽകിയ മുന്നറിയിപ്പിന് ശേഷമാണ് പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. അതേസമയം അനധികൃതമായും പൊതുസ്ഥലം കൈയേറി നിർമിച്ചതുമായ കെട്ടിടങ്ങൾക്ക് മുന്നറിയിപ്പുണ്ടാകില്ല. മുനിസിപ്പാലിറ്റി, ആഭ്യന്തരം, ഊർജം, സാസോ എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങൾ തീരുമാനിക്കുന്നത്. ജിദ്ദയിലെ പൈതൃക കേന്ദ്രങ്ങളൊഴികെ ബാക്കി എല്ലാ ഭാഗങ്ങളിലും പരിഷ്‌കരണം വരും. സമീപ നഗരങ്ങളായ റിയാദിലടക്കം ഇത്തരത്തിൽ പൊളിക്കൽ നടക്കും. കാലങ്ങളായി ഇവിടെ കച്ചവടം നടത്തി വരുന്നവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. മിക്കവരും പുതിയ കടമുറികൾ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ആറുമാസം വരെ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്ടെ പഴയ മിഠായിത്തെരുവിന് സമാനമാണ് നിലവിൽ ഷറഫിയയിലെ റോഡുകൾ. ഇടുങ്ങിയ റോഡുകളും അത്യാവശ്യത്തിന് പാർക്കിങ് സ്ഥലങ്ങൾ ഇല്ലാത്തതും നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾ നവീകരണം വഴി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇸🇦സൗദിയില്‍ കൊവിഡ് മുക്തരുടെ എണ്ണം കുതിച്ചുയരുന്നു.
✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡില്‍ (Covid 19)നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 44 രോഗബാധിതര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ പുതുതായി 24 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,642 ആയി. ഇതില്‍ 538,784 പേരും സുഖം പ്രാപിച്ചു. ആകെ 8,830 പേര്‍ മരിച്ചു. 2,028 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 45 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 47,256,833 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,565,761 എണ്ണം ആദ്യ ഡോസ് ആണ്. 22,347,884 എണ്ണം സെക്കന്‍ഡ് ഡോസും. 1,717,459 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 343,188 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 8, ജിദ്ദ 4, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🎙️നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ നഴ്സുമാര്‍ക്ക് ഒ ഇ ടി പരിശീലനം.
✒️ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ്(Norka roots) സ്‌കോളര്‍ഷിപ്പോടെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) (OET)പരിശീലനത്തിന് അവസരം.
നൈസ് (നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്) അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. തത്പരരായ ഉദ്യോഗാര്‍ഥികള്‍ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9895762632, 9567293831, 9946256047, 18004253939 (ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
🇸🇦സൗദിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്.
✒️സൗദി അറേബ്യയില്‍(Saudi Arabia) ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക - മദീന എക്സ്പ്രസ്വേയില്‍ (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(road accident) 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും(injury) ചെയ്തു. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.
പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. 23 പേര്‍ക്ക് സാരമായ പരിക്കുകളും 18 പേര്‍ക്ക് നിസാര പരിക്കുകളുമാണ്. റെഡ് ക്രസന്റ് അതോറിറ്റിക്ക് കീഴിലെ 31 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനും മദീന കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിക്കും കീഴിലെ രണ്ടു ആംബുലന്‍സ് യൂനിറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു.
🇸🇦സ്വദേശിവത്കരണം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന.
✒️സൗദി അറേബ്യയില്‍ സ്വദേശിവത്കരണ (Saudisation) തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന. നജ്റാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. റെന്റ് എ കാര്‍ (Rent a car) സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.
നജ്റാനിലെ സ്വദേശിവത്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്‍ദുല്ല അല്‍ ദോസരിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊതുഗതാഗത അതോരിറ്റി ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു. നജ്റാനിലും ശറൂറയിലും ഹബൂനയിലും പ്രവര്‍ത്തിക്കുന്ന 42 റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും ഏതാനും ചരക്ക് ഗതാഗത കമ്പനികളിലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തി. ഇവിടങ്ങളില്‍ 42 സ്വദേശികളും 28 പ്രവാസികളും ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ 78 ശതമാനം സ്വദേശിവത്കരണം ഇതിനോടകം നടപ്പിലായിട്ടുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്തതായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ഇവിടെ സ്വദേശികള്‍ക്ക് ലഭ്യമായ തൊഴില്‍ അവസരങ്ങളും അധികൃതര്‍ പരിശോധിച്ചു.
🇦🇪യുഎഇയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 90 പേര്‍.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 90 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 2,63,429 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.99 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 741,790 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,601 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,145 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,044 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ആയിരക്കണക്കിന് ലഹരി ഗുളികകള്‍ പിടിച്ചെടുത്തു.
✒️ഖത്തറിലേക്ക് (Qatar)വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് (Customs)അധികൃതര്‍ പരാജയപ്പെടുത്തി. മാരിടൈം കസ്റ്റംസ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 7,330 മയക്കുമരുന്ന് ഗുളികകളാണ് (narcotic pills )പരിശോധനയില്‍ കണ്ടെത്തിയത്.
അല്‍ റുവൈസ് തുറമുഖത്ത് റെഫ്രിജറേറ്റര്‍ ട്രക്ക് എഞ്ചിന്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവ പിടിച്ചെടുത്തതിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഖത്തറിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അതിര്‍ത്തികളില്‍ കള്ളക്കടത്തുകാരെ പിടികൂടാന്‍ ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് അറിയിച്ച ഖത്തര്‍ കസ്റ്റംസ്, കള്ളക്കടത്തുകാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത്; ആറ് പേര്‍ അറസ്റ്റില്‍.
✒️ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ (narcotic smuggling) ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. സൗത്ത് അല്‍ ബാത്തിന (South Al Batinah) ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും.
കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ അനധികൃതമായി ഒമാനില്‍ പ്രവേശിച്ചവരാണ്. 95 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
🇦🇪യുഎഇയില്‍ 4511 പേരുടെ 2352 കോടിയുടെ ലോണുകള്‍ എഴുതിത്തള്ളി.
✒️യുഎഇയില്‍ 4511 സ്വദേശികളുടെ ലോണുകള്‍ എഴുതിത്തള്ളി. 1,157,388,000 ദിര്‍ഹത്തിന്റെ (2352 കോടിയിലധികം ഇന്ത്യന്‍ രൂപ) ലോണുകളാണ് ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ ചേര്‍ന്ന് എഴുതിത്തള്ളിയത്. യുഎഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‍സ്യല്‍ ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, സ്റ്റാന്‍ഡേര്‍ട് ചാര്‍ട്ടേഡ്, മശ്‍രിഖ് ബാങ്ക്, ഇത്തിസാലാത്ത്, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, കൊമേഴ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍, ഷാര്‍ജ ഇസ്ലാമിക് ബാങ്ക്, റാക് ബാങ്ക്, അംലാക് ഫിനാന്‍സ്, അല്‍ മസ്‍റഫ് അറബ് ബാങ്ക് ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫോറിന്‍ ട്രേഡ്, നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന്‍, കൊമേസ്യല്‍ ബാങ്ക് ഓഫ് ദുബൈ, അജ്‍മാന്‍ ബാങ്ക്, ആഫഖ് ഇസ്ലാമിക് ഫിനാന്‍സ്, റീം ഫിനാന്‍സ് എന്നിവയാണ് സ്വദേശികളുടെ വായ്‍പകള്‍ എഴുതിത്തള്ളിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ സെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ പിന്തുണയോടെയും യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മേല്‍നോട്ടത്തിലുമായിരുന്നു നടപടികള്‍.
സ്വദേശികള്‍ക്ക് മാന്യമായ ജീവിത സൗകര്യമൊരുക്കുന്നതിനും സാമൂഹിക സ്ഥിരതയുടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ അവരെ നിലനില്‍ത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു നടപടി യുഎഇ നടപടി സ്വീകരിച്ചതെന്ന് കടാശ്വാസത്തിനുള്ള പ്രത്യേക കമ്മിറ്റിയുടെ ചെയര്‍മാന്‍ ജാബിര്‍ മുഹമ്മദ് ഗനീം അല്‍ സുവൈദി പറഞ്ഞു.
🛫ഇന്ത്യയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിവര്‍ക്കും സൗദിയില്‍ ക്വാറന്റീന്‍ നിര്‍ബന്ധം.
✒️ഇന്ത്യയില്‍(India) നിന്ന് രണ്ട് ഡോസ് വാക്‌സിന്‍(vaccine) സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക്(Saudi Arabia) നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍(Institutional qurantine) നിര്‍ബന്ധം.
സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നേരത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയവര്‍ക്കും മാത്രമെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവുണ്ടാകൂ. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.
ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
🇸🇦സൗദി: ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ധനകാര്യ മന്ത്രി.
✒️ രാജ്യത്തെ ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ സ്വകാര്യവത്കരണം നടപ്പിലാക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവംബർ 25-ന് റിയാദിൽ വെച്ച് നടന്ന ഒരു ചർച്ചായോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്വകാര്യവത്കരണ നടപടികളുമായി ബന്ധപ്പെട്ട ദേശീയ നയത്തിന്റെ ഭാഗമായി അടുത്ത ഘട്ടത്തിൽ ഏതാണ്ട് നൂറ്റിയറുപതോളം പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യ മേഖലയുടെ സമ്പൂർണ്ണമായ സ്വകാര്യവത്കരണം ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആരോഗ്യ മേഖലയിലെ റേഡിയോളോജി പോലുള്ള ഏതാനം വിഭാഗങ്ങൾ സ്വകാര്യവത്‌കരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സ്വകാര്യവത്കരണ നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
0 Comments