Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ


🇸🇦സൗദിയില്‍ കൊവിഡ് ബാധിതരില്‍ 61 പേര്‍ ഗുരുതരാവസ്ഥയില്‍.

✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ 61 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് പുതുതായി 49 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 35 പേര്‍ സുഖം പ്രാപിച്ചു.

24 മണിക്കൂറിനിടയില്‍ രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 39,750 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,666 ആയി. ഇതില്‍ 5,37,605 പേരും സുഖം പ്രാപിച്ചു. ആകെ 8,796 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 61 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 11, മക്ക 5, മദീന 2, ജീസാന്‍ 2, ഖോബാര്‍ 2, യാംബു 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്താകെ ഇതുവരെ 45,754,360 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,218,387 എണ്ണം ആദ്യ ഡോസ് ആണ്. 21,535,973 എണ്ണം സെക്കന്‍ഡ് ഡോസും. 1,701,514 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്.

🇦🇪യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി; പ്രത്യേക പ്രമോഷനുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ച് യൂണിയന്‍ കോപ്.

✒️യുഎഇയുടെ(UAE) 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രൊമോഷണല്‍ ക്യാമ്പയിനുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). അഞ്ച് കോടി ദിര്‍ഹമാണ് ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളുടെ വിലക്കിഴിവിനും മറ്റ് ഓഫറുകള്‍ക്കുമായി യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്. 100 ദിവസത്തെ പ്രൊമോഷണല്‍ ക്യാമ്പയിന്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2021 നവംബര്‍ 10 മുതലാണ് ക്യാമ്പയിന്‍ ആരംഭിക്കുക.

അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍ കോപ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, വിവിധ വിഭാഗങ്ങളിലെ ഡയറക്ടര്‍മാര്‍, യൂണിയന്‍ കോപിലെ മാനേജര്‍മാര്‍, അറബ്, വിദേശ മാധ്യമങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

യുഎഇയുടെ 50-ാം വാര്‍ഷിക വേളയില്‍ രാജ്യത്തെ ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കും യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി അഭിനന്ദനങ്ങള്‍ അറിയിച്ചു. 100 ദിവസം വലിയ ഡിസ്‌കൗണ്ടുകളും അതിന് പുറമെ നിരവധി സമ്മാനങ്ങളും യൂണിയന്‍ കോപ് നല്‍കുമെന്നും ഇതിനായി അഞ്ച് കോടി ദിര്‍ഹം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി വേളയില്‍ സമൂഹത്തില്‍ എല്ലാവരിലേക്കും സന്തോഷം പകരുന്നതും മിതമായ വിലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതുമാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

50-ാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ക്യാമ്പയിനില്‍ ദിവസേന നറുക്കെടുപ്പുകളും അതിലൂടെ സമ്മാനങ്ങളും വൗച്ചറുകളും നല്‍കുമെന്നും ആയിരക്കണക്കിന് അവശ്യ സാധനങ്ങള്‍ക്ക് നല്‍കുന്ന വിലക്കിഴിവുകള്‍ക്കും മറ്റും പുറമെയാണിതെന്ന് യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി. ദിവസനേ നടക്കുന്ന നറുക്കെടുപ്പിലൂടെ 50 വിജയികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, 50 വിജയികള്‍ക്ക് സ്വര്‍ണം, 50 വിജയികള്‍ക്ക് 50,000 തമായസ് പോയിന്റുകള്‍, 50 പേര്‍ക്ക് മൗണ്ടന്‍ സൈക്കിളുകള്‍, 1971ല്‍ ജനിച്ച ആളുകള്‍ക്ക് ഫ്രീ ഷോപ്പിങിനായി അഫ്ധാല്‍ കാര്‍ഡുകള്‍, സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആപ്ലലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്കുള്ള നറുക്കെടുപ്പുകള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവയും യൂണിയന്‍ കോപ് ഒരുക്കിയിട്ടുണ്ട്.

20,000 ഉല്‍പ്പന്നങ്ങള്‍ക്ക് യൂണിയന്‍ കോപ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും 100 ദിവസത്തേക്ക് 50 ശതമാനത്തിലേറെ ഡിസ്‌കൗണ്ടുകള്‍ നല്‍കുമെന്നും അരി, മാംസ്യം, ചിക്കന്‍, പാക്ഡ് ഫുഡ്‌സ്, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്കാണ് വിലക്കിഴിവുള്ളത്. ഉല്‍പ്പന്നങ്ങളുടെ വിലനിലവാരം ഉറപ്പാക്കുന്നതിനായി വിതരണക്കാര്‍, ഡീലര്‍മാര്‍, ഏജന്‍സികള്‍ എന്നിവരുമായി നിബന്ധനകളോടെ യൂണിയന്‍ കോപ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതുവഴി സമൂഹത്തിലെ ആളുകളെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ കോപിന്റെ ആഭ്യന്തര നടപടിക്രമങ്ങള്‍ കര്‍ശനമാണെന്നും ഉല്‍പ്പന്നങ്ങളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ ദിവസവും പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യുമെന്നും യൂണിയന്‍ കോപ് സിഇഒ വിശദമാക്കി.

യുഎഇയുടെ 50-ാം ദേശീയ ദിനത്തില്‍ യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയുള്ള എല്ലാ ഓര്‍ഡറുകള്‍ ഡെലവറി ഫീ സൗജന്യമായിരിക്കുമെന്നും ദേശീയ ദിന ക്യാമ്പയിനിലെ 50 ദിവസത്തേക്ക് ഫ്രീ ഡെലിവറി കിട്ടുമെന്നും യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വിഭാഗം, വില, നിലവാരം എന്നിവയില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ചതായാണ് ദുബൈയിലെ റീട്ടയില്‍, ഉപഭോക്തൃ വിപണികള്‍ കണക്കാക്കപ്പെടുന്നത്. തുടര്‍ച്ചയായ പ്രമോഷണല്‍ ക്യാമ്പയിനുകള്‍ ഇതിന് തെളിവാണ്. ദേശീയ ദിനത്തിന്റെ സന്തോഷ വേളയില്‍ സമൂഹത്തില്‍ സന്തോഷം പകരുകയാണ് യണിയന്‍ കോപിന്റെ യഥാര്‍ത്ഥ സംഭാവനയെന്ന് സിഇഒ പറഞ്ഞു.

🇦🇪യുഎഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു.

✒️യുഎഇയിലെ(UAE) പുതിയ ഇന്ത്യന്‍ അംബാസഡറായി(Indian Ambassador ) സഞ്ജയ് സുധീറിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സ്ഥാനപതി പവന്‍ കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും. 

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ്. വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം മുമ്പ് സിഡ്‌നിയിലെ കോണ്‍സുല്‍ ജനറലായും ജനീവ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ ഇന്ത്യന്‍ എംബസി, സിറിയയിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

🛫ഹജ്ജിന് ഇത്തവണയും കരിപ്പൂരിൽ നിന്ന് വിമാനമില്ല, എംബാർക്കേഷൻ കേന്ദ്രം കൊച്ചി മാത്രം.

✒️രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ (Hajj Embarkation Centres) ഇത്തവണയും കരിപ്പൂർ (Karipur Airport) അന്താരാഷ്ട്ര വിമാനത്താവളമില്ല. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണ പുനഃസ്ഥാപിക്കില്ല. മലബാർ മേഖലയിൽ നിന്ന് നിരവധിപ്പേർ ഹജ്ജിന് (Hajj 2022) അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പരിഗണിച്ചില്ല. 

അതേസമയം, ഹജ്ജ് തീർത്ഥാടനത്തിനുള്ള മാർഗ്ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീർത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ. 

കഴിഞ്ഞ തവണ ബലിപെരുന്നാളിന് സൗദിയിൽ താമസിക്കുന്ന പ്രവാസി മലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായത്. മിനായിലെ കല്ലേറ് കർമ്മത്തിന് അണുവിമുക്തമാക്കിയ കല്ലുകളാണ് ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകിയത്. അകലം പാലിച്ചാണ് കല്ലുകളെറിയാൻ അനുമതി നൽകിയതെന്നതിനാൽ ഏറെ വൈകിയാണ് കഴിഞ്ഞ തവണ ചടങ്ങുകൾ പൂർത്തിയായത്. ആറ് ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ കാലത്ത് കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലായിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളിലും കൊവിഡ് നിയന്ത്രണങ്ങളോടെ പെരുന്നാൾ നമസ്കാരം നടന്നു. ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ നമസ്കാരം വീടുകളിൽ ചുരുങ്ങി. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് അനുമതി നൽകിയിരുന്നു. യുഎഇയിൽ ഈദ്ഗാഹുകളിൽ പരസ്പരം ആലിംഗനം ചെയ്യുന്നതും ഹസ്താദാനം നടത്തുന്നതും വിലക്കിയിരുന്നു.

ഇത്തവണ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ കഴിഞ്ഞ തവണത്തേത് പോലെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ലെന്നാണ് ഹ‍ജ്ജ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. എന്നാലും വളരെ ശ്രദ്ധാപൂർവം തന്നെയാകും കർശന ചട്ടങ്ങളോടെയും വിപുലമായ സജ്ജീകരണങ്ങളോടെയും തന്നെയാകും ഇത്തവണയും ഹജ്ജ് നടപടികൾ പൂർത്തീകരിക്കുക.

🇦🇪ദുബൈ വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

✒️ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം (Dubai International Airports) അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് (covid outbreak) ശേഷം ഇതാദ്യമായാണ് ദുബൈ വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യുഎഇയ സ്വീകരിച്ച ഫലപ്രദമായ കൊവിഡ് പ്രതിരോധ നടപടികള്‍ കാരണം ഇപ്പോള്‍ പ്രതിദിന രോഗബാധ നൂറില്‍ താഴെയാണ്.

നവംബര്‍ 14ന് ആരംഭിക്കാനിരിക്കുന്ന ദുബൈ എയര്‍ഷോയ്‍ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍വെച്ചാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒയുമായ ശൈഖ് അഹ‍മ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ആദ്യം എക്സ്പോ 2020 ആരംഭിച്ചതോടെ ദുബൈയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. നവംബറോടെ രാജ്യത്ത് വിനോദസഞ്ചാര സീസണ്‍ കൂടി ആരംഭിക്കുകയാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് കൂടി നീക്കിയ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ വലിയ സന്ദര്‍ശക പ്രവാഹം തന്നെ ദുബൈ അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ഭാഗങ്ങള്‍ കൂടി പ്രവര്‍ത്തന ക്ഷമമാക്കി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്‍ക്കും പ്രഥമ പരിഗണന നല്‍കിക്കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‍ക്ക് മുകളിലുള്ള ആഘാതം കുറയ്‍ക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

🇦🇪യുഎഇയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 110 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 272,261 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,983 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,242 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,136 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,605 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲ഒമാനിലെ ആശുപത്രികളില്‍ ഇനി ആറ് കൊവിഡ് രോഗികള്‍ മാത്രം.

✒️ഒമാനിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ഇനി ആറ് രോഗികള്‍ മാത്രം. ഇവരില്‍ നാല് പേരുടെ നില ഗുരുതരമായതിനാല്‍ അവര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

രാജ്യത്ത് പുതിയതായി എട്ട് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം തന്നെ രോഗമുക്തരായവരുടെ എണ്ണം 220 ആണ്. ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 3,04,299 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,654 പേരും ഇതിനോടകം രോഗമുക്തരാവുകയും ചെയ്‍തു. 4111 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി. നിലവില്‍ 534 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

🇦🇪യുഎഇയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി.

✒️യുഎഇയില്‍ (UAE) അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ (Pfizer-BioNtech covid vaccine) ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കുട്ടികളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതുവരെ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‍മിനിസ്‍ട്രേഷന്‍ അതോരിറ്റിയുടെ അനുമതിയും പ്രാദേശിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളിലെ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കുന്നതെന്ന് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നും ശക്തമായ രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ വാക്സിനുകളുടെ ഉപയോഗം ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളുള്ള മുതിര്‍ന്നവരില്‍ നേരത്തെ ഫൈസര്‍, സ്‍പുട്‍നിക് വാക്സിനുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

🇦🇪ഇനി ഒന്നല്ല രണ്ട് കോടീശ്വരന്മാര്‍; 20 കോടിയുടെ സമ്മാനം പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്.

✒️രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. നവംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ വാങ്ങി പങ്കെടുക്കാന്‍ സാധിക്കുന്ന ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹമായിരിക്കും (20 കോടി ഇന്ത്യന്‍ രൂപ). പത്ത് ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടുന്നയാളിന് സ്വന്തമാവുക. ഇതിനുപുറമെ മറ്റ് ആറ് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു. ഡിസംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്.

ഇതിനുപുറമെ മറ്റൊരു അമ്പരപ്പിക്കുന്ന സമ്മാനം കൂടി ഇത്തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രീം കാര്‍ സീരിസില്‍ ജനുവരി മൂന്നിന് തത്സമയ നടക്കുന്ന നറുക്കെടുപ്പില്‍ മസെറാട്ടി ഗിബ്ലി ഹൈബ്രിഡ് കാറായിരിക്കും വിജയികള്‍ക്ക് ലഭിക്കുക. ഗള്‍ഫിലെ ഏറ്റവും പ്രിയങ്കരമായ ആഡംബര കാറുകളിലൊന്നായ മസെറാട്ടി ഗിബ്ലി ഇതാദ്യമായാണ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കുന്നത്. ബിഗ് ടിക്കറ്റിലെ എല്ലാ ക്യാഷ്, കാര്‍ പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതാണ്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ ഇത്തവണ ഡ്രീം കാര്‍ സീരിസിലും 'ബൈ 2 ഗെറ്റ് വണ്‍ ഫ്രീ' ഓഫര്‍ ലഭ്യമാണ്. ഇത് ക്യാഷ് പ്രൈസും കാറും സ്വന്തമാക്കാനുള്ള അവസരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് നികുതി ഉള്‍പ്പെടെയുള്ള വില. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം. ഈ മാസം തന്നെ ടിക്കറ്റുകള്‍ വാങ്ങി കോടീശ്വരനാവാനുള്ള നിങ്ങളുടെ സാധ്യത പരിശോധിക്കാം.

നവംബര്‍ മൂന്ന് ബുധനാഴ്‍ചയാണ് ബിഗ് ടിക്കറ്റ് ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. വിര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡാണ് ഇത്തവണ റിച്ചാര്‍ഡിനും ബുഷ്റയ്ക്കൊമൊപ്പം നറുക്കെടുപ്പിന്റെ അവതാരകനായെത്തുന്നത്. ഒപ്പം ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് പേജുകള്‍ ഫോളോ ചെയ്യുന്നവര്‍ക്കായി മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സര്‍പ്രൈസ് സമ്മാനങ്ങളും കാത്തിരിക്കുകയാണ്.

🇸🇦പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; ഇഖാമ ഇനി മൂന്ന് മാസത്തേക്കും പുതുക്കാം.

✒️സൗദി അറേബ്യയിൽ (Saudi Arabia) വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (Resident permit) (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി (Work permit) ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി (Renewal) ബാങ്കുകളുടെ സർക്കാർ പേയ്മെന്റ് സംവിധാനം (Payment systems) മൂന്ന് മാസത്തേക്ക് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി. 

പുതിയ പേയ്‍മെന്റ് സിസ്റ്റം അനുസരിച്ച്, തൊഴിലുടമകൾക്ക് തങ്ങൾക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്നു മാസത്തിലോ ആറു മാസത്തിലോ അടയ്ക്കാൻ സാധിക്കും. മാനവശേഷി - സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‍ശിർ ബിസിനസ്, മുഖീം, ഖിവ എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിശ്ചിത കാലാവധിക്ക് മാത്രം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും. ഗവൺമെന്റ് പേയ്‍മെന്റ് സംവിധാനം പരിഷ്‌കരിച്ചതിനാൽ ചുരുങ്ങിയത് മൂന്ന് മാസത്തേക്കോ, അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളായ ആറ്, ഒമ്പത്, 12 മാസങ്ങളിലേക്കോ തൊഴിലുടമ വർക്ക് പെർമിറ്റിന് ഫീസ് അടയ്‍ക്കുന്നത് ഇനി മുതൽ ബാങ്കുകൾ സ്വീകരിക്കും.

🇸🇦സൗദിയിലെ സീ പോര്‍ട്ടുകളിലേക്ക് പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധം.

✒️സൗദിയിലെ(Saudi) സീ പോര്‍ട്ടുകളിലേക്ക് (sea port)പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ്(online permit) നിര്‍ബന്ധമാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ജിദ്ദ പോര്‍ട്ടിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പോര്‍ട്ട് അതോറിറ്റിയുടെ ഫസ്ഹ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പെര്‍മിറ്റെടുക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.

ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നവംബര്‍ ഒന്ന് മുതല്‍ ഫസഹ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതാണ്. ജനറല്‍ പോര്‍ട്ട്സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കസ്റ്റംസ് ഉപഭോക്താക്കളും ട്രാന്‍സ്പോര്‍ട്ട് കമ്പനികളും ഫസഹ് പ്ലാറ്റ്ഫോം വഴി അപ്പോയിന്റ്‌മെന്റ് എടുക്കുണം. അനുവദിച്ചിട്ടുള്ള തിയതിയും സമയവും പാലിച്ച് കൊണ്ടായിരിക്കണം ഡ്രൈവര്‍മാര്‍ ട്രക്കുകളുമായി തുറമുഖത്തേക്ക് എത്തേണ്ടത്.

🛫മദീനയിലേക്ക് ഇത്തിഹാദ് സര്‍വീസുകള്‍ നവംബര്‍ മുതല്‍.

✒️ഇത്തിഹാദ് എയര്‍വേയ്‌സിന്റെ (Etihad airways)മദീനയിലേക്കുള്ള(Madina) സര്‍വീസുകള്‍ നവംബര്‍ 27 മുതല്‍ പുനരാരംഭിക്കും. എയര്‍ബസ് എ321 ആണ് സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് ഉണ്ടാകുക.

ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മതപരമായ യാത്രയക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെ തങ്ങളുടെ വിമാനങ്ങള്‍ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സിലെ സെയില്‍സ് യുഎഇ വൈസ് പ്രസിഡന്റ് ഫാതിമ അല്‍ മെഹൈരി പറഞ്ഞു.

🇸🇦ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അരാംകോ.

✒️ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അറേബ്യയുടെ(Saudi Arabia) ദേശീയ എണ്ണ കമ്പനിയായ അരാംകോ(Aramco). ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ ഐ.ടി, എനര്‍ജി കമ്പനികളെ പിന്തള്ളിയാണ് സൗദി അരാംകോ ഏറ്റവും ലാഭമുള്ള കമ്പനിയായി മാറിയത്.

എണ്ണവിലയിലെ സമീപകാല വര്‍ദ്ധനവാണ് അരാംകോക്ക് തുണയായത്. ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറിലെ അറ്റാദായം ഒരു വര്‍ഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാള്‍ 158 ശതമാനം വര്‍ധിച്ച് 30.4 ശതകോടി ഡോളറായി വര്‍ധിച്ചു. വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 96 ശതകോടി ഡോളര്‍ ആയി. പ്രധാന വിപണികളിലെ വര്‍ധിച്ച സാമ്പത്തിക പ്രവര്‍ത്തനത്തിന്റെയും ഊര്‍ജ ആവശ്യകതയിലെ തിരിച്ചുവരവിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമാണ് അസാധാരണമായ ഈ പ്രകടനമെന്ന് അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിന്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.

🇸🇦വാഹനം റിവേഴ്‌സെടുക്കുന്നവര്‍ സൂക്ഷിക്കുക, 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടോടിയാല്‍ പിഴ കിട്ടും.

✒️സൗദി അറേബ്യയില്‍(Saudi Arabia) വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ സൂക്ഷിക്കുക. 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും(Traffic rule violation). 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സുരക്ഷിതവും നിയമാനുസൃതവുമായ രീതിയില്‍ റോഡില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം റോഡിലെ അടുത്ത എക്സിറ്റ് റോഡ് വരെ വാഹനം ഓടിക്കുകയാണ് വേണ്ടത്. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കാന്‍ പാടില്ല.

യാത്രക്കിടെ അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ സ്വന്തം സുരക്ഷയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട ശരിയായ നടപടികളും ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി. അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ ഏഴു നടപടികളാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ടത്. സ്റ്റിയറിംഗ് വീല്‍ മുറുകെ പിടിക്കുകയെന്നതാണ് ഇതില്‍ ഒന്നാമത്തേത്. ബ്രേക്ക് ചവിട്ടാന്‍ പാടില്ല. ആക്സിലേറ്ററില്‍ നിന്ന് കാല്‍പാദം ഉയര്‍ത്തുകയും വേണം. റോഡില്‍ വലതു വശത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തണം. ഇതിനു ശേഷം വാഹനം റോഡരികിലേക്ക് നീക്കണം. സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിലെ എമര്‍ജന്‍സി സിഗ്‌നല്‍ പ്രവര്‍ത്തിപ്പിക്കുകയും വേണം.

🇧🇭ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അലേർട്ട് ലെവൽ സംവിധാനങ്ങളിൽ മാറ്റം വരുത്തി.

✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നതിനും, COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനത്തിൽ 2021 ഒക്ടോബർ 31 മുതൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗബാധിതരുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഈ അലേർട്ട് ലെവൽ നിർണ്ണയിക്കുന്നത്.

2021 ഒക്ടോബർ 31 മുതൽ ബഹ്‌റൈനിൽ താഴെ പറയുന്ന രീതിയിലാണ് COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായുള്ള അലേർട്ട് ലെവൽ നിർണ്ണയിക്കുന്നത്:
പച്ച – പതിനാല് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 50 കേസുകൾക്ക് താഴെയാണെങ്കിൽ.
മഞ്ഞ – ഏഴ് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 51 മുതൽ 100 കേസുകൾ വരെയാണെങ്കിൽ.
ഓറഞ്ച് – നാല് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 101 മുതൽ 200 കേസുകൾ വരെയാണെങ്കിൽ.
ചുവപ്പ് – മൂന്ന് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 201 കേസുകൾക്ക് മുകളിലാണെങ്കിൽ.
ഇതിന് പുറമെ, രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ വാക്സിനെടുക്കാത്തവർ പ്രവേശിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന ശരീരോഷ്മാവ് പരിശോധന, വിവര ശേഖരണം മുതലായവ ഒഴിവാക്കാനും നാഷണൽ ടാസ്ക്ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം, അണുനശീകരണ നടപടികൾ, മറ്റു മുൻകരുതൽ നിർദ്ദേശങ്ങൾ മുതലായവ കർശനമായി പാലിക്കാൻ ടാസ്ക്ഫോഴ്സ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

2021 ജൂലൈ മുതൽ രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഉപയോഗിക്കുന്നത്.

🇴🇲ഒമാൻ: 2021 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2021 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. ഒക്ടോബർ 31-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം നവംബർ മാസത്തിലെ പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ വില 2021 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

VAT ഉൾപ്പടെ 2021 നവംബർ മാസത്തെ ഒമാനിലെ ഇന്ധന വില:
M95 പെട്രോൾ – ലിറ്ററിന് 242 ബൈസ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 239 ബൈസ)
M91 പെട്രോൾ – ലിറ്ററിന് 233 ബൈസ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 229 ബൈസ)
ഡീസൽ – ലിറ്ററിന് 275 ബൈസ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 258 ബൈസ).

🇶🇦ഖത്തർ: 2021 നവംബർ മാസത്തിലെ ഇന്ധന വില
 പ്രഖ്യാപിച്ചു.

✒️2021 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2021 ഒക്ടോബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, പ്രീമിയം പെട്രോൾ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റമില്ല. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 നവംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)

🇦🇪എക്സ്പോ 2020 ദുബായ്: അഞ്ച് ലക്ഷത്തോളം സന്ദർശകർ സൗദി പവലിയൻ സന്ദർശിച്ചു.

✒️ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എക്സ്പോ വേദി സന്ദർശിച്ച ഏതാണ്ട് 30 ശതമാനത്തോളം പേർ സൗദി പവലിയൻ സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച പവലിയൻ എന്ന നേട്ടം സൗദി പവലിയൻ കരസ്ഥമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എക്സ്പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതിചെയ്യുന്നത്.

13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും, അതിന്റെ നൂതനവും ഗുണപരവുമായ പദ്ധതികളെക്കുറിച്ചും അറിയിക്കുകയും, ജനങ്ങൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാനുള്ള അതിരറ്റ അഭിലാഷം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.

സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാൻ ഈ പവലിയനിലൂടെ സാധിക്കുന്നതാണ്. ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു.

🇦🇪ദുബായ്: മിറക്കിൾ ഗാർഡൻ പത്താം സീസൺ 2021 നവംബർ 1 മുതൽ ആരംഭിക്കും.

✒️ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2021 നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. മിറക്കിൾ ഗാർഡന്റെ പത്താം സീസൺ ആഘോഷിക്കുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പ്രദർശനത്തിനുണ്ട്.

അത്യന്തം ആകർഷകമായ രീതിയിൽ ഒരുക്കിയിട്ടുള്ള ഈ പൂന്തോട്ടത്തിൽ പത്താം സീസണിന്റെ ഭാഗമായി സന്ദർശകർക്ക് എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ വിവിധ ഇന്ദ്രിയങ്ങളിൽ അനുഭൂതിയേകുന്നതിനായി പൂക്കളാൽ തീർത്ത നിരവധി പ്രദർശനങ്ങൾ മിറക്കിൾ ഗാർഡനിൽ ഒരുങ്ങിയിട്ടുണ്ട്.

120 തരത്തിലുള്ള, ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകർക്കായി ഒരുങ്ങുന്നത്. ഇതിൽ ഏതാനം പുഷ്പങ്ങളും, സസ്യങ്ങളും ഗൾഫ് മേഖലയിൽ കാണാത്തവയാണ്. പൂക്കൾ ഒരുക്കുന്ന മായിക കാഴ്ച്ചകളോടൊപ്പം, വർണ്ണ വിളക്കുകളോട് കൂടിയ, വിവിധ രൂപങ്ങളിൽ സസ്യങ്ങളാൽ തയ്യാറാക്കിയ ദൃശ്യങ്ങളും മിറക്കിൾ ഗാർഡന്റെ രാത്രികാഴ്ച്ചകൾക്ക് മിഴിവേകുന്നു.

“പത്താം സീസണിലെത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു. സന്ദർശകർക്കായി മായികകാഴ്ച്ചകൾ ഒരുക്കുന്ന വേദിയാണ് മിറക്കിൾ ഗാർഡൻ. മിറക്കിൾ ഗാർഡൻ സന്ദർശിക്കുന്ന ഓരോ സന്ദർശകർക്കും ഏറ്റവും മികച്ചതും, മറക്കാനാകാത്തതുമായ ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ഞങ്ങൾ എന്നും ശ്രദ്ധചെലുത്തുന്നു.”, ദുബായ് മിറക്കിൾ ഗാർഡന്റെ സ്ഥാപകൻ എൻജിനീയർ അബ്ദെൽ നാസർ റഹാൽ അറിയിച്ചു.

കുട്ടികൾക്കായുള്ള ‘ദി സ്മർഫസ്’ എന്ന കോമിക് കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പൂക്കളാൽ തീർത്ത അലങ്കാരങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്. ഇതിന്റെ ഭാഗമായി ‘സ്മർഫ് വില്ലേജ് അട്രാക്ഷൻ ഏരിയ’ എന്ന പേരിലുള്ള ഒരു പ്രത്യേക ഇടം തന്നെ മിറക്കിൾ ഗാർഡനിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്മർഫ് കോമിക്കുകളിൽ കണ്ട് വരുന്ന നിരവധി കൂൺ രൂപത്തിലുള്ള വീടുകൾ സന്ദർശകർക്ക് പര്യവേക്ഷണം നടത്താവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു.

ഇതിന് പുറമെ പുതിയ ഒരു 3-ഡി ക്ലോക്ക്, ഫൗണ്ടനോട് കൂടിയ ഒരു ഫ്‌ളോട്ടിങ്ങ് റോക്ക്, പൂക്കളാൽ തീർത്ത മയിൽ രൂപങ്ങൾ, 15 മീറ്റർ അടി ഉയരമുള്ള ഒരു ജീനി രൂപം, ഫ്ലയിങ്ങ് മാജിക് കാർപറ്റ് മുതലായ പ്രദർശനങ്ങൾ ഈ വർഷത്തെ പ്രത്യേകതകളാണ്. മിറക്കിൾ ഗാർഡനിൽ നിലവിലുള്ള പൂക്കളാൽ തീർത്ത എമിറേറ്സ് A380 വിമാനം, ബാലെ നർത്തക രൂപങ്ങൾ തുടങ്ങിയവയും സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.

മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:
ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ: രാവിലെ 9.00 – രാത്രി 11.00 വരെ.
കൂടുതൽ വിവരങ്ങൾ https://www.dubaimiraclegarden.com/ എന്ന വിലാസത്തിൽ ലഭിക്കുന്നതാണ്.

🇦🇪യു എ ഇ: 2021 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2021 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഒക്ടോബർ 31-നാണ് യു എ ഇ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 നവംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 2.80 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.60 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 2.69 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.49 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 2.61 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.42 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 2.81 ദിർഹം. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 2.51 ദിർഹം ആയിരുന്നു)
2021 നവംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.

🇶🇦ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 100ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

✒️ഖത്തറില്‍(Qatar) ഇന്ന് 127 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 89 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 237,543. ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,220 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആറു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 57 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,751 ഡോസ് വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,38,632 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

🇰🇼കുവൈത്തില്‍ ഫാമിലി വിസയും സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി.

✒️കുവൈത്തില്‍ കുടുംബ വിസയും(KUWAIT FAMILY VISA) കുടുംബ സന്ദര്‍ശക വിസയും അനുവദിച്ച് തുടങ്ങി. ആദ്യഘട്ടത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും മാത്രമാണ് അനുവദിക്കുന്നത്. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കണം.

മാതാപിതാക്കള്‍ക്കുള്ള കുടുംബ വിസയും സന്ദര്‍ശക വിസയും പിന്നീട് അനുവദിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ കുടുംബ വിസ സപ്തംബര്‍ മുതല്‍ അനുവദിക്കുന്നുണ്ട്. യാത്രാനിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘനാളായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന വിദേശ തൊഴിലാളികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ ഇതോടെ അവസരമൊരുങ്ങും.

കുവൈത്തിൽ വിദേശത്തു നിന്നുള്ള റിക്രൂട്‌മെന്റ് പുനരാരംഭിക്കുന്നു.

✒️കുവൈത്തിൽ വിദേശത്തു നിന്നുള്ള റിക്രൂട്‌മെന്റ് പുനരാരംഭിക്കാൻ ഒരുങ്ങി മാൻപവർ അതോറിറ്റി. വിസ വിതരണം പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തൊഴിൽ പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള നടപടികൾ പുനരാരംഭിക്കുന്നത്. വർക്ക് പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ അനുസരിച്ചാകും സേവനങ്ങൾ. മാൻപവർ അതോറിറ്റിയുടെ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ അസ്സഹൽ പോർട്ടൽ വഴിയാണ് വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുക. പുതിയ തൊഴിൽ അനുമതി അപേക്ഷകൾക്ക് കോവിഡിന് മുൻപ് നിലവിലുണ്ടായിരുന്ന നിബന്ധനകൾ എല്ലാം ബാധകമായിരിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന നിബന്ധന കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്സഹൽ പോർട്ടൽ ആരോഗ്യമന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ അപ്ലോഡ് ചെയ്യുന്ന വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ ആധികാരിക ഉറപ്പാക്കാൻ സാധിക്കും. സർക്കാർ കരാറുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമ ജോലിയുടെ സ്വഭാവം, കരാർ കാലാവധി, പ്രൊഫഷൻ, യോഗ്യത എന്നിവ വ്യക്തമാക്കുന്ന കോൺട്രാക്ട് ഫോമിന് പുറമെ താമസ അലവൻസ്, എയർലൈൻ ടിക്കറ്റ് എന്നിവയുടെ തെളിവുകളും സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

0 Comments