ആഫ്രിക്കയിലെ കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമാകുന്ന പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്രകൾ നിയന്ത്രിക്കാൻ യൂറോപ്യൻ യൂണിയൻ. ജർമനി, ഇറ്റലി, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്രകൾ നിരോധിക്കാൻ നിർദേശങ്ങൾ നൽകി.
വർദ്ധിച്ചുവരുന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ വ്യാപനം തടയാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മിക്ക യാത്രകളും നിരോധിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ഇപ്പോൾ ജർമ്മനിയും ഇറ്റലിയും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.
വെള്ളിയാഴ്ച മുതൽ ദക്ഷിണാഫ്രിക്കയിൽ നിന്നും അവരുടെ അയൽരാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. എന്നാൽ ബ്രിട്ടന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തി.
നിരവധി തവണ ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. അടുത്തിടെയായി ദക്ഷിണാഫ്രിക്കയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് കാരണം വകഭേദം സംഭവിച്ച വൈറസ് ആയിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, നവംബർ ആദ്യം മുതൽ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ പത്തിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിരവധി തവണ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് വകഭേദത്തിന് ശാസ്ത്രജ്ഞർ 'B.1.1.529' എന്നാണ് ലേബൽ ചെയ്തിരിക്കുന്നത്. ഡെൽറ്റയേക്കാൾ രോഗവ്യാപനശേഷിയും നിലവിലുള്ള വാക്സിനുകളോട് കൂടുതൽ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട വകഭേദമാണ് 'B.1.1.529' എന്നാണ് ബ്രിട്ടൻ പറയുന്നത്. പുതിയ 'സൂപ്പർ-മ്യൂട്ടന്റ്' കോവിഡ് വേരിയന്റിന് നിലവിലുള്ള വാക്സിനുകളുടെ കാര്യക്ഷമത 40 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറയുന്നു.
0 Comments