🇴🇲ഒമാനില്‍ 10 പുതിയ കൊവിഡ് കേസുകള്‍ മാത്രം.
✒️ഒമാനില്‍ (Oman)പുതിയതായി 10 പേര്‍ക്ക് കൂടി കൊവിഡ് (covid 19)വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,04,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,670 പേരും ഇതിനോടകം രോഗമുക്തരായി. 4,112 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 536 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടു പേരെയാണ് കൊവിഡ് കാരണം ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ആകെ ആറ് പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
🇶🇦കൊവിഡ് നിയമലംഘനം: ഖത്തറില്‍ 138 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 138 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 137 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഒരാളെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‍ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്‍ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‍കൂളുകള്‍, യൂണിവേഴ്‍സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‍ക് നിര്‍ബന്ധമാണ്.
മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
🇦🇪യുഎഇ ദേശീയ പതാക ദിനം ആഘോഷിച്ച് യൂണിയന്‍ കോപ്.
✒️യുഎഇ(UAE) പതാക ദിനാഘോഷങ്ങളുടെ(Flag Day) ഭാഗമായി ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലുമായി 40 പതാകകള്‍ ഉയര്‍ത്തി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). രാജ്യത്തിന്റെ പതാകയ്ക്ക് കീഴില്‍ എല്ലാവരും ഒത്തുചേരുന്നതും ഐക്യത്തിന്റെയും രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള വിശ്വാസവും കൂറും പ്രകടി്പിക്കുന്ന അവസരമാണിത്.
അല്‍ വര്‍ഖ സിറ്റി മാള്‍ ബില്‍ഡിങില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പങ്കെടുത്തു. വിവിധ ഡിവിഷിനുകളിലെയും വിഭാഗങ്ങളിലെയും ഡയറക്ടര്‍മാരും യൂണിയന്‍ കോപ് മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയത്. ദുബൈയില്‍ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ സെന്ററുകളിലും മാനേജര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.
Union Coop celebrates UAE Flag Day 2021
ആഘോഷത്തിന്റെ ഭാഗമായി വിവിധ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലുമെത്തിയ ഉപഭോക്താക്കള്‍ക്ക് യൂണിയന്‍ കോപ് ജീവനക്കാര്‍ യുഎഇ പതാക വിതരണം ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അവരുടെ സഹോദരങ്ങള്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ജനങ്ങള്‍ എന്നിവര്‍ക്ക് ദേശീയ പതാക ദിനത്തില്‍ യൂണിയന്‍ കോപ് സിഇഒ ആശംസകള്‍ നേര്‍ന്നു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നേട്ടങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പ്രിയപ്പെട്ട രാജ്യത്തോടുും ഭരണാധികാരികളോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ യൂണിയന്‍ കോപിന്റെ ഭാഗമായിട്ടുള്ള എല്ലാവരും കാത്തിരിക്കുന്ന വാര്‍ഷിക പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്തി ഈ ദിനം ആഘോഷിക്കുന്നതിലടെ ഒരുമയും രാജ്യത്തോടുള്ള വിശ്വാസ്യതയും കൂറുമാണ് പ്രതിഫലിക്കുന്നതെന്നും ഇത് മികച്ച ഭരണനേതൃത്വത്തിന് കീഴില്‍ യുഎഇ ജനത കൈവരിച്ച നേട്ടങ്ങളുടെ ആഘോഷം കൂടിയാണെന്നും യൂണിയന്‍ കോപ് സിഇഒ ചൂണ്ടിക്കാട്ടി.
🇦🇪യുഎഇയില്‍ 79 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 102 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 248,337 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 740,136 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 734,450 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,137 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,549 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🛫കശ്മീര്‍ ഉല്‍പ്പന്നങ്ങള്‍ യുഎഇയിലെത്തിക്കാന്‍ ഗോ ഫസ്റ്റ് എയര്‍ലൈനുമായി
കൈകോര്‍ത്ത് ലുലു ഗ്രൂപ്പ്.
✒️കശ്മീരില്‍(Kashmir) നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലും(UAE) മറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും(LuLu group ) ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനും(Go First airline) ഒരുങ്ങുന്നു.
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് നേരിട്ടുള്ള കാര്‍ഗോ സര്‍വീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയര്‍ലൈനും തമ്മില്‍ ധാരണയായത്. ജമ്മു കശ്മീര്‍ വ്യവസായ - സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദിയും ലുലു ഗ്രൂപ്പ് ഡയറകറ്റര്‍ സലിം എം എ യും തമ്മിലാണ് ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ശ്രീ നഗറില്‍ വെച്ച് ഒപ്പ് വെച്ചത്.
ഗോ ഫസ്റ്റിന്റെ കാശ്മീരില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസ് കഴിഞ്ഞയാഴ്ചയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കശ്മീരില്‍ നിന്നും ആദ്യമായി അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്ന ആദ്യ എയര്‍ലൈന്‍ എന്ന ബഹുമതിയും ഗോ ഫസ്റ്റ് കരസ്ഥമാക്കുകയാണ്.
കശ്മീരിലെ വിശാലമായ കയറ്റുമതി സാദ്ധ്യതകള്‍ ഇതുവഴി ഉപയോഗപ്പെടുത്താമെന്നും, ഇതിനായി അവസരം നല്‍കിയതിന് ജമ്മു കശ്മീര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എ പറഞ്ഞു. പ്രാദേശികമായി കാശ്മീരില്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, കരകൗശല വസ്തുക്കള്‍, മറ്റ് പ്രധാന ഉത്പന്നങ്ങള്‍ എന്നിവയുടെ വലിയ തോതിലുള്ള കയറ്റുമതി സാധ്യത ഇതോടെ തുറക്കുകയാണെന്ന് സലിം പറഞ്ഞു.
ഡിസംബറില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദി വ്യക്തമാക്കി. ജമ്മുകശ്മീര്‍ - കേന്ദ്ര ഗവണ്‍മെന്റുകള്‍, ലുലു ഗ്രൂപ്പ് എന്നിവയോടുള്ള നന്ദിയും ഗോ ഫസ്റ്റ് അറിയിച്ചു. കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നതോടെ ജമ്മു കശ്മീരിലെ കര്‍ഷകര്‍ക്കും, നെയ്ത്തുകാര്‍ക്കും, ചെറുകിട സംരംഭകര്‍ക്കും വലിയ വിപണന സാധ്യത മുന്നില്‍ കാണാമെന്ന് സെക്രട്ടറി രഞ്ജന്‍ താക്കൂര്‍ പറഞ്ഞു. ലുലുവിന്റെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതും പുതിയ സര്‍വീസിന്റെ പ്രധാന സവിശേഷതയാണ്. ആദ്യം ആഴ്ചയില്‍ 4 സര്‍വിസുകള്‍ നടത്തുന്ന ഗോ ഫസ്റ്റ് എല്ലാദിവസവും സര്‍വീസ് നടത്തുന്ന രീതിയിലേക്ക് മാറും. അത് ദുബായ് ഷാര്‍ജ മറ്റ് വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ ഗുണപ്രദമായി മാറുമെന്നും താക്കൂര്‍ പറഞ്ഞു. ഇതിനകം വിജയകരമായി കാശ്മീരി ആപ്പിള്‍ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പ് ഇപ്പോള്‍ കയറ്റുമതി വ്യാപകമാക്കുന്നതോടെ ജമ്മു കശ്മീരിലെ കര്‍ഷകര്‍ക്ക് വിശാലമായ അവസരങ്ങളാണ് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
🇸🇦സ്വദേശികളുടെ പേരില്‍ ബിസിനസ് നടത്തുന്ന പ്രവാസികള്‍ കുടുങ്ങും; ശക്തമായ നടപടി വരുന്നു.
✒️സൗദി അറേബ്യയിലെ (Saudi Arabia) ബിനാമി ബിസിനസുകാർ കുടുങ്ങും. സ്വദേശി പൗരന്മാരുടെ മറവിൽ വിദേശികൾ ബിസിനസ് ഇടപാടുകൾ (Business transactions) നടത്തുന്നത് സൗദി അറേബ്യയിൽ വലിയ കുറ്റമാണ്. 2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസുകൾ (benami business) കണ്ടെത്താൻ ശക്തമായ പരിശോധനയും നടപടികളും ആരംഭിക്കും.
രാജ്യത്ത് നിലവിലുള്ള ബിനാമി ബിസിനസുകളിൽ ഭൂരിഭാഗവും ഗ്രോസറി ഷോപ്പ്, ബാർബർ ഷോപ്, ഗ്യാസ് സ്റ്റേഷൻ മേഖലയിലാണെന്നാണ് കണ്ടെത്തൽ. കൗൺസിൽ ഓഫ് സൗദി ചേംബേഴ്‍സിന്റെ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഗ്രോസറി ഷോപ്പ്, ബാർബർ ഷോപ്, ഗ്യാസ് സ്റ്റേഷൻ നടത്തിപ്പ് പൂർണമായും ബിനാമി ഇടപാടായാണ് നടക്കുന്നത്. നൂറുശതമാനമാണ് ഈ രംഗങ്ങളിലെ ബിനാമി ഇടപാടെന്ന് കണ്ടെത്തിയതായി കൗൺസിൽ ഓഫ് ചേംബറിലെ കൊമേഴ്‌സ്യൽ കമ്മിറ്റി ചെയർമാൻ ഹാനി അൽ അഫ്‌ലഖ് പറഞ്ഞു. ഇത് കണ്ടെത്താൻ പ്രത്യേക പരിശോധന നടത്താനാണ് നീക്കം.
🇦🇪എക്സ്പോ 2020 ദുബായ്: ആദ്യ മാസം വൻ വിജയം; 2.35 ദശലക്ഷം സന്ദർശകർ.
✒️ദുബായിൽ നടക്കുന്ന ലോക എക്സ്പോ പ്രദർശനമായ ‘എക്സ്പോ 2020 ദുബായ്’ ആദ്യ മാസത്തിൽ സന്ദർശകർക്കിടയിൽ വലിയ വിജയം നേടിയതായി സംഘാടകർ പ്രഖ്യാപിച്ചു. എക്സ്പോ ആരംഭിച്ച ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ നീണ്ട് നിന്ന് ആദ്യ 30 ദിനങ്ങളിൽ ഏതാണ്ട് 2350868 സന്ദർശനങ്ങളാണ് ‘എക്സ്പോ 2020 ദുബായ്’ വേദി രേഖപ്പെടുത്തിയത്.
അവിസ്മരണീയമായ നിരവധി പരിപാടികൾ, വിനോദങ്ങൾ, സെമിനാറുകൾ മുതലായവ ലോകമെമ്പാടുമുള്ള ആളുകളെ എക്സ്പോ വേദിയിലേക്ക് ആകർഷിക്കുന്നു. ഇതുവരെ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരിൽ 28 ശതമാനം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ശൈത്യ കാലം ആരംഭിക്കുന്ന വരും മാസങ്ങളിൽ ഈ കണക്ക് വർദ്ധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
എക്സ്പോ വേദി സന്ദർശിച്ചവരിൽ 17 ശതമാനവും വിദേശത്ത് നിന്നെത്തിയവരാണ്. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും യാത്രാ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ നേട്ടം ശ്രദ്ധേയമാണ്. ഇതുവരെ 185 രാജ്യങ്ങളിൽ നിന്നുള്ളവർ എക്സ്പോ വേദിയിലെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇതുവരെ എക്സ്പോ വേദി സന്ദർശിച്ചവരിൽ ഭൂരിഭാഗം സന്ദർശകരും ഒന്നിലധികം തവണ ഈ പ്രദർശനം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പകുതിയിലധികം (53 ശതമാനം) സന്ദർശകരും സീസൺ പാസ് ഉപയോഗിച്ചാണ് സന്ദർശനം നടത്തിയിരിക്കുന്നത്. നാലിലൊന്നിൽ കൂടുതൽ (27 ശതമാനം) സന്ദർശകർ മൾട്ടി-ഡേ പാസ് ഉപയോഗിച്ചും, 20 ശതമാനം പേർ ഒരു ദിവസത്തെ ടിക്കറ്റ് ഉപയോഗിച്ചുമാണ് ലോക എക്സ്പോ വേദിയിൽ പ്രവേശിച്ചിരിക്കുന്നത്.
2020 മുന്നോട്ട് വെക്കുന്ന സുസ്ഥിര ലക്ഷ്യങ്ങൾക്ക് അനുസൃതമായി, RTA പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് നിരവധി പേരാണ് എക്സ്പോ വേദി സന്ദർശിച്ചിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് സന്ദർശകർ എക്സ്പോ വേദിയിലേക്ക് നടത്തിയിട്ടുള്ള ഏതാണ്ട് 3.6 ദശലക്ഷം യാത്രകളിൽ 1.1 ദശലക്ഷത്തിലധികം യാത്രകൾ ദുബായ് മെട്രോ ഉപയോഗിച്ച് കൊണ്ടുള്ളവയാണ്.
എക്സ്പോ 2020 ദുബായ് ആരംഭിച്ച ശേഷമുള്ള ആദ്യ 31 ദിനങ്ങളിൽ പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് തീമാറ്റിക് വീക്ക് ആഘോഷങ്ങൾക്കും എക്സ്പോ വേദി സാക്ഷിയായി. ലോകത്തിലെ ഏറ്റവും നിർണായകമായ വെല്ലുവിളികളെയും അവസരങ്ങളെയും അഭിമുഖീകരിക്കുന്നതിന് കൂട്ടായതും അർത്ഥവത്തായതുമായ പ്രവർത്തനത്തിന് പ്രചോദനം നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ‘പീപ്പിൾ ആൻഡ് പ്ലാനറ്റ്’ പ്രോഗ്രാമിന്റെ ഭാഗമായി COP26 ആഗോള പരിസ്ഥിതി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന കാലാവസ്ഥയും ജൈവവൈവിധ്യ വാരവും, ഭൂമിയിലെ ജീവിതത്തെ അന്തിമ അതിർത്തി എങ്ങനെ സഹായിക്കുമെന്ന് പര്യവേക്ഷണം ചെയ്യുന്നതിനായി നടത്തിയ ബഹിരാകാശ വാരവും ഏറെ ശ്രദ്ധേയമായി. ലോക എക്സ്പോ സംഘടിപ്പിക്കപ്പെടുന്ന മാർച്ച് അവസാനം വരെയുള്ള കാലയളവിൽ എട്ട് തീമാറ്റിക് ആഴ്ചകൾക്ക് കൂടി എക്സ്പോ വേദി സാക്ഷിയാകുന്നതാണ്. നിലവിൽ നവംബർ 6 വരെ നഗര, ഗ്രാമ വികസന വാരം നടന്നു കൊണ്ടിരിക്കുന്നു.
എക്സ്പോ 2020-യുടെ ആദ്യ മാസത്തിൽ നിരവധി രാജ്യങ്ങൾ തങ്ങളുടെ ദേശീയ ദിനങ്ങൾ എക്സ്പോ വേദിയിൽ ആചരിച്ചു. ഒരു മാസത്തിനിടയിൽ ഏതാണ്ട് 695437 എക്സ്പോ പാസ്സ്പോർട്ടുകളാണ് സന്ദർശകർ സ്വന്തമാക്കിയത്.
🇦🇪യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷം: സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി.
✒️യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. 2021 നവംബർ 2-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച്ച നടന്ന NCEMA-യുടെ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം അമ്പതാം ദേശീയ ദിനാഘോഷ പരിപാടികൾക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും നാഷണൽ ഡേ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. അൽ ഹോസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ള രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർ, ബൂസ്റ്റർ ഡോസ് വാക്സിനെടുത്തവർ എന്നീ വിഭാഗങ്ങൾക്ക് നാഷണൽ ഡേ പരിപാടികളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
നാഷണൽ ഡേ പരിപാടികളിൽ പങ്ക് ചേരുന്നവർക്ക് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
ഇത്തരം പരിപാടികളിൽ 80 ശതമാനം ശേഷിയിൽ പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന മുഴുവൻ വ്യക്തികളുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
പങ്കെടുക്കുന്ന മുഴുവൻ വ്യക്തികളും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
പങ്കെടുക്കുന്ന മുഴുവൻ വ്യക്തികളും 1.5 മീറ്റർ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. ഒരേ കുടുംബത്തിലുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.
ഹസ്തദാനം, ആലിംഗനം മുതലായ അഭിവാദന രീതികൾ ഒഴിവാക്കേണ്ടതാണ്.
🇸🇦സൗദി: വിസിറ്റ് വിസ റെസിഡൻസി വിസയിലേക്ക് മാറ്റുന്നതിന് അനുമതിയില്ലെന്ന് ജവാസത്.
✒️ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് ജവാസത് ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.
ഫാമിലി വിസിറ്റ് വിസകൾ റെസിഡൻസി വിസയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ നിലവിൽ പുറത്തിറക്കിയിട്ടില്ലെന്ന് ജവാസത് സ്ഥിരീകരിച്ചു. നിലവിലെ നിയമങ്ങൾ ഇത് അനുവദിക്കുന്നില്ലെന്നും ജവാസത് കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ വരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഔദ്യോഗിക സ്രോതസുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് വെക്കരുതെന്ന് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി.
✒️സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ പോസ്റ്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. അപരിചിതരുമായും, സ്രോതസ്സ് ഉറപ്പാക്കാത്ത സ്ഥാപനങ്ങളുമായും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്ക് വെക്കരുതെന്നും ഒമാൻ പോസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ടു കൊണ്ട് വരുന്ന സന്ദേശങ്ങളെക്കുറിച്ച് പ്രത്യേക ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
“പണമിടപാടുകൾ ആവശ്യപ്പെട്ടു കൊണ്ട് ഒമാൻ പോസ്റ്റ് ഒരിക്കലും ഇമെയിൽ സന്ദേശങ്ങളോ, SMS സന്ദേശങ്ങളോ, വാട്സ്ആപ്പ് പോലുള്ള ആപ്പുകളിലൂടെയുള്ള സന്ദേശങ്ങളോ, ലിങ്കുകളോ അയക്കുന്നതല്ല. അതിനാൽ ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി അപരിചിതരുമായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഒരു കാരണവശാലും പങ്ക് വെക്കരുത്.”, ഒമാൻ പോസ്റ്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
“ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം https://omanpost.om/ എന്നതാണ്. ഈ വിലാസം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 100 എന്ന നമ്പറിൽ ഞങ്ങളുടെ കാൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.”, ഒമാൻ പോസ്റ്റ് കൂട്ടിച്ചേർത്തു.
🇧🇭ബഹ്‌റൈൻ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി.
✒️രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അംഗീകാരം നൽകി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള മൂവായിരത്തി ഒരുനൂറ് കുട്ടികളിൽ ഫൈസർ വാക്സിൻ നൽകിയ ശേഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ കുട്ടികളിൽ വാക്സിൻ 90.7 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. വാക്സിനെടുത്തതിന്റെ ഭാഗമായി കുട്ടികളിൽ പാർശ്വഫലങ്ങളൊന്നും രേഖപെടുത്തിയിട്ടില്ലെന്നും ഈ അറിയിപ്പിൽ സൂചിപ്പിക്കുന്നു.
മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകുന്നതിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.
🇶🇦ഖത്തര്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി ലക്ഷങ്ങള്‍ തട്ടി.
✒️ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മാന്നാര്‍ സ്വദേശി ലക്ഷങ്ങള്‍ തട്ടി. 37 പേര്‍ ഇത് സംബന്ധിച്ച് മാന്നാര്‍ പോലിസില്‍ പരാതി നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ വീതം പലപ്പോഴായി വാങ്ങിയെന്നു കാട്ടിയാണ് ഇവര്‍ പരാതിപ്പെട്ടത്. കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം പരാതിയുമായി മാന്നാര്‍ പോലിസ് സ്റ്റേഷനില്‍ എത്തിയത്.
കബളിപ്പിക്കപ്പെട്ട എഴുപതിലേറെപ്പേരുണ്ടെന്നാണ് പരാതിക്കാര്‍ പോലിസിനെ അറിയിച്ചത്. കൊടുത്ത തുക മടക്കിക്കിട്ടാന്‍ മൂന്ന് വര്‍ഷമായി ശ്രമിക്കുന്നെന്നും പല തവണ അവധി പറഞ്ഞ് കബളിപ്പിച്ചതായും പരാതിക്കാര്‍ പറഞ്ഞു. പണം തിരികെ നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാര്‍ ഇന്നലെ രാവിലെ ഇയാളുടെ മാന്നാറിലെ വീട്ടിലെത്തിയെങ്കിലും ആള്‍ സ്ഥലത്തില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
🇶🇦ഖത്തറില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്; രോഗമുക്തി 80 മാത്രം.
✒️ഖത്തറില്‍(Qatar) ഇന്ന് 138 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 80 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,37,739. ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,296 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ മൂന്നുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 69 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,323 ഡോസ് വാക്സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം 48,45,533 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇸🇦ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദിയില്‍ നാളെ തുറക്കും.
✒️ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയില്‍ നാളെ മിഴി തുറക്കും. റിയാദിനും പുരാതന നഗരമായ അല്‍ഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വൈകാതെ സൗദിയിലെ 10,000 സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ചെറുവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകള്‍ കാണിക്കും.
സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനല്‍ പുറത്തിറങ്ങിയ ”ആര്‍ക്കിടെക്സ് ഓഫ് ഏന്‍ഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി വിമാനത്തില്‍ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുക.
🇸🇦കോവിഡ്: സൗദിയിൽ ഒരു മരണം കൂടി.
✒️സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു. 49 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 37 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,760 ഉം രോഗമുക്തരുടെ എണ്ണം 5,37,690 ഉം ആയി. ആകെ മരണസംഖ്യ 8,799 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരിൽ 54 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 18, ജിദ്ദ 8, മദീന 3, മക്ക 3, ത്വാഇഫ് 2, ദമ്മാം 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,068,736 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
🇰🇼അപ്പോയൻമെൻറില്ലാതെയും ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കാം.
✒️കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ മുൻകൂർ അപ്പോയൻമെൻറ് ആവശ്യമില്ല. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂർത്തിയാക്കിയവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിെൻറ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോഡ്, ഫൈസർ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിൽ ചെന്ന് സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂർത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന.
നേരത്തെ ബൂസ്റ്റർ ഡോസ് വിതരണത്തിനായി ആരോഗ്യ മന്ത്രാലയം രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു.
പ്രതിരോധശേഷി ശക്തമാക്കാനും കോവിഡിെൻറ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. തുടക്കത്തിൽ മുൻഗണന വിഭാഗത്തിൽപെട്ട ആരോഗ്യപ്രവർത്തകർ, നിത്യരോഗികൾ, 60 വയസ്സിന് മുകളിൽ പ്രായമായവർ എന്നിവർക്ക് മാത്രമായിരുന്നു ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.
0 Comments