✒️സൗദി അറേബ്യയില്‍ (Saudi Arabia) മൊബൈല്‍ ഷോപ്പുകളില്‍ (Mobile shops) അധികൃതരുടെ പരിശോധന. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ സംയുക്ത സംഘം (Joint-inspection team) പരിശോധനയ്‍ക്ക് എത്തിയത്. തൊഴില്‍ നിയമ ലംഘകരമായ 28 പ്രവാസികളെ ഇവിടെ നിന്ന് പിടികൂടി. ഇവരെ നാടുകടത്തുമെന്ന് (Deporting) അധികൃതര്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിയാദ് ശാഖാ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാജ്യത്ത് സ്വദേശിവത്കരണവും തൊഴില്‍ നിയമങ്ങളും നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയും പരിശോധനയില്‍ പങ്കെടുത്തു.
സ്‍പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യല്‍, സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യല്‍, തൊഴില്‍ പെര്‍മിറ്റില്ലാതെ ജോലി ചെയ്യല്‍, സ്വദേശിവത്കരിച്ച തൊഴിലുകളില്‍ സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് പ്രവാസികള്‍ പിടിയിലായത്. പത്തോളം വ്യാപാര സ്ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തി. ഇവര്‍ക്ക് പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുന്നതിനുമായി സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി.
🇰🇼മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ അറസ്റ്റിലായി.
✒️കുവൈത്തില്‍ (Kuwait) മയക്കുമരുന്ന് കടത്തുന്നതിനിടെ (Drug smuggling) രണ്ട് പ്രവാസികള്‍ അറസ്റ്റിലായി (Two expats arrested). 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച ബോട്ട് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കണ്ടെടുക്കുന്നതിലേക്ക് നയിച്ചത്.
റഡാറില്‍ ബോട്ട് ദൃശ്യമായതിന് പിന്നാലെ നേവല്‍ പട്രോള്‍ സംഘം ഇതിനെ പിന്തുടരുകയായിരുന്നു. രണ്ട് പ്രവാസികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍ത സുരക്ഷാ സേന ബോട്ട് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് കാനില്‍ ഒളിപ്പിച്ച 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു.
🇰🇼32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി.
✒️കുവൈത്തില്‍ (Kuwait) ഈ വര്‍ഷം ഇതുവരെ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ (Expatriate's driving licences) റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ വര്‍ഷം ഇതുവരെയുള്ള 10 മാസത്തിനുള്ളില്‍ റദ്ദാക്കിയത്.
ഈ വര്‍ഷം ഇതുവരെ 2400 കുവൈത്ത് സ്വദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയിട്ടുണ്ട്. സ്വദേശികളില്‍ മാനസിക രോഗമുള്ളവരുടെയും കാഴ്‍ച പരിശോധനയില്‍ പരാജയപ്പെട്ടവരുടെയും ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇവരില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ അനുവദിച്ച പുതിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 41,000 ഡ്രൈവിങ് ലൈസന്‍സുകളാണ് കുവൈത്തില്‍ ഈ വര്‍ഷം അനുവദിച്ചത്.
രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കിയതുമാണ് അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. വിവിധ മന്ത്രാലയങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ലൈസന്‍സ് അനുവദിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
🇰🇼60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും.
✒️കുവൈത്തില്‍ (Kuwait) 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ (Expats above 60 years of age) തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ (Public Authority for manpower) ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ (Secondary education) തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്.
പുതിയ തീരുമാനം അനുസരിച്ച് 500 ദിനാര്‍ ഫീസ് ഈടാക്കി ഇവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും. ഒപ്പം പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇനത്തില്‍ 1200 ദിനാര്‍ കൂടി ഈടാക്കും. വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്നാണ് ഈ തുക നിജപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് ഇനത്തിലുമായി 1700 ദിനാര്‍ (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കും അറുപത് വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്. ഇഖാമ പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പുതിയ തീരുമാനമനുസരിച്ച് മാറ്റം വരുത്തും. വാണിജ്യ വ്യവസായ മന്ത്രിയുടെയും മാന്‍പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‍സ് ചെയര്‍മാന്റെയും അംഗീകാരം ലഭിക്കുന് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാന്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
🇸🇦സൗദി അറേബ്യയിൽ പത്ത് നഗരങ്ങളിൽ കൂടി സിനിമാ തിയറ്ററുകൾ വരുന്നു.
✒️സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്സിബിറ്റേഴ്‍സ് കമ്പനിയായ വോക്‌സ് സിനിമാസിന് നിലവിൽ സൗദിയിൽ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്.
അടുത്ത അഞ്ച് വർഷത്തിനകം തീയറ്ററുകളുടെ എണ്ണം മൂന്നിരട്ടിയാക്കി വർദ്ധിപ്പിക്കും. സൗദി വിപണിയിൽ രണ്ടായിരത്തോളം സിനിമാ ശാലകൾക്ക് സാധ്യതയുള്ളതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ പത്ത് ശതമാനം അറബി സിനിമകളാണ്. ഇത് ബോക്‌സ് ഓഫീസിന്റെ 25 ശതമാനത്തിലധികം വരും.
35 വർഷത്തിന് ശേഷം 2018ലാണ് സൗദി അറേബ്യയിൽ സിനിമാ പ്രദർശനത്തിന് അനുമതി നൽകിയത്. 1980ന്റെ തുടക്കത്തിലാണ് സൗദിയിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയത്. 2018 ഏപ്രിൽ മാസത്തിൽ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തർ പ്രദർശിപ്പിച്ച് കൊണ്ടാണ് രാജ്യത്ത് സിനിമാ വിപ്ലവത്തിന് തുടക്കമിട്ടത്.
🇴🇲മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് നാളെ മുതല്‍ തുറക്കും.
✒️'അല്‍-നസീം പാര്‍ക്ക്' (Al-Naseem Public Park)പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ (2021 നവംബര്‍ 5) വെള്ളിയാഴ്ച മുതല്‍, അടച്ചിട്ടിരുന്ന 'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാവിലെ എട്ട് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
എന്നാല്‍ 'കല്‍ബോ പാര്‍ക്ക്', 'അല്‍ ഗുബ്ര ലേക്ക് പാര്‍ക്ക്' എന്നീ രണ്ടു പാര്‍ക്കുകളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചു വരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ക്കു ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്റെ പതിനഞ്ചാമത് ദേശിയ ദിനാഘോഷത്തിനോടനുബന്ധിച്ചു 1985 ലാണ് 'അല്‍-നസീം പാര്‍ക്ക്' ഉദ്ഖാടനം ചെയ്യപ്പെട്ടത്. 75,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള 'അല്‍-നസീം പാര്‍ക്ക്' മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
🇴🇲ഒമാനില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 11 കൊവിഡ് കേസുകള്‍ മാത്രം.
✒️ഒമാനില്‍ (Oman) ഇന്ന്(നവംബര്‍ 4) പുതിയതായി 11 പേര്‍ക്ക് കൂടി കൊവിഡ് (covid 19)വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 29 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,699 പേരും ഇതിനോടകം രോഗമുക്തരായി. 4,112 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 518 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആരെയും കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആകെ ആറ് പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
🇸🇦സൗദിയില്‍ 5-11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന് അനുമതി.
✒️സൗദി അറേബ്യയില്‍(Saudi Arabia) അഞ്ച് വയസ്സ് മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ ( Pfizer vaccine)ഉപയോഗിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുവാദം നല്‍കി. ഫൈസര്‍ കമ്പനി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷവും ഈ പ്രായത്തില്‍പ്പെട്ട കുട്ടികളില്‍ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങള്‍ വിലയിരുത്തിയുമാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
വാക്‌സിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതായി കമ്പനി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. ഈ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളും പഠനങ്ങളും കമ്പനി സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ 10നാണ് സൗദിയില്‍ ഫൈസര്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അതോറിറ്റി അനുമതി നല്‍കിയത്. ആരോഗ്യ വകുപ്പിന് ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഫൈസര്‍ വാക്‌സിന് പുറമെ ഓക്‌സ്ഫഡ് ആസ്ട്രസെനക്ക,മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്കും സൗദിയില്‍ അനുമതിയുണ്ട്.
🇦🇪യുഎഇയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി.
✒️യുഎഇയില്‍ (UAE) അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ (Pfizer-BioNtech covid vaccine) ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കുട്ടികളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതുവരെ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‍മിനിസ്‍ട്രേഷന്‍ അതോരിറ്റിയുടെ അനുമതിയും പ്രാദേശിക മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനകളുടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളിലെ ഉപയോഗത്തിന് അടിയന്തര അനുമതി നല്‍കുന്നതെന്ന് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നും ശക്തമായ രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ വാക്സിനുകളുടെ ഉപയോഗം ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളുള്ള മുതിര്‍ന്നവരില്‍ നേരത്തെ ഫൈസര്‍, സ്‍പുട്‍നിക് വാക്സിനുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
🇦🇪പ്രണവ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ.
✒️ചലച്ചിത്ര നടന്‍ പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal) യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
സര്‍ക്കാര്‍കാര്യ മേധാവിന ബാദ്രേയ്യ അല്‍ മസ്‌റൂയി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി. മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
🇦🇪അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ പ്രവാസിക്ക് 30 കോടി.
✒️അബുദാബി ബിഗ് ടിക്കറ്റിന്റെ 233-ാമത് സീരീസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ)ഗ്രാന്റ് പ്രൈസ്. പ്രവാസിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റ് 15 മില്യന്‍ നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയത്. അബുദാബിയില്‍ താമസിക്കുന്ന 35കാരനായ ഷഹീദ് മഹ്മൂദ് ഒക്ടോബര്‍ 31നാണ് സമ്മാനാര്‍ഹമായ 071808 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. പാകിസ്ഥാനില്‍ താമസിക്കുന്ന സുഹൃത്തുമായി ചേര്‍ന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ ഷഹീദിനെ ഫോണ്‍ വിളിച്ചു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ഇത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു ഷഹീദിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും ഇദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും പ്രത്യേക അതിഥി ക്രിസ് ഫേഡും വിജയിയായ ഷഹീദിനെ ഫോണില്‍ വിളിച്ചിരുന്നു.
ടി20 ലോകകപ്പ് ക്രിക്കറ്റ് കണ്ടതിന് ശേഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു ഷഹീദ് അപ്പോള്‍. നറുക്കെടുപ്പ് കാണുന്നതിനിടെ അപ്രതീക്ഷിതമായി ഒന്നാം സമ്മാനം തേടിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റിന്റെ വലിയ ആരാധകനായ ഷഹീദ്, കൊവിഡിന് മുമ്പ് നറുക്കെടുപ്പ് നേരില്‍ കാണാന്‍ എത്തുമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടങ്ങുന്നതാണ് ഷഹീദിന്റെ കുടുംബം. പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തെ വിളിച്ച് ഇക്കാര്യം അറിയിക്കുന്നതിന് വളരെയധികം ആകാംഷയിലാണ് അദ്ദേഹം.
അബുദാബിയില്‍ താമസിക്കുന്ന ഷഹീദ് ഒരു ഗ്ലാസ് ഇന്‍സ്റ്റലേഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സമ്മാനവിവരം അറിഞ്ഞപ്പോള്‍ 15 മില്യന്‍ നേടിയത് പറയാന്‍ ഷഹീദ് തന്റെ മേലധികാരിയെയും വിളിച്ചു. ശ്രമിച്ചുകൊണ്ടേയിരിക്കുക, ഒരിക്കലും പിന്‍വാങ്ങരുത് എന്നതാണ് ഷഹീദിന് നല്‍കാനുള്ള ഉപദേശം. 15 മില്യന്‍ നറുക്കെടുപ്പ് കൂടുതല്‍ ഗംഭീരമാക്കുന്നതിനായി വിര്‍ജിന്‍ റേഡിയോയിലെ ക്രിസ്ഡ ഫേഡും ഇന്നലെ നറുക്കെടുപ്പ് വേദിയിലെത്തിയിരുന്നു. വിജയികളെ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹവും പങ്കാളിയായി.
ഈ നവംബറില്‍ നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മറ്റ് ആറ് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഒരു ഭാഗ്യശാലിക്ക് റേഞ്ച് റോവര്‍ ഇവോക്ക് കാര്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ബിഗ് ടിക്കറ്റ് 233-ാമത് സീരിസിലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.
രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി ഇന്ത്യന്‍ രൂപ) നേടിയത് ലബനോനില്‍ നിന്നുള്ള ജോര്‍ജസ് ദിബ് ആണ്. 063241 എന്ന ടിക്കറ്റ് നമ്പരാണ് വന്‍ തുകയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് 168630 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി റൊണാള്‍ഡോ ബോങ്കാസന്‍ ആണ്. ഇന്ത്യക്കാരനായ ഹരി കൃഷ്ണ മൈനേനി വീരയ്യ മൈനേനിയ്ക്കാണ് നാലാം സമ്മാനമായ 90,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 162485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള രവി ദേവിയാലയം ആണ്. 241950 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടി കൊടുത്തത്. 60,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് സിറിയയില്‍ നിന്നുള്ള തിയോഡോര്‍ ഡാന്‍ഹാഷാണ്. 163109 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിയായത് ഇന്ത്യക്കാരനായ സന്തോഷ് കുമാര്‍ യാദവാണ്. 019692 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. ബിഎംഡബ്ല്യൂ 420ഐ കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇത്തവണബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ലഭ്യമാണ്.ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്.അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.
🇸🇦സൗദി: 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
✒️റോഡ് സുരക്ഷയുടെ ഭാഗമായി 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നവർക്കും, വാഹനങ്ങളിൽ കുട്ടികൾക്കുള്ള സുരക്ഷിത ഇരിപ്പിടങ്ങൾ ഏർപ്പെടുത്താത്തവർക്കും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 2021 നവംബർ 3-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം റോഡ് സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുന്നതിനും, ടിക്കറ്റ് നൽകുന്നതിനും സൗദി ട്രാഫിക് ഡയറക്ടറേറ്റ് രാജ്യത്തുടനീളമുള്ള തങ്ങളുടെ ബ്രാഞ്ചുകളിലെ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ കുട്ടികൾക്കായുള്ള സുരക്ഷാ ഇരിപ്പിടങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നതും, ഇവ ഉപയോഗിക്കണമെന്നതും സൗദി ട്രാഫിക് നിയമങ്ങൾ അനുശാസിക്കുന്നുണെന്ന് അധികൃതർ വ്യക്തമാക്കി. പിൻനിരയിൽ സീറ്റുകൾ ഇല്ലാത്ത വാഹനങ്ങളിൽ മാത്രമാണ് കുട്ടികൾക്ക് മുൻസീറ്റിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകുന്നത്.
ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ സൗദിയിലുടനീളം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ഇലക്ട്രോണിക് സംവിധാനങ്ങൾ, പോലീസ് പെട്രോളിംഗ് സംഘങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതാണ്. സീറ്റ് ബെൽറ്റുകൾ ധരിക്കാത്തവർക്കെതിരെയും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാൻ: 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നവംബർ 7 മുതൽ നേരിട്ടുള്ള അധ്യയനം നടപ്പിലാക്കും.
✒️2021 നവംബർ 7, ഞായറാഴ്ച്ച മുതൽ രാജ്യത്തെ 5 തൊട്ട് 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
രാജ്യത്ത് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ‘230/2021’ എന്ന മന്ത്രിസഭാ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിരുന്നു.
ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നവംബർ 7 മുതൽ COVID-19 സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ട് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. വിദ്യാലയങ്ങൾ പൂർണ്ണമായും തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നവരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പ്രത്യേക പരിശോധനകൾ നടപ്പിലാക്കിയിട്ടുണ്ട്.
🇸🇦ഇഖാമ ലെവി തവണകളായി അടക്കാന്‍ സംവിധാനം.
✒️സൗദിയില്‍ ഇഖാമ ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷീറില്‍ ഇതിനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. പുതിയ രീതിയനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാം. തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും അബ്ഷീറില്‍ പുതുതായി സജ്ജീകരിച്ചു.
തൊഴിലാളികളുടെ ലെവി വര്‍ഷത്തില്‍ ഒന്നിച്ചടക്കുന്നതാണ് നിലവിലെ രീതി. അതായത്, പ്രതിമാസം 800 റിയാല്‍ എന്ന തോതില്‍ ഒരു വര്‍ഷത്തേക്ക് 9600 റിയാല്‍ ഓരോ തൊഴിലാളിക്കും കമ്പനി അടക്കണം. ഇതാണിപ്പോള്‍ തവണകളായി അടക്കാന്‍ സൗകര്യം ഒരുക്കിയത്. നൂറു കണക്കിന് ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക് തീരുമാനം ഗുണകരമാകും.
തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനുള്ള സമ്മതപത്രവും അബ്ഷീറില്‍ സജ്ജീകരിച്ചു. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ട് ചേര്‍ക്കലും അപ്‌ഡേറ്റ് ചെയ്യലും പുതിയ സേവനത്തിലുണ്ട്. ഇലക്ട്രോണിക്‌സ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ എന്നിവക്കും ലിങ്ക് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വിവരങ്ങളും, ഹജ്ജ് ഉംറ പെര്‍മിറ്റുകളുടെ വിവരങ്ങളും ഇനി അബ്ഷീറില്‍ ലഭ്യമാകും.
🇸🇦സൗദി: സ്റ്റേഡിയങ്ങളിലും, വലിയ ഹാളുകളിലും മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവ നിർബന്ധമാണെന്ന് ആഭ്യന്തര വകുപ്പ്.
✒️രാജ്യത്തെ സ്റ്റേഡിയങ്ങളിലും, വിവിധ പരിപാടികൾ നടക്കുന്ന വലിയ ഹാളുകളിലും പ്രവേശിക്കുന്നവർ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിബന്ധനകൾ നിർബന്ധമായും പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 നവംബർ 3-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്
മാസ്കുകൾ ഉപയോഗിക്കുന്നതിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ പൊതു പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ പൊതു ഇടങ്ങൾക്കാണ് ബാധകമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പാർക്കുകൾ, കാൽനടക്കാർക്കുള്ള നടപ്പാതകൾ തുടങ്ങിയ മേൽക്കൂരയില്ലാത്തതും, അതിരുകൾ ഇല്ലാത്തതുമായ ഇടങ്ങളെയാണ് തുറന്ന ഇടങ്ങളായി കണക്കാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കായിക സ്റ്റേഡിയം, അഞ്ഞൂറിൽ പരം ആളുകളെ ഉൾക്കൊള്ളിക്കാനാകുന്ന ഹാളുകൾ തുടങ്ങിയവ തുറന്ന ഇടങ്ങളായി കണക്കാക്കുന്നതല്ല.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം 6 മാസം പൂർത്തിയാക്കിയ വ്യക്തകളോട് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാനും സൗദി അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
🇸🇦സൗദിയിൽ ഇനി ഇലക്ട്രോണിക് ബില്ലുകൾ മാത്രം; പേപ്പർ ബിൽ നൽകിയാൽ പിടിവീഴും
✒️സൗദിയില്‍ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിസംബർ നാലു മുതൽ പരിശോധന ശക്തമാക്കും. പേപ്പർ ബില്ലുകൾക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളിൽ ക്വു.ആർ കോഡും നിർബന്ധമാണ്. സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം. വ്യാപാര രംഗത്തെ നികുതി വെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിൽ സൗദിയിൽ ഉയർന്ന നിലവാരത്തിലുള്ള കടകളിലെല്ലാം ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. താഴേതട്ടു വരെ ഇതെത്തിക്കുകയാണ് പുതിയ ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റേയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനുമാകും
0 Comments