Ticker

6/recent/ticker-posts

Header Ads Widget

GULF NEWS TODAY




🇸🇦സൗദി അറേബ്യയിൽ 40 പേർക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️സൗദി അറേബ്യയിൽ (Saudi Arabia) 40 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു (New covid infections). രോഗ ബാധിതരിൽ 64 പേർ കൂടി സുഖം പ്രാപിച്ചു (covid recoveries). ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു (covid death). ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,930ഉം രോഗമുക്തരുടെ എണ്ണം 5,37,858ഉം ആയി. ആകെ മരണസംഖ്യ 8,804 ആയി ഉയർന്നു. 

രാജ്യത്ത് ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളിൽ 50 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്‍ത രോഗികളുടെ എണ്ണം: റിയാദ് - 13, ജിദ്ദ - 7, മദീന - 4, മക്ക - 3, ഖോബാർ - 2, മറ്റ് 13 പ്രവിശ്യകളില്‍ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 46,285,514 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്‍തിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

🇦🇪മഹ്‌സൂസിന്റെ പുതിയ മത്സര രീതിയില്‍ ആദ്യ മില്യനയര്‍; 10,000,000 ദിര്‍ഹം നേടി ഭാഗ്യശാലി.

✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 50-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 10,000,000 ദിര്‍ഹം സ്വന്തമാക്കി ഒരു ഭാഗ്യശാലി. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 16 പേര്‍ പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തര്‍ക്കും 62,500 ദിര്‍ഹം വീതമാണ് ലഭിച്ചത്. 4, 26, 36, 37, 38 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 884 വിജയികള്‍ക്ക് നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം ലഭിച്ചു.

പുതിയ മത്സര രീതി അവതരിപ്പിച്ച ശേഷം നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ തന്നെ ഒരു ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കാനായതിലൂടെ മഹ്‌സൂസ് എന്താണോ പറയുന്നത് അത് തെളിയിച്ചിരിക്കുകയാണെന്ന് ഈവിങ്‌സ് എല്‍എല്‍സിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു. 'ഒന്നാം സമ്മാനം നേടാനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഞങ്ങള്‍ വാക്ക് നല്‍കിയിരുന്നു. അത് സഫലമായത് അവര്‍ക്ക് തന്നെ മനസ്സിലാക്കാവുന്നതാണ്. ഞങ്ങള്‍ ഒരു വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് നിറവേറ്റുകയും ചെയ്യും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'10,000,000 ദിര്‍ഹം സ്വന്തമാക്കിയ ഈ വിജയത്തിലൂടെ തത്സമയ പ്രതിവാര നറുക്കെടുപ്പുകളിലൂടെ സ്ഥിരമായി മില്യനയര്‍മാരെ സൃഷ്ടിക്കുന്ന മഹ്‌സൂസിന്റെ ട്രാക്ക് റെക്കോര്‍ഡ് ശക്തിപ്പെട്ടിരിക്കുകയാണ്. വെറും രണ്ടാഴ്ചയില്‍ ഞങ്ങള്‍ രണ്ട് മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചത്. അവര്‍ യഥാക്രമം 50,000,000 ദിര്‍ഹവും 10,000,000 ദിര്‍ഹവും നേടി. രണ്ടാഴ്ചക്കാലത്തില്‍ ആകെ 60,000,000 ദിര്‍ഹത്തിലേറെ വരുന്ന സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്'- സാംജി കൂട്ടിച്ചേര്‍ത്തു. എല്ലാവരും മഹ്‌സൂസില്‍ പങ്കെടുത്ത് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും, കാരണം വിജയിക്കാനുള്ള സാധ്യത ഒരുക്കുകയും അതിനുള്ള വഴി ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പമാക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 7380065, 7357180, 7343419 എന്നീ ഐഡികളിലൂടെ യഥാക്രമം മുഹമ്മദ്, പനികാട്ട്, അശോക് എന്നിവര്‍ വിജയികളായി. ആകെ 11,309,400 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.2021 നവംബര്‍ 13 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇴🇲ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

✒️ഒമാന്റെ ദേശീയ ദിനം (Oman National Day) പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി (Public Holidays) പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28, 29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്. ഈ വര്‍ഷം 51-ാമത് ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്.

🇴🇲ഒമാനില്‍ 36 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു.

✒️ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 36 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 55 പേര്‍ രോഗമുക്തരായി.

പുതിയതായി കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,365 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,754 പേരും ഇതിനോടകം രോഗമുക്തരായി. 4,112 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

നിലവില്‍ 499 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാളെകൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ ഒമ്പത് പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം.

✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,404കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🛫എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസ് ആരംഭിച്ചു.

✒️എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി. എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉണ്ടാകുക.

ശനിയാഴ്ച രാവിലെ 5.30ന് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.10ന് അബുദാബിയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.30ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കരിപ്പൂരിലെത്തും.

🇧🇭വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍.

✒️ബഹ്‌റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇതനുസരിച്ച് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി(Covid vaccination certificate) ഇന്ത്യയില്‍(India) നിന്ന് ബഹ്‌റൈനിലേക്ക്(Bahrain) യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍(quarabtine) ഒഴിവാക്കി.

ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും ആവശ്യമില്ല.

🇧🇭ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നു.

✒️ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‍ക്ഫോഴ്‍സ് അംഗീകാരം നല്‍കി. ഒക്ടോബര്‍ 27 മുതല്‍ സിനോഫാം വാക്സിന്റെ രണ്ട് ഡോസ് കുട്ടികള്‍ക്കും നല്‍കാനാണ് തീരുമാനം. രാജ്യത്തെ വാക്സിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കൊവിഡ് നിയന്ത്രണത്തിനായുള്ള നാഷണല്‍ ടാസ്ക് ഫോഴ്‍സിന്റെയും അംഗീകാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ തീരുമാനമെന്ന് ടാക്സ്ഫോഴ്‍സ് അറിയിച്ചു. എല്ലാ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ച് വാക്സിനേഷന്‍ കമ്മിറ്റി ഉറപ്പുവരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയോ അല്ലെങ്കില്‍ BeAware ആപ്ലിക്കേഷന്‍ വഴിയോ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാം. ബുക്കിങിന് രക്ഷിതാവിന്റെ അനുമതി നിര്‍ബന്ധമാണ്. വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാള്‍ ഉണ്ടായിരിക്കുകയും വേണം.

🛫പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ അറേബ്യ.

✒️നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഉണ്ടാകുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. airarabia.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

🇸🇦സൗദിയിൽ കടകളിൽ ഇലക്ട്രോണിക് ബില്ലുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി.

✒️സൗദി അറേബ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ ഉപഭോക്താവിന് ഇലക്ട്രോണിക് ബില്ല് നൽകിയില്ലെങ്കിൽ കടുത്ത നടപടി വരുന്നു. ഡിസംബർ നാലിനുള്ളിൽ പഴയ കടലാസ് ബില്ല് സമ്പ്രദായം ഒഴിവാക്കി ഇലക്ട്രോണിക് ബില്ല് സംവിധാനം ഏർപ്പെടുത്തണം. ബില്ലിൽ ക്യു.ആർ കോഡും വേണം. 

സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിൽ ബില്ലിങ് നടത്താനാണ് നിർദേശം. നികുതി വെട്ടിപ്പ്, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന എന്നിവ തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. നിലവിൽ രാജ്യത്തെ വലിയ കച്ചവട കേന്ദ്രങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും മറ്റും ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. 

പലവ്യജ്ഞന കടകൾ പോലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ വരെ ഇലക്ട്രോണിക് ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇൻറര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിന്റെ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനാകും.

🇰🇼കുവൈറ്റ്: ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 7 മുതൽ പ്രാബല്യത്തിൽ വരും.

✒️ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്കുകൾക്ക് ഹൈവേകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നവംബർ 6-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ വിലക്കുകൾ ഫസ്റ്റ്, ഫോർത്ത്, ഫിഫ്ത്, സിക്സ്ത്, സെവൻത് റിങ്ങ് റോഡുകൾക്ക് ബാധകമാണ്. ഷെയ്ഖ് ജാബർ അൽ അഹ്മദ് അൽ സബാഹ് കോസ് വേയിലും ഈ വിലക്കുകൾ ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് വ്യക്തമാക്കി.

ഇതിന് പുറമെ 30, 40, 50, 60, 80 എന്നീ റോഡുകൾ, ജമാൽ അബ്ദുൽ നാസ്സർ റോഡ് എന്നിവയിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഒക്ടോബർ 28 മുതൽ നവംബർ 3 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 15399 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ 7292 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1734 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 6373 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏതാണ്ട് 10017 പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 278 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 42 ശതമാനം പേർ യെമൻ പൗരന്മാരും, 3 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇦🇪അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ നവംബർ 7 മുതൽ മാറ്റം വരുത്തുന്നു.

✒️എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 നവംബർ 7 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നേരത്തെ ഒക്ടോബർ 7-ന് പുറത്തിറക്കിയ പട്ടികയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 95 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.

ഈ പട്ടിക നവംബർ 7-ന് 12:01 AM മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.

ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്:

ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുക്കാത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ആവശ്യമില്ല.

ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.

🇦🇪അബുദാബി: ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്.

✒️പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, ഇത്തരം വാഹനങ്ങൾക്ക് 2000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ വാഹനങ്ങളുടെ എൻജിൻ, മറ്റു ഭാഗങ്ങൾ എന്നിവ അനധികൃതമായി മാറ്റം വരുത്തുന്നവർക്കെതിരെ ആർട്ടിക്കിൾ 73 പ്രകാരം 1000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്.

ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ വിട്ടു കിട്ടുന്നതിന് മൂന്ന് മാസത്തിനിടയിൽ 10000 ദിർഹം കെട്ടിവെക്കേണ്ടതാണ്. ഈ കാലയളവിനുള്ളിൽ വാഹനം വിട്ടുകിട്ടുന്നതിനുള്ള തുക അടയ്ക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍പ്പിട മേഖലകളിൽ ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് ഇക്കാര്യം 999 എന്ന നമ്പറിലൂടെ അബുദാബി പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ അറിയിക്കാവുന്നതാണ്.

🇶🇦ഖത്തർ: നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

✒️2021 നവംബർ 26 മുതൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു. നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഖത്തറിൽ വെച്ച് നടക്കുന്ന 2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്താണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് എന്നിവരുമായി സംയുക്തമായാണ് പബ്ലിക് വർക്ക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2021 ഫിഫ അറബ് കപ്പ് ടൂർണമെന്റ് നടക്കുന്ന പശ്ചാത്തലത്തിൽ ഖത്തർ ടൂറിസം ആരാധകർക്കും, സന്ദർശകർക്കുമായി പതിനൊന്നാമത് ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോർണിഷ് സ്ട്രീറ്റിലെ ഗതാഗത നിയന്ത്രണങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള ഒരു മാപ് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച്ച അറിയിക്കുമെന്നും ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

🇴🇲ഒമാൻ: OTP അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി.

✒️പണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. OTP ആവശ്യപ്പെട്ടു കൊണ്ട് ഫോൺ കാളുകളിലൂടെ ബന്ധപ്പെടുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിവിധ സമ്മാനപദ്ധതികളിൽ സമ്മാനം നേടിയതായി വ്യക്തികളെ അറിയിച്ച് കൊണ്ട് നടത്തുന്ന പുതിയ രീതിയിലുള്ള ഒരു തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായും പോലീസ് കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് പോലീസ് ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഈ തട്ടിപ്പ് പ്രകാരം, സമ്മാനം ലഭിക്കുന്നതിനായെന്ന വ്യാജേനെ ഫോണിൽ ലഭിക്കുന്ന OTP കൈമാറാൻ വ്യക്തികളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പങ്ക് വെക്കുന്ന OTP-കൾ ഓൺലൈൻ പണമിടപാടുകൾക്കായി തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇത്തരം ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, ഇത്തരം തട്ടിപ്പുകാരുമായി OTP ഉൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കരുതെന്നും പോലീസ് കൂട്ടിച്ചേർത്തു.

🇦🇪അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ നവംബർ 25-ന് ആരംഭിക്കും.

✒️എമിറേറ്റിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) അറിയിച്ചു. സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ഡിസംബർ 4 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷം സംഘടിപ്പിക്കുന്നതെന്ന് DCT അബുദാബി വ്യക്തമാക്കി.

ഏറെ പ്രസിദ്ധമായ അൽ ഹൊസൻ കൾച്ചറൽ സൈറ്റിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും, സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് DCT അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്.

അൽ ഹൊസൻ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി കലാപരിപാടികൾ, കലാ പ്രദർശനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, എമിറേറ്റിലെ തനതായ ഭക്ഷണങ്ങൾ രുചിച്ച് നോക്കുന്നതിനായുള്ള അവസരങ്ങൾ എന്നിവ അരങ്ങേറുന്നതാണ്. യു എ ഇയുടെ ശില്പചാതുരി, പൈതൃകം എന്നിവയുടെ ആഘോഷമാണ് അൽ ഹൊസൻ ഫെസ്റ്റിവൽ. https://abudhabiculture.ae/en/cultural-calendar/festivals-and-heritage/al-hosn-festival എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 2021-ലെ അൽ ഹൊസൻ ഫെസ്റ്റിവൽ 50 ക്ലാസിക് കാറുകൾ പങ്കെടുക്കുന്ന ഒരു പരേഡോടെയാണ് ആരംഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം, മുതിർന്നവർക്ക് 30 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

🇶🇦ഖത്തറിൽ ഇന്ന് 103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

✒️ഖത്തറില്‍ ഇന്ന് പുതുതായി 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 238,091 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 1,396 പേരാണ്. നിലവില്‍ എട്ടു പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 611 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. 240,098 പേര്‍ക്ക് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,428 പേര്‍ കൊവിഡ് ടെസ്റ്റ് നടത്തി. 2,870,571 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 2,004 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 4,856,503 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്.

🇰🇼കുവൈത്തില്‍ സന്ദര്‍ശക വിസയും കുടുംബ വിസയും അനുവദിച്ചു തുടങ്ങി.

✒️കുവൈത്തില്‍ കുടുംബ വിസയും വാണിജ്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും വിനോദ സഞ്ചാര മേഖലയിലും സന്ദര്‍ശക വിസയും അനുവദിക്കുന്നതിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. www.moi.gov.kw എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വിസ അനുവദിക്കുകയെന്ന് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. ഭാര്യയ്ക്കും 16ന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുമാണ് കുടുംബ വിസ അനുവദിക്കുക. അപേക്ഷകന്റെ മാസശമ്പളം 500 ദിനാര്‍ ആയിരിക്കണം. വാണിജ്യ മേഖലയിലെ സന്ദര്‍ശന വിസ വാണിജ്യ പ്രവര്‍ത്തനത്തിന് മാത്രമാണെന്നും അംഗീകൃത നിബന്ധനകള്‍ അനുസരിച്ചുള്ളതാണെന്നും ഉറപ്പ് വരുത്തണം.

മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവരുടെ ആവശ്യത്തിനായി സന്ദര്‍ശക വിസ അനുവദിക്കും.
കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിന്‍ (ഫൈസര്‍, ആസ്ട്രസെനക-ഓക്‌സ്ഫഡ്, മൊഡേണ എന്നിവയുടെ 2 ഡോസ് അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 1 ഡോസ് ) സ്വീകരിച്ചവര്‍ക്ക് മാത്രമേ വിസ അനുവദിക്കുകയുള്ളൂ.

Post a Comment

0 Comments