Ticker

6/recent/ticker-posts

Header Ads Widget

UAE NEWS TODAY

🇦🇪യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ്, ലൈസന്‍സിങ് സേവനങ്ങള്‍ ഇനി വാരാന്ത്യ ദിനങ്ങളിലും.
✒️ഡ്രൈവിങ് പരീക്ഷയും (Driving test) ലൈസന്‍സിങ് സേവനങ്ങളും (Licencing services) ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാവും. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കുകളില്‍ മുഴുകന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അബുദാബി പൊലീസാണ് (Abu dhabi police) പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ജോലി, പഠനം, മറ്റ് തിരക്കുകള്‍ എന്നിവ കാരണം പ്രവൃത്തി ദിനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റിനോ ലൈസന്‍സിനായുള്ള മറ്റ് ഇടപാടുകള്‍ നടത്താൻ സാധിക്കാത്തവര്‍ക്ക് സഹായമായാണ് അബുദാബി പൊലീസിന്റെ നീക്കം. ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവരവരുടെ സൗകര്യങ്ങള്‍ക്ക് അനുസൃതമായി സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അബുദാബി പൊലീസ് ഡ്രൈവേഴ്‍സ് ആന്റ് വെഹിക്കിള്‍സ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ബുറൈക് അല്‍ അമീരി പറഞ്ഞു.

🇦🇪51-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 1,732,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍.
✒️യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 51-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 29 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 34,483 ദിര്‍ഹം വീതമാണ് നേടിയത്. 3, 8, 14, 30, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

കൂടാതെ, 1,236 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 7793010, 7804178, 7864939 എന്നീ ഐഡികളിലൂടെ യഥാക്രമം സിനാന്‍, നദീം, അബ്ദുസ്സമദ് എന്നിവര്‍ വിജയികളായി. ആകെ 1,732,600 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 നവംബര്‍ 20 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇦🇪യുഎഇയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 89 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പുതിയതായി നടത്തിയ 230,869 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.72 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,41,006 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,35,638 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,224 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪ഡോ.മംഗളം സ്വാമിനാഥന്‍ പുരസ്‌കാരവും ഗോള്‍ഡന്‍ വിസയും;അംഗീകാര നിറവില്‍ ചിത്രകാരി മുബ്ബാറക്ക് നിസ്സാ.
✒️കലാസാംസ്കാരിക രംഗത്തിലെ നേട്ടങ്ങൾക്കും, ലോക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങൾക്കുമുള്ള അംഗീകാരമായി ചിത്രകലാകാരി മുബ്ബാറക്ക് നിസ്സയെ, ഡോ. മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചു. കണ്ണൂർ ധർമ്മടം സ്വദേശിയാണ് മുബ്ബാറക്ക് നിസ്സാ. ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 2020 - 2021 വര്‍ഷങ്ങളിലെ ജേര്‍ണലിസം, സയന്‍സ് റിപ്പോര്‍ട്ടിങ്, കല-സംസ്‌കാരം, ആരോഗ്യമേഖലയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം, സാമൂഹിക സേവനം എന്നിവയിലെ മികവിനാണ് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാര്‍ഡും. നവംബര്‍ 29ന് വൈകിട്ട് 4.30ന് ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അതോടൊപ്പം കലാസാംസ്കാരിക രംഗത്തിലെ തന്റെ സംഭവനകൾക്കും,മാതൃകാപരമായ നേതൃത്വത്തിനും UAE സർക്കാരിന്റെ ഗോൾഡൻ വിസയും നിസ്സാ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ചിത്രകലാകാരിക്ക് കലാ സാംസ്കാരിക രംഗത്തെ മികവിന് ഗോൾഡൻ വിസ ലഭിക്കുന്നത്. അമേരിക്കൻ നഗരമായ സാൻ ഫ്രാൻസിസ്കോയിലെ അക്കാദമിക് ആർട്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നിസ്സയ്ക്കു, 2019-ൽ ചിത്രകലയ്ക്കുള്ള ദേശിയ അംഗീകാരം നൽകി UAE സർക്കാർ ആദരിച്ചിട്ടുണ്ട്.

🇦🇪ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവുമായി യുഎഇ.
✒️ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് യുഎഇ പ്രഖ്യാപിച്ചു . അജ്മാനിലാണ് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇ യുടെ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല.

അജ്മാന്‍ പോലീസ് സര്‍വ്വീസ് സെന്ററുകളിലൂടെയും സാഹി എന്നറിയപ്പെടുന്ന സെല്‍ഫ് സര്‍വ്വീസ് കിയോസ്‌കിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും അജ്മാന്‍ പോലീസിന്റെ ആപ്ലിക്കേഷനിലൂടെയും പിഴ അടയ്ക്കാം.

🇦🇪യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു.
✒️യു എ ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. സുബ്രഹ്മണ്യം ജയശങ്കറിനെ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ദുബായിൽ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇയും, ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും, ശക്തവുമായ ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഇതോടൊപ്പം സാമ്പത്തിക വശം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യപ്പെട്ടു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴവും, ഇരു രാജ്യങ്ങളുടെയും നേതൃത്വം നൽകുന്ന പിന്തുണയുടെയും കരുതലിന്റെയും വെളിച്ചത്തിൽ, എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്താനുള്ള തീവ്രത തുടരുന്നതായും ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.

യു എ ഇ യും ഇന്ത്യയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധത്തെ ജയശങ്കർ പ്രശംസിക്കുകയും 2023-ൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാമത്‌ സെഷന് (COP 28) ആതിഥേയത്വം വഹിക്കാൻ യു എ ഇയെ തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

🇦🇪എക്സ്പോ 2020 ദുബായ്: ദുബായ് ഭരണാധികാരി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു.
✒️യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. നവംബർ 13-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം, എക്സ്പോ 2020 ദുബായ് ഉന്നത സമിതി ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലും, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രിയുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ജോർദാൻ പവലിയനിലെത്തിയ അദ്ദേഹത്തെ ജോർദാൻ പ്രധാനമന്ത്രി ബിഷേർ അൽ ഖസൗനെഹ് സ്വാഗതം ചെയ്തു. ജോർദാൻ എന്ന രാഷ്ട്രത്തിന്റെ ജനങ്ങളെയും, സംസ്കാരത്തെയും, ചരിത്രത്തെയും യു എ ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സന്ദർശനവേളയിൽ അറിയിച്ചു. ജോർദാനുമായി യു എ ഇ പുലർത്തുന്ന സഹോദരപരമായ ബന്ധങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്പോ 2020 വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ജോർദാൻ പവലിയൻ രാജ്യത്തിന്റെ ചരിത്രം, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകൾ, ഭാവി പദ്ധതികൾ എന്നിവ സന്ദർശകർക്ക് മുന്നിൽ അനാവരണം ചെയ്യുന്നു. ജോർദാൻ എന്ന രാജ്യത്തിന്റെ കാഴ്ച്ചകൾ അനുഭവവേദ്യമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള 30 മീറ്ററോളം ദൈർഘ്യമുള്ള ചുറ്റിവളഞ്ഞ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു നടപ്പാത ഈ പവലിയനിലെ പ്രത്യേകതയാണ്.

സന്ദർശകർക്കായി ജോർദാനിയൻ കരകൗശലവിദഗ്ധർ ഒരുക്കിയിട്ടുള്ള കരകൗശലവസ്തുൾ, തനത് ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഒരു സേവനവും ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

തുടർന്ന് H.H. ഷെയ്ഖ് മക്തൂം സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സിംഗപ്പൂർ പവലിയൻ സന്ദർശിച്ചു. സമൃദ്ധമായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ സിംഗപ്പൂർ പവലിയൻ സുസ്ഥിര വികസനത്തിന്റെ ഉത്തമ ഉദാഹരണമാണ്.

പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള വികസനപദ്ധതികൾ ഒരുക്കുന്നതിൽ സിംഗപ്പൂർ എന്ന രാജ്യം പ്രകടമാക്കുന്ന മിടുക്ക്, അതിനായി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകൾ എന്നിവ ഈ പവലിയനിൽ ദർശിക്കാവുന്നതാണ്. സീറോ എനർജി രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പവലിയൻ ഭൂമിശാസ്‌ത്രപരമായ പരിമിതികൾ മറികടന്ന് കൊണ്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച വാസയോഗ്യമായ രാജ്യമായി സിംഗപ്പൂർ മാറിയതെങ്ങിനെയെന്ന് ചൂണ്ടിക്കാട്ടുന്നു.

സന്ദർശകർക്ക് പര്യവേക്ഷണം നടത്താനും, അടുത്തറിയാനും അവസരം നൽകുന്ന രീതിയിലൊരുക്കിയിട്ടുള്ള അതിനിബിഡമായ മഴക്കാടുകൾ സിംഗപ്പൂർ പവലിയന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. സിംഗപ്പൂർ മുന്നോട്ട് വെക്കുന്ന പ്രധാന ദർശനങ്ങളിലൊന്നായ ‘പ്രകൃതിയിൽ രൂപപ്പെടുത്തിയ നഗരം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഓപ്പൺ എയർ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പവലിയനിലെ 1500 സ്‌ക്വയർ മീറ്റർ പ്രദേശത്ത് ഉഷ്ണമേഖലാ സസ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

🇦🇪ദുബായ്: പുതിയ സാങ്കേതിക വിദ്യയുമായി രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു.
✒️വാഹനം ചാർജ്ജ് ചെയ്യുന്നതിലെ പുതിയ സാങ്കേതിക വിദ്യയുമായി എമിറേറ്റിൽ രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. വോൾവോ 7900 ഇലക്ട്രിക് ബസുകളാണ് RTA ഈ പരീക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്.

ഒരു നിശ്ചിത പാതയിലൂടെ ലമാർ സൗത്ത്, കിംഗ് അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ സുഫൗഹ് ട്രാം സ്റ്റേഷൻ എന്നിവയ്ക്കിടയിൽ ഇരു വശത്തേക്കും ഷട്ടിൽ സർവീസ് നടത്തുന്ന രീതിയിലാണ് ഈ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓപ്പർച്യൂണിറ്റി ചാർജിങ്ങ് ടെക്‌നോളജി എന്ന ചാർജിങ്ങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ബസുകൾ സുസ്ഥിരവും, പരിസ്ഥി സൗഹാര്‍ദ്ദപരമായതുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ള RTA നയത്തിന്റെ ഭാഗമാണ്.

ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, വോൾവോ ബസ് കമ്പനി, മെറാസ് റിയൽ എസ്റ്റേറ്റ്, ബസ് ചാർജിങ്ങ് രംഗത്തെ പ്രമുഖരായ ABB ഗ്രൂപ്പ് എന്നിവരുമായി ചേർന്നാണ് RTA ഈ ബസുകളുടെ സർവീസ് നടപ്പിലാക്കുന്നത്. ഓപ്പർച്യൂണിറ്റി ചാർജിങ്ങ് ടെക്‌നോളജി എന്ന ചാർജിങ്ങ് സാങ്കേതികവിദ്യ ദുബായിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും ചാർജ്ജ് ചെയ്ത അവസ്ഥയിൽ ഏതാണ്ട് 200 കിലോമീറ്റർ വരെ സഞ്ചരിക്കാനുതകുന്ന ബാറ്ററിയാണ് ഈ ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

ലമാർ സൗത്തിൽ ഒരുക്കിയിട്ടുള്ള ഒരു പ്രത്യേക ഇലക്ട്രിക് ചാർജർ സംവിധാനത്തിലൂടെ ഈ ബസുകൾ ചാർജ്ജ് ചെയ്യുന്നതാണ്. രാത്രി സമയങ്ങളിൽ ഈ ബസുകൾ അൽ ഖൂസ്‌ ബസ് ഡിപ്പോയിൽ നിർത്തിയിടുന്ന സമയം ചാർജ്ജ് ചെയ്യുന്നതിനായി മറ്റൊരു ഇലക്ട്രിക്ക് ചാർജർ ഉപയോഗിക്കുന്നതാണ്. ഈ ബസുകളുടെ മുകൾത്തട്ടിൽ ഒരുക്കിയിട്ടുള്ള പാന്റോഗ്രാഫ് ചാർജിങ്ങ് സംവിധാനത്തിലെ കോൺടാക്ട് ഉപയോഗിച്ച് കൊണ്ട് ലമാർ സൗത്തിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ഇലക്ട്രിക് ചാർജറിൽ നിന്ന് ബസ് ചാർജ്ജ് ചെയ്യാവുന്നതാണ്. ബസ് രാത്രി നിർത്തിയിടുന്ന സമയം ചാർജ്ജ് ചെയ്യുന്നതിനായി കേബിളുകൾ ഉപയോഗിക്കാവുന്നതാണ്.

🇦🇪യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള സംരക്ഷണ നിയമം ഫെബ്രുവരി മുതൽ

തൊഴിലാളികൾക്ക്​ അതി​ക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമൊരുക്കി യു.എ.ഇ. മാനവവിഭവ ശേഷി- എമിറേറ്റൈസേഷൻ മന്ത്രാലയമാണ്​ തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നതിന്​ പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്​. യു.എ.ഇ ​പ്രസിഡൻറ്​​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ നിയമം പുറപ്പെടുവിച്ചത്​. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക്​ സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക്​ നയിക്കുന്നതുമാണ്​ നിയമം.

ഫെഡറൽ നിയമത്തിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021ലെ 33ാം നമ്പർ നിയമം​ അടുത്ത വർഷം ഫെബ്രുവരി 2മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാനമായ ഭേദഗതിയാണിത്​. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗം പരിഗണിച്ചാണ്​ പുതിയ നിയമം നടപ്പിലാക്കുന്നതെന്ന്​ മാനവവിഭവ ശേഷി- എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്​ദുറഹ്​മാൻ അൽ തവാർ പറഞ്ഞു. ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ്​ നിയമമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

പ്രൊബേഷൻ ആറു മാസത്തിൽ കൂടരുതെന്ന്​ നിയമം അനുശാസിക്കുന്നു. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത്​ ഇത്​ തടയുന്നുമുണ്ട്​. ഒരു ബിസിനസ്​ സ്​ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക്​ മാറാൻ തൊഴിലാളിക്ക്​ അനുവദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന്​ ഉടമക്ക്​ നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല. ഈ വകുപ്പുകളെല്ലാം പ്രവാസികളടക്കമുള്ളവർക്ക്​ ഏ​റെ ഉപകാരപ്രദമായ മാറ്റങ്ങളാണെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

തൊഴിലിടത്തിൽ സ്​ത്രീകളെ സംരക്ഷിക്കുന്നതിനും അവരെ ശാക്​തീകരിക്കുന്നതിനുമുള്ള ഘടകങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണ്​ നിയമം. തൊഴിലാളികൾക്കെതിരെ അവരുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ നടത്തുന്ന ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ വാക്കാലോ ശാരീരികമോ മാനസികമോ ആയ അക്രമം എന്നിവയും ഇത് നിരോധിക്കുന്നു. വംശം, നിറം, ലിംഗം, മതം, ദേശീയത തുടങ്ങിയവയുടെ ഏത്​ തരത്തിലുള്ള വിവേചനവും പുതിയ നിയമം കർശനമായി വിലക്കുന്നു.

യു.എ.ഇ പൗരന്മാരുടെ പങ്കാളിത്തവും മൽസര ശേഷിയും വർധിപ്പിക്കുന്നതിന്​ നിയമം സഹായിക്കും. വ്യവഹാരത്തി​െൻറ എല്ലാ ഘട്ടങ്ങളിലും തൊഴിൽ കേസുകളെ ജുഡീഷ്യൽ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്​. തൊഴിൽ കരാറിലെ ഇരു കക്ഷികളുടെയും അവകാശങ്ങൾ സന്തുലിതമായി ഉറപ്പുനൽകുകയും സംരക്ഷണം നൽകുകയും ചെയ്യുന്നതുമാണ്​ നിയമം.

Post a Comment

0 Comments