Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദിയിൽ ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി വിച്ഛേദിക്കും.

✒️റിയാദ്: സൗദി അറേബ്യയിൽ ബിൽ കുടിശിക (Electricity bill due) ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി (Saudi Electricity Company) അറിയിച്ചു. മൂന്നു മാസത്തിലേറെ കാലത്തെ ബില്ലുകൾ ഒടുക്കാതെ ശേഷിച്ചാലും കറണ്ട് കട്ട് ചെയ്യും (Disconnecting electricity). കണക്ഷൻ വിച്ഛേദിക്കുന്ന തീയതി സൗദി ഇലക്ട്രിസിറ്റി കമ്പനി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയക്കുന്ന എസ്.എം.എസ് വഴി ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

🇦🇪യുഎഇയില്‍ ചികിത്സയിലുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു.

✒️യുഎഇയില്‍ ഇന്ന് 1846 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 632 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം (Covid death) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

പുതിയതായി നടത്തിയ 4,31,482 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 11 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 754,911 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 742,565 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,160 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 10,186 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🔴'തിരുവനന്തപുരത്ത് പോസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ്; ഇങ്ങനെ പറ്റിക്കരുത് പാവം പ്രവാസികളെ'.

✒️വിദേശത്തേക്ക് പോകേണ്ട പ്രവാസികളെ വിമാനത്താവളത്തിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയുടെ (Rapid PCR Test) പേരില്‍ ചൂഷണം ചെയ്യുന്നുവെന്നും പരിശോധനാ ഫലം കൃത്യമല്ലെന്നും ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി (Ashraf Thamarasery). കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശേഷം യുഎഇയിലേക്ക് (UAE) തിരികെ പോകാനൊരുങ്ങുന്നതിനിടെ നേരിടേണ്ടി വന്ന സ്വന്തം അനുഭവമാണ് അദ്ദേഹം ഫേസ്‍ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രയ്‍ക്ക് മുന്നോടിയായി 2490 രൂപ നല്‍കി നടത്തിയ റാപ്പിഡ് പി.സി.ആര്‍ പരിശോധനയില്‍ അദ്ദേഹത്തിന് പോസിറ്റീവ് ഫലമാണ് ലഭിച്ചത്. യാത്ര ചെയ്യാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ഇറക്കി വിട്ടു. 24 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്നും ഒരിക്കല്‍ കൂടി പരിശോധിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.

അര്‍ദ്ധരാത്രി പുറത്തിറങ്ങി നിന്ന് എന്തെങ്കിലും വഴിയുണ്ടോ എന്ന് ആലോചിച്ചപ്പോള്‍ കൊച്ചിയിലേക്ക് പോയി നോക്കാമെന്ന് തോന്നി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ടാക്സി പിടിച്ച് കൊച്ചിയില്‍ പോയി. രാവിലെ 10.10നുള്ള വിമാനത്തില്‍ ഇതിനിടെ ഓണ്‍ലൈനായി ടിക്കറ്റും ബുക്ക് ചെയ്‍തു. പുലര്‍ച്ച് 4.45ന് നെടുമ്പാശേരിയിലെത്തി വീണ്ടും 2490 രൂപ നല്‍കി റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ഏഴ് മണിക്കൂര്‍ യാത്രയ്‍ക്കിടെ തന്റെ കൊവിഡ് മാറിയോ എന്നാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസിറ്റിലൂടെ ഉയര്‍ത്തുന്ന ചോദ്യം. പരിശോധന നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ കൃത്യതയില്ലാതെ മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന തെറ്റായ പരിശോധനാ ഫലം കാരണം നിരവധി പ്രവാസികള്‍ക്ക് സാമ്പത്തിക നഷ്‍ടവും സമയ നഷ്‍ടവുമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR ൻ്റെ Result ആണെങ്കിൽ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗൾഫിൽ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും.ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു.രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത്.തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാര്യം പറഞ്ഞിട്ട് എന്ത് കാരൃം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേരെ നെടുമ്പാശ്ശേരിക്ക്‌ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ൻ്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു.വെളുപ്പാൻ കാലംം 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി.അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്. നോക്കു Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ,വെറും,7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്.നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്.ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും.ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്.പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.

അഷ്റഫ് താമരശ്ശേരി.

🇸🇦സൗദി അറേബ്യയിൽ പള്ളിയിലേക്ക് ലോറി ഇടിച്ചുകയറി; നമസ്‍കരിക്കാനെത്തിയ അഞ്ചുപേർക്ക് പരിക്ക്.

✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഒരു പള്ളിയിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി (Truck crashed into a mosque), നമസ്‍കരിച്ചുകൊണ്ടിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു (Five injured). ജിദ്ദ നഗരത്തിനോട് ചേർന്നുള്ള മുൻതസഹയിലെ അമാർ പള്ളിയിലാണ് അപകടം. 

പള്ളിയില്‍ നമസ്‍കാരത്തിലായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്‍ ലത്തീഫ് ബിന്‍ അബ്‍ദുല്‍ അസീസ് ആലുശൈഖ് അന്വേഷിച്ചു. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠനം നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കി.

🇦🇪അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി; വ്യാഴാഴ്‍ച മുതല്‍ പ്രാബല്യത്തില്‍.

✒️അബുദാബി: യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ (Abu dhabi entry requirements) മാറ്റം. ചൊവ്വാഴ്‍ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 30 ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വരും.

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നവരെ നിലവില്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‍കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിര്‍ത്തികളിലെ ഇ.ഡി.ഇ സ്‍കാനിങ്. ഇതില്‍ പോസിറ്റീവാകുന്നവര്‍ക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

🇸🇦കൂടുതല്‍ തൊഴിലുകളില്‍ നിന്ന് വിദേശികള്‍ പുറത്തേക്ക്; മൂന്ന് മേഖലകളില്‍ കൂടി സ്വദേശിവത്കരണം.

✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികള്‍ പുറത്താകും വിധം പുതിയ നിയമം നടപ്പാകുന്നു. മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിക്കുന്ന(Saudization) നടപടി വ്യാഴാഴ്ച മുതല്‍ നടപ്പാകും. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്-ടെക്‌നിക്കല്‍ എന്നീ മേഖലകളിലെ ജോലികള്‍ ഏറെക്കുറെ പൂര്‍ണമായും സൗദികള്‍ക്കായി നിശ്ചയിച്ച നിയമമാണ് നടപ്പാകുന്നത്.

കസ്റ്റംസ് ക്ലിയറന്‍സ് മേഖലയിലെ ജനറല്‍ മാനേജര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, ട്രാന്‍സിലേറ്റര്‍ എന്നീ തസ്തികകളാണ് നൂറ് ശതമാനം സ്വദേശിവത്കരിക്കുന്നത്. ഡ്രൈവിങ് സ്‌കൂളിലെ ഡ്രൈവിങ് പരിശീലകന്‍, സൂപ്പര്‍വൈസര്‍ എന്നീ ജോലികളിലാണ് സമ്പൂര്‍ണ സ്വദേശിവത്കരണം. എന്‍ജിനീയറിങ്, മറ്റ് ടെക്‌നിക്കല്‍ ജോലികളില്‍ സ്വദേശിവത്കരണ നിബന്ധന നിര്‍ബന്ധമാകുന്നത് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളുള്ള രാജ്യത്തെ മുഴുവന്‍ സ്വകാര്യ കമ്പനികള്‍ക്കുമാണ്.

🇴🇲ഒമാൻ: ഏതാനം വാണിജ്യ പ്രവർത്തനങ്ങൾക്ക് വീണ്ടും നികുതി ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി.

✒️2022 ജനുവരി 1 മുതൽ, ഏതാനം വാണിജ്യ മേഖലകളിലെ താത്‌കാലികമായി നിർത്തലാക്കിയിരുന്ന നികുതി വീണ്ടും തിരികെ ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഡിസംബർ 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഹോട്ടൽ വ്യവസായം, ടൂറിസ്റ്റ് റസ്റ്ററന്റുകൾ, അമ്യൂസ്മെന്റ് കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങളിൽ COVID-19 വ്യാപനത്തെത്തുടർന്ന് താത്കാലികമായി ഒഴിവാക്കി നൽകിയിരുന്ന മുനിസിപ്പൽ നികുതി 2022 ജനുവരി 1 മുതൽ തിരികെ ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

COVID-19 മഹാമാരിയെത്തുടർന്ന് രാജ്യത്തെ വാണിജ്യമേഖലയിൽ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായാണ് 2021 ഡിസംബർ 31 വരെ ഈ നികുതി താത്‌കാലികമായി ഒഴിവാക്കി നൽകിയിരുന്നത്. മഹാമാരി മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് ഇത്തരം മേഖലകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് മുനിസിപ്പാലിറ്റി ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരുന്നത്.

ഇത്തരത്തിൽ ഒഴിവാക്കി നൽകിയിട്ടുള്ള മുനിസിപ്പൽ ടാക്സ് 2022 ജനുവരി 1 മുതൽ തിരികെ ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി: മാളുകളിലേക്കും, മറ്റു വാണിജ്യ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് COVID-19 ആപ്പ് ഉപയോഗിച്ചുള്ള സ്കാനിംഗ് നിർബന്ധമാക്കുന്നു.

✒️രാജ്യത്തെ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ‘Tawakkalna’ ആപ്പ് ഉപയോഗിച്ചുള്ള സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചു. സൗദി വാണിജ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അബ്ദുൽറഹ്മാൻ അൽ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.

മാളുകളിലേക്കും മറ്റും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, സന്ദർശകർ തുടങ്ങിയവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് തെളിയിക്കുന്നതിനായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി മാളുകളിലേക്കും മറ്റും പ്രവേശിക്കുന്നതിന് മുൻപായി ഉപഭോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് ഒരു ബാർകോഡ് സ്കാൻ ചെയ്യേണ്ടതാണ്.

ഈ നടപടിയിലൂടെ ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് സ്വയമേവ പരിശോധിക്കപ്പെടുമെന്ന അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 26-ന് രാത്രി റിയാദിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ നടപടിക്രമവുമായി ബന്ധപ്പെട്ട് സ്കാൻ ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതായ ബാർകോഡ് ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ഉപഭോക്താക്കളും ഈ സ്കാനിംഗ് നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങളിലെ ജീവനക്കാർ ഉറപ്പ് വരുത്തേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ചില്ലറവില്പന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രോസറി ഷോപ്പുകൾ, അലക്കുകമ്പനികൾ, തയ്യൽകടകൾ, ബാർബർഷോപ്പുകൾ തുടങ്ങിയ ചെറിയ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഇത്തരം സ്ഥാപനങ്ങൾ നേരിട്ട് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരിശോധനകളിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്കും മാത്രമാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


🇴🇲ഒമാൻ: തൊഴിലിടങ്ങളിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചു.

✒️രാജ്യത്തെ കൊറോണ വൈറസ് വ്യാപനം നേരിടുന്നതിന്റെ ഭാഗമായി, തൊഴിലിടങ്ങളിലെ ജീവനക്കാർക്കിടയിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഡിസംബർ 27-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലെ, ഇതുവരെ COVID-19 വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിനായി സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ താഴെ പറയുന്ന തീരുമാനങ്ങളാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ നടപ്പിലാക്കുന്നത്:

ഈ തീരുമാന പ്രകാരം ഒമാനിലെ പൊതു, സ്വകാര്യ തൊഴിലിടങ്ങളിൽ തൊഴിലെടുക്കുന്ന മുഴുവൻ ജീവനക്കാരും തങ്ങൾ ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചതായി തെളിയിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. ആരോഗ്യ പരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള ജീവനക്കാർ ഇത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് (ഔദ്യോഗിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നുള്ള) ഹാജരാക്കേണ്ടതാണ്.
മേൽപ്പറഞ്ഞ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചതായി തെളിയിക്കുന്ന രേഖകൾ ഹാജരാകാത്ത ജീവനക്കാർക്ക് തൊഴിലിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഇത്തരത്തിൽ രേഖകൾ ഹാജരാക്കാത്തതിനാൽ തൊഴിലിടങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ജീവനക്കാർക്കെതിരെ, അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ചവർക്കെതിരെ ഒരു സ്ഥാപനം എടുക്കുന്ന നടപടികൾ എന്തെല്ലാമാണോ, അത്തരം നടപടികൾ സ്വീകരിക്കുന്നതിന് തൊഴിലുടമകൾക്ക് അനുമതി നൽകുന്നതാണ്.
ഈ നടപടിക്രമങ്ങൾ സംബന്ധിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, ഈ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനും രാജ്യത്തെ മുഴുവൻ തൊഴിൽദാതാക്കളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് പ്രവേശനാനുമതി ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

🇸🇦സൗദി: ഡിസംബർ 30 വരെ പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

✒️രാജ്യത്ത് അടുത്ത ഏതാനം ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. ഡിസംബർ 28 മുതൽ 30 വരെയുള്ള ദിനങ്ങളിൽ സൗദിയിലുടനീളം മഴ, മോശം കാലാവസ്ഥ എന്നിവയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് വക്താവ് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഹമ്മദിയാണ് അറിയിച്ചത്.

ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ വിവരങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് സിവിൽ ഡിഫൻസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ചൊവ്വാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെയുള്ള കാലയളവിൽ റിയാദ്, മക്ക, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം, അസീർ, അൽ ബാഹ തുടങ്ങിയ ഇടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ കാറ്റിനും, മഴയ്ക്കും സാധ്യതയുള്ളതായി അദ്ദേഹം അറിയിച്ചു. മദിന, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡർ പ്രൊവിൻസ്, ജസാൻ തുടങ്ങിയ ഇടങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങളിൽ നിന്ന് മാറി നിൽക്കാനും, കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

🇶🇦കോവിഡ് വ്യാപനം: ഹമദ് ആശുപത്രിയിൽ സന്ദർശക നിയന്ത്രണം.

✒️കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോർപ്പറേഷന് കീഴിലുള്ള മൂന്ന് കോവിഡ് ആശുപത്രികളിലും സന്ദർശകരെ അനുവദിക്കില്ല. മറ്റു ആശുപത്രികളിൽ സന്ദർശകർക്ക് വൈകിട്ട് മൂന്നു മുതൽ രാത്രി എട്ട് എട്ടു വരെ മാത്രമാണ് പ്രവേശനം. സന്ദർശകർ ഇഹ്തിറാസ് ആപ്പിൽ പച്ച സിഗ്‌നൽ ഉള്ളവരും മാസ്‌ക് ധരിച്ചവരുമാകണം. പ്രവേശനത്തിന് മുമ്പ് ശരീര ഊഷ്മാവ് പരിശോധിക്കും. ഒരേ സമയം ഒരാൾക്ക് മാത്രമാകും പ്രവേശനം. ദിവസത്തിൽ പരമാവധി മൂന്ന് പേർക്ക് ഒരു രോഗിയെ സന്ദർശിക്കാം. 15 മിനുട്ടാണ് സമയം അനുവദിച്ചിട്ടുള്ളത്. 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരത്തിൽ സന്ദർശനം നടത്താനാവില്ല. ഭക്ഷണം, വെള്ളം, ചോക്ലേറ്റ്, പൂക്കൾ എന്നിവയൊന്നും ആശുപത്രിക്ക് അകത്തേക്ക് കൊണ്ടുപോകരുത്, ഖത്തറിൽ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ മുന്നൂറ് കടന്നിരുന്നു.

🇰🇼കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് പുതുക്കാം.

✒️കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുൻപ് പുതുക്കാമെന്നു പൊതുഗതാഗത വകുപ്പ്. ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു . ഇതുവരെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ കാലാവധി തീരുന്നതിനു ഒരു മാസത്തിനു മുൻപ് മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റിന്റെ പുതിയ അറിയിപ്പ് പ്രകാരം കാലാവധി തീരുന്നതിനു 6 മാസം മുൻപ് തന്നെ പുതിയ ലൈസൻസിനുള്ള അപേക്ഷ നൽകാം. മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. പുതുക്കിയ ലൈസൻസ് ഓട്ടോമേറ്റഡ്വകിയോസ്കുകളിൽ നിന്ന് പ്രിന്റ് ചെയ്തെടുക്കാം.. പ്രധാന ഷോപ്പിംഗ് മാളുകളിലും വകുപ്പ് ലൈസൻസ് പ്രിന്റിങ് കിയോസ്കുകൾ ഉള്ളത് . ലൈസൻസ് അപേക്ഷയോടൊപ്പം സിവിൽ ഐഡി കോപ്പി, നിയമലംഘനങ്ങൾക്കുള്ള പിഴ അടച്ചതിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശികൾ താമസസ്ഥലം തെളിയിക്കുന്ന രേഖ എന്നിവ സമർപ്പിക്കണമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

🇶🇦ഖത്തറില്‍ കോവിഡ് വാക്‌സിന്റെ കാലാവധി 9 മാസമാക്കി ചുരുക്കി.

✒️കോവിഡ് വാക്‌സിന്‍ പ്രതിരോധ ശേഷിയുടെ പ്രാബല്യം 12 മാസത്തില്‍ നിന്ന് 9 മാസമാക്കി ചുരുക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. 2022 ഫെബ്രുവരി 1 മുതലാണ് ഇത് നിലവില്‍ വരിക.

ഇതു പ്രകാരം 2022 ഫ്രെബുവരി 1ന് ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത് 9 മാസം പൂര്‍ത്തിയാവുന്നവരെ വാക്‌സിനെടുക്കാത്തവരായി കണക്കാക്കും. അവരുടെ ഇഹ്തിറാസിലെ ഗോള്‍ഡ് ഫ്രെയിം നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവര്‍ക്ക് ഗോള്‍ഡ് ഫ്രയിം തിരിച്ചുകിട്ടും. അടുത്ത 9 മാസത്തേക്ക് ഇത് നിലനില്‍ക്കുകയും ചെയ്യും.

🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ആക്ടീവ് കേസുകള്‍ 3000 കവിഞ്ഞു.

✒️ഖത്തറില്‍(Qatar) ഇന്ന് 367 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 151 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 151 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,45,047
ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 616. രാജ്യത്ത് നിലവില്‍ 3,139 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. 42 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 164 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 9,126 ഡോസ് വാക്സിന്‍ കൂടി നല്‍കി. 2,47,631 ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,72,597 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇦🇪പുതുവത്സരം: മാസ്​ക്​ ധരിച്ചില്ലെങ്കിൽ 3000 ദിർഹം പിഴ.

✒️പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട്​ മുൻകരുതൽ നടപടി കർശനമാക്കി ദുബൈ. മാസ്​ക്​ ധരിക്കൽ ഉൾ​പെടെയുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ 3000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്ന്​ ദുബൈ ദുരന്ത നിരാരണ സമിതി സുപ്രീം കമ്മിറ്റി അറിയിച്ചു.

ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തി​േൻതാണ്​ തീരുമാനം. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരമാണ്​ നടപടി.

പൊതുജനങ്ങൾക്ക്​ വെടിക്കെട്ട്​ ആസ്വദിക്കാൻ 29 സ്​ഥലങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്​. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോ എന്ന്​ കനത്ത നിരീക്ഷണം ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തി​െൻറ ഒരുക്കങ്ങളും നിലവിലെ സാഹചര്യവും സമിതി വിലയിരുത്തി.

🇦🇪യു.എ.ഇയിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ ഒരു കോടി വരെ പിഴ.

✒️പൊതുസ്​ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി രൂപ) വരെ പിഴ. യു.എ.ഇയിലെ സൈബർ നിയമ ഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. ആറ്​ മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്​.

നിയമഭേദഗതി ജനുവരി രണ്ട്​ മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക്​ ഒന്നര ലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ അഞ്ച്​ ലക്ഷം ദിർഹം വരെയാണ്​ പിഴയിട്ടിരിക്കുന്നത്​. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്​ത്ര മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ​ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ തടയാനും ലക്ഷ്യമിട്ടാണ്​ നിയമം ഭേദഗതി ചെയ്​തത്​.

സൈബർ ​കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ്​ ദേദഗതി ചെയ്​തത്​. ഓൺലൈൻ, ​സാ​ങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്​ത്​ വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ ലോയുടെ പരിധിയിൽ വരും. കുറ്റ കൃത്യത്തിന്​ ഉപയോഗിച്ച ഉപകരണങ്ങളും സോഫ്​റ്റ്​വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കും. സർക്കാർ സ്​ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ മനപൂർവം നശിപ്പിച്ചാൽ അഞ്ച്​ ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. രാജ്യത്തിന്​ പുറത്തുനിന്നാണ്​ ചെയ്യുന്നതെങ്കിലും നടപടികളുണ്ടാകും.

മറ്റുള്ളവരുടെ സ്വകാര്യതക്ക്​ ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത്​ ഗുരുതര കുറ്റമാണ്​. നേരത്തെ സ്വകാര്യ സ്​ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്​, പാർക്ക്​ ഉൾപെടെയുള്ള പൊതു സ്​ഥലങ്ങളിൽ ഫോ​​ട്ടോ എടുത്താലും കുടുങ്ങും. ഒരാളെ രഹസ്യമായി പിന്തുടരുന്നതിന്​ അയളുടെ വീഡിയോ റെക്കോഡ്​ ചെയ്യുന്നതും കുറ്റകരമാണ്​. സെൽഫി എടുക്കുന്നതിനോ ഫോ​ട്ടോ എടുക്കുന്നതിനോ തടസമില്ലെന്നും എന്നാൽ, അത്​ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കു​മ്പോഴാണ്​ നിയമലംഘനമാകുന്നതെന്നും നിയമ വിദഗ്​ധർ പറയുന്നു.

Post a Comment

0 Comments