Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ


🇰🇼കുവൈറ്റ്: ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കർഫ്യു ഏർപ്പെടുത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ.

✒️ആഗോള തലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഭാഗികമായോ, പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റിലെ നിലവിലെ COVID-19 സുരക്ഷിത സാഹചര്യം നിലനിർത്തുന്നതിനായി ആരോഗ്യ മുൻകരുതൽ നടപടികളും, പ്രതിരോധ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വകഭേദം കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ പരിഭ്രാന്തിയ്ക്ക് ഇടയാക്കുന്നില്ലെന്നും, രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും ബൂസ്റ്റർ വാക്സിനുകൾ ലഭ്യമാണെന്നും കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മാസരേം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർക്ക് മുൻ‌കൂർ ബുക്കിംഗ് കൂടാതെ തന്നെ ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്കും, പ്രവാസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നവംബർ 27-ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.

🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഡിസംബർ 31 വരെ സമയം അനുവദിച്ചു.

✒️പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2021 ഡിസംബർ 31 വരെ സമയമനുവദിച്ചിട്ടുണ്ടെന്ന് ഒമാൻ മിനിസ്ട്രി ലേബർ സ്ഥിരീകരിച്ചു. ഡിസംബർ 1-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഇത്തരം രേഖകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് 2021 ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

“സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിട്ടുള്ള നടപടിക്രമങ്ങളിൽ സർക്കാർ ഏതാനം ഇളവുകൾ പ്രഖ്യാപിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നത് പൂർത്തിയാക്കാൻ 2021 ഡിസംബർ 31 വരെ അധികസമയം അനുവദിച്ചിട്ടുണ്ട്.”, മന്ത്രാലയം ഡിസംബർ 1-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

🇶🇦ഖത്തർ: കോവാക്സിൻ COVID-19 വാക്സിന് ഔദ്യോഗിക അംഗീകാരം നൽകി.

✒️വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 2-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കോവാക്സിനു അംഗീകാരം നൽകാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിബന്ധനകളോടെ അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഖത്തർ കോവാക്സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫൈസർ, മോഡർന, ആസ്ട്രസെനേക എന്നിവയുടെ 2 ഡോസ്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഒരു ഡോസ് എന്നിവയ്ക്കാണ് ഖത്തർ പൂർണ്ണ അംഗീകാരം നൽകിയിരിക്കുന്നത്. സിനോഫാം, സിനോവാക്, സ്പുട്നിക് V, കോവാക്സിൻ എന്നിവയുടെ രണ്ട് ഡോസ് എടുത്തവർക്ക് നിബന്ധനകളോടെയാണ് ഖത്തർ അംഗീകാരം നൽകിയിട്ടുള്ളത്.

കോവാക്സിൻ, സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവയുമായി ബന്ധപ്പെട്ട് ഖത്തർ അറിയിച്ചിട്ടുള്ള നിബന്ധനകൾ:
ഈ വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയിരിക്കണം) ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് സെറോളജി ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് നിർബന്ധമാണ്.
യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ ഈ ടെസ്റ്റ് ചെയ്യുന്നതിന് സാധിക്കാത്ത ഇത്തരം യാത്രികർക്ക് ഖത്തറിലെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
ഖത്തർ നിബന്ധനകളോടെ അംഗീകരിച്ചിട്ടുള്ള കോവാക്സിൻ, സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവർ അതിന് ശേഷം ഒരു ഡോസ് ഫൈസർ, അല്ലെങ്കിൽ ഒരു ഡോസ് മോഡർന വാക്സിൻ കുത്തിവെപ്പ് (14 ദിവസം പൂർത്തിയാക്കിയിരിക്കണം) സ്വീകരിക്കുന്ന അവസരത്തിൽ അത്തരം വ്യക്തികളെ പൂർണ്ണമായും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായി കരുതുന്നതാണെന്ന് https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിലെ യാത്രാ നിബന്ധനകളിൽ വ്യക്തമാക്കുന്നു.

🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20 കോടിയുടെ സമ്മാനം.

✒️അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി(Keralite Expat). ഇന്ത്യക്കാരനായ രജ്ഞിത്ത് വേണുഗോപാലന്‍ ഉണ്ണിത്താന്‍ വനജകുമാരി അമ്മയാണ് വന്‍തുകയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. നവംബര്‍ 27ന് അദ്ദേഹം വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിക്കൊടുത്തത്. 

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയത് ഇന്ത്യക്കാരനായ നമ്പൂരി മഠത്തില്‍ അബ്ദുല്‍ മജീദ് സിദ്ദിഖ് ആണ്. 153520 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി രജ്ഞിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഒന്നാം സമ്മാനം നേടിയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു. 

മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസയാണ്. 021681 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 90,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് 254527 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരി പ്രിയങ്ക ആന്റോയാണ്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഗ്രിഗറി സാങ് വാങ്ങിയ 166271 നമ്പര്‍ ടിക്കറ്റ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായി.

70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഹിഷാം കോവ്വപുറത്ത് മേനവില്‍ ആണ്. ഇദ്ദേഹം വാങ്ങിയ 152329 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഏഴാം സമ്മാനമായ 60,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ രജ്ഞിത്ത് കോശി വൈജ്യനാണ്. 047748 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്. പാകിസ്ഥാനില്‍ നിന്നുള്ള സുനൈല്‍ ജേക്കബ് ഹക്കീം ദിന്‍ വാങ്ങിയ 030270 എന്ന നമ്പരിലുള്ള ടിക്കറ്റ് എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടി. 

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിയായത് ഇന്ത്യക്കാരനായ ബാലസുബ്രഹ്മണ്യം ശങ്കരവടിവ് അനന്തപദ്മനാഭനാണ്. 010409 എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ കാറാണ് അദ്ദേഹം സ്വന്തമാക്കിയത്.

🇸🇦സൗദിയിൽ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നിർബന്ധം.

✒️സൗദിയിൽ (Saudi Arabia) കൊവിഡ് വാക്‌സിൻ(covid vaccine) ബൂസ്റ്റർ ഡോസ് (booster dose)നിർബന്ധമാക്കി. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല. രണ്ട് ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. 2022 ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വ്യാപാര വാണിജ്യ, കായിക, സാംസ്‌കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാന്‍ വിലക്കുണ്ടാവും. 

🇶🇦കൊവാക്‌സിന് ഖത്തറില്‍ അംഗീകാരം.

✒️ഇന്ത്യയുടെ കൊവാക്‌സിന് (covaxin) ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം(Qatar Ministry of Public Health) അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്. 

കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയാതിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. നിലവില്‍ കൊവാക്‌സിന് പുറമെ സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നിവയാണ് ഖത്തറില്‍ ഉപാധികള്‍ക്ക് വിധേയമായി അംഗീകരിച്ച വാക്‌സിനുകള്‍. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആസ്ട്രസെനക(കോവിഷീല്‍ഡ്)എന്നിവയാണ് ഉപാധികളില്ലാതെ ഖത്തര്‍ അംഗീകരിച്ച വാക്‌സിനുകള്‍.

🇴🇲ഒമിക്രോണ്‍; യാത്രകള്‍ ഒഴിവാക്കി പ്രവാസികള്‍.

✒️ഒമിക്രോണ്‍ (Omicron) വകഭേദത്തിന്‍റെ കടന്നുവരവ് മസ്‌കറ്റിലെ(Muscat) പ്രവാസികളെ വീണ്ടും ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. കൊവിഡ് (covid)മൂലം രണ്ടു വര്‍ഷത്തിലധികം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസികള്‍ ക്രിസ്മസിന് പോകാന്‍ തയ്യാറെടുത്തു വരുന്ന സമയത്താണ് ഒമിക്രോണ്‍ ഭീഷണി. ഇതുമൂലം നാട്ടിലേക്ക് മറ്റും യാത്ര ചെയ്യാനിരുന്ന മിക്ക പ്രവാസികളും ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് വര്‍ധിക്കുകയാണ്. പലരും കുടുംബമായി യാത്ര ചെയ്യാന്‍ മുന്‍കൂട്ടി അവധി എടുത്തവരുമാണ്.

ഒമിക്രോണ്‍ വൈറസ് വ്യാപനം കൂടിയാല്‍ അവധിക്കു ശേഷം മസ്‌കറ്റിലേക്കുള്ള മടക്കയാത്രക്ക് താമസം നേരിടുമെന്ന ആശങ്ക മൂലമാണ് പലരും ടിക്കറ്റ് റദ്ദാക്കുന്നതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്നത് ട്രാവല്‍ മേഖലയെ വീണ്ടും അനശ്ചിതത്തിലേക്ക് നയിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഡിസംബര്‍ 25 ക്രിസ്മസ് അടുക്കുന്തോറും വിമാനയാത്രാ നിരക്ക് കൂടുമെന്നതിനാല്‍ പല യാത്രക്കാരും വളരെ മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ ശൈത്യകാല അവധികള്‍ അടുത്ത ആഴ്ചയോടു കൂടി ആരംഭിക്കും. ഈ കാരണത്താല്‍ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുമാണ് നിലനില്‍ക്കുന്നത്. വ്യാപനം മൂര്‍ച്ഛിക്കുകയാണെങ്കില്‍ യാത്രകള്‍ ഒഴിവാക്കാന്‍ ആയിരിക്കും എല്ലാവരും താല്പര്യപ്പെടുക. ഒമിക്രോണ്‍ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കറ്റിലെ ട്രാവല്‍ മേഖലയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഒമാനില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

🛫വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ അറിയേണ്ടത് ഇവയൊക്കെ.

✒️ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ വൈറസ് വകഭേദം (Omicron Variant) സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അതിലൂടെ രോഗ വ്യാപനം തടയുന്നതിനുമാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്‍റീനിലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ആർടിപിസിആർ പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സജ്ജീകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിൽ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കുന്നതാണ്. ഇതിനായി 108 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറന്‍റീനിലേക്ക് പോകാവുന്നതാണ്. ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. യാത്രക്കാര്‍ പുറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരാതിരിക്കാന്‍ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് പാര്‍ട്ടീഷന്‍ ചെയ്യണം. ഡ്രൈവര്‍ മാസ്‌കും ഫേസ് ഷീല്‍ഡും ശരിയായ വിധം ധരിക്കണം. ഒരു കാരണവശാലും വാഹനം വഴിയില്‍ നിര്‍ത്തി കടകളിലോ മറ്റോ കയറരുത്. യാത്രക്കാരെ എത്തിച്ച ശേഷം വാഹനം സാനിറ്റൈസ് ചെയ്യണം.

ക്വാറന്‍റീനിലുള്ളവർ വീട്ടില്‍ പ്രത്യേകമായി ടോയിലറ്റ് സൗകര്യമുള്ള മുറിയില്‍ തന്നെ കഴിയണം. വായൂ സഞ്ചാരം കടക്കുന്ന മുറിയായിരിക്കണം. ക്വാറന്‍റീൻ കാലയളവില്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകരുത്. ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിഞ്ഞ ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം പരിശോധന നടത്തേണ്ടതാണ്. വീട്ടില്‍ ക്വാറന്‍റീനിൽ കഴിയുമ്പോള്‍ പോസിറ്റീവായാല്‍ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കുന്നതാണ്. നെഗറ്റീവാണെങ്കില്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷിക്കണം. സ്വയം നിരീക്ഷണ സമയത്ത് ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലോ ചടങ്ങുകളിലോ പോകരുത്. വീട്ടിലും പുറത്തും ശരിയായ വിധം മാസ്‌ക് ധരിക്കണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

🇸🇦സൗദിയില്‍ 38 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.

✒️സൗദി അറേബ്യയില്‍(Saudi Arabia) 38 പേരില്‍ കൂടി കൊവിഡ് (covid 19)ബാധ കണ്ടെത്തി. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 24 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,610,540 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,848 ആയി. ഇതില്‍ 538,990 പേരും സുഖം പ്രാപിച്ചു. ആകെ 8,840 പേര്‍ മരിച്ചു.  

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2018 പേരില്‍ 41 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,536,454 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,643,207 എണ്ണം ആദ്യ ഡോസ് ആണ്. 22,526,908 എണ്ണം സെക്കന്‍ഡ് ഡോസും. 1,720,939 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 366,339 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 15, ജിദ്ദ 7, മദീന 3, ഖോബാര്‍ 3, മക്ക 2, ത്വാഇഫ് 2, മറ്റ് ആറ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇸🇦ഒമിക്രോൺ; സൗദിയിൽ മൂന്നാം ഡോസ് കോവിഡ് വാക്സിന്‍ നിർബന്ധമാക്കുന്നു.

✒️സൗദിയിൽ വാക്‌സിൻ രണ്ട് ഡോസ് വാക്‌സിനും എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ് സൗദിയിൽ ഭൂരിഭാഗവും. ഒമിക്രോൺ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സൗദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തീയതി ഇതിൽ കാണിക്കും. ഈ സമയത്ത് ബുക്കിങ് നടത്തി ബൂസ്റ്റർ ഡോസെടുക്കണം. അല്ലാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. സൗദിയിൽ വാക്‌സിനെടുക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് തവക്കൽനാ ആപ്പിലാണ്.

രണ്ട് ഡോസും എടുത്തവരുടെ വിവരം പച്ച നിറത്തിൽ ഇതിൽ ഇമ്യൂൺ എന്ന് കാണിക്കും. ഇതുള്ളവർക്കേ ജോലി സ്ഥലത്തും കടകളിലും വാഹനങ്ങളിലും പരിപാടികളിലും പ്രവേശനമുള്ളൂ. ലംഘിച്ചാൽ പതിനായിരം റിയാൽ വരെയാണ് പിഴ. ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രക്കും ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. അതേസമയം യാത്രാ പ്രതിസന്ധി കാരണം കുടുങ്ങിയ രാജ്യങ്ങൾക്ക് സൗദിയിലേക്ക് ഇമ്യൂൺ സ്റ്റാറ്റസ് പരിഗണിക്കാതെ പ്രവേശനം അനുവദിച്ചിരുന്നു. സൗദിയിൽ വാക്‌സിനെടുക്കാത്ത ഇന്ത്യക്കാർ ഈ രീതിയിലാണ് മടങ്ങുന്നത്. അവർ സൗദിയിലെത്തിയ ശേഷം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം സമയമായെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മതി.നിലവിൽ രണ്ട് ഡോസ് സ്വീകരിച്ചവർക്കെല്ലാം സൗദിയിലേക്ക് നേരിട്ട് മടങ്ങുന്നതിന് തടസ്സമില്ല. സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് ഇമ്യൂണായവരും സമയമാകുമ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. ഇല്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. നാട്ടിൽ പോകാനിരിക്കുന്നവരുടെ ഇമ്യൂൺ കാലാവധി കഴിയാറായെങ്കിൽ അത് പൂർത്തിയാക്കി പോകുന്നതാകും ഉചിതം.

Post a Comment

0 Comments