✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid 19) ഭീഷണി വീണ്ടും നിഴല്‍ വിരിക്കുന്നു. പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണം അഞ്ഞൂറ് കടന്നു. 24 മണിക്കൂറിനിടയില്‍ 524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 142 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച ഒരു രോഗി കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 553,319 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,010 ആണ്. ആകെ മരണസംഖ്യ 8,872 ആയി.
ഇന്ന് രാജ്യത്ത് ആകെ 32,885,065 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 3,437 പേരില്‍ 40 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 49,858,187 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,966,679 എണ്ണം ആദ്യ ഡോസ് ആണ്. 23,092,182 എണ്ണം സെക്കന്‍ഡ് ഡോസും. 1,733,133 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 1,799,326 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 164, മക്ക 102, ജിദ്ദ 102, മദീന 23, ദമ്മാം 18, ഹുഫൂഫ് 14, ഖോബാര്‍ 9, ലൈത്ത് 6, മുബറസ് 6, തായിഫ് 5, അബഹ 5, ഖര്‍ജ് 5, റാബിഖ് 4, അല്‍ഉല 4, ഖുലൈസ് 3, ബുറൈദ 3, ഖമീസ് മുഷൈത്ത് 3, യാംബു 3, തബൂക്ക് 2, അല്‍ബാഹ 2, ജീസാന്‍ 2, അല്‍റസ് 2, ജുബൈല്‍ 2, ഖത്വീഫ് 2, ദഹ്‌റാന്‍ 2, താദിഖ് 2, ലൈല 2, മുസാഹ്മിയ 2, മറ്റ് 25 സ്ഥലങ്ങളില്‍ ഓരോന്നും രോഗികള്‍.
🇴🇲ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി.
✒️ഒമാനിലേക്ക്(Oman) പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് (expats)രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍(Covid Vaccination) നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലാന്‍ഡ്, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കമ്മറ്റി പിന്‍വലിച്ചു.
🇴🇲ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക്; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍.
✒️ഒമാനില്‍ ഇതുവെര കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം (Omicron varient) 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ (Ministry of Health) ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ (Director General of Disease Surveillance and Control) ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി പറഞ്ഞു.
തിങ്കളാഴ്‍ച ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് രാജ്യത്തെ ഇപ്പോഴത്തെ ഒമിക്രോണ്‍ സാഹചര്യം അധികൃതര്‍ വിശദമാക്കിയത്. രോഗബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകള്‍ ജെനിറ്റിങ് സീക്വന്‍സിങ് പരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം രോഗം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരെല്ലാം വാക്സിനെടുത്തവരാണ്. എല്ലാവരും നല്ല ആരോഗ്യ സ്ഥിതിയിലാണുള്ളത്. ഇവര്‍ക്ക് വളരെ നിസാരമായ രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അത് ഏറെ ആശ്വാസകരമാണെന്നും ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി പറഞ്ഞു.
🇴🇲ഒമാനില്‍ 69 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23 പേര്‍ കൂടി രോഗമുക്തരായി. പുതിയതായി കൊവിഡ് മരണങ്ങളൊന്നും (Covid deaths ) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,05,174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,314 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,114 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.4 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു് കൊവിഡ് രോഗിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 13 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ ഇന്ന് 1732 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️യുഎഇയില്‍ ഇന്ന് 1732 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 608 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം (Covid death) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.
പുതിയതായി നടത്തിയ 3,25,097 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.96 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 753,065 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 741,933 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,159 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 8,973 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇧🇭ബഹ്റൈനില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ച കൂടുതല്‍ റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി.
✒️ബഹ്റൈനില്‍ (Bahrain) കൊവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന (violators of covid precautions) വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‍ചയ്‍ക്കിടെ നാല് റസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി (restaurants shut down) ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‍മസ്‍ ആഘോഷങ്ങളുടെ ഭാഗമായി മുന്‍കരുതലുകളില്‍ അയവ് വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.
അടച്ചുപൂട്ടിയവയ്‍ക്ക് പുറമെ 22 റസ്റ്റോറന്റുകളിലും കഫേകളിലും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവയ്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ശനിയാഴ്‍ച മാത്രം 128 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആരോഗ്യ, ആഭ്യന്തര, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പരിശോധന നടത്തുന്നത്. നിരവധി റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതിന് പുറമെ 11 മെന്‍സ് സലൂണുകളും രണ്ട് വിമണ്‍സ് സലൂണുകളും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ആഴ്‍ച മുതല്‍ തന്നെ നിയമലംഘകര്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ചുമത്തുന്നുമുണ്ട്.
🇦🇪അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഇതിനോടകം പ്രാബല്യത്തില്‍.
✒️അബുദാബി: അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid precautionary restrictions) മാറ്റം. വിവാഹ ചടങ്ങുകള്‍ (wedding ceremonies), മരണാനന്തര ചടങ്ങുകള്‍ (funerals), കുടുംബ സംഗമങ്ങള്‍ (family gatherings) എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്‍തിട്ടുണ്ട്.
രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി 50ല്‍ കവിയാന്‍ പാടില്ല. ഔട്ട്‍ഡോര്‍ പരിപാടികളിലും ഓപ്പണ്‍എയര്‍ ആക്ടിവിറ്റികളിലും 150 പേര്‍ക്കായിരിക്കും പ്രവേശനം. വീടുകളിലെ സാമൂഹിക ചടങ്ങുകളില്‍ പരമാവധി 30 പേര്‍ക്ക് പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ചടങ്ങുകളിലെല്ലാം കൊവിഡ് സുരക്ഷാ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം. അല്‍ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. ഇതിന് പുറമെ 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലവും വേണം. മാസ്‍ക് ധരിക്കുകയും സദാ സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ വ്യാപകമാക്കും.
തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയും മൂക്കും വായും മൂടുന്ന തരത്തില്‍ ശരിയായി മാസ്‍ക്ക് ധരിച്ചും എല്ലാവരും രോഗനിയന്ത്രണ മാര്‍ഗങ്ങളുമായി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. എപ്പോഴും മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. കൈകള്‍ എപ്പോഴും കഴുകുകയോ അണുവിമുക്തമാക്കുകയോ വേണമെന്നും അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം അത് സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍പറയുന്നു.
🇦🇪യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ നഷ്ടപരിഹാരം.
✒️വാഹനാപകടത്തില്‍ പരിക്കേറ്റ (Injured in road accident) കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം (ഒരു കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം (Compensation) നല്‍കാന്‍ ദുബൈ കോടതിയുടെ (Dubai court) വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ (Masafi) വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അബ്‍ദുല്‍ റഹ്‍മാന്‍ (37)നാണ് നഷ്‍ടപരിഹാരം ലഭിക്കുക.
അപകടത്തെ തുടര്‍ന്ന് നടത്തിയ നഷ്ടപരിഹാര കേസിലാണ് അബ്‍ദുല്‍ റഹ്‍മാന് അനുകൂലമായ കോടതി വിധിയുണ്ടായത്. ദുബായിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് അബ്‍ദുല്‍ റഹ്‍മാന്‍ കേസ് കൊടുത്തിരുന്നത്. കേസ് നടത്തിപ്പിനായി അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് ഇസ്‍മായിലും സുഹൃത്തുക്കളും യു.എ.ഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.ശേഷം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് അബ്‍ദുല്‍ റഹ്‍മാന് കോടതിയില്‍ നിന്ന് അനുകൂല വിധി കരസ്ഥമാക്കാന്‍ സാധിച്ചത്.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഇനി 16 വയസ് മുതൽ.
✒️റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് (booster dose of covid vaccine) ഇനി 16 വയസ് മുതൽ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (Saudi ministry of Health) അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം കഴിഞ്ഞ 16 വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കെല്ലാം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാവുന്നതാണ്. നേരത്തെ 18 വയസ് മുതലുള്ളവർക്കായിരുന്നു ബൂസ്റ്റർ ഡോസ് വിതരണം ഉണ്ടായിരുന്നത്.
കൊവിഡിനെയും പുതിയ വകഭേദമായ ഒമിക്രോണിനെയും തടയുന്നതിൽ 16 വയസ് മുതലുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സമൂഹത്തിലാകമാനം കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കുന്നതിന് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ രാജ്യത്തെ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെടുന്നതായി മന്ത്രാലയം ആവർത്തിച്ചു. ഇതിനിടെ രാജ്യത്തുടനീളം ഇതുവരെ 15,44,668 ഡോസ് ബൂസ്റ്റർ ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇶🇦ഖത്തര്‍ പുതിയ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റ്.
✒️കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റെഡ്‌ലിസ്റ്റില്‍ യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. ഞായറാഴ്ച്ച ഖത്തര്‍ എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‌സൈറ്റിലാണ് പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയതായി വിവരം നല്‍കിയത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ഇത് പിന്‍വലിച്ചു.
ഡിസംബര്‍ 26 ഞായറാഴ്ച്ച വൈകീട്ട് 6 മണിമുതല്‍ ഖത്തര്‍ കോവിഡ് ട്രാവല്‍ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തതായും ഇതു പ്രകാരം ലബ്‌നാന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ നിന്ന് റെഡ് ലിസ്റ്റിലേക്ക് മാറ്റിയതായുമാണ് ഖത്തര്‍ എയര്‍വേസ് അറിയിച്ചത്. വെബ്‌സൈറ്റിലെ ട്രാവല്‍ റിക്വയര്‍മെന്റ് ടാബിലാണ് ഈ വിവരങ്ങള്‍ ചേര്‍ത്തിരുന്നത്. എന്നാല്‍, പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു.
ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. യാത്രാ സംബന്ധമായ അപ്‌ഡേറ്റുകള്‍ക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചത്.
നിലവില്‍ 176 രാജ്യങ്ങളാണ് ഖത്തറിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലാണ്.
🇶🇦ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ മഴയ്ക്കു സാധ്യത.
✒️ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ മഴയ്ക്ക് സാധ്യത. നാലോ അഞ്ചോ ദിവസം രാജ്യത്തിന്റെ മിക്ക ഭാഗത്തും അങ്ങിങ്ങായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ചില സമയത്ത് ഇടിയോട് കൂടിയ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥ ആയതിനാല്‍ കടലിലുള്ള എല്ലാ വിനോദങ്ങളും ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
🇶🇦ഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്ക് അനധികൃത അഭയം നല്‍കിയ ആളെ അറസ്റ്റ് ചെയ്തു.
✒️വീട്ടുവേലക്കാരികളെ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടാന്‍ സഹായിക്കുകയും അനധികൃതമായി ഒളിപ്പിച്ച് താമസിപ്പിക്കുകയും ചെയ്ത ആഫ്രിക്കന്‍ സ്വദേശിയെ ഖത്തര്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗം അറസ്റ്റ് ചെയ്തു. അല്‍ സലത്തയിലെ വാടക കെട്ടിടത്തിലാണ് ഇയാള്‍ 15 സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ വലയിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചു. വിവിധ വീടുകളില്‍ ജോലി ചെയ്യുന്നതിന് കൂടുതല്‍ പണം വാഗ്ദാനം ചെയ്താണ് താന്‍ വീട്ടുവേലക്കാരികളെ വലയിലാക്കിയതെന്ന് ആഫ്രിക്കന്‍ സ്വദേശി പറഞ്ഞു. പ്രതിയെ നിയമ നടപടികള്‍ക്കായി കൈമാറി.
സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് അഭയം നല്‍കുന്നതും അവരുമായി ഇടപാടുകള്‍ നടത്തുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി.
✒️പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, തൊഴിലുടമകൾക്കും കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബർ 26-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഇത്തരം രേഖകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് 2022 ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ 2021 ഡിസംബർ 31 വരെയാണ് പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് മന്ത്രാലയം സമയമനുവദിച്ചിരുന്നത്.
“സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിട്ടുള്ള നടപടിക്രമങ്ങളിൽ സർക്കാർ ഏതാനം ഇളവുകൾ പ്രഖ്യാപിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നത് പൂർത്തിയാക്കാൻ 2022 ജനുവരി 31 വരെ അധികസമയം അനുവദിച്ചിരിക്കുന്നു.”, മന്ത്രാലയം ഡിസംബർ 26-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
🇧🇭ബഹ്‌റൈൻ: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്ന് സൂചന.
✒️രാജ്യത്തെ പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി തയ്യാറാക്കുന്ന ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ തന്നെ ബഹ്‌റൈൻ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രവാസികൾക്കായി നിർബന്ധമായും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രൈവറ്റ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് തുടക്കമിടുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ ആദ്യ ഘട്ടത്തിൽ ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായുള്ള സേവനദാതാക്കളിൽ നിന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ടെണ്ടർ ക്ഷണിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ ഒരു നിശ്ചിത തുകവരെയുള്ള ചികിത്സകൾക്ക് പ്രവാസികൾക്ക് ആരോഗ്യ സുരക്ഷാ പരിരക്ഷ ലഭിക്കുന്നതാണ്.
പ്രവാസികൾക്ക് ഈ ആരോഗ്യ ഇൻഷുറൻസ് പാക്കേജ് ഉറപ്പാക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകൾ അതാത് തൊഴിലുടമകൾ നിർബന്ധമായും വഹിക്കുന്ന രീതിയിലാണ് ബഹ്‌റൈൻ അധികൃതർ ഈ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
🇸🇦സൗദിയിൽ മൂന്ന് തൊഴിൽ മേഖലകളിൽ വ്യാഴാഴ്ച മുതൽ സ്വദേശിവത്കരണം നടപ്പാക്കും.
✒️സൗദിയിൽ മൂന്ന് തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്കരിക്കുന്നു. ഡിസംബർ 30 വ്യാഴാഴ്ച മുതലാണ് കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകൾ സ്വദേശിവത്കരിക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ ചില ജോലികളിൽ സ്വദേശിവത്കരണം 100 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 2,000 ലധികം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനറൽ മാനേജർ, സർക്കാർ റിലേഷൻസ് ഉദ്യോഗസ്ഥൻ, കസ്റ്റംസ് ക്ലിയറൻസ് ക്ലർക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ എന്നീ തൊഴിലുകളാണ് കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണത്തിൽ ഉൾപ്പെടുകയെന്ന് നടപടിക്രമ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡ്രൈവിങ് സ്‌കൂൾ മേഖലകളിലെ തൊഴിലുകളും നൂറ് ശതമാനം സ്വദേശിവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ തുടങ്ങിയ ജോലികൾ സ്വദേശിവത്കരിക്കുന്നതിലുൾപ്പെടും. പരിശീലനം നൽകുന്ന ആളുടെ വേതനം 5,000 റിയാലിൽ കുറവായിരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളിൽ 8,000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവിങ് സ്‌കൂൾ മേഖലയിലെ സ്വദേശിവത്കരണ പ്രഖ്യാപനം വന്ന ഉടനെ ഡ്രൈവിങ് പരിശീലനം എന്ന തൊഴിൽ തൊഴിലന്വേഷകരെ പരിശീലിപ്പിക്കുകയും യോഗ്യത നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ട് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
എൻജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകളുടെ സ്വദേശിവത്കരണത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച പ്രൊഫഷണൽ തരംതിരിക്കൽ അനുസരിച്ച് എൻജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകൾ എന്ന ഗണത്തിൽപ്പെടുന്ന എല്ലാ പ്രൊഫഷനുകളും ഉൾപ്പെടുന്നതാണ്. ഈ മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്ക് നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലിൽ കുറയരുതെന്നും സൗദി എൻജിനീയേഴ്‌സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. 2021 ൽ സ്വദേശികളായ തൊഴിലന്വേഷകർക്ക് 3,78,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 20 തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഡിസംബർ 30 മുതൽ മൂന്ന് പുതിയ മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ പോകുന്നത്.
0 Comments