🕋Hajj : ഹജ്ജ് അപേക്ഷക്കുള്ള തീയതി നീട്ടി.
✒️2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി. ഫെബ്രുവരി 15 വരെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജനുവരി 31 ആയിരുന്നു ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതാണ് 15 ദിവസം നീട്ടി നൽകിയത്.
നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തേയുള്ള രീതിയിൽ സംവരണ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ. കഴിഞ്ഞ തവണ ബലിപെരുന്നാളിന് സൗദിയിൽ താമസിക്കുന്ന പ്രവാസി മലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായത്.
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; പുതിയ കൊവിഡ് കേസുകൾ കുറയുന്നു.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വ്യാപനത്തിന് നേരിയ കുറവ്. പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ (New covid cases) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,913 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ നാലായിരത്തിന് മുകളിലായിരുന്നു കേസുകൾ. നിലവിലെ രോഗികളിൽ 4,284 പേർ സുഖം പ്രാപിച്ചു (Covid recoveries). ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും (Two deaths) ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,79,384 ഉം രോഗമുക്തരുടെ എണ്ണം 6,30,816 ഉം ആയി. ആകെ മരണസംഖ്യ 8,931 ആയി. ആകെ 40,008 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 878 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.85 ശതമാനവും മരണനിരക്ക് 1.31 ശതമാനവുമായി. 24 മണിക്കൂറിനിടെ 131,566 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,301, ജിദ്ദ - 372, ദമ്മാം - 221, ഹുഫൂഫ് - 178, മക്ക - 118, മദീന - 102, അബഹ - 85 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,67,07,289 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.
🇸🇦സൗദി സ്ഥാപക ദിനം: സ്വകാര്യ മേഖലയിൽ ഫെബ്രുവരി 22-ന് അവധി.
✒️രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു. 2022 ജനുവരി 29, ശനിയാഴ്ച്ചയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
MHRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് സുലൈമാൻ അൽ രാജ്‌ഹിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുൻനിർത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളിൽ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതിനുമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13620 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ജനുവരി 20 മുതൽ 2022 ജനുവരി 26 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ജനുവരി 29-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 6700 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1743 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 5177 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൺപതിനായിരത്തോളം പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 274 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 42 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 55 ശതമാനം പേർ യെമൻ പൗരന്മാരും, 3 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
🇸🇦നഗരവികസനം; ജിദ്ദയിൽ 138 പ്രദേശങ്ങളിലായി 50,000 ത്തോളം കെട്ടിടങ്ങൾ പൊളിക്കുന്നു.
✒️ചേരികൾ ഒഴിവാക്കുന്നതിന്റെയും നഗരവികസനത്തിന്റെയും ഭാഗമായി ജിദ്ദ നഗരസഭയിൽ 138 പ്രദേശങ്ങളിലായി 50,000 ത്തോളം കെട്ടിടങ്ങൾ പൊളിക്കുമെന്നും 13 പ്രദേശങ്ങളിലായി 11,000 കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയതായും അൽ അഖ്ബാറിയ ചാനല്‍ പുറത്തുവിട്ട കണക്കിൽ പറയുന്നു.
ഇത്തരം പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കും നഷ്ടപ്പെടുന്ന ഭൂമിക്കും ഉടമസ്ഥർക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ഡിജിറ്റൽ, വെബ്സൈറ്റ് മുഖേന ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭയും ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റും അറിയിച്ചു. ഇതിനായി ഏതെങ്കിലും ഓഫിസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല.
നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാക്കുക. നഷ്ടപ്പെടുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും കൃത്യമായ രേഖയും ഫോട്ടോയുമായി ഉടമസ്ഥർ ഇലക്‌ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം.
അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ രണ്ടാം ഘട്ടമായി ജിദ്ദ നഗരസഭ രേഖകളും മറ്റും പരിശോധിച്ചു സമഗ്രത ഉറപ്പാക്കും. ഈ പരിശോധന പൂർത്തിയാക്കി രേഖകൾ അവസാനഘട്ട മൂല്യനിർണയ പ്രവർത്തനങ്ങൾക്കായി മക്ക മേഖല റിയൽ എസ്റ്റേറ്റ് അതോറിറ്റിയും ജിദ്ദ മുനിസിപ്പാലിറ്റിയും ചേർന്ന് രൂപീകരിച്ച കമ്മിറ്റിയിലേക്ക് അയക്കും.
ഇവരുടെ മൂല്യനിർണയത്തിന് ശേഷം രേഖകളിൽ നഷ്ടപരിഹാരം നൽകാനായി സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് അതോറിറ്റിക്ക് കൈമാറും. നിയപരമായ ഉടമാവകാശം അനുസരിച്ചുള്ള രേഖകൾ ഉള്ള ഭൂമിയിലെ പൊളിക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും നഷ്ടരിഹാരം ലഭിക്കും.
രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുകയെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
0 Comments