കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ രാത്രി 12 മുതൽ ഇന്ന് ഞായർ രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം ഇന്നും തുടരും.
നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് ഇളവുകളുണ്ടാകും. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മറ്റുപൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങൾക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് ജനുവരി 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിശ്ചയിച്ചിരുന്നത്. ഈ ദിവസങ്ങളിലെ പിഎസ്സി പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.
നിയന്ത്രണങ്ങളും ഇളവുകളും
മരുന്ന്, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. പരമാവധി ഹോം ഡെലിവറി.
ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. പാഴ്സൽ അല്ലെങ്കിൽഹോം ഡെലിവറി മാത്രം.
വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയിൽ 20 പേർ മാത്രം.
ദീർഘദൂരബസുകൾ, തീവണ്ടികൾ, വിമാനസർവീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളിൽ യാത്ര ചെയ്യാം. ടിക്കറ്റ് കൈയിൽ കരുതിയാൽ മതി.
ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാം.
മുൻകൂട്ടി ബുക്കുചെയ്തതെങ്കിൽ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചർ കരുതണം.
നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകൾക്കും ടാക്സിവാഹനങ്ങൾക്കും സഞ്ചരിക്കാം.
ഞായറാഴ്ച പ്രവൃത്തിദിനമായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, വർക്ക് ഷോപ്പുകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
പരീക്ഷകളിൽ പങ്കെടുക്കാനുള്ളവർക്ക് അഡ്മിറ്റ് കാർഡുകൾ ഹാജരാക്കിയാൽ മതി.
ബാറും മദ്യക്കടകളും പ്രവർത്തിക്കില്ല. കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാം.
സംസ്ഥാനത്ത് ഇന്നലെ 50,812 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45.78 ശതമാനമാണ് ടിപിആർ. എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു. സി കാറ്റഗറിയിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്. കൊവിഡിന്റെ അതിതീവ്രവ്യപനത്തിൽ കർശനജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
എറണാകുളത്ത് ഇന്ന് വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 3,36,202 കൊവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3751 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,649 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8235, കൊല്ലം 4377, പത്തനംതിട്ട 1748, ആലപ്പുഴ 1785, കോട്ടയം 3033, ഇടുക്കി 1445, എറണാകുളം 8571, തൃശൂര്‍ 5905, പാലക്കാട് 2335, മലപ്പുറം 2809, കോഴിക്കോട് 4331, വയനാട് 829, കണ്ണൂര്‍ 1673, കാസര്‍ഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,41,834 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
0 Comments