🇸🇦സൗദിയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷനു(covid vaccination) തുടക്കമായി. അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് ആരംഭിച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ സിഹത്തി, തവക്കല്‍ന മൊബൈല്‍ ആപ്പുകള്‍ മുഖേനെ കുത്തിവെപ്പിനുള്ള ബുക്കിങ് എടുക്കേണ്ടത്.
കുട്ടികളുടെ വാക്‌സിന്‍ ഡോസ് മുതിര്‍ന്നവരുടെ ഡോസിന്റെ നേര്‍ പകുതിയാണ്. ഇത് രണ്ട് ഘട്ടങ്ങളായാണ് നല്‍കുക. ഫൈസര്‍ വാക്‌സിന്‍ ആണ് കുട്ടികളില്‍ കുത്തിവെക്കുക. പ്രായമായവരോടൊപ്പം കഴിയുന്നവര്‍ എന്ന നിലയിലാണ് കുട്ടികള്‍ക്ക് കൂടി കുത്തിവെപ്പ് നല്‍കുന്നത്. ഗുരുതരമായ രോഗങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ വാക്‌സിന്‍ ഡോസുകളുടെ വിതരണം തുടരും.
🇸🇦സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 13,627 നിയമലംഘകര്‍ അറസ്റ്റില്‍.
✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,627 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ജനുവരി ആറ് മുതല്‍ 12 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 6,774 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 5,295 പേരെയും പിടികൂടിയത്. 1,558 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 411 പേര്‍. ഇവരില്‍ 48 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 49 ശതമാനം പേര്‍ എത്യോപ്യക്കാരും 3് ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 17 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ 94,938 പേരാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായി നടപടി കാത്ത് കഴിയുന്നത്. ഇതില്‍ 84,794 പേര്‍ പുരുഷന്മാരും 10,144 പേര്‍ സ്ത്രീകളുമാണ്. 84,086 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
🇸🇦സൗദി: ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകം.
✒️ഒന്നിലധികം തവണ ഉംറ തീർത്ഥാടനം ആവർത്തിക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 ജനുവരി ആദ്യം വ്യക്തമാക്കിയിരുന്നു. ഈ നിയന്ത്രണം ഉംറ അനുഷ്ഠിക്കുന്നതിനായും, മറ്റു പ്രാർത്ഥനകൾക്കുമായും സൗദിയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്കും ബാധകമാണെന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്.
പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവരും, ‘Tawakkalna’ ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുമായ തീർത്ഥാടകർക്കാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരത്തിൽ ഉംറ തീർത്ഥാടനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കെത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകിയിട്ടുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2021 ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
ഒന്നിലധികം തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതോടെ, വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിൽ തുടരാൻ അനുവാദമുള്ള 30 ദിവസത്തെ കാലയളവിൽ പരമാവധി 3 തവണ ഉംറ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
രാജ്യത്ത് വീണ്ടും COVID-19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം തിരികെ ഏർപ്പെടുത്തിയിരിക്കുന്നത്. COVID-19 മഹാമാരിയെത്തുടർന്ന് മന്ത്രാലയം കഴിഞ്ഞ വർഷം ഉംറ തീർത്ഥാടനങ്ങൾക്കിടയിൽ ഇത്തരത്തിൽ 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയിരുന്നു.
🇸🇦ഇയർ ഓഫ് സൗദി കോഫീ: എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി പവലിയനിൽ പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചു.
✒️ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയുടെ സംസ്കാരം, നാടോടിക്കഥകൾ എന്നിവയിൽ കാപ്പിയുടെ പ്രാധാന്യത്തെ എടുത്ത് കാട്ടുന്നതാണ് ‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതി. സൗദി പ്രാദേശിക കാപ്പിയുടെ ആധികാരിക രുചി ആഘോഷിക്കുന്നതിനായി 2022 വർഷം ‘ഇയർ ഓഫ് സൗദി കോഫീ’ എന്ന രീതിയിൽ ആചരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സൗദി പൊതുസമൂഹത്തിൽ കാപ്പിയ്ക്കുള്ള പ്രാധാന്യം, സൗദി ജീവിതരീതിയിൽ അതിനുള്ള സ്ഥാനം എന്നിവ പരിശോധിക്കുന്ന ഈ ഹ്രസ്വചിത്രം സൗദി കാപ്പിയുടെ തനത് സ്വാദ്, സൗദി കാപ്പിയുടെ വിവിധ വകഭേദങ്ങൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കാപ്പിയുടെ വിശേഷങ്ങൾ തുടങ്ങിയ വിവരങ്ങൾ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാപ്പി കൃഷിചെയ്യുന്ന ഇടങ്ങളിലൊന്നാണ് സൗദി അറേബ്യയിലെ തെക്കൻ മേഖലയിലെ ജസാൻ പ്രദേശം. യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ‘ഗ്രീൻ ഗോൾഡ് ഓഫ് ജസാൻ’ എന്ന പേരിലറിയപ്പെടുന്ന ഖവ്ലാനി കാപ്പിക്കുരുവിന് ഏറെ പ്രശസ്തമാണ്. ഉയർന്ന നിലവാരമുള്ള ഈ കാപ്പി സൗദി സംസ്കാരത്തിന്റെ ഭാഗമാണ്.
‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ സൗദി സാംസ്കാരിക മന്ത്രാലയം 2021 ഡിസംബർ 31-ന് പ്രകാശനം ചെയ്തിരുന്നു.
സൗദി ആതിഥ്യമര്യാദയുടെയും, ഉദാരതയുടെയും അടയാളമായി കണക്കാക്കുന്ന ‘ഫിൻജൽ’ എന്ന ചെറു കാപ്പിക്കപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതിയുടെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
🇸🇦സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ചയെന്ന് മുന്നറിയിപ്പ്.
✒️ഈ വര്‍ഷത്തെ ശൈത്യകാലത്തെ ഏറ്റവും ശക്തമായ തണുപ്പ് ഈ ആഴ്ചയായിരിക്കും രേഖപ്പെടുത്തുകയെന്ന് കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ ജുഹാനി സൗദി നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ മേഖലകളില്‍ പൂജ്യത്തിനും താഴെയായിരിക്കും ഈ ആഴ്ചയില്‍ പ്രതീക്ഷിക്കാവുന്ന താപനില. മധ്യമേഖലയില്‍ പൂജ്യം മുതല്‍ 3 ഡിഗ്രി ഡിഗ്രി സെല്‍ഷ്യസ് വരെയും കിഴക്കന്‍ മേഖലകളില്‍ 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുമായിരിക്കും. പടിഞ്ഞാറന്‍ മേഖലകളിലെ താപനില 15ഡിഗ്രി സെല്‍ഷ്യസിനും താഴെയായിരിക്കുമെന്നുമാണ് പ്രവചനം. റിയാദും മക്കയും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വരും മണിക്കൂറുകളില്‍ സജീവമായ കാറ്റിനൊപ്പം മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടിമിന്നലിനും തുടര്‍ച്ചയായ കാറ്റിനും മഴയ്ക്കും സാധ്യത.
ചില പ്രദേശങ്ങളില്‍ സജീവമായ കാറ്റിന് പിന്നാലെ ശക്തമായി ഇടിമിന്നലും മഴയുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. തെക്കന്‍ ഭാഗത്ത് ദൃശ്യപരത കുറയ്ക്കുന്ന തരത്തില്‍ തുടര്‍ച്ചയായ കാറ്റും അതിനെ തുടര്‍ന്ന് ഇടിമിന്നലുമുണ്ടാകുമെന്നാ ണ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍, റിയാദ് മേഖലകളിലും ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലും പടിഞ്ഞാറന്‍-വടക്കന്‍ അതിര്‍ത്തികളായ അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. ജിസാന്‍, അസീര്‍, അബഹ, മക്ക, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ ജൗഫ്, അല്‍ ഷര്‍ഖിയ, റിയാദ് എന്നീ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രിയും നാളെ പുലര്‍ച്ചയും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം മണിക്കൂറില്‍ ഏകദേശം 20 മുതല്‍ 45കി.മീ വേഗതയിലായിരിക്കും. വടക്കന്‍, മധ്യ ഭാഗങ്ങളില്‍ ഏകദേശം ഒന്ന് മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്
🇸🇦സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി.
✒️സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി. പുതുതായി 5,477 കോവിഡ് കേസുകളും 3,405 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,15,430 ഉം രോഗമുക്തരുടെ എണ്ണം 5,64,947 ഉം ആയി.
പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,906 ആയി. ചികിത്സയിലുള്ളവരിൽ 310 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമാണ്.
പുതുതായി റിയാദിൽ 1,472 ഉം ജിദ്ദയിൽ 985 ഉം മക്കയിൽ 425 ഉം മദീനയിൽ 359 ഉം ഹുഫൂഫിൽ 189 ഉം ദമ്മാമിൽ 143 ഉം ത്വാഇഫിൽ 141 ഉം ഖുലൈസിൽ 103 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,38,46,446 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,95,358 ആദ്യ ഡോസും 2,34,55,421 രണ്ടാം ഡോസും 51,95,667 ബൂസ്റ്റർ ഡോസുമാണ്.
0 Comments