Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦Saudi Covid Report: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു.

✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് രോഗികളുടെ എണ്ണം (New Covid Cases) വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 632 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ രോഗികളിൽ 995 പേർ രോഗമുക്തി (Covid Recoveries) നേടി. 

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,44,374 ഉം രോഗമുക്തരുടെ എണ്ണം 7,22,468 ഉം ആയി. രണ്ട്‍ മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,996 ആയി. നിലവിൽ 12,910 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 609 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 183, ജിദ്ദ - 57, ദമ്മാം - 49, മദീന - 33, മക്ക - 27, ഹുഫൂഫ് - 25, അബഹ - 23, തായിഫ് - 20, അബഹ - 19. സൗദി അറേബ്യയിൽ ഇതുവരെ 6,07,87,120 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,36,079 ആദ്യ ഡോസും 2,41,66,535 രണ്ടാം ഡോസും 1,06,84,506 ബൂസ്റ്റർ ഡോസുമാണ്.

🇦🇪Mahzooz: 10,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ച് മഹ്‍സൂസ്.

✒️ദുബൈ: കഴിഞ്ഞ ദിവസം രാത്രി യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന 66-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു വിജയി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയതായി മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചും യോജിച്ചുവന്നതോടെയാണ് ഈ ഭാഗ്യവാന്‍ മഹ്‍സൂസിന്റെ ഏറ്റവും പുതിയ മള്‍ട്ടി മില്യനയറായി മാറിയത്. 3, 16, 19, 23, 30 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം 31 പേര്‍ പങ്കെട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 32,258 ദിര്‍ഹം വീതം സ്വന്തമാക്കും. കൂടാതെ, 1651 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 11541713, 11720419, 11767411 എന്നീ ഐഡികളിലൂടെ യഥാക്രമം സുബൈര്‍, എല്‍ഹം, ബെന്‍‌ജി എന്നിവര്‍ വിജയികളായി. ആകെ 11,877,850 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

"2022ലെ ആദ്യ മള്‍ട്ടി മില്യനയറെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന്" ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സംജി പറഞ്ഞു. "ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് ഗ്രാന്റ് പ്രൈസ് നേടാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുവഴി ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്ലൊരു വര്‍ഷമായി 2022 മാറുമെന്നും പ്രതീക്ഷിക്കുന്നു" - ഫരീദ് സംജി പറഞ്ഞു. 

2022 മാര്‍ച്ച് 5 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‍സൂസിന്റെ അടുത്ത നറുക്കെടുപ്പ്. 

ഈ ആഴ്‍ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്‍സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, ആഴ്‍ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

🇶🇦Covid Restrictions: ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി.

✒️ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

🇦🇪UAE Covid Report: യുഎഇയില്‍ 622 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് കൊവിഡ് മരണങ്ങളില്ലാത്ത ദിനം.

✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 622 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,665 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,52,997 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,79,368 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,23,470 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,597 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇰🇼Land ports opened: കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ മുഴുവന്‍ സമയവും തുറന്നു.

✒️കുവൈത്ത് സിറ്റി: കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ (Kuwait land border points) 24 മണിക്കൂറും തുറന്നു. ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും (Travelers arriving and departing) 24 മണിക്കൂറും ഇനി അതിര്‍ത്തി കടക്കാം.

എല്ലാ യാത്രക്കാരെയും 24 മണിക്കൂറും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

🇸🇦Saudi Health Ministry: രണ്ട് ദിവസത്തിന് ശേഷം വലിയ സംഭവം; സസ്‍പെന്‍സുമായി സൗദി ആരോഗ്യ മന്ത്രാലയം.

✒️ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Ministry of Health) പുതിയ അറിയിപ്പ്. രണ്ട് ദിവസത്തിന് ശേഷം വലിയൊരു സംഭവം നടക്കുമെന്നാണ് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ (Official twitter handle) വഴി അറിയിച്ചിരിക്കുന്നത്. 'നമ്മുടെ ഭാവി ഇപ്പോള്‍' എന്ന തലക്കെട്ടോടെയാണ് അറിയിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

🕋Umrah Pilgrimage: ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം; പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി.

✒️കൊവിഡ് സാഹചര്യത്തിൽ (Covid situation) ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായ നിബന്ധന (Age restrictions) പൂർണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും (Umrah Pilgrimage) മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും കഴിയും. 

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

🇦🇪Ilaiyaraaja at Expo : എക്‌സ്‌പോ 2020യെ സംഗീതസാന്ദ്രമാക്കാന്‍ ഇളയരാജ എത്തുന്നു.

✒️എക്‌സ്‌പോ 2020 ദുബൈയുടെ (Expo 2020 Dubai) വേദിയില്‍ സംഗീതജ്ഞന്‍ ഇളയരാജ (Ilaiyaraaja) എത്തുന്നു. മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പത് മണിക്ക് എക്‌സ്‌പോ 2020 ദുബൈയിലെ ജൂബിലി സ്‌റ്റേജിലാണ് പരിപാടി സംഘടിപ്പിക്കുക. 

'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സംഗീത കച്ചേരി' എന്നാണ് സംഘാടകര്‍ ഈ പരിപാടിയെ വിശേഷിപ്പിക്കുന്നത്. എക്‌സ്‌പോ 2020 പാസ് ഉള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളായാണ് 78കാരനായ ഇളയരാജ കണക്കാക്കപ്പെടുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സംഗീത രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹം 7,000 ഗാനങ്ങളും 1,400ലേറെ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. 

 20,000ലേറെ സംഗീത കച്ചേരികള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൂന്നെണ്ണം മികച്ച സംഗീത സംവിധാനത്തിനും രണ്ടെണ്ണം മികച്ച പശ്ചാത്തല സംഗീതത്തിനുമാണ് ലഭിച്ചിട്ടുള്ളത്. 2010ല്‍ പത്മഭൂഷണും 2018ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

🔊ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്; മാർച്ച് 10നകം അപേക്ഷിക്കണം.

✒️നോർക്കാ റൂട്‌സും ജർമ്മൻ ഫെഡറൽ എംപ്‌ളോയ്‌മെന്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിംഗിൽ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യം.

നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർ, ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/ നഴ്‌സിംഗ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാർഡിയോളജി/ ജനറൽ വാർഡ്/ സർജിക്കൽ – മെഡിക്കൽ വാർഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓർത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ ഓപ്പറേഷൻ തീയറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.

ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ജർമ്മൻ ഭാഷാ എ1/ എ2/ ബി1 ലെവൽ പരിശീലനം ഇൻഡ്യയിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടർന്ന് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാൻ അവസരം ലഭിക്കും.

ജർമ്മൻ ഭാഷ ബി2 ലെവൽ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി ജർമ്മനിയിൽ ജോലി ചെയ്യാം. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവർടൈം അലവൻസുകൾക്ക് പുറമെ) ലഭിക്കും. ഉദ്യോഗാർഥികൾ https://norkaroots.org എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ഈ പ്രോഗ്രാമിൽ മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും നൽകേണ്ടതില്ല. 2022 മാർച്ച് 10നകം അപേക്ഷിക്കണം. ജർമ്മനിയിലേക്ക് പതിനായിരം നഴ്സുമാരെ ഘട്ടം ഘട്ടമായി റിക്രൂട്ട് ചെയ്യാൻ കേരള സർക്കാറുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒരോ വർഷവും കേരളത്തിൽ നിന്ന് 8500 പേർ നഴ്സിംഗ് പഠനം പൂർത്തീകരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം. ഇമെയിൽ: triplewin.norka@kerala.gov.in.

Source: https://norkaroots.org/documents/20126/6200333/PressRelease25022022_1.pdf/ed707167-e0e3-9df2-7973-736f519dd0a1

🇦🇪യു എ ഇ: യാത്രാ നിബന്ധനകളിൽ ഇളവുകൾ വരുത്തിയതായി വിമാന കമ്പനികൾ.

✒️രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി യു എ ഇയിലെ വിമാന കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവെയ്‌സ് എന്നിവർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ വെബ്സൈറ്റുകളിലെ യാത്രാ നിബന്ധനകൾ ഭേദഗതി ചെയ്തിട്ടുണ്ട്.

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് GDRFA, ICA മുൻ‌കൂർ അനുമതി ആവശ്യമില്ല
https://www.emirates.com/in/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകൾ അനുസരിച്ച് (2022 ഫെബ്രുവരി 26, 13:58-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം) ദുബായിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് GDRFA, ICA മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്കും ഈ അനുമതി ആവശ്യമില്ല.

എമിറേറ്റ്സ് വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിബന്ധനകൾ താഴെ പറയുന്നു:
2022 ഫെബ്രുവരി 26 മുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർ ഇത് തെളിയിക്കുന്നതിനായി തങ്ങളുടെ കൈവശം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
വാക്സിനെടുക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
COVID-19 രോഗമുക്തി നേടിയവർക്ക് (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർക്ക് ബാധകം) ഇത് തെളിയിക്കുന്ന രേഖകൾ (QR കോഡ് നിർബന്ധം) ഹാജരാക്കേണ്ടതാണ്.
അധികൃതർ ആവശ്യപ്പെടുന്ന പക്ഷം, ദുബായിലെത്തുന്ന യാത്രികർ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ സ്വയം ക്വാറന്റീനിൽ തുടരേണ്ടതാണ്.
ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിക്കുന്നവർക്ക് PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല (ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് PCR ആവശ്യമെങ്കിൽ അത് കരുതേണ്ടതാണ്).
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്ക് PCR പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ്
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്. COVID-19 രോഗമുക്തി നേടിയതായി തെളിയിക്കുന്ന രേഖകളുള്ള യാത്രികർ (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർ), 16 വയസിന് താഴെ പ്രായമുള്ള യാത്രികർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. അബുദാബിയിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർക്ക് ഇവർ യാത്ര അവസാനിപ്പിക്കുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് PCR ആവശ്യമെങ്കിൽ അത് കരുതേണ്ടതാണ്. അബുദാബിയിലെത്തിയ ശേഷം യാത്രികർക്ക് എയർപോർട്ടിൽ നിന്ന് ഒരു PCR ടെസ്റ്റ് (സൗജന്യം) നടത്തണമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13594 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരി 17 മുതൽ 2022 ഫെബ്രുവരി 23 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 ഫെബ്രുവരി 26-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7465 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1830 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4299 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 249 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 43 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 52 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2022 ഫെബ്രുവരി 10 മുതൽ 2022 ഫെബ്രുവരി 16 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14627 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

🇧🇭🇸🇦ബഹ്‌റൈൻ: കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ.

✒️ബഹ്‌റൈനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ഏറ്റവും പുതിയ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/K_F_Causeway/status/1496880140005285888
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്:
ഫൈസർ ബയോഎൻടെക്. – 2 ഡോസ്.
ഓക്സ്ഫോർഡ് ആസ്ട്രസെനേക. – 2 ഡോസ്.
മോഡർന. – 2 ഡോസ്.
ജോൺസൻ ആൻഡ് ജോൺസൻ – 1 ഡോസ്.
ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്സിൻ, സ്പുട്നിക് എന്നിവയുടെ 2 ഡോസ് കുത്തിവെപ്പെടുത്തവർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകിയതായും അതോറിറ്റി അറിയിച്ചു. ഇവർക്ക് ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന, ജോൺസൻ ആൻഡ് എന്നിവയിലേതെങ്കിലും വാക്സിൻ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം യാത്രാനുമതി ലഭിക്കുന്നതാണ്.

48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള PCR നെഗറ്റീവ്, അംഗീകൃത റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഇവയിലേതെങ്കിലും ഒന്ന് ഉപയോഗിച്ചും യാത്രകൾ അനുവദിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

2022 ഫെബ്രുവരി 20 മുതൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് COVID-19 PCR പരിശോധന ഒഴിവാക്കിയതായി അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

Post a Comment

0 Comments