Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദിയില്‍ കൊവിഡ് വ്യാപനം കുറയുന്നു; 363 പുതിയ കേസുകള്‍.

✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് വ്യാപനം (Covid spread) കുറയുന്നു. പുതുതായി 363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 559 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,836 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,26,351 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,005 ആയി.  

രോഗബാധിതരില്‍ 11,480 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 461 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 56,117 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 105, ജിദ്ദ 35, ദമ്മാം 23, മദീന 16, മക്ക 15, ത്വാഇഫ് 13, ഹുഫൂഫ് 13, അബഹ 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 61,258,397 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,006,594 ആദ്യ ഡോസും 24,261,429 രണ്ടാം ഡോസും 1,09,77,708 ബൂസ്റ്റര്‍ ഡോസുമാണ്.

🔊Rifa Mehnu : വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ.

✒️വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu) മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ (Dubai Flat) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല. 

കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. 

അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

🇦🇪യുഎഇയില്‍ 447 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.

✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 447 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,436 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,70,472 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,81,919 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,40,083 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 39,535 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦Ukraine Crisis : യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ സന്നദ്ധതയുമായി സൗദി അറേബ്യ.

✒️റഷ്യക്കും (Russia) യുക്രൈനുമിടയില്‍ (Ukraine) മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ (Saudi Arabia). ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും (Vladimir Putin) യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി (Volodymyr Zelenskyy) നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed bin Salman ) രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്.

പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

🇦🇪ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് 24 കോടിയുടെ ഒന്നാം സമ്മാനം.


✒️അബുദാബി: ബിഗ് ടിക്കറ്റിന്റെ (BigTicket) 237-ാമത് സീരീസ് ഫെബ്രുവരി പ്രൊമോഷന്‍ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ (Indian Expat) മുഹമ്മദ് സമീര്‍ അലന്‍. ദുബൈയില്‍ താമസിക്കുന്ന അലന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഫെബ്രുവരി 27നാണ് അദ്ദേഹം സമ്മാനാര്‍ഹമായ 192202 എന്ന നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. 

ഒന്നാം സമ്മാന വിജയിയുടെ പേര് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ ബിഗ് ടിക്കറ്റ് സ്റ്റുഡിയോയില്‍ നടന്ന നറുക്കെടുപ്പ് അപായ മുന്നറിയിപ്പിനെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ ഇതൊരു വ്യാജ അപായ മുന്നറിയിപ്പ് ആണെന്ന് ഓഡിറ്റര്‍മാര്‍ സ്ഥിരീകരിച്ചതോടെ നറുക്കെടുപ്പ് തുടര്‍ന്നു. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും ഒന്നാം സമ്മാന വിജയിയെ ഫോണില്‍ വിളിച്ചു. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സമീര്‍ അലന്‍ റിച്ചാര്‍ഡിന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. തങ്ങള്‍ കോടീശ്വരന്മാരായതിന്റെ സന്തോഷം പങ്കുവെക്കാന്‍ അലന്റെ ഭാര്യ ഇന്ത്യയില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു.

'ഇന്ത്യയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാന്‍ റിക്ഷാ ഡ്രൈവറുടെ മകനാണ്. യുഎഇയിലേക്ക് വരുന്നതിനായി എന്റെ ഭൂമി വില്‍ക്കേണ്ടി വന്നു. 2019 മുതല്‍ എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ഒടുവില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്' അലന്‍ പറഞ്ഞു. 18 വര്‍ഷമായി യുഎഇയിലുള്ള അദ്ദേഹം ഇപ്പോള്‍ ദുബൈയിലാണ് താമസം.


273166 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ അജിത് വാരിയത്താണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പെരിയസാമി വിശ്വനാഥന്‍ ആണ്. 220886 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 237327 എന്ന ടിക്കറ്റ് നമ്പരിലൂടെ കരിനാറ്റ് പീതാംബരന്‍ പ്രണേഷ് ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇന്ത്യക്കാരനായ അജ്മല്‍ ഷാനവാസാണ് അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 007647 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറാം സമ്മാനമായ 80,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള സൂരജ് മീത്തലെ പുരയില്‍ വാങ്ങിയ 228827 എന്ന ടിക്കറ്റ് നമ്പരിനാണ്. ഇന്ത്യക്കാരനായ ഷമീര്‍ മോന്‍ വാങ്ങിയ 155104 എന്ന ടിക്കറ്റ് നമ്പര്‍ ഏഴാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ഷാനിദ് മീത്തലെ കോട്ടോരാന്റവിട 004898 എന്ന ടിക്കറ്റ് നമ്പരിലൂടെ മെസാറാതി ഗിബ്ലി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി. 

ഉപഭോക്താക്കളുടെ ജീവിതം മാറ്റിമറിക്കാന്‍ സാധിക്കുന്നതില്‍ ബിഗ് ടിക്കറ്റിന് അഭിമാനമുണ്ട്. എപ്പോഴും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ബിഗ് ടിക്കറ്റ് ഈ മാസത്തിലും കാത്തുവെച്ചിരിക്കുന്നത് മികച്ച സമ്മാനങ്ങളാണ്.

അബുദാബി ബിഗ് ടിക്കറ്റിന്റെ ഫൻറാസ്റ്റിക് 15മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹമാണ്. കൂടാതെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഈ മാസം ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 300,000 ദിര്‍ഹം നേടാനുള്ള അവസരവും ലഭിക്കുന്നു. കൂടാതെ ഒരു ഭാഗ്യശാലിക്ക് മാസെറാതി ലാവന്റെ കാര്‍ സ്വന്തമാക്കാനും അവസരമുണ്ട്.

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത് വലിയ സമ്മാനങ്ങള്‍. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. 

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)

പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)

പ്രൊമോഷന്‍ 3 മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

 🇸🇦സൗദി: റിയാദിൽ രാത്രികാലങ്ങളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചു.

✒️റിയാദിൽ രാത്രികാലങ്ങളിലുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. റിയാദ് പട്ടണവാസികളുടെ സ്വൈര ജീവിതത്തിന് തടസമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, റിയാദിൽ വൈകീട്ട് മുതൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ, കെട്ടിടങ്ങൾ, മറ്റു നിർമ്മിതികൾ എന്നിവ പൊളിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ദിനവും മഗ്‌രിബ് നമസ്കാരത്തിനുള്ള ബാങ്ക് നൽകുന്ന സമയം മുതൽ പിറ്റേന്ന് രാവിലെ 7 മണിവരെയാണ് ഈ നിരോധനം ബാധകമാക്കുന്നത്.

ഈ തീരുമാനം ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

🇴🇲ഒമാൻ: ശഅബാൻ മാസപ്പിറവി ദൃശ്യമായതായി MERA..

✒️2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു. ഇതോടെ ശഅബാൻ മാസം 2022 മാർച്ച് 4, വെള്ളിയാഴ്ച്ച ആരംഭിക്കുമെന്നും MERA കൂട്ടിച്ചേർത്തു.

ശഅബാൻ മാസപ്പിറവി ദൃശ്യമായതോടെ ഒമാനിൽ 2022-ലെ റമദാൻ ഒന്ന് 2022 ഏപ്രിൽ 3-നായിരിക്കാൻ സാധ്യതയുള്ളതായി MERA-യുടെ കീഴിലുള്ള അസ്‌ട്രോണോമിക്കൽ അഫയേഴ്‌സ് ഡിപ്പാർട്മെൻറ് അറിയിച്ചിട്ടുണ്ട്.

🇦🇪യു എ ഇ: ശഅബാൻ മാസപ്പിറവി ദൃശ്യമായി.

✒️അബുദാബിയിൽ 2022 മാർച്ച് 3,വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഇന്റർനാഷണൽ അസ്‌ട്രോണോമി സെന്റർ വ്യക്തമാക്കി. ഇതോടെ ശഅബാൻ മാസം 2022 മാർച്ച് 4, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്.

ഈ വർഷം ശഅബാൻ മാസത്തിൽ 29 ദിവസം മാത്രമാണെങ്കിൽ യു എ ഇയിൽ 2022 ഏപ്രിൽ 2-ന് റമദാൻ മാസം ആരംഭിക്കുന്നതാണ്. ശഅബാൻ 30 ദിവസം തികയ്ക്കുന്ന സാഹചര്യത്തിൽ 2022 ഏപ്രിൽ 3-നായിരിക്കും റമദാൻ മാസം ആരംഭിക്കുന്നത്.

🇦🇪റമദാൻ 2022: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി.

✒️2022-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 3-ന് വൈകീട്ടാണ് യു എ ഇ സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഓഫീസുകൾ എന്നിവ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:

തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
വെള്ളിയാഴ്ച്ച – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:00 വരെ.
റമദാനിൽ സർക്കാർ മേഖലയിൽ വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഫ്ലെക്സിബിൾ വർക്കിംഗ്, റിമോട്ട് വർക്ക് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഫെഡറൽ അധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിൽ ആകെ സർക്കാർ ജീവനക്കാരുടെ 40 ശതമാനം പേർക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതി നൽകാനുള്ള അനുവാദവും ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം യു എ ഇയിലെ 2022-ലെ റമദാൻ ഒന്ന് 2022 ഏപ്രിൽ 2-നായിരിക്കാൻ സാധ്യതയുള്ളതായി അധികൃതർ ചൂണ്ടികാട്ടിയിട്ടുണ്ട്. അബുദാബിയിൽ 2022 മാർച്ച് 3-ന് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഇന്റർനാഷണൽ അസ്‌ട്രോണോമി സെന്റർ വ്യക്തമാക്കി.

ഇതോടെ ശഅബാൻ മാസം 2022 മാർച്ച് 4, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. ഈ വർഷം ശഅബാൻ മാസത്തിൽ 29 ദിവസം മാത്രമാണെങ്കിൽ 2022 ഏപ്രിൽ 2-ന് റമദാൻ മാസം ആരംഭിക്കുന്നതാണ്. ശഅബാൻ 30 ദിവസം തികയ്ക്കുന്ന സാഹചര്യത്തിൽ 2022 ഏപ്രിൽ 3-നായിരിക്കും റമദാൻ മാസം ആരംഭിക്കുന്നത്.

🇶🇦ഖത്തറിൽ കോവിഡ് രോഗികൾ കുറയുന്നു; രാജ്യം സാധാരണ നിലയിലേക്ക്.

✒️ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ടുകൾ. രാജ്യം വളരെ വേഗം സാധാരണ നിലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആരെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടില്ല.


 
ഖത്തറിൽ രോഗം ബാധിക്കുന്നവർ പകുതിയിലേറെ പേരും സമ്പർക്ക രോഗികളാണ്. ഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 19191 പരിശോധനയില്‍ 9 യാത്രക്കാര്‍ക്കടക്കം 181 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 172 പേര്‍ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 337 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികള്‍ 2727 ആയിട്ടുണ്ട്.

🇰🇼കുവൈത്തിൽ സ്കൂൾ പ്രവേശനത്തിന് മുൻപ് പി സി ആർ പരിശോധന നിർബന്ധം.

✒️കുവൈത്തിൽ സ്കൂൾ പ്രവേശനത്തിന് മുൻപ് പി സി ആർ പരിശോധന നിർബന്ധം. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും ആണ് തീരുമാനം. ആരോഗ്യകാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കും കോവിഡ് പരിശോധന നിബന്ധന ബാധകമാണ്.

ഇമ്മ്യൂൺ ആപ്പിൾ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് പി.സി.ആർ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോവിഡ് കേസുകൾ കുറയുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂളുകളിലെ പി.സി.ആർ നിബന്ധന ഒഴിവാക്കണമെന്നു പാർലമെന്റ് അംഗം ഡോ. അഹമ്മദ് അൽ മത്തർ ആവശ്യപ്പെട്ടു.

🇸🇦സൗദി കാലാവസ്ഥയിൽ മാറ്റം; വ്യാപക പൊടിക്കാറ്റ്.

✒️സൗദി അറേബ്യയിൽ കാലാവസ്ഥയിൽ മാറ്റം. വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്​ വീശുകയാണ്. തലസ്ഥാനമായ റിയാദ്​ നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10ഓടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകൾക്കകം ശക്തി പ്രാപിച്ചു.

നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ്​ നിൽക്കുന്നത് മൂലം ദൂരക്കാഴ്ച മങ്ങിയതിനാൽ ഹൈവേകളുൾപ്പടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതം ദുസ്സഹമായി. കെട്ടിടങ്ങളും നിർത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലർജിയുള്ള രോഗികൾ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ചികിത്സ തേടിയതായി ക്ലിനിക്ക് അധികൃതർ അറിയിച്ചു. മാർച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്‍റെ ആരംഭമാണ് അപ്രതീക്ഷിത പൊടിക്കറ്റെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്‍റെ വടക്കൻ മേഖലയിലെ പലഭാഗത്തും കഴിഞ്ഞ ദിവസം മുതൽ പൊടിക്കാറ്റ് ആടിച്ചുവീശുകയാണ്. അൽ ഖസീമിലും റിയാദിന്‍റെ വടക്കുഭാഗത്തെ പല പ്രദേശങ്ങളിലുമാണ് വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശിയത്. കാറ്റിൽ മൺപൊടിയും അവശിഷ്ടങ്ങളും വ്യാപകമാണ്. കാലാവസ്ഥാമാറ്റം അറിയിച്ചെത്തിയ പൊടിക്കാറ്റിൽ ദൂരക്കാഴ്ച്ച ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിലായിരുന്നു പലയിടങ്ങളിലും പൊടിക്കാറ്റ് വീശിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

പൊടിക്കാറ്റ് ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഹേതുവാകുന്നതിനാൽ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് അധികൃതരും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും രാജ്യത്തെ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Post a Comment

0 Comments