Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു.

✒️റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടരുന്നു. പുതിയതായി 283 പുതിയ രോഗികളും 525 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,47,119 ഉം രോഗമുക്തരുടെ എണ്ണം 7,26,876 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. 

രാജ്യത്തെ ആകെ മരണം 9,006 ആയി. നിലവിൽ 11,237 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 443 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. 

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 75, ജിദ്ദ - 31, ത്വാഇഫ് - 17, ദമ്മാം - 17, മദീന - 15, മക്ക - 11, അബഹ - 10, ഹുഫൂഫ് - 10. സൗദി അറേബ്യയിൽ ഇതുവരെ 6,12,90,354 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,00,11,543 ആദ്യ ഡോസും 2,42,67,841 രണ്ടാം ഡോസും 1,00,10,970 ബൂസ്റ്റർ ഡോസുമാണ്.

🔊സൗദി അറേബ്യയില്‍ കുട്ടിയുടെ ജന്മദിനം ആഘോഷിക്കാന്‍ സാധനങ്ങള്‍ വാങ്ങാന്‍പോയ യുവതി വാഹനമിടിച്ചു മരിച്ചു.

✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ യുവതി കാറിടിച്ചു മരിച്ചു (Died in Road Accident). ആന്ധ്രാപ്രദേശിലെ കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് കഴിഞ്ഞ ദിവസം തുമാമ ഹൈവേയില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചത്.

സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ആണ് ഭര്‍ത്താവ്. സുജാനയും മകനും സന്ദര്‍ശക വിസയിലാണ് സൗദി അറേബ്യയിലെത്തിയതാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്കും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. മറ്റ് ചില സാധനങ്ങള്‍ വാങ്ങാന്‍ താമസ സ്ഥലത്തിനടുത്തുള്ള ഫ്‌ളവര്‍ ഷോപ്പിലേക്ക് റോഡ് മുറിച്ചുകടന്നു പോവുന്നതിനിടെയാണ് അപകടമുണ്ടായത്. 

റിമാല്‍ പോലീസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഭര്‍ത്താവ് വിവരമറിഞ്ഞത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്‍ബൂബ്, ദഖ്‍വാന്‍, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമന്‍ എന്നിവര്‍ രംഗത്തുണ്ട്.

🇦🇪സ്‍ത്രീകളെ ശല്യം ചെയ്‍താല്‍ ജയിലിലാവും; മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍.

✒️വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീകളെ ഉപദ്രവിക്കുന്നവര്‍ (molesting a female by words or acts) ജയിലിലാവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ (UAE Public Prosecution) മുന്നറിയിപ്പ്. പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴിയുമൊക്കെയുള്ള (post on social media accounts) ശല്യം ചെയ്യലുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം പകരുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു മുന്നറിയിപ്പ്.

2021ലെ ഫെഡറല്‍ നിയമം 31ലെ 412-ാം അനുച്ഛേദം അനുസരിച്ച് സ്‍ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ലഭിക്കുക. മോശമായ വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീയെ പൊതുനിരത്തില്‍ വെച്ചോ അതുപോലുള്ള മറ്റ് സ്ഥലങ്ങളില്‍ വെച്ചോ ശല്യം ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാണ്. സ്‍ത്രീകള്‍ക്കായി മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സ്‍ത്രീകളുടെ വേഷം ധരിച്ചോ ആള്‍മാറാട്ടം നടത്തിയോ പ്രവേശിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

🇴🇲കപ്പലില്‍ വെച്ച് ഗുരുതരാവസ്ഥയിലായ ഇന്ത്യക്കാരനെ ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റി.

✒️ഒമാന്‍ തീരത്തുവെച്ച് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തുടര്‍ന്ന് ഇന്ത്യക്കാരനെ (Indian expat) ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി (Air lifted). കപ്പലില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ റോയല്‍ എയര്‍ഫോഴ്‍സാണ് (Royal Air Force of Oman) ഇന്ത്യക്കാരനെ കരയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

ഒമാനിലെ ദോഫാര്‍ തുറമുഖം വഴി കടന്നുപോവുകയായിരുന്ന വാണിജ്യ കപ്പലിലെ (Commercial vessel) ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ദോഫാര്‍ റോയല്‍ ആശുപത്രിയില്‍ (Royal Hospital in Dhofar Governorate) ചികിത്സയിലാണ് അദ്ദേഹമെന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

🇦🇪കാര്‍ത്തികിനെ കണ്ടെത്താൻ സഹായിക്കണം; യുഎഇയിലെ പ്രവാസികളോട് ഒരു അഭ്യര്‍ത്ഥന.

✒️അല്‍ നഹ്‍ദയിലെ (Al Nahda, Sharjah) താമസ സ്ഥലത്തുനിന്ന് കാണാതായ (missing) കാര്‍ത്തികിനെ കണ്ടെത്താന്‍ പ്രവാസികളുടെ സഹായം തേടി കുടുംബം. കാണാതാവുന്ന സമയത്ത് വെള്ള ടീ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ കാര്‍ത്തികിന് സംസാര ശേഷിയില്ലെന്നും രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. കാർത്തികിനെ കണ്ടുകിട്ടുന്നവർ ഉടൻ വിവരം +971 55 554 7879, +971 52 966 693 (വിനോദ്) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന.

🇰🇼മൃഗത്തെ ദേശീയ പതാക പുതപ്പിച്ചു; കുവൈത്തില്‍ യുവതി അറസ്റ്റില്‍.

✒️ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് (Insulting national flag) കുവൈത്തില്‍ യുവതി അറസ്റ്റിലായി (Kuwaiti woman arrested). ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National Day Celebrations) മൃഗത്തിന്റെ ശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതിനാണ് (tying around an animal) നടപടിയെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദിനാഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അതിരുവിട്ട പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 250 ദിനാര്‍ വരെ (അറുപതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) ഇങ്ങനെ പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

🇦🇪യുഎഇയില്‍ 558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 558 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,623 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,18,038 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,82,477 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,41,706 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 38,470 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇧🇭ബഹ്‌റൈനില്‍ എടിഎം മെഷീന് തീയിട്ട നാലുപേര്‍ക്ക് തടവുശിക്ഷ.

✒️എടിഎം മെഷീന് (ATM Machine) തീയിട്ട കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് ബഹ്‌റൈന്‍ മേജര്‍ കോടതി (Bahrain major court) തടവുശിക്ഷ വിധിച്ചു. ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യപ്രതിക്ക് 15 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കൂടാതെ 100,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും അടയ്ക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടുപ്രതികളായ മൂന്നു പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ഇവര്‍ യഥാക്രമം മൂന്നു വര്‍ഷവും ആറുമാസവും ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതികള്‍ എടിഎം മെഷീന് മുമ്പില്‍ കാറിന്റെ ടയറുകള്‍ വെച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അല്‍ ദൈര്‍ ഏരിയയിലാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ മറ്റ് കൂട്ടാളികളും ചേര്‍ന്ന് മനഃപൂര്‍വ്വം നടത്തിയ കൃത്യമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യപ്രതിക്ക് ബഹ്‌റൈന് പുറത്ത് ഭീകരരുമായി ബന്ധമുള്ളതായും രാജ്യത്തെ ആക്രമണണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി സാമ്പത്തിക സഹായം വാങ്ങിയിരുന്നതായും കണ്ടെത്തി. അറസ്റ്റിലായ മുഖ്യപ്രതി കുറ്റം സമ്മതിച്ചിരുന്നു. ഭീകരരുമായുള്ള ബന്ധവും ഇവരില്‍ നിന്ന് പണം വാങ്ങിയതും ഇയാള്‍ സമ്മതിച്ചു.

🇧🇭ബഹ്‌റൈനില്‍ ശക്തമായ പൊടിക്കാറ്റ്.

✒️മനാമ: ബഹ്‌റൈനില്‍ (Bahrain) ശക്തമായ പൊടിക്കാറ്റ് (dust storm) വീശി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ (Manama) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു.

അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.

🇶🇦കൊവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 262 പേര്‍ക്കെതിരെ നടപടി.

✒️ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 262 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 249 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്. 

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 13 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

🇴🇲കാലാവസ്ഥാ മാറ്റം അറിയിച്ച് റിയാദില്‍ ശക്തമായ പൊടിക്കാറ്റ്.

✒️കാലാവസ്ഥാ മാറ്റം (Climate change) അറിയിച്ച് സൗദി തലസ്ഥാന നഗരത്തില്‍ ശക്തമായ പൊടിക്കാറ്റ് (dust storm) റിയാദ് (Riyadh) നഗരത്തില്‍ വ്യാപകമായി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകള്‍ക്കകം ശക്തി പ്രാപിച്ചു. റിയാദ് നഗരത്തെ പൊടിയില്‍ മുക്കി.

നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്.കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ് നില്‍ക്കുന്നത് മൂലം ദൂരക്കാഴ്ച്ച മങ്ങിയതിനാല്‍ ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം ദുസ്സഹമായി. കെട്ടിടങ്ങളും നിര്‍ത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലര്‍ജിയുള്ള രോഗികള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ചികിസ്ത തേടിയാതായി ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്റെ ആരംഭമാണ് അപ്രതീക്ഷിത പൊടിക്കറ്റെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

🇰🇼കുവൈറ്റ്: എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കാൻ തീരുമാനം.

✒️രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു. 2022 മാർച്ച് 4-നാണ് EPA ഇക്കാര്യം അറിയിച്ചത്.

EPA ഡയറക്ടർ ജനറൽ H.E. ഷെയ്ഖ് അബ്ദുല്ല അൽ അഹ്മദ് അൽ ഹമൗദ് അൽ സബാഹ് മാർച്ച് 4-ന് നൽകിയ കുവൈറ്റ് എൻവിറോണ്മെന്റ് വീക്ക് സംബന്ധമായ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി 2022 മാർച്ച് 6 മുതൽ മാർച്ച് 12 വരെ കുവൈറ്റിൽ പരിസ്ഥിതി വാരമായി ആചരിക്കുന്നതാണ്.

രാജ്യത്തെ ജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും, കുവൈറ്റിലെ പ്രകൃതി വിഭാഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. പരിസ്ഥിതി വാരാഘോഷങ്ങളുടെ ഭാഗമായി വർക്ക്ഷോപ്പുകൾ, ബോധവത്കരണ പ്രചാരണ പരിപാടികൾ, മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങുകൾ എന്നിവ ഉൾപ്പടെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് പരിസ്ഥിതി വാരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാർച്ച് 6-ന് അൽ ജഹ്‌റ നാച്ചുറൽ റിസർവ് സന്ദർശിച്ച് കൊണ്ട് ഈ വാരാചരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🇰🇼കുവൈറ്റ്: വാക്സിനെടുക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്നതിന് PCR ടെസ്റ്റ് നിർബന്ധം.

✒️രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ തിരികെയെത്തുന്ന വാക്സിനെടുക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 മാർച്ച് 6, ഞായറാഴ്ച്ച മുതലാണ് കുവൈറ്റിലെ വിദ്യാലയങ്ങൾ രണ്ടാം സെമസ്റ്റർ പ്രവർത്തനങ്ങൾക്കായി തുറക്കുന്നത്.

ആരോഗ്യ മന്ത്രാലയം മറിച്ച് ഒരു ഉത്തരവ് പുറത്തിറക്കാത്ത സാഹചര്യത്തിൽ COVID-19 വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്നതിന് PCR ഫലം നിർബന്ധമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനാറ് വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നിലവിൽ ഈ നിബന്ധന ബാധകമല്ല.

Post a Comment

0 Comments