Ticker

6/recent/ticker-posts

Header Ads Widget

സൗദിയില്‍ വിദേശികളുടെ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ പുതുക്കാന്‍ പ്രയാസം.

റിയാദ്: സൗദി അറേബ്യയില്‍ വിദേശികളുടെ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ ഓണ്‍ലൈനായി പുതുക്കാന്‍ പ്രയാസം നേരിടുന്നു. നിരവധി പ്രവാസി കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. എന്നാല്‍ ഇതിന് പരിഹാരം നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ 'അബ്ഷിര്‍' വഴി വിസാകാലാവധി ദീര്‍ഘിപ്പിക്കാന്‍ പ്രശ്നങ്ങള്‍ നേടിരുന്നവര്‍ക്ക് അതെ പ്ലാറ്റ്‌ഫോമിലെ തന്നെ 'തവാസുല്‍' സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.
ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ പ്രശ്നങ്ങള്‍ നേരിട്ട് തവാസുല്‍ സേവനം വഴി ബന്ധപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ജവാസത്ത് അറിയിച്ചു. അബ്ഷിര്‍ വഴി ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരാതിപ്പെട്ടിരുന്നു. അബ്ഷിര്‍ വഴി പലതവണ ശ്രമിച്ചിട്ടും ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. വ്യക്തമായ കാരണമില്ലാതെയാണ് വിസ ദീര്‍ഘിപ്പിക്കാന്‍ സാധിക്കാത്തതെന്നും ഇവര്‍ പറഞ്ഞു. ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേരിടുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കി തവാസുല്‍ സേവനം വഴി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടതെന്ന് ജവാസത്ത് പറഞ്ഞു.

അബ്ഷിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്ഫോമിലെ തങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിച്ച് യഥാക്രമം സര്‍വിസ്, മൈ സര്‍വിസസ്, പാസ്‌പോര്‍ട്‌സ്, തവാസുല്‍ എന്നിവ ക്ലിക്ക് ചെയ്ത ശേഷം ന്യൂ റിക്വസ്റ്റ്, സെക്ടര്‍, സര്‍വിസസ് എന്നിവ തെരഞ്ഞെടുത്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. വിസിറ്റ് വിസ ദീര്‍ഘിക്കല്‍ തടസ്സപ്പെടുന്ന നിലക്ക് പ്രശ്നം പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ വിസ വ്യവസ്ഥകള്‍ പാലിക്കണമെന്നും കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി.
റിയാദ്: സൗദി അറേബ്യയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി. തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിദേശ തൊഴിലാളിയെ കാണാതായി എന്ന് സൗദി തൊഴിലുടമക്ക് പരാതിപ്പെടാനുള്ള 'ഹുറൂബ്' സംവിധാനത്തിന്റെ വ്യവസ്ഥകളാണ് പുതുക്കിയത്.

ഹുറൂബ് രജിസ്റ്റര്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെട്ടതിന് ശേഷം ഹുറൂബ് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹുറൂബ് റദ്ദാക്കുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട വ്യവസ്ഥകളുമുണ്ട്. ഹുറൂബിന്റെ യഥാര്‍ഥ റിപ്പോര്‍ട്ടിങ് ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് ചെയ്യേണ്ടത്. വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുകയും വ്യവസ്ഥകള്‍ പൂര്‍ണമാകുകയും പാലിക്കുകയും ചെയ്താല്‍ ബ്രാഞ്ച് വഴി രജിസ്റ്റര്‍ ചെയ്യാനാകും.

ബന്ധപ്പെട്ട വകുപ്പ് അപേക്ഷയിന്മേല്‍ പഠനം നടത്തണമെന്ന് വ്യവസ്ഥയിലുണ്ട്. സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകളുടെ എണ്ണം, ഹുറൂബാക്കപ്പെടേണ്ട തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോര്‍ട്ട്, തൊഴിലുടമക്കെതിരെ തൊഴിലാളിയുടെ പരാതിയുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവ പഠന വിധേയമാക്കേണ്ടതുണ്ടെന്നും വ്യവസ്ഥയിലുണ്ട്.

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 231 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,994 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,39,767 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,074 ആയി തുടരുന്നു. 

രോഗബാധിതരില്‍ 4,153 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 59 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,827 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 37, റിയാദ് 27, മദീന 18, മക്ക 18, ത്വാഇഫ് 14, അബഹ 5, ജിസാന്‍ 5, ദമ്മാം 5, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 63,935,330 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,383,105 ആദ്യ ഡോസും 24,714,018 രണ്ടാം ഡോസും 12,838,207 ബൂസ്റ്റര്‍ ഡോസുമാണ്.

Post a Comment

0 Comments