Ticker

6/recent/ticker-posts

Header Ads Widget

ദുബായ്: മെയ് 29-ന് കൂടുതൽ കേന്ദ്രങ്ങളിൽ പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനം.

അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 2022 മെയ് 22-ന് സംഘടിപ്പിച്ച എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പിൽ അനുഭവപ്പെട്ട വലിയ തിരക്ക് കണക്കിലെടുത്ത് ഈ ക്യാമ്പിന്റെ രണ്ടാം ഘട്ടം കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ 2022 മെയ് 29-ന് നടക്കുന്ന എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പിന്റെ രണ്ടാം ഘട്ടം ദുബായിലെയും, നോർത്തേൺ എമിറേറ്റിലെയും ആറ് BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് കേന്ദ്രങ്ങളിൽ നിന്ന് (ആദ്യ ഘട്ടത്തിൽ നാല് കേന്ദ്രങ്ങളിൽ നിന്നാണ് സേവനങ്ങൾ നൽകിയത്) സേവനങ്ങൾ നൽകുന്ന രീതിയിൽ വിപുലീകരിക്കുന്നതാണ്.

2022 മെയ് 25-ന് വൈകീട്ടാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്. അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് അത്തരം സേവനങ്ങൾ നൽകുന്നതിനായി 2022 മെയ് 22, 29 തീയതികളിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലെ നാല് BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ പ്രത്യേക വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നേരത്തെ അറിയിച്ചിരുന്നു.

മെയ് 22-ന് നടന്ന ഈ ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഇത്തരം സേവനങ്ങൾക്കായെത്തിയ അപേക്ഷകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് 29-ന് കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് ഈ സേവനം നൽകുന്നതിനുള്ള ഈ തീരുമാനം.

താഴെ പറയുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ നിന്നാണ് മെയ് 29-ന് ഈ വാക്ക്-ഇൻ സേവനം ലഭ്യമാക്കുന്നത്:

അൽ ഖലീജ് സെന്റർ, ബർ ദുബായ്.

ദെയ്‌റ സിറ്റി സെന്റർ, ദെയ്‌റ, ദുബായ്.

പ്രീമിയം ലോഞ്ച് സെന്റർ, ബർ ദുബായ്.

ഷാർജ HSBC സെന്റർ, ഷാർജ.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഷാർജ (പുതിയതായി ഈ ക്യാമ്പിലേക്ക് ഉൾപ്പെടുത്തിയ കേന്ദ്രം).

അൽ അബ്ദുൽ ലതീഫ് അൽ സറൂണി ബിൽഡിങ്ങ് (DIB ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം), ഷോപ്പ് നമ്പർ 14, കിംഗ് ഫൈസൽ റോഡ്, ഉം അൽ കുവൈൻ; (പുതിയതായി ഈ ക്യാമ്പിലേക്ക് ഉൾപ്പെടുത്തിയ കേന്ദ്രം)

ഈ കേന്ദ്രങ്ങളിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഈ എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ ഉച്ചയ്ക്ക് 2 വരെയാണ് ലഭ്യമാക്കുന്നത്.

ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തി, കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ ഇത്തരം സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല. കൃത്യമായ രേഖകളുമായി ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ ക്യാമ്പ് നടപ്പിലാക്കുന്നത്.

താഴെ പറയുന്ന അടിയന്തിര സാഹചര്യങ്ങളിലുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് ഈ ക്യാമ്പിൽ നിന്ന് പാസ്പോർട്ട് പുതുക്കുന്ന സേവനം നൽകുന്നത്:

ആരോഗ്യ ചികിത്സ, മരണം എന്നിവ മൂലം അടിയന്തിരമായി പാസ്പോർട്ട് പുതുക്കി ലഭിക്കേണ്ടവർ.

പാസ്പോർട്ട് കാലാവധി അവസാനിച്ചവർ, 2022 ഓഗസ്റ്റ് 31-നകം പാസ്പോർട്ട് കാലാവധി അവസാനിക്കുന്നവർ.

കാലാവധി അവസാനിച്ചതോ, ക്യാൻസൽ ആയതോ ആയ വിസകൾ പതിപ്പിക്കുന്നതിനായി പാസ്പോർട്ട് അടിയന്തിരമായി പുതുക്കി ലഭിക്കേണ്ടവർ, പുതിയ ജോലിക്കായി പാസ്പോർട്ട് അടിയന്തിരമായി പുതുക്കി ലഭിക്കേണ്ടവർ.

വരുന്ന ആഴ്ചകളിൽ ഇന്ത്യയിലേക്ക് (അല്ലെങ്കിൽ വിദേശത്തേക്ക്) യാത്ര ചെയ്യുന്നവർ.

പാസ്സ്‌പോർട്ട് നഷ്ടമായവർ, പാസ്സ്‌പോർട്ട് കേട് വന്നവർ.

അക്കാദമിക് ആവശ്യങ്ങൾക്കുള്ള NRI സർട്ടിഫിക്കറ്റ് ലഭിക്കേണ്ടവർക്ക്.

ഇന്ത്യയിലേക്കോ, വിദേശത്തേക്കോ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക്.

തൊഴിൽ, എമിഗ്രേഷൻ ആവശ്യങ്ങൾക്കായി പോലീസ് ക്ലിയറൻസ് സർടിഫിക്കറ്റിന് അപേക്ഷിക്കേണ്ടവർ.

മേല്പറഞ്ഞ വിഭാഗങ്ങൾ തങ്ങളുടെ അടിയന്തിര സാഹചര്യം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 80046342 എന്ന നമ്പറിൽ കോൺസുലേറ്ററിന് കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments