കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്.
മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ തിരുവനന്തപുരത്ത് ബോണക്കാട് ഭാഗത്തെ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് നേരിയ തോതിൽ മഴ തുടരുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ടാണ്. കരിമ്പൻ, തോപ്രാംകുടി മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഏറ്റവും പുതുക്കിയ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറത്തിറക്കും. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവര്‍ഷം മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്ക് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും എത്തിച്ചേരും. മെയ് 27-ഓടെ കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മെയ് 26-ഓടെ കാലവര്‍ഷം എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്.
0 Comments