Ticker

6/recent/ticker-posts

Header Ads Widget

തോമസ് കപ്പില്‍ കന്നി കിരീടം, ചരിത്രമെഴുതി ഇന്ത്യ

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി.


14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ഇന്തോനേഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (8-21, 21-17, 21-16) തകര്‍ത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സന്‍ - കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കി.

ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്. കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരുടെ അസാമാന്യപ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്.

Post a Comment

0 Comments