Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ...

🇦🇪അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്.
✒️അബുദാബി: അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു.

ഖാലിദിയയിലെ ഒരു റെസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 1.35 ഓടെയാണ് സംഭവം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

സമീപത്തെ കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങളെ അധികൃതര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.

🇦🇪യു എ ഇ: കുരങ്ങ് പനി നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് MoHAP.

✒️കുരങ്ങ് പനി പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വ്യക്തമാക്കി. 2022 മെയ് 22-ന് രാത്രിയാണ് MoHAP ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി രോഗബാധ സംശയിക്കുന്ന കേസുകൾ അധികാരികൾ മുൻകൂട്ടി അന്വേഷിക്കുകയും, സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതായി MoHAP അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിൽ പ്രാദേശികമായി രോഗത്തിൻറെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും അതനുസരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ കേഡർമാർക്കും സംശയാസ്പദമായ എന്തെങ്കിലും കേസ് ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ അധികാരികളെ അറിയിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും MoHAP ഊന്നിപ്പറഞ്ഞു.

“സംശയിക്കുന്ന രോഗികളെ കണ്ടെത്തുന്നതിന് ഞങ്ങൾ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണത്തിനായുള്ള സാങ്കേതിക ഉപദേശക സംഘം നിരീക്ഷണം, രോഗം നേരത്തെ കണ്ടെത്തൽ, ക്ലിനിക്കലി രോഗബാധിതരായ രോഗികളുടെ ചികിത്സ, മുൻകരുതൽ നടപടികൾ എന്നിവയ്ക്കായി സമഗ്രമായ ഗൈഡും തയ്യാറാക്കിയിട്ടുണ്ട്,” അധികൃതർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള കുരങ്ങ് പനി വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ ഏതെങ്കിലും കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പ്രാദേശിക വ്യാപനം തടയുന്നതിനും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക എപ്പിഡെമിയോളജിക്കൽ നിരീക്ഷണം ശക്തമാക്കുകയാണെന്നും MoHAP ആവർത്തിച്ചു.

കുരങ്ങ് പനി (മങ്കിപോക്സ്) മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഒരു വൈറൽ രോഗമാണ്. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ പ്രധാനമായും കാണപ്പെടുന്ന ഈ രോഗം ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

മുറിവുകൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള മലിനമായ വസ്തുക്കൾ എന്നിവയുമായി അടുത്ത സമ്പർക്കം വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അപൂർവവും, സാധാരണയായി സൗമ്യമായ രീതിയിൽ ബാധിക്കുന്ന മങ്കിപോക്സ് പലപ്പോഴും ഗുരുതരമായ രോഗത്തിന് കാരണമാകാവുന്നതാണ്.

ഈ രോഗം സംബന്ധിച്ച കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

🇰🇼കുവൈറ്റിൽ ഇതുവരെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മെയ് 22-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ രോഗബാധയുമായി ബന്ധപ്പെട്ട ആഗോള സ്ഥിതിഗതികൾ മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായി അധികൃതർ വ്യക്തമാക്കി. കുവൈറ്റിൽ കുരങ്ങ് പനി പടരുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് വരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

🇶🇦ഖത്തർ: രാജ്യത്ത് കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി. 2022 മെയ് 22, ഞായറാഴ്ച രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രോഗബാധ സംശയിക്കുന്ന കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായും, രോഗബാധ രാജ്യത്ത് പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന മുഴുവൻ കേസുകളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, സംശയം തോന്നുന്ന കേസുകൾ ആരോഗ്യ അധികൃതരെ അറിയിക്കാനും രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

🇸🇦സൗദി അറേബ്യ: രാജ്യത്ത് കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി. 2022 മെയ് 21, ശനിയാഴ്ച രാത്രി സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്ത് കുരങ്ങ് പനി ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇത് നേരിടുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ ടെസ്റ്റുകൾ, ലാബ് ടെസ്റ്റുകൾ എന്നിവ സൗദി അറേബ്യയിൽ ലഭ്യമാണെന്നും, രോഗബാധ നിയന്ത്രിക്കുന്നതിനും, ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന അറിയിപ്പുകൾ പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യക്തികൾ ആവശ്യമായ സുരക്ഷാ, മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കുരങ്ങ് പനി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യാപകമായ രീതിയിൽ പടരുന്നതിനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്ന് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല അസിരി ചൂണ്ടിക്കാട്ടി.

🛫കെഎംസിസി ബർക ചാമ്പ്യൻസ് ട്രോഫി എഫ് സി കേരള ജേതാക്കൾ.
✒️കെഎംസിസി ബർക യൂത്ത് വിങ് സംഘടിപ്പിച്ച രണ്ടാമത് ഫ്രണ്ടി മൊബൈൽ ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് എഫ് സി കേരള ജേതാക്കളായി. ആവേശകരമായ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ എഫ് സി കേരളയും എഫ് സി റൂസ്സ്ഥാകും ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

പിന്നീട് നടന്ന ഷൂട്ട്‌ ഔട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം വന്നതോടെ ടോസ്സിലൂടെ വിജയിയെ പ്രഖ്യാപിച്ചു. സലാല ഫ്യൂച്ചർ & ബ്രയ്റ്റ് ഹോം റൗനക് സോഹാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച ഗോളിക്കുള്ള ഉപഹാരം റഹൂഫ് (എഫ് സി റൂസ്ഥാക് ), ഗോൾഡൻ ബൂട്ട് സന്തോഷ് (എഫ് സി റൂസ്ഥാക് ) പ്ലെയർ ഓഫ് ദി ടൂർണമെന്റ് അഷ്‌കർ (എഫ് സി റൂസ്ഥാക് ) കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം കെഎംസിസി ബർക സെക്രട്ടറി ഷെരീഫ് പൂന്തല, ചെയർമാൻ നിസാം, ആക്ടിങ് പ്രസിഡന്റ് ഫാറൂഖ്, ഷുക്കൂർ ഹാജി,സെക്രട്ടറി ഖലീൽ നാട്ടിക കോർഡിനേറ്റർ ഇബ്രാഹിം, ആസീം ഫ്രണ്ടി മൊബൈൽ മാനേജർ എന്നിവർ കൈമാറി.

🇸🇦കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 12,458 നിയമലംഘകര്‍.

✒️റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 12,458 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ മെയ് 12 മുതല്‍ മേയ് 18 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.  

അറസ്റ്റിലായവരില്‍ 7,836 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,134 പേരെ പിടികൂടിയത്. 1,488 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 115 പേര്‍. ഇവരില്‍ 47 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 35 ശതമാനം പേര്‍ എത്യോപ്യക്കാരും 18 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 71 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം പിടിയിലായി ശിക്ഷയ്ക്ക് വിധേയമായവരുടെ ആകെ എണ്ണം 81,423 ലെത്തി. 77,630ല​ധി​കം പു​രു​ഷ​ന്മാ​രും 3,793 സ്ത്രീ​ക​ളുമാണ്.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

🇸🇦സൗദിയിൽ പുതിയ കൊവിഡ് കേസുകളിൽ വീണ്ടും വര്‍ധന.

✒️റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അപ്രതീക്ഷിതമായ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടെ 650 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 538 പേർ സുഖം പ്രാപിച്ചു.

 ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,692 ആയി. ആകെ രോഗമുക്തരുടെ എണ്ണം 748,030 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,131 ആയി. രോഗബാധിതരിൽ 6,531 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 73 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,657 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.

ജിദ്ദ 183, റിയാദ് 138, മക്ക 62, ദമ്മാം 40, മദീന 37, ത്വാഇഫ് 24, ജീസാൻ 18, അബഹ 16, അൽബാഹ 12, ഹുഫൂഫ് 7, അബൂ അരീഷ് 6, തബൂക്ക് 5, സബ്യ 5, അൽഖർജ് 5, ബുറൈദ 4, ഖമീസ് മുശൈത്ത് 4, ബീഷ 4, ബൽജുറൈഷി 4, അൽഖർജ് 3, യാംബു 3, ദഹ്റാൻ 3, ഖുലൈസ് 2, ദർബ് 2, ഹാഇൽ 2, നജ്റാൻ 2, ബെയ്ഷ് 2, ഉനൈസ 2, അൽറസ് 2, ജുബൈൽ 2, ഖത്വീഫ് 2, മഹായിൽ 2, അൽകാമിൽ 2, ഹഖീഖ് 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, അബൂ അർവ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,364,455 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,545,023 ആദ്യ ഡോസും 24,901,429 രണ്ടാം ഡോസും 13,918,003 ബൂസ്റ്റർ ഡോസുമാണ്.

🇧🇭ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ബുധനാഴ്ച

✒️ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ബുധനാഴ്ച. മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ് ഓപ്പൺ ഹൗസ് നടക്കാറുള്ളതെങ്കിലും ഇത്തവണ മാറ്റമുണ്ട്.

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ സൂമിലും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 220500) അതല്ലെങ്കിൽ 55097295 എന്ന ഫോണ്‍ നമ്പര്‍ വഴിയും ഓപ്പൺ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്.

Post a Comment

0 Comments