Ticker

6/recent/ticker-posts

Header Ads Widget

ഐ-ലീഗ് കിരീടം തേടി ഗോകുലം ഇന്നിറങ്ങും.

ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്.സി, മുഹമ്മദൻ എസ്.സിനെ നേരിടും. മുഹമ്മദനെതിരേ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം കുറിക്കും. വൈകിട്ട് 7 മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് കിരീടപ്പോര്. മത്സരം 24 ന്യൂസിലും, വൺ സ്പോർട്സ് ചാനലിലും ലൈവായി കാണാം.

നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് ഇന്ന് മുഹമ്മദൻസിനെതിരേ സമനില മാത്രം മതി കിരീടം നിലനിറുത്താൻ. മറുവശത്ത് മുഹമ്മദൻസിന് ജയിച്ചാൽ മാത്രമേ കിരീടം സ്വന്തമാക്കാൻ കഴിയൂ. 17 കളിയിൽ 40 പോയിന്റുള്ള ഗോകുലം ഒന്നാം സ്‌ഥാനത്ത് തുടരുകയാണ്‌. രണ്ടാം സ്‌ഥാനക്കാരായ മുഹമ്മദന്‌ 37 പോയിന്റാണ്‌ ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ നവാഗതരായ ശ്രീനിധി ക്ലബിനെതിരേ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെയായിരുന്നു ഗോകുലത്തിന്റെ കിരീട കാത്തിരിപ്പ് നീണ്ടത്.

സീസണിൽ ഗോകുലം നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു അത്‌. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ മികവ്‌ പുലര്‍ത്താന്‍ കഴിയാത്തതാണ് തോല്‍വിക്ക് കാരണമായതെന്ന് കോച്ച് വിൻസെൻസോ ആൽബെർട്ടോ അന്നീസ് പറഞ്ഞു. മുഹമ്മദനെതിരേ സമനിലയ്‌ക്ക് വേണ്ടി കളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോകുലത്തിന്റെ മുൻതാരം മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ കുന്തമുന. ശ്രീനിധിക്കെതിരേ ചുവപ്പ് കാർഡ് ലഭിച്ച ക്യാപ്ൻ ശരീഫ് മുഹമ്മദും മലയാളി താരം ജിതിൻ എം.എസും ഇന്ന് ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയൻ താരം ലൂക്ക മെയ്‌സൻ തിരിച്ചെത്തിയേക്കും. മുഹമ്മദനെതിരേ നടന്ന ആദ്യ ലീഗ്‌ മത്സരത്തില്‍ ഗോകുലം 1-1 ന് സമനില വഴങ്ങിയിരുന്നു.

അതേസമയം സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ പരമാവധി കാണികളെ കൂട്ടാനാണ് മുഹമ്മദന്റെ ശ്രമം. ആരാധകരെ എത്തിക്കാന്‍ 37,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ക്ലബ്‌ തീരുമാനിച്ചു.ക്ലബ്‌ നേരിട്ടാണു ടിക്കറ്റുകള്‍ നല്‍കുക.

Post a Comment

0 Comments