🇴🇲Salalah Travel : പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികളെ ക്ഷണിച്ച് സലാല.
✒️സലാല: ഒമാനില്‍ ബലിപെരുന്നാള്‍ അവധി ആഘോഷിക്കാന്‍ സലാലയിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും വന്‍ തിരക്ക്. സലാലയിലെ പ്രകൃതി ഭംഗി തന്നെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. പച്ചപുതച്ച കുന്നിന്‍ചെരിവുകളും തെങ്ങിന്‍ തോപ്പുകളും വെള്ളച്ചാലുകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി സ്വദേശികളും വിദേശികളുമാണ് സലാലയിലേക്ക് എത്തുന്നത്. സലാലയിലെ ഉറവകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഒമാനില്‍ ബലിപെരുന്നാള്‍ അവധി കുറവായതിനാല്‍ ഒമാന് പുറത്തേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നവരുടെ എണ്ണം കുറവായിരിക്കും. ഇത്തരക്കാര്‍ സലാലയിലാണ് അവധി ആഘോഷിക്കാന്‍ പോകുക. കഴിഞ്ഞ രണ്ടു വര്‍ഷമായി കൊവിഡ് പ്രതിസന്ധി മൂലം യാത്രകള്‍ മുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച അവസരം കൂടിയാണ് സലാല യാത്രകള്‍.
കരമാര്‍ഗം ഒമാനില്‍ എത്തുന്നവരില്‍ കൂടുതല്‍ യുഎഇയില്‍ നിന്നുള്ളവരാണ്. നൂറുകണക്കിന് പേരാണ് റുബുഉല്‍ ഖാലി ചെക്ക് പോസ്റ്റ് വഴി ഒമാനിലെത്തുന്നത്. സലാലയ്ക്ക് പുറത്ത് ഒമാന്റെ മറ്റ് മേഖലകളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ താപനിലയില്‍ കുറവ് വരുത്തിയെങ്കിലും വീണ്ടും ചൂട് ഉയരുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലും സലാലയിലേക്കുള്ള യാത്ര തെരഞ്ഞെടുക്കുന്നവരുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ദോഫാര്‍ ഗവര്‍ണറേറ്റില്‍ മില്‍ബാത്തിലെ പ്രധാന പാതയായ അഖബത്ത് ഹാശിര്‍ റോഡ് താല്‍ക്കാലികമായി അടച്ചു. ഇതുവഴിയുള്ള യാത്ര റോയല്‍ ഒമാന്‍ പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്.
🇦🇪84-ാമത് നറുക്കെടുപ്പിലൂടെ വീണ്ടും ഒന്നാം സമ്മാന വിജയിയെ സൃഷ്ടിച്ച് മഹ്സൂസ്.
✒️ജൂലൈ ഒമ്പത് ശനിയാഴ്ച നടന്ന മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും 10,000,000 ദിര്‍ഹത്തിന്റെ ഗംഭീര വിജയം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഒന്നാം സമ്മാനത്തിന് അവകാശിയെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചത്തെ ഒന്നാം സമ്മാന വിജയത്തിന് പിന്നാലെ വെറും ഒരാഴ്ചക്ക് ശേഷം 84-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലൂടെ മറ്റൊരു ഭാഗ്യശാലിയെ തേടി ഒന്നാം സമ്മാനമെത്തിയിരിക്കുകയാണ്. ഒറ്റ രാത്രി കൊണ്ട് ആളുകളുടെ ജീവിതം മാറ്റി മറിക്കാനും അവര്‍ക്ക് ഭാവനയില്‍ പോലും കാണാന്‍ കഴിയാത്ത സ്വപ്‌നങ്ങള്‍ സഫലമാക്കാനുമുള്ള മഹ്‌സൂസിന്റെ കഴിവ് തെളിയിക്കുന്നതാണ് ഈ വിജയം.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന ഒരു ഭാഗ്യശാലിയാണ് 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 16,18,37,38,40 എന്നിവയാണ് നറുക്കെടുത്ത സംഖ്യകള്‍.
ഒന്നാം സമ്മാന വിജയിയുടെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കപ്പെട്ടപ്പോള്‍ 84-ാമത് നറുക്കെടുപ്പിലൂടെ 1045 വിജയികള്‍ ആകെ 1,655,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങളും നേടി. ഒന്നാം സമ്മാന വിജയി ഉള്‍പ്പെടെ 1046 വിജയികള്‍ ആകെ 11,655,600 ദിര്‍ഹം നേടി.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ച് വന്ന 29 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കുവെച്ചു. ഇവര്‍ ഓരോരുത്തര്‍ക്കും 34,482 ദിര്‍ഹം വീതം ലഭിച്ചു. പ്രതിവാര റാഫിള്‍ ഡ്രോയില്‍ മൂന്ന് വിജയികള്‍ ആകെ 300,000 ദിര്‍ഹം തുല്യമായി പങ്കിട്ടെടുത്തു. ഫിലിപ്പീന്‍സില്‍ നിന്നുള്ള ജോയല്‍, യുഎഇ സ്വദേശി സുറൂര്‍, ഇന്ത്യക്കാരനായ ഫൈസല്‍ എന്നിവരാണ് 16402961, 16357644, 16402905 എന്നീ ഐഡികളിലൂടെ യഥാക്രമം 100,000 ദിര്‍ഹം വീതം നേടിയത്.
ജൂലൈ മാസത്തില്‍, സമ്മര്‍ സീസണ്‍ ആഘോഷത്തിന്റെ ഭാഗമായി ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയും മഹ്‌സൂസ് ഒരുക്കുന്നുണ്ട്. ജൂലൈ അവസാനം നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ജൂലൈ മാസത്തിലെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എക്‌സ്‌ക്ലൂസീവ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതുവഴി മറ്റൊരു ടിക്കറ്റ് കൂടി വാങ്ങാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള അവസരം വര്‍ധിക്കുകയാണ്.
മഹ്‌സൂസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിയാല്‍ മതിയാകും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും ഒപ്പം റാഫിള്‍ ഡ്രോയിലേക്കും ഓരോ എന്‍ട്രി വീതം ലഭിക്കും. അതുകൊണ്ടു തന്നെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും എല്ലാ ആഴ്ചയിലും വിജയികളെ കാത്തിരിക്കുന്നു. മഹ്‌സൂസിന്റെ പ്രതിവാര റാഫിള്‍ ഡ്രോയിലൂടെ മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സ്വന്തമാക്കാം. ഒപ്പം അതിന്റെ സന്നദ്ധ സംഘടനാ പങ്കാളികളുടെ ശൃംഖലയിലൂടെ സമൂഹത്തിന് സേവനമെത്തിക്കുകയും ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്നു.
🇦🇪ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു.
✒️അബുദാബി: യുഎഇയില്‍ തിങ്കളാഴ്ചയും മഴ തുടരുന്നു. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും മേഘാവൃതമാണ്. കടുത്ത വേനല്‍ അനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലൊഴികെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി.
ഫുജൈറയിലും അല്‍ ഐനിലും തിങ്കളാഴ്ച മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മസഫി, കല്‍ബ ഏരിയകളില്‍ മഴ പെയ്‌യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. യുഎഇയിലെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഈ ആഴ്ചയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ബ്യൂറോ പ്രവചിക്കുന്നത്. ബുധനാഴ്ച മുതല്‍ താപനില ക്രമേണ ഉയരുമെന്നാണ് പ്രതീക്ഷ. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രികര്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🇴🇲കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു.
✒️കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.
🇸🇦സൗദിയില്‍ കൊവിഡ് കേസുകള്‍ എട്ട് ലക്ഷം കടന്നു.
✒️റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ എട്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 375 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ചികിത്സയില്‍ കഴിയുന്നവരില്‍ 629 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,462 ആയി. ആകെ രോഗമുക്തരുടെ എണ്ണം 785,107 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,220 ആയി. രോഗബാധിതരില്‍ 6,134 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 145 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
24 മണിക്കൂറിനിടെ 9,289 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 98, ജിദ്ദ 47, ദമ്മാം 28, മക്ക 24, മദീന 18, ത്വാഇഫ് 12, അല്‍ബാഹ 12, അബഹ 12, ജീസാന്‍ 12, ദഹ്‌റാന്‍ 6, തബൂക്ക് 5, ഹാഇല്‍ 5, ഖോബാര്‍ 5, ബല്ലസ്മര്‍ 5, ബുറൈദ 4, നജ്‌റാന്‍ 4, സബ്യ 4, ഖമീസ് മുശൈത്ത് 3, അബൂ അരീഷ് 3, ഉനൈസ 3, അല്‍റസ് 3, ജുബൈല്‍ 3, ബല്‍ജുറഷി 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
🇦🇪തിരികെയെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ.
✒️ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഹജ്ജ് പൂര്‍ത്തിയാക്കി രാജ്യത്ത് എത്തുന്നവര്‍ കൊവിഡിനെതിരായ സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് വീടു വിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. തിരികെയെത്തുമ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വെച്ച് കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ പി.സി.ആര്‍ പരിശോധ നടത്തണം. രോഗ ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും അവ പ്രകടമായ ശേഷം നാലാമത്തെ ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഇതിന് പുറമെ ഓരോ എമിറേറ്റുകള്‍ക്കും സ്വന്തം നിലയില്‍ പ്രത്യക നിര്‍ദേശങ്ങള്‍ നല്‍കാമെന്നും യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ യുഎഇയില്‍ നിന്നുള്ള ഹജ്ജ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നതിനും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ വഴി സംവിധാനമൊരുക്കിയിരുന്നു. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആപ്ലിക്കേഷനിലൂടെ നല്‍കിയായിരുന്നു ഹജ്ജ് പെര്‍മിറ്റ് എടുക്കേണ്ടിയിരുന്നത്.
🇸🇦സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നാളെ മുതല്‍ യൂണിഫോം നിര്‍ബന്ധം.
✒️റിയാദ്: സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരും എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാരും സ്മാര്‍ട്ട് ഫോണ്‍ ആപ്പ് അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കു കീഴിലെ ഡ്രൈവര്‍മാരും നാളെ(ചൊവ്വ) മുതല്‍ യൂനിഫോം ധരിക്കല്‍ നിര്‍ബന്ധമാകും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂനിഫോം ആണ് ഡ്രൈവര്‍മാര്‍ക്ക് ബാധകം.
ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നല്‍കാന്‍ ടാക്സി കമ്പനികള്‍ നിര്‍ബന്ധിതമാണ്. ഡ്യൂട്ടിക്കിടെ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിക്കലും യാത്രക്കാരോട് മര്യാദയോടെയും ബഹുമാനത്തോടെയും നല്ല രീതിയിലും പെരുമാറലും നിര്‍ബന്ധമാണ്. യൂനിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ തോതില്‍ പിഴ ചുമത്തും. ടാക്സി ഡ്രൈവര്‍മാര്‍ സൗദി ദേശീയ വസ്ത്രമോ നീളംകൂടിയ പാന്റും ഷര്‍ട്ടുമോ ആണ് ധരിക്കേണ്ടത്. പബ്ലിക് ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോം കറുത്ത പാന്റും ബെല്‍റ്റും ചാരനിറത്തിലുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ്.
ജോലിക്കിടെ ഡ്രൈവര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോമില്‍ ആവശ്യാനുരണം കോട്ടോ ജാക്കറ്റോ ഉള്‍പ്പെടുത്താവുന്നതാണ്. സേവന ഗുണനിലവാരം ഉയര്‍ത്താനും പൊതുഅഭിരുചി നിയമാവലിക്ക് അനുസൃതമായി ഡ്രൈവര്‍മാരുടെ വേഷവിധാനം ഏകീകരിക്കാനും പൊതുരൂപം മെച്ചപ്പെടുത്താനുമാണ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കുന്നതിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.
🇸🇦പെരുന്നാള്‍ ദിനത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു.
✒️പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ അബഹയില്‍ കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ തിരിളാം കുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.
അബ്ഹയിലെ സൂപ്പര്‍ മര്‍ക്കറ്റില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാര ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം ഇടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരിച്ചു. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. ഭാര്യ: സജ്‌ന നരിക്കുനി, കുട്ടികള്‍ : റമിന്‍ മുഹമ്മദ്, മൈഷ മറിയം.
🇦🇪അബുദാബി: ജൂലൈ 15 മുതൽ പാർക്കിംഗ്, ടോൾ എന്നിവ വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യമാക്കാൻ തീരുമാനം.
✒️എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ, ഡാർബ് ടോൾ ഗേറ്റ് എന്നിവ ആഴ്ച്ചയിൽ ഒരു ദിവസം സൗജന്യമാക്കുന്ന സേവനത്തിൽ 2022 ജൂലൈ 15 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2022 ജൂലൈ 10-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2022 ജൂലൈ 15 മുതൽ എമിറേറ്റിലെ പാർക്കിംഗ്, ടോൾ എന്നിവ വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യമാക്കുന്നതിനാണ് ITC തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തിദിനങ്ങളിൽ റോഡിലെ തിരക്ക് ക്രമീകരിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.
ഈ തീരുമാന പ്രകാരം 2022 ജൂലൈ 15 മുതൽ അബുദാബിയിൽ ആഴ്ച്ച തോറും തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ പൊതു പാർക്കിംഗ്, ഡാർബ് ടോൾ ഗേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഫീസ് ഈടാക്കുന്നതാണ്. ഞായറാഴ്ച്ചകളിലും, പൊതു അവധിദിനങ്ങളിലും ഈ ഫീസ് ഒഴിവാക്കുന്നതാണ്.
2022 ജനുവരി ആദ്യം മുതൽ എമിറേറ്റിലെ വാരാന്ത്യദിനങ്ങളിൽ മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് ITC നേരത്തെ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് അബുദാബിയിൽ നിലവിലെ രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് ITC 2022 ജനുവരി 1-ന് അറിയിച്ചിരുന്നത്.
🇸🇦സൗദി അറേബ്യ: വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം.
✒️രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം ജൂലൈ 10 മുതൽ ജൂലൈ 14 വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബത്ത പോർട്ട്, എംപ്റ്റി ക്വാർട്ടർ മരുഭൂ പ്രദേശങ്ങൾ തുടങ്ങിയ കിഴക്കൻ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. റിയാദിന്റെ തെക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നതിന് സാധ്യതയുണ്ട്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13397 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13397 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 30 മുതൽ 2022 ജൂലൈ 6 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ജൂലൈ 2-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 8388 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1965 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3044 പേരെയാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2022 ജൂൺ 23 മുതൽ 2022 ജൂൺ 29 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13511 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
🇸🇦ജംറയിലെ അവസാന കല്ലേറും പൂർത്തിയാക്കി ഹജ്ജിന് നാളെ പരിസമാപ്തി.
✒️ഹജ്ജിലെ സുപ്രധാന കമങ്ങൾ കഴിയുകയും ജംറയിലെ അവസാന കല്ലേറ് കർമം ചൊവ്വാഴ്ച പൂർത്തിയാവുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി കുറിക്കും. എന്നാൽ ഹാജിമാരിൽ ഒരു വിഭാഗം തിങ്കളാഴ്ച വൈകീട്ടോടെ കല്ലേറ് കർമം ഉൾപ്പടെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി മിനായിൽ നിന്നും പുറപ്പെട്ട് കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ചൊവ്വാഴ്ച കൂടി ജംറയിലെ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.
ലോകത്തിലെ വിവിധ ദിക്കുകളിൽ നിന്നു വന്ന ഭാഷയിലും വർണത്തിലും ദേശീയതയിലുമെല്ലാം വ്യത്യസ്തരായ വിശ്വാസി ലക്ഷങ്ങൾ വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അവർണനീയമായ അനുഭവത്തിെൻറ ആത്മീയമായ സായൂജ്യവുമായാണ് പുണ്യനഗരത്തോട് വിടചൊല്ലുക.
ഏക മാനവികതയെന്ന സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി തങ്ങളുടെ നാടുകളിൽ കൂടി അതിെൻറ പ്രചാരകരാകുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോരുത്തരും മക്ക വിടുക. രാജ്യത്തിെൻറ മുഴുവൻ വിഭവങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിെൻറ അതിഥികളെ വരവേറ്റതും സേവിച്ചതും. മുഴുവൻ സുരക്ഷാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ഹജ്ജിന്റെ മുഴുവൻ ദിനങ്ങളിലും സംരക്ഷണത്തിെൻറ കോട്ടയൊരുക്കി അല്ലാഹുവിെൻറ അതിഥികൾക്ക് കാവലായി.
ഹജ്ജ് പൂർണ വിജയകരമായതിന്റെ സന്തോഷത്തിലാണ് അധികൃതർ. ഹജ്ജ് കർമങ്ങൾക്ക് വിരാമം ആയതോടെ തീർഥാടകര്‍ കഅ്ബയിലെ വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) പൂർത്തിയാക്കി മക്കയോട് വിട പറഞ്ഞുതുടങ്ങി. ഇനി മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാവും മടങ്ങുക. മൊത്തം 10 ലക്ഷം പേരാണ് ഇത്തവണ തീർഥാടകരായത്. അതിൽ ഒന്നര ലക്ഷം സൗദിയിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായിരുന്നു. ബാക്കിയുള്ളവർ 164 രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇതിൽ മദീന വഴി മക്കയിലെത്തിയവർ ഇനി നേരിട്ട് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. അവർ ഹജ്ജിന് മുമ്പ് തന്നെ എട്ട് ദിവസം മദീനയിൽ തങ്ങി അവിടെ സന്ദർശനം പൂർത്തിയാക്കിയാണ് മക്കയിലെത്തിയത്. അതെസമയം സ്വദേശങ്ങളിൽനിന്ന് നേരിട്ട് ജിദ്ദ മക്കയിലെത്തിയവരാണ് ഹജ്ജിന്ശേഷം മദീന സന്ദർശനം നടത്തുക.
ഇന്ത്യയിൽ നിന്നെത്തിയ ഭൂരിഭാഗം തീർഥാടകരും തിങ്കളാഴ്ച തന്നെ മിനായിൽ നിന്ന് ദുൽഹജ്ജ് 12ലെ കല്ലേറ് കർമം പൂർത്തിയാക്കി അസീസിയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി മിനായിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിവരുന്ന മുഴുവൻ തീർഥാടകരും ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും. തിരക്ക് ഒഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവിസ് കമ്പനികൾക്കും മിനായിൽ നിന്ന് മടങ്ങുന്നതിനു പ്രത്യേകം സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസ്സുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചത്. ചുരുക്കം ഹാജിമാർ തിങ്കളാഴ്ച കാൽനടയായി റൂമുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വഴി കാണിക്കാനായി മലയാളി സന്നദ്ധ സേവന സംഘങ്ങൾ സജീവമായി മിനായിലെ വിവിധ വഴികളിൽ തമ്പടിച്ചിരിക്കുകയാണ്.
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മലയാളി ഹാജിമാർ അധികവും ചൊവ്വാഴ്ച കർമം പൂർത്തിയാക്കിയാവും മടങ്ങുക. ഹജ്ജിലെ കഅബ പ്രദക്ഷിണവും സഫാ മർവാ കുന്നുകൾക്കിടയിലെ പ്രയാണവും ഭൂരിഭാഗം മലയാളി തീർഥാടകരും പൂർത്തിയാക്കിയിട്ടില്ല. മിനായിൽനിന്ന് തിങ്കളാഴ്ച അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷം ചൊവ്വാഴ്ചയാവും ഇവ നിർവഹിക്കുക എന്ന് സംസ്ഥാന ഹജ്ജ് കോഡിനേറ്റർ അഷറഫ് അരയൻകോട് പറഞ്ഞു.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയ മലയാളി ഹാജിമാർ അധികവും മൂന്നു ദിവസത്തെ കല്ലേറ് കർമം പൂർത്തീകരിച്ച് ചൊവ്വാഴ്ച വൈകീട്ടോടെയാണ് അസീസിയയിലെ താമസസ്ഥലത്ത് തിരിച്ചെത്തുക. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജൂലൈ 15 മുതൽ ആരംഭിക്കും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കാണ് ആദ്യസംഘം മടങ്ങുക. മലയാളി ഹാജിമാരാണ് ആദ്യം മടങ്ങുന്നത്. ജൂലൈ 15ന് വൈകീട്ട് മൂന്നിന് പുറപ്പെട്ടു രാത്രി 10 ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങും. മലയാളി തീർഥാടകരുടെ മദീനാ സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തീകരിച്ചിരുന്നു. ജിദ്ദ വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും മടങ്ങുക. ഹാജിമാർക്കുള്ള സംസം അഞ്ച് ലിറ്റർ പാക്കറ്റുകൾ ഇതിനകം 10 എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചിട്ടുണ്ട്.
0 Comments