Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില വിദേശ വാർത്തകൾ...

🇴🇲പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതി അറിയിക്കാം; ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച.

✒️ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന 'ഓപ്പൺ ഹൗസ്' സെപ്റ്റംബർ 30ന് നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മുതല്‍ നാല് മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനൊപ്പം പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനുമാവും. 

ഒമാനിലെ ഇന്ത്യന്‍ സ്ഥനപതി അമിത് നാരംഗിനൊപ്പം എംബസിയിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പ്രവാസികള്‍ക്ക് പ്രത്യേക അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ തന്നെ പരിപാടിയില്‍ പങ്കെടുക്കാനെത്താം. നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ വിളിച്ച് തങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഇവരെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നും 4.00 മണിക്കും ഇടയ്ക്കുള്ള സമയത്ത് എംബസിയില്‍ നിന്ന് ബന്ധപ്പെടും.

🇴🇲ഒമാനില്‍ ഒക്ടോബര്‍ 9ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം.

✒️ഒമാനില്‍ നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 9 ഞായറാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

🇦🇪എക്സ്പോ പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ ശനിയാഴ്ച മുതല്‍ അവസരം; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ.

✒️ദുബൈ എക്സ്പോ 2020 പവലിയനുകൾ സന്ദര്‍ശിക്കാൻ 120 ദിര്‍ഹത്തിന്റെ പ്രതിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് എക്സ്പോ സിറ്റി. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടിക്കറ്റ് നിലവിൽ വരിക. നാലു പവലിയനുകൾ സന്ദര്‍ശിക്കാനാണ് ആദ്യ ഘട്ടത്തിൽ സൗകര്യമൊരുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈ എക്സ്പോയ്ക്ക് ശേഷം അടച്ചിട്ടിരിക്കുന്ന എക്സ്പോ സിറ്റി വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടെറ, ആലിഫ് പവലിയനുകളാണ് പ്രധാനമായും പുതിയ പ്രതിദിന പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാനുക. ഇതിനു പുറമേ പുതിയതായി ആരംഭിക്കുന്ന വിഷൻ പവലിയനും വിമൻ പവലിയനും ഈ പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതമാണ് വിഷൻ പവലിയനിൽ അവതരിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും കഥകളാണ് വിമൻ പവലിയനിലുള്ളത്. എക്സ്പോ സിറ്റിയിലെ ഏറ്റവും ശ്രദ്ധേയമായ കൃത്രിമ വെള്ളച്ചാട്ടവും അൽവാസൽ ഡോമും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും.

12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിയുള്ളവര്‍ക്കും സൗജന്യടിക്കറ്റുകൾ നൽകും. വരും ദിവസങ്ങളിൽ കൂടുതൽ പവലിയനുകള്‍ ഈ സന്ദര്‍ശന പാക്കേജിന്റെ ഭാഗമാകും. നിലവിൽ എക്സ്പോ സിറ്റിയുടെ ചില മേഖലകളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നുണ്ട്. ഓരോ പവലിയനും മാത്രമായി പ്രത്യേകം ടിക്കറ്റുകളും ലഭ്യമാണ്. 50 ദിര്‍ഹമായിരിക്കും ഈ ടിക്കറ്റുകള്‍ക്ക് ഈടാക്കുക.

🇦🇪നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു.

✒️നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു.

✒️നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റിയതിനാല്‍, നിലവില്‍ ഞായറാഴ്ച ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമേ ഒക്ടോബര്‍ എട്ടാം തീയ്യതിയിലെ അവധിയുടെ പ്രയോജനമുണ്ടാകൂ.

നബിദിനത്തിന് ശേഷം ഡിസംബറില്‍ വരാനിരിക്കുന്ന സ്‍മരണ ദിനം, യുഎഇ ദേശീയ ദിനം എന്നിവയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധികള്‍. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിലാണ് ഈ അവധികള്‍ ലഭിക്കുക. ഡിസംബര്‍ നാലാം തീയ്യതി ഞായറാഴ്ചയായതിനാല്‍ അത് കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസം തുടര്‍ച്ചയായി ആ സമയത്ത് അവധി ലഭിക്കും.

🇸🇦വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്.

✒️സൗദിയിൽ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശികൾക്കായി പരിമിതപ്പെടുത്തിയ ജോലികളിൽ മറ്റുള്ളവരെ നിയമിച്ചാലും സ്വദേശിവത്കരണ ശതമാനം പാലിച്ചില്ലെങ്കിലും കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.  

സൗദി പൗരന്മാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം. പെയിന്റർ, ക്ലീനിങ് തൊഴിലാളി, ബസ് ഡ്രൈവർ, കയറ്റിറക്ക് തൊഴിലാളികൾ, ബാർബർ, പ്ലംബർ, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമിങ് ഓപറേറ്റേഴ്സ് എന്നീ തൊഴിലുകളെ സൗദിവത്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂനിഫോം ധരിക്കേണ്ടതും തൊഴിലാളികളുടെ ജോലികള്‍ യൂനിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തേണ്ടതും നിര്‍ബന്ധമാണ്.

🇦🇪യു എ ഇ: 2022 സെപ്റ്റംബർ 28 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാസ്കുകൾ നിർബന്ധമല്ല.

✒️2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 സെപ്റ്റംബർ 26-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് NCEMA ഔദ്യോഗിക വക്താവ് ഡോ. സൈഫ് അൽ ദാഹേരി ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന ഇളവുകളും, മാറ്റങ്ങളുമാണ് സെപ്റ്റംബർ 28 മുതൽ പ്രഖ്യാപിച്ചിരിക്കുന്നത്:

രാജ്യത്തെ പൊതു ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ), ഏതാനം ഇടങ്ങളിലൊഴികെ, മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. മെഡിക്കൽ സേവനകേന്ദ്രങ്ങൾ, പള്ളികൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിലും, ഫുഡ് ഡെലിവറി സേവനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മാസ്കുകൾ നിർബന്ധമാണ്. മറ്റിടങ്ങളിൽ വ്യക്തികൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം മാസ്ക് ധരിക്കാവുന്നതാണ്. വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, പ്രായമായവർ എന്നീ വിഭാഗങ്ങൾ സുരക്ഷ മുൻനിർത്തി മാസ്കുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന് NCEMA വ്യക്തമാക്കിയിട്ടുണ്ട്.
ദിനംപ്രതിയുള്ള COVID-19 രോഗബാധ സംബന്ധിച്ച പ്രഖ്യാപനം നിർത്തലാക്കും.

ഗ്രീൻ പാസ് സംവിധാനത്തിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി വാക്സിനെടുത്തവരും, ഇതിൽ ഇളവുകളുള്ളവരും മാസത്തിൽ ഒരുതവണ PCR ടെസ്റ്റ് നടത്തേണ്ടതാണ്. വാക്സിനെടുക്കാത്തവർ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. ടൂറിസം മേഖലയിലെയും, വാണിജ്യ മേഖലയിലെയും ജീവനക്കാർക്കും ഗ്രീൻ പാസ് ഏർപ്പെടുത്തുമെന്ന് NCEMA അറിയിച്ചിട്ടുണ്ട്.
പള്ളികളിലും, ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികളിൽ ഇളവ് അനുവദിക്കുന്നതാണ്. ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കും. എന്നാൽ ഇത്തരം ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
ടൂറിസം മേഖലയിലെ ഹോട്ടലുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും, വാണിജ്യ മേഖലയിലെ ഷോപ്പിംഗ് മാളുകൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിലേക്കും, വിവിധ പരിപാടികൾ നടക്കുന്ന വേദികളിലേക്കും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിബന്ധനകൾ പാലിക്കേണ്ടതാണ്.

വ്യോമയാനമേഖലയിൽ മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച് വിമാനകമ്പനികൾക്ക് തീരുമാനം കൈക്കൊള്ളാവുന്നതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള നിലവിലെ നിബന്ധനകൾ തുടരുന്നതാണ്.
വിദ്യാഭ്യാസ മേഖലയിൽ ഇൻഡോർ, ഔട്ഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല.
COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്കുള്ള ഐസൊലേഷൻ കാലാവധി (ഹോം, ഇൻസ്റ്റിട്യൂഷണൽ) അഞ്ച് ദിവസമാക്കി ചുരുക്കും.
രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ PCR ടെസ്റ്റ് നടത്തേണ്ടതും, ഏഴ് ദിവസത്തേക്ക് ആരോഗ്യസ്ഥിതി നിരീക്ഷിക്കേണ്ടതുമാണ്.

🇦🇪ദുബായ്: സെപ്റ്റംബർ 28 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA.

✒️2022 സെപ്റ്റംബർ 28 മുതൽ എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു. 2022 സെപ്റ്റംബർ 26-ന് രാത്രിയാണ് KHDA ഇക്കാര്യം അറിയിച്ചത്.

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾ, ട്രെയിനിങ് സെന്ററുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ഈ തീരുമാനം ബാധകമാണ്. 2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) തീരുമാനിച്ച പശ്ചാത്തലത്തിലാണ് KHDA ഇക്കാര്യം വ്യക്തമാക്കിയത്.

🇦🇪ദുബൈയിലെ പുതിയ ഹിന്ദുക്ഷേത്രം; ഉദ്ഘാടനം ഒക്ടോബർ നാലിന്.

✒️ദുബൈയിൽ നിർമിച്ച പുതിയ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ നാലിന് നടക്കും. വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങുകൾ. ദുബൈ ജബൽ അലിയിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും സമീപമാണ് പുതിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങളിൽ സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാനൊപ്പം ഇന്ത്യൻ അംബാസഡറർ സഞ്ജയ് സുധീർ മുഖ്യാതിഥിയായി പങ്കെടുക്കും. ക്ഷ്രേത്രം ട്രസ്റ്റി രാജു ഷ്റോഫും ഒപ്പുണ്ടാകും. മൂന്ന് വർഷം നീണ്ട ക്ഷേത്രത്തിന്റെ നിർമാണഘട്ടങ്ങൾ ഉദ്ഘാടന ചടങ്ങിൽ അനാവരണം ചെയ്യും. ബഹുനില ക്ഷേത്രത്തിൽ 16 മൂർത്തികളുടെ പ്രതിഷ്ഠയാണുള്ളത്. ദുബൈയിലെ ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷ ദിവസങ്ങളിൽ ഇവിടുത്തെ വർധിച്ച തിരക്ക് കൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്. അബൂദബിയിൽ മറ്റൊരു കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.

🇶🇦ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബർ 27 മുതല്‍

✒️ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബർ 27 മുതല്‍. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി ടിക്കറ്റെടുക്കാം.

ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് ചൊവ്വാഴ്ച തുടങ്ങുന്ന ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വില്‍പ്പന. ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോമില്‍ നിന്ന് നറുക്കെടുപ്പില്ലാതെ തന്നെ ടിക്കറ്റ് സ്വന്തമാക്കാം. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ അതായത് ഇന്ത്യന്‍ സമയം 2.30 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും.
നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകള്‍ ലഭിക്കും. നാലാം കാറ്റഗറിയിലെ 40 റിയാലിന് ലഭിക്കുന്ന ടിക്കറ്റ് ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമുള്ളതാണ്. ദോഹയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കൌണ്ടര്‍ തുറക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്ക് നല്‍കിയത്. ആകെ മുപ്പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഖത്തര്‍ ലോകകപ്പിലുള്ളത്. ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ഡിസംബര്‍ 18 വരെ ഈ ടിക്കറ്റ് വില്‍പ്പന തുടരും.

Post a Comment

0 Comments