ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക്, അവരുടെ ഹയ്യ കാർഡ് ഉപയോഗപ്പെടുത്തിക്കൊണ്ട്, ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് വിദേശികളെ വരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പ്രത്യേക പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ അറിയിച്ചു. 2022 ഒക്ടോബർ 6-ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്ക് വെച്ചത്.
‘ഹയ്യ വിത്ത് മീ (1+3)’ എന്ന ഈ പദ്ധതി പ്രകാരം, ഹയ്യ കാർഡ് കൈവശമുള്ള വിദേശികൾക്ക് ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ പരമാവധി മൂന്ന് പേരെ വരെ ഖത്തറിലേക്ക് കൊണ്ട് വരാവുന്നതാണ്. ടിക്കറ്റ് നേടിയിട്ടുള്ള ഫുട്ബോൾ ആരാധകരുടെ കുടുംബാംഗങ്ങൾക്ക് ലോകകപ്പ് കാലയളവിൽ അവരോടൊപ്പം ഖത്തർ സന്ദർശിക്കുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു.
ഹയ്യ കാർഡ് നേടിയിട്ടുള്ളവർക്കും, ഫിഫ വേൾഡ് കപ്പ് ടിക്കറ്റ് നമ്പർ ഉപയോഗിച്ച് അപേക്ഷിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ഈ പദ്ധതി ഉപയോഗപ്പെടുത്താൻ കഴിയുക. ടിക്കറ്റില്ലാത്ത എല്ലാ പ്രായപരിധിയിലുള്ളവരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവർക്ക് സാധുതയുള്ള പാസ്സ്‌പോർട്ട് ഉണ്ടായിരിക്കണം. ഖത്തർ ഐഡി ഉള്ളവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ല.
ഇവർക്ക് ഖത്തറിലെത്തിയ ശേഷമുള്ള താമസസൗകര്യം സംബന്ധിച്ച സ്ഥിരീകരണം നിർബന്ധമാണ്. ‘ഹയ്യ വിത്ത് മീ (1+3)’ എന്ന ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർ 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണ്. ഇത് തിരികെ ലഭിക്കുന്നതല്ല.
‘ഹയ്യ വിത്ത് മീ (1+3)’ എന്ന ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ https://www.qatar2022.qa/en/news/international-hayya-card-holders-can-now-invite-three-non-ticketed-fans-to-attend-qatar-2022 എന്ന വിലാസത്തിൽ ലഭ്യമാണ്.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായുള്ള വലിയ തിരക്ക് കണക്കിലെടുത്ത്, മത്സരങ്ങളുടെ ടിക്കറ്റില്ലാത്തവർക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്ന ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അൽ ജമാൽ നേരത്തെ അറിയിച്ചിരുന്നു.
സന്ദർശകരുടെയും സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുള്ള ഒരു ലോകകപ്പ് ടൂർണമെന്റായിരിക്കും ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എന്ന് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അംഗം കേണൽ ജാസ്സിം അബ്ദുൾറഹ്മാൻ അൽ സയ്ദ് വ്യക്തമാക്കി. ഹയ്യ കാർഡ് ലഭിച്ചിട്ടുള്ളവർക്ക് ഒന്നിലധികം തവണ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും, തിരികെ മടങ്ങുന്നതിനും അനുവാദമുണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി 2022 നവംബർ 1 മുതൽ ഹയ്യ കാർഡിലെ മൾട്ടിപ്പിൾ വിസിറ്റ് സേവനം പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി കരമാർഗം ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് അബു സംറ ബോർഡർ പോർട്ടിൽ പാർക്കിംഗ് സേവനങ്ങൾ ഒരുക്കുമെന്നും, അവിടെ നിന്ന് ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഖത്തർ നമ്പർ പ്ലേറ്റില്ലാത്ത കാറുകൾക്ക് കര അതിർത്തികളിലൂടെ പ്രവേശിക്കുന്നതിന് മുൻകൂർ രജിസ്‌ട്രേഷൻ അടിസ്ഥാമാക്കിയുള്ള ഒരു സംവിധാനം ഒരുക്കുന്നതാണ്. ഇതിന്റെ വിവരങ്ങൾ 2022 ഒക്ടോബർ 15-ന് പ്രഖ്യാപിക്കുന്നതാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിലേക്കും, യു എ ഇയിലേക്കും, ഒമാനിലേക്കും പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതികളെക്കുറിച്ച് അതാത് രാജ്യങ്ങൾ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.
0 Comments